''എല്ലാ താഴ്‌വരയും മഹത്ത്വവത്കരിക്കപ്പെടുകയും എല്ലാ കുന്നും കുലപര്‍വതവും തലകുനിക്കുകയും, എല്ലാ പരുക്കന്‍ പ്രദേശങ്ങളും സമതലങ്ങളായി മാറുകയും, എല്ലാ കുടിലമായ സ്ഥലങ്ങളും ഋജുവായ ഇടങ്ങളായി ത്തീരുകയും, അതിലൂടെ ദൈവത്തിന്റെ മഹത്ത്വം വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്ന, മനുഷ്യശരീരങ്ങളെല്ലാം ഒന്നിച്ചൊന്നായി നിന്ന് ആ കാഴ്ചകാണുന്ന, ഒരു ദിനത്തെപ്പറ്റി എനിക്കൊരു സ്വപ്നമുണ്ട്.'' - മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍.
ആയിരത്തിയെണ്ണൂറുകളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍, പ്രത്യേകിച്ച് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന അടിമവ്യവസ്ഥിതിയും അതിന്റെ ക്രൂരതകളുമാണ് 'ഒരു അടിമപ്പെണ്‍കുട്ടിയുടെ ജീവിതാനുഭവങ്ങള്‍' എന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ലിന്‍ഡ ബ്രൈറ്റ് എന്ന പേരില്‍ ഹാരിയറ്റ് ജേക്കബ്‌സ് എഴുതിയ ആത്മകഥയാണിത്. ഇതിലെ കഥാപാത്രങ്ങളുടെ പേര് അന്നത്തെ അവരുടെ ജീവസുരക്ഷയെക്കരുതി ശരിയായ രൂപത്തിലല്ല രേഖപ്പെടുത്തിയിരിക്കുന്നത്.
നൊമ്പരപ്പെടുത്തുന്ന ഒരു ലോകത്തേക്കാണ് ഈ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. അടിമ പ്പുരുഷന്‍മാരുടെ ദൈന്യജീവിതവും അടിമസ്ത്രീകള്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന ചൂഷണങ്ങളും ഈ പുസ്തകത്തില്‍ ഗ്രന്ഥകാരി വരച്ചിടുന്നു. മക്കള്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളും, സഹോദരങ്ങള്‍ നഷ്ടപ്പെടുന്നതുകണ്ട് ഒന്നു വിതുമ്പിക്കരയാന്‍പോലുമാവാതെ പകച്ചുനില്‍ക്കുന്ന ബാല്യങ്ങളും കൊച്ചുമക്കളെ ഒന്നു ലാളിക്കാന്‍പോലുമാവതെ വാര്‍ദ്ധക്യം ഒരു ശാപമായി മാറുന്ന വൃദ്ധരും നിങ്ങളെ പൊള്ളിക്കും, തീര്‍ച്ച...
കറുത്തവനെന്നാല്‍ കീഴാളന്‍ ആണെന്നും അവന്‍ അടിമത്തം അനുഭവിക്കേണ്ടവനാണെന്നും അവന്‍ ജനിക്കുകയും മരിക്കുകയും ചെയ്യേണ്ടത് അടിമയായിത്തന്നെയാവണമെന്നും ചിന്തിക്കുന്ന ഒരു സമൂഹത്തിലാണ് ആന്‍ ഹാരിയറ്റ് ജേക്കബ്‌സ് ജനിച്ചത്. ആറാമത്തെ വയസ്സില്‍ അവളെ ബന്ധുക്കളില്‍നിന്ന് അടിമക്കച്ചവടക്കാര്‍ പറിച്ചെടുത്തു. പന്ത്രണ്ടു വയസ്സുവരെ ഒരു ഉടമയുടെ മാത്രം അടിമയായിക്കഴിഞ്ഞ ഹാരിയറ്റ് അവളുടെ യജമാനത്തിയുടെ വിശാലഹൃദയംകൊണ്ട് എഴുത്തും വായനയും തയ്യല്‍പ്പണികളും പഠിച്ചു. എന്നാല്‍ ആവളുടെ യജമാനത്തി മരിച്ചതോടെ അവരുടെ വില്പത്രപ്രകാരം അവരുടെ മരുമകള്‍ക്കു കൈമാറ്റം ചെയ്യപ്പെട്ടു. ഹാരിയറ്റിന്റെ പില്‍ക്കാലജീവിതം ദുരിതമയമായിരുന്നു.
വര്‍ഷങ്ങള്‍ കഴിയുംതോറും യജമാനഭവനത്തിലെ പീഡനങ്ങള്‍ വര്‍ദ്ധിച്ചുവന്നു. പീഡനം സഹിക്കാന്‍ കഴിയാതെ അവള്‍ യജമാനഭവനം വിട്ടോടിപ്പോകാന്‍ തീരുമാനിച്ചു. പക്ഷേ, അതിന്റെ ഭാഗമായി തന്റെ കുഞ്ഞുങ്ങളെ അവള്‍ക്കവിടെ ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും. പലായനമദ്ധ്യേ യജമാനന്റെ അധീനതയിലായിരുന്ന തന്റെ കുഞ്ഞുങ്ങളെ അവരുടെ പിതാവിനെക്കൊണ്ടുതന്നെ വിലയ്ക്കു വാങ്ങിപ്പിച്ചു.
പിന്നീട് അവള്‍ നീണ്ട ഏഴുവര്‍ഷം, ഒളിവില്‍ പാര്‍ത്തത് തന്റെ മുത്തശ്ശിയുടെ വീടിനു പിറകിലെ ചുമരിനോടു ചേര്‍ന്നുള്ള ഒരു ചെറിയ സ്റ്റോര്‍ മുറിയെന്നു വേണമെങ്കില്‍ വിളിക്കാന്‍ പാകത്തിലുള്ള മൂന്നടിമാത്രം ഉയരമുള്ള ഒരു കുടുസ്സറയിലാണ്. അവിടെനിന്ന് അവള്‍ സ്വാതന്ത്ര്യത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിലേക്കുള്ള പാത പക്ഷേ എളുപ്പമുള്ളതായിരുന്നില്ല, കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ഒടുവില്‍ അവള്‍ ഒരു സുരക്ഷിതഭവനത്തിലെത്തിച്ചേരുകയും അവളോടു സഹതാപം തോന്നിയ പുതിയ ഉടമയുടെ ഭാര്യ അവള്‍ക്ക് സ്വാതന്ത്ര്യം വാങ്ങിക്കൊടുക്കുകയും ചെയ്തു.
അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് അടിമവ്യാപാരവും അവരുടെ ദൈന്യജീവിതവും. ജെസ്സി ഓവന്‍സ്, ബുക്കര്‍ ടി വാഷിങ്ടണ്‍ തുടങ്ങി വളരെക്കുറച്ചു പേര്‍ മാത്രമേ ആ ദൈന്യജീവിതത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റവരായുള്ളൂ. അതിനാല്‍ത്തന്നെ അടിമജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം ആന്‍ ഹാരിയറ്റ് ജേക്കബ്‌സിന്റെ 'ഒരു അടിമപ്പെണ്ണിന്റെ ആത്മകഥ'യില്‍ നമുക്ക് കാണാന്‍ കഴിയും.