•  28 Nov 2024
  •  ദീപം 57
  •  നാളം 38
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

രണ്ടാമൂഴക്കാരന്റെ വ്യസനങ്ങള്‍

''ആരാണ് വരിഞ്ഞുകെട്ടി കയത്തിലിട്ടത്'' എന്ന ചോദ്യത്തിന് ''ശത്രു'' എന്നുമാത്രം പറഞ്ഞപ്പോള്‍ അയാള്‍ ഉപദേശിച്ചു:
''ശത്രുവിനോടു ദയ കാട്ടരുത്. ദയയില്‍നിന്നു കൂടുതല്‍ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യനു രണ്ടാമതൊരവസരം കൊടുക്കരുത്'' (രണ്ടാമൂഴം).
രണ്ടാമൂഴം ഓരോ തവണ വായിക്കുമ്പോഴും എം. ടി. യോ ഭീമനോ അല്ലെങ്കില്‍ രണ്ടു പേരുമോ എന്നെ ജീവിതമെന്ന മഹാസമുദ്രത്തില്‍ പുതുസ്‌നാനം ചെയ്യിക്കുന്നു. കണ്ടാല്‍ തീരാത്ത കാഴ്ചകളുടെയും, കേട്ടാല്‍ തീരാത്ത അര്‍ത്ഥങ്ങളുടെയും നിലയ്ക്കാത്ത ഒരു ലോകത്തേക്കു  കൂട്ടിക്കൊണ്ടുപോകുന്നു.
ജീവിതത്തില്‍ അനുഭവിക്കേണ്ട ഉയര്‍ച്ചതാഴ്ചകളുടെയും അഹങ്കാരാപമാനങ്ങളുടെയും നേര്‍ക്കാഴ്ചകളാണ് ഇതിലെ ഓരോ അക്ഷരവും.
മഹാഭാരതത്തിലെ അത്ര തിളക്കമുള്ള കഥാപാത്രമല്ല ഭീമന്‍. പാണ്ഡവരില്‍ രണ്ടാമന്‍. ധര്‍മചിന്തയുമായി യുധിഷ്ഠിരന്‍, തിളങ്ങുന്ന വില്ലുമായി അര്‍ജുനന്‍, വില്ലനില്‍ വില്ലനായ സുയോധനന്‍, ചാതുരിയും മിഴിവുമായി കൃഷ്ണന്‍, പിന്നെ സൗന്ദര്യവും ശോഭയുമായി ദ്രൗപദിയും. അവരെല്ലാം അരങ്ങു  വാഴുമ്പോള്‍ പിറകിലാക്കപ്പെട്ട ഭീമന്റെ കണ്ണീരാണ് ഈ കഥ. അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമന്‍ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും അയാളുടെ നിത്യജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് രണ്ടാമൂഴത്തിന്റെ കഥാതന്തു.
പലപ്പോഴും സഹോദരന്മാരുടെ ചിന്തകള്‍ ഭീമനു മനസ്സിലാവുന്നില്ല. ഭീമന്റെ തോളിലിരുന്നാണ് പാണ്ഡവര്‍ മുഴുവന്‍ ദൂരങ്ങളും താണ്ടിയത്. രാക്ഷസിയായ ഭാര്യയുടെ ഉദാത്തവും നിസ്സഹായവുമായ തന്നോടുള്ള ആരാധനയും സ്‌നേഹവും ആരെങ്കിലും ഈ മഹാബലവാനെ മനസ്സിലാക്കിയിരുന്നോ?
വായുപുത്രനാണ് എന്നു വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്‍ തനൊരു കാട്ടാളപുത്രനാണെന്നു കഥാന്ത്യത്തില്‍ മനസ്സിലാക്കുന്നതോടെ തകര്‍ന്നുപോകുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന്‍ അവിടെയും തോല്‍ക്കുന്നു. ഒടുവില്‍, ഭാരതയുദ്ധത്തിനുശേഷം മലകയറവേ സഹോദരങ്ങള്‍ ഓരോരുത്തരായി വീണുപോവുന്നു. അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കു വിശ്വസിച്ചു മുന്നോട്ടു നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതുകണ്ട് ദ്രൗപദിയെ താങ്ങാന്‍ ഭീമന്‍ തിരിഞ്ഞുനടക്കുന്നു.
മഹാഭാരതത്തില്‍ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളെയും രണ്ടാമൂഴത്തില്‍ വളരെ അടുത്തു നോക്കിക്കാണാന്‍ എംടി ശ്രമിക്കുന്നു. ഉദാഹരണത്തിന് വിശോകന്‍. ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തില്‍ വളരെ ചെറുതായാണു കാണിക്കുന്നത്. കര്‍ണനെ വധിക്കാന്‍ കിട്ടിയ അവസരത്തില്‍ അത് സഹോദരനാണ് എന്നു പറഞ്ഞ് ഭീമനെ പിന്തിരിപ്പിക്കുന്നത് വിശോകനാണ്. പണ്ടൊരിക്കല്‍ കുന്തീദേവിയെ കാണാന്‍ ചെന്ന വിശോകന്‍, കര്‍ണനോട് അവന്‍ തന്റെ മകനാണ്, മൂത്ത പാണ്ഡവനാണ് എന്നു പറയുന്നത് വിശോകന്‍ കേട്ടിരുന്നു. കഥാതന്തുവില്‍ വളരെ വലിയ മാറ്റം വരുത്തുന്ന ഒരു സംഭവത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നത് വിശോകനാണ്. അതുപോലെ ബലന്ധര, അത്ര പ്രാധാന്യമില്ലാത്ത ഒരു കഥാപാത്രമാണെങ്കിലും ഭീമന്റെ മനസ്സില്‍ ബലന്ധരയ്ക്ക് പ്രാധാന്യം ഉണ്ടാവുന്നുണ്ട്.
എം.ടിയുടെതന്നെ വാക്കുകള്‍ കടമെടുക്കാം:
''മഹാഭാരതത്തിലെ ചില മാനുഷികപ്രതിസന്ധികളാണ് എന്റെ പ്രമേയം. ആ വഴിക്കു ചിന്തിക്കാന്‍ അര്‍ത്ഥഗര്‍ഭമായ ചില നിശ്ശബ്ദതകള്‍ കഥ പറയുന്നതിനിടയ്ക്കു കരുതിവച്ച കൃഷ്ണദ്വൈപായനനു പ്രണാമം. ശിഥിലമായ കുടുംബബന്ധങ്ങളും അവയ്ക്കിടയില്‍പ്പെട്ട മനുഷ്യരും, എന്റെ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍, മുമ്പ് എനിക്കു വിഷയമായിട്ടുണ്ട്. കുറെക്കൂടി പഴയ ഒരു കാലഘട്ടത്തിലെ കുടുംബകഥയാണ് ഞാന്‍ ഇവിടെ പറയുന്നത് എന്ന വ്യത്യാസമേയുള്ളൂ.''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)