മനുഷ്യലോകത്തും ജന്തുലോകത്തും ഏതൊരു കുഞ്ഞും സാധാരണമായി ഏറ്റവും അടുത്ത് ഇടപഴകുന്നത് സ്വന്തം അമ്മയോടോ അല്ലെങ്കില്‍ അമ്മയുടെ സ്ഥാനം ഏറ്റെടുക്കുന്ന വ്യക്തിയോടോ ആയിരിക്കും. ലോകത്തിലെ ഏറ്റവും പവിത്രബന്ധമായി കണക്കാക്കപ്പെടുന്നതും അമ്മ - കുഞ്ഞ് ബന്ധംതന്നെ.
അമ്മയാകാന്‍ പരിശീലനം ആവശ്യമോ?
വ്യക്തിപരമായി എന്റെ വിശ്വാസം അമ്മയാകാന്‍ പരിശീലനം വേണമെന്നാണ്. ഇത് അപ്പന്റെ കാര്യത്തിലും നിര്‍ബന്ധംതന്നെ. പരിശീലനം ലഭിക്കാത്ത ഒരു പെണ്‍കുട്ടി അമ്മയാകുമ്പോള്‍ (18 വയസ്സിനുശേഷം) അത് താഴെപ്പറയുന്ന പ്രശ്‌നങ്ങളിലേക്കു നയിക്കാറുണ്ട്.
1. വേണ്ടത്ര ഒരുക്കമില്ലാതെ കുട്ടിയെ ലഭിക്കുന്നതിനായുള്ള ലൈംഗികബന്ധവും അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും.
2. ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണത്തിലെ അപാകതകള്‍.
3. നവജാതശിശുവിനെ സംരക്ഷിക്കുന്നതിലെ അപാകതകള്‍.
4. ആരോഗ്യകരമായ ഭക്ഷണക്രമം കുട്ടിയെ പരിശീലിപ്പിക്കുന്നതിലെ പ്രശ്‌നങ്ങള്‍.
5. കുട്ടിയുടെ സ്വഭാവരൂപവത്കരണത്തിലെ അശ്രദ്ധ.
6. കുട്ടിയുടെ മാനസിക, ശാരീരിക ആത്മീയ ആരോഗ്യസംരക്ഷണവും, പ്രതികൂലസാഹചര്യങ്ങളില്‍ കുട്ടി അകപ്പെടാതിരിക്കുവാനുള്ള മുന്‍കരുതലും എടുക്കാന്‍ കഴിയാതെ വരുക.
7. കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണക്കുറവ്.
പരിശീലനം ലഭിക്കാതെ അമ്മയാകുന്ന ഒരു സ്ത്രീ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണിവയെല്ലാം.
അമ്മയാകാനുള്ള പരിശീലനം എവിടെനിന്നു ലഭിക്കണം?
1. ശാസ്ത്രീയായ ബുക്കുകള്‍, ക്ലാസുകള്‍, മറ്റ് ഉറവിടങ്ങള്‍.
2. സ്വന്തം അമ്മയില്‍നിന്ന്.
3. ഭര്‍ത്താവിന്റെ അമ്മയില്‍നിന്ന്.
4. നല്ല സുഹൃത്തുക്കളില്‍നിന്ന്.
5. സ്വന്തം ചിന്തയില്‍നിന്ന്.
ചുരുക്കത്തില്‍ അമ്മയാകാനുള്ള പരിശീലനത്തില്‍ മൂന്നു സുപ്രധാന ഘടകങ്ങള്‍ ഉണ്ട്. 1. അമ്മയെന്ന വ്യക്തിയുടെ പരിപൂര്‍ണപരിവര്‍ത്തനം. 2. കുഞ്ഞിന്റെ സര്‍വതോമുഖവളര്‍ച്ചയെക്കുറിച്ചുള്ള അറിവു ലഭിക്കല്‍. 3. തന്റെ കുഞ്ഞ് ഭാവിയില്‍ അമ്മയോ അപ്പനോ ആകുമെന്ന പ്രതീക്ഷയില്‍ അവനെ/ അവളെ പരിശീലിപ്പിക്കല്‍.
ആരാണ് ഉത്തമയായ അമ്മ?
ഈ ചോദ്യത്തിന് ഇക്കാലത്തെ ഏറ്റവും അനുയോജ്യമായ ഉത്തരം പരിശീലനം ലഭിച്ച സ്ത്രീ എന്നതുതന്നെ. നല്ല ചിന്തകളോടെ ഒരു കുട്ടിക്കുവേണ്ടി ഒരുങ്ങുമ്പോള്‍ അത് പോസിറ്റീവായ സൃഷ്ടികര്‍മമായി മാറും. തന്റെ ഉള്ളിലുള്ള ശിശുവിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അറിയുന്ന സ്ത്രീ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഗര്‍ഭസ്ഥശിശുവിനെ വളര്‍ത്തും. നവജാതശിശുവിനു മുലപ്പാല്‍ കൊടുക്കുന്ന പരിശീലനം ലഭിച്ച അമ്മ മറ്റ് എന്തിലും പ്രാധാന്യം സ്വന്തംകുട്ടിക്കു നല്‍കും. അനാരോഗ്യകരമായ ഭക്ഷണങ്ങളെക്കുറിച്ച് ബോധ്യമുള്ള അമ്മ കുട്ടിയെ ആരോഗ്യകരമായ ഭക്ഷണക്രമം ശീലിപ്പിക്കും. കുട്ടിയുടെ സ്വഭാവരൂപവത്കരണത്തിന് ഒരു റോള്‍മോഡലായി മാറും. വളരെ ശ്രദ്ധാലുവായ ഈ അമ്മ തന്റെ കുഞ്ഞിനെ തള്ളക്കോഴി ചിറകിന്‍കീഴില്‍ എന്നപോലെ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുവാന്‍ പരിശീലിപ്പിക്കും. ഒപ്പം കുട്ടിയുടെ കഴിവുകള്‍ കണ്ടെത്തി ആവശ്യമായ ബൗദ്ധിക പരിശീലനം നല്കും. സര്‍വോപരി ആത്മീയതയില്‍ കുട്ടിയെ വളര്‍ത്തും.