ആധുനികചലച്ചിത്രഗാനങ്ങള് ആര്‍ക്കും വേണ്ടാത്ത ഒന്നായി മാറിയിരിക്കുന്ന ഇക്കാലത്ത് അവയെ ഒന്നുകൂടി ഹീനമാക്കുന്നതാണ് ഹ്രസ്വചിത്രങ്ങളില്‍ കേള്‍ക്കുന്ന പാട്ടുകള്‍. അത്തരത്തില്‍ കേട്ട ഒരു പാട്ടിനെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ ഇതേ പംക്തിയില്‍ ഞാനെഴുതിയത്. ഇത്തവണ പ്രിയപ്പെട്ട വായനക്കാരെ പരിചയപ്പെടുത്തുന്നത് ഒരു ആല്‍ബം സോങ്ങാണ്.
''മൂവന്തിപ്പൊന്നിന്‍ ചേലോടെ
രാഗരാകേന്ദു ഇദളങ്ങള്‍ പെയ്യുന്നുവോ
നിന്‍കണ്ണില്‍ കന്നിമോഹങ്ങള്‍
കുഞ്ഞിപ്രാവായി പൂംതൂവല്‍ നെയ്യുന്നുവോ
നെയ്യാമ്പല്‍ ചൂടും നാണത്തില്‍
രാപ്പാടി മൂളും ഈണത്തില്‍
നിലാവു തിരയുന്ന ലാവണ്യതൂണീരം നീ'' (ആല്‍ബം - മൂവന്തിപ്പൊന്ന്; ഗാനരചന-ബിജു കല്ലാപ്പുറം; സംഗീതം - സുജിത് സുരേന്ദ്രന്‍; ആലാപനം - ലിബിന്‍ സ്‌കറിയ)
ഈ പാട്ടെഴുത്തുകാരന്‍ എത്രയുംവേഗം 'ശബ്ദതാരാവലി' സ്വന്തമാക്കുന്നതു നന്നായിരിക്കുമെന്നാണ് എന്റെ വിനീതമായ അഭിപ്രായം. മലയാളത്തിലെ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ അത് അദ്ദേഹത്തെ സഹായിക്കും. അര്‍ത്ഥം ഗ്രഹിക്കാന്‍ മാത്രമല്ല, പദങ്ങള്‍ തെറ്റായി പ്രയോഗിക്കാതിരിക്കാനും അത് ഉപകരിക്കും. 'ഇദളങ്ങള്‍' എന്ന പ്രയോഗം ശ്രദ്ധിക്കുക. എന്താണ് രചയിതാവ് ഈ പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. ഏതു നിഘണ്ടു പരിശോധിച്ചാലും 'ഇദളങ്ങളു'ടെ അര്‍ത്ഥം കണ്ടെത്തുക പ്രയാസമായിരിക്കും. അതിനാല്‍ മൂവന്തിപ്പൊന്‍ചേലോടെയാണെങ്കിലും രാഗരാകേന്ദു പെയ്യുന്നത് എന്താണെന്നു നമുക്കു പിടികിട്ടുകയില്ല.
തൂണീരം എന്നാല്‍ അമ്പുറ (ആവനാഴി - ഝൗശ്‌ലