•  21 Nov 2024
  •  ദീപം 57
  •  നാളം 37
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ദുരിതജീവിതം പങ്കിട്ടെടുത്തവള്‍

''ഹായ് ഹായ്, എന്റെ അഭിമാനം രക്ഷിക്കാന്‍ ആരുമില്ല. നമ്മൊളൊത്തുചേര്‍ന്നു നമ്മുടെ സഹോദരിമാരുടെ മാനം രക്ഷിക്കാം. അമ്മമാരുടെ മാനം രക്ഷിക്കാം. അവര്‍ തെരുവുകളില്‍ ചൂഷണം ചെയ്യപ്പെടുകയാണ്. ചന്തകളില്‍ വില്‍ക്കപ്പെടുകയാണ്.''
('പച്ചവിരല്‍' - ദയാബായിയുടെ ആത്മകഥയില്‍നിന്ന്)
ചില പുസ്തകങ്ങള്‍ അങ്ങനെയാണ്. വായനയ്ക്കുശേഷം ഒന്നോ രണ്ടോ ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ അതുമല്ലെങ്കില്‍ വര്‍ഷങ്ങളോ എടുത്തായിരിക്കും നമ്മളെ ചിന്തിപ്പിക്കാന്‍ തുടങ്ങുന്നത്. അങ്ങനെയൊരു പുസ്തകമാണ് എനിക്ക് ദയബായിയുടെ ജീവിതകഥയായ പച്ചവിരല്‍. 2015 ല്‍ വായിച്ച ഈ പുസ്തകം അന്നെന്നെ സ്പര്‍ശിച്ചതേയില്ലെന്നു പറയുന്നതാവും കൂടുതല്‍ ശരി. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് സുഹൃത്തിന്റെ പച്ചവിരലിനെക്കുറിച്ചുള്ള ചെറിയ കുറിപ്പ് കണ്ടാണ് ഒരു പുനര്‍വായനയ്ക്കു തയ്യാറാവാം എന്നു കരുതിയത്. ഒറ്റ രാത്രിയില്‍ ഒരിരുപ്പിനുതന്നെ വായിച്ചു തീര്‍ത്തു.
പാലാ പൂവരണിയില്‍ ജനിച്ച മേഴ്‌സി മാത്യുവാണ് പാവങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ദയാബായി ആയി മാറിയത്. മഠത്തില്‍നിന്ന് ആദ്യമായി ആദിവാസിഗ്രാമത്തില്‍ പോയപ്പോള്‍ 'നീയാരാണ്? എന്തിനിവിടെ വന്നു? ഞങ്ങള്‍ കാട്ടിലെ കുരങ്ങന്മാരാണ്' എന്ന് ആത്മനിന്ദയോടെ പറഞ്ഞ ഊരുമൂപ്പന്റെ വാക്കുകളാണ് ഇന്നത്തെ വേഷമണിയാന്‍ ദയാബായിയെ പ്രേരിപ്പിച്ചത്. യഥാര്‍ഥ മിഷണറി പ്രവര്‍ത്തനമെന്നത്, കാറ്റും വെയിലും കൂസാതെ, ദുരിതം ജീവിതമായവരുടെകൂടെ അവരുടെ ജീവിതം പങ്കിട്ടെടുക്കുകയാണെന്ന് ബോധ്യമുണ്ടായിരുന്ന അവര്‍ തനിയെ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തോടെ കോണ്‍വെന്റ് ഉപേക്ഷിച്ചിറങ്ങുകയായിരുന്നു. വര്‍ഷങ്ങളോളം മധ്യപ്രദേശിലെ ചിന്ത്വാഡ ജില്ലയിലെ തിന്‌സായിലും ബറൂള്‍ എന്ന ആദിവാസിഗ്രാമത്തിലുമായിരുന്നു ദയാബായിയുടെ ജീവിതം. ബി.എസ്.സി ബിരുദധാരിയായിരുന്ന അവര്‍ എം.എസ്.ഡബ്ല്യൂ. എല്‍.എല്‍.ബി. ബിരുദങ്ങള്‍ നേടിയത് അശരണര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഇടയിലാണ്. ബോംബെയിലെ ചേരിപ്രദേശങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അവര്‍ യുദ്ധകാലദുരിത പ്രവര്‍ത്തനങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആദിവാസികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ ആദ്യം അവരുടെ വിശ്വാസം നേടണം. നഗരവാസികളെ ആദിവാസികള്‍ക്കു ഭയമാണ്, അതിനായി അവരുടെ വിശ്വാസം നേടാന്‍ മേഴ്‌സി മാത്യു അവരുടെ വേഷം ധരിച്ചു. അവരുടെ ആഭരണങ്ങളണിഞ്ഞു. അവരെപ്പോലെ മണ്‍വീട് സ്വയം കെട്ടിയുണ്ടാക്കി അതിലുറങ്ങി. അവരുടെകൂടെ പാടങ്ങളില്‍ പണിയെടുത്തു. അവരുണ്ണുന്നതെന്തോ അതുമാത്രമുണ്ടു. അങ്ങനെ അവരിലൊരാളായി ജീവിച്ചു.
