പുത്തന്‍പാഠപുസ്തകങ്ങളും പ്രതീക്ഷകളും പരിഷ്‌കാരങ്ങളുമായി പുതിയ അധ്യയനവര്‍ഷത്തിന് ഔദ്യോഗികമായ ആരംഭംകുറിച്ചു. നല്ല പൗരരെയും മികച്ച മനുഷ്യരെയും മൂല്യബോധമുള്ള തലമുറയെയും സൃഷ്ടിക്കുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ വിശാലലക്ഷ്യമെന്നത് ഉള്‍ക്കൊണ്ടുള്ളൊരു ആശയപദ്ധതിയുമായാണ് സംസ്ഥാനപൊതുവിദ്യാഭ്യാസവകുപ്പ് ഈ അധ്യയനവര്‍ഷം ആരംഭിച്ചിരിക്കുന്നത്. ''ഒന്നിച്ചൊന്നായ് ഒന്നാവാം'' എന്ന തലക്കെട്ടോടെ സമഗ്രഗുണമേന്മാവിദ്യാഭ്യാസപദ്ധതിവര്‍ഷമായി ഈ പുതിയ അധ്യയനവര്‍ഷത്തെ വിഭാവന ചെയ്തിരിക്കുന്നു. ക്ലാസ്‌കയറ്റത്തിനു വാര്‍ഷികപ്പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് എന്ന വ്യവസ്ഥ, പാഠപുസ്തകമാറ്റം നടപ്പാക്കല്‍, ഹൈസ്‌കൂളില്‍ ക്ലാസ് സമയം അരമണിക്കൂര്‍ അധികമാക്കല്‍ തുടങ്ങിയ പരിഷ്‌കരണങ്ങളോടൊപ്പം കുട്ടികളില്‍ സാമൂഹികമൂല്യങ്ങളും പൗരബോധവുമുണ്ടാക്കുന്ന തരത്തിലുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്കായി അധ്യയനവര്‍ഷത്തിന്റെ ആദ്യദിവസങ്ങളിലെ ഒരു മണിക്കൂര്‍ മാറ്റിവച്ചിരിക്കുകയാണ്. ജൂണ്‍ രണ്ടുമുതല്‍ പതിമ്മൂന്നുവരെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകാര്‍ക്കും ജൂലൈ പതിനൊന്നുമുതല്‍ ഒരാഴ്ച ഹയര്‍ സെക്കന്‍ഡറിവിദ്യാര്‍ഥികള്‍ക്കുമാണ് പഠനപ്രവര്‍ത്തനങ്ങളിലൂടെയുള്ള ഈ ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നത്. കാലോചിതമായ ഈ ഉദ്യമം അഭിനന്ദനാര്‍ഹമാണ്.
ലഹരിയുപയോഗം, വാഹനോപയോഗം, അക്രമവാസന, പരിസരശുചിത്വം, വ്യക്തിശുചിത്വം, വൈകാരികനിയന്ത്രണം, പൊതുമുതല്‍സംരക്ഷണം, ആരോഗ്യപരിപാലനം, നിയമം, മൊബൈല്‍ ഫോണുപയോഗം, ഡിജിറ്റല്‍അച്ചടക്കം, സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം, പരസ്പരസഹകരണം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണം. ബോധവത്കരണത്തിന് തിരഞ്ഞെടുത്ത വിഷയങ്ങള്‍ കാലികപ്രസക്തങ്ങളാണെങ്കിലും അപൂര്‍ണമല്ലേ എന്നൊരു സംശയം. മൂല്യബോധത്തോടൊപ്പം പൗരബോധത്തെ അല്പം ആഴത്തില്‍ കുട്ടികളില്‍ എത്തിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ദേശത്തെ സ്‌നേഹിക്കാനും അതിന്റെ വൈവിധ്യങ്ങളില്‍ അഭിമാനിക്കാനും വളര്‍ച്ചയില്‍ പങ്കാളികളാവാനും നമ്മുടെ വിദ്യാര്‍ഥികള്‍ക്കു കഴിയണം. രാഷ്ട്രബോധവും രാഷ്ട്രീയബോധവും ഇന്നത്തെ തലമുറയില്‍ ഗ്രഹണം സംഭവിച്ച വിധത്തിലാണ്. വിദ്യാര്‍ഥികള്‍ ഭാവിരാഷ്ട്രനിര്‍മാതാക്കള്‍കൂടിയാണ്. അറിയാത്തതും അനുഭവിക്കാത്തതുമായ ഒരു രാജ്യത്തെയോ അതിന്റെ അനന്യനതയെയോ സംരക്ഷിക്കുവാനോ വളര്‍ത്തുവാനോ ആരും തയ്യാറാവില്ല. അടിയന്തരപ്രാധാന്യത്തോടെ ചില വിഷയങ്ങളെ സമീപിക്കുന്നതോടൊപ്പം ആയുഷ്‌കാലത്തേക്ക് ആവശ്യമായവയെ ഉള്‍ച്ചേര്‍ക്കാനും സാധിക്കണം.
പടിഞ്ഞാറിലെ വിദ്യാസമ്പന്നര്‍ ഭാരതത്തിന്റെ അനന്യതയായി അഭിനന്ദിച്ച ആത്മീയതയുടെ പാഠങ്ങള്‍ അധ്യയനത്തില്‍ അന്യംനിന്നുപോകാന്‍ അനുവദിക്കരുത്. ജീവസംരക്ഷണത്തോടൊപ്പം ജീവിതസംരക്ഷണവും അനിവാര്യമാണ്. അമിതമായ അറിവനുകരണങ്ങള്‍ അസ്തിത്വത്തെയും അനന്യതയെയും അന്യമാക്കുന്നതോ അകലെയാക്കുന്നതോ ആവരുത്. അറിവുകള്‍ നെറിവുകളും തിരിച്ചറിവുകളുമാകുന്ന ആത്മീതയുടെ മാന്ത്രികമാര്‍ഗങ്ങള്‍ ബോധവത്കരണവിഷയങ്ങളില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ട്.
സാമ്പത്തികശക്തിയായി വളരുന്ന ഇന്ത്യയിലെ കുട്ടികള്‍ക്കു സാമ്പത്തികാവബോധവും സാമ്പത്തികഅച്ചടക്കവും ആവശ്യമാണ്. സമ്പത്തുസമ്പാദനത്തിലും, ചെലവാക്കലിലും, വിനിയോഗത്തിലും വിവേകം നഷ്ടപ്പെട്ടാല്‍ വരുംതലമുറ പാപ്പരാകും. സാമ്പത്തികാവബോധവും അച്ചടക്കത്തിന്റെ ഭാഗമായ സമ്പാദ്യശീലവും വരവുചെലവനുപാതവുമെല്ലാം അവര്‍ മനസ്സിലാക്കേണ്ടതുണ്ട്.
പരിഷ്‌കാരസമ്പന്നമായി ആരംഭിച്ചിരിക്കുന്ന അധ്യയനവര്‍ഷം ഫലപൂര്‍ത്തിയിലെത്തുന്നതിന് അധ്യാപകരും വിദ്യാര്‍ഥികളും മാതാപിതാക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പൂര്‍ണമല്ലാത്ത പുത്തന്‍പാഠങ്ങളുടെ പിഴവു പരിഹരിക്കാന്‍ പുതിയ പാഠ്യപദ്ധതികള്‍കൂടി ഉള്‍ച്ചേര്‍ത്ത് നമുക്ക് ഒന്നിച്ചു മുന്നോട്ടുപോകാം.