ഗോത്രവര്‍ഗഗ്രാമങ്ങളിലൂടെ നിരന്തരം രാത്രികാലങ്ങളില്‍പോലും യാത്ര ചെയ്തിട്ടുള്ള ദയാബായി വന്യജീവികളെ പല തവണ നേര്‍ക്കുനേര്‍ കണ്ടു. പക്ഷേ, അവര്‍ പറയുന്നത് മനുഷ്യരെ മാത്രമാണു ഭയപ്പെടേണ്ടതെന്നാണ്..
ആദിവാസികളുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കാന്‍ അവരെ ബോധവത്കരിച്ചു ശക്തീകരിക്കേണ്ടതുണ്ടെന്നു മേഴ്‌സിക്കു മനസ്സിലായി. അതിനായുള്ള ആശയപ്രചാരണത്തിന് അവരുടെ ഭാഷയില്‍ത്തന്നെ തെരുവുനാടകവും കവിതകളും മറ്റും സംഘടിപ്പിച്ച് അവരെ കാര്യപ്രാപ്തിയുള്ളവരാക്കി. ഫോറസ്റ്റിലും പോലീസിലും പഞ്ചായത്തിലും വിദ്യാഭ്യാസവകുപ്പിലും ആരോഗ്യവകുപ്പിലുമുള്ള ഉദ്യോഗസ്ഥരുടെ നീതികേടിനെതിരേ മേഴ്‌സി മാത്യൂ പ്രതികരിച്ചു. തത്ഫലമായി ജയില്‍വാസം അനുഭവിക്കേണ്ടിവരികയും പോലീസ് മര്‍ദനത്തില്‍ പല്ലുകളും മറ്റും നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും അവര്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. വിദ്യാലയങ്ങളും ആശുപത്രിയും  തുടങ്ങി ആദിവാസികള്‍ക്കു വേണ്ടതെല്ലാം  അവര്‍ക്കായി  നേടിയെടുത്തു മേഴ്‌സി. കള്ളക്കേസും പരിഹാസവും മര്‍ദനങ്ങളും ഒന്നും അവരെ പിന്തിരിപ്പിച്ചില്ല. ഝാന്‍സി റാണിയെപ്പോലെ കുതിരപ്പുറത്തു കയറി റോന്തു ചുറ്റി അവര്‍ ഓരോ ഗ്രാമത്തിലെയും വിവരങ്ങളറിഞ്ഞു. ഒടുവില്‍ ആ പാവങ്ങള്‍ മേഴ്‌സി മാത്യുവിനെ തിരിച്ചറിഞ്ഞു, തങ്ങളുടെ ഇടയിലേക്കു വന്ന നഗരവാസി അവരുടെ ശത്രുവല്ല മിത്രമാണെന്ന്. പിന്നീടവര്‍ വിളിക്കുന്നത് ബായി എന്നാണ്... ദയാബായി....
ഇച്ഛാശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും തീച്ചൂളയില്‍ ഒരു മനുഷ്യന്റെ  എല്ലാ ദൗര്‍ബല്യവും വെന്തുരുക്കി കരുത്തുറ്റ ഒരു മനുഷ്യസ്‌നേഹിയായി ജീവിക്കാമെന്നു തെളിയിച്ച സത്യസന്ധതയുടെയും നീതിബോധത്തിന്റെയും ആര്‍ജവത്തിന്റെയും മൂര്‍ത്തീഭാവമായ ദയാബായിയെ വായിക്കേണ്ടത്  കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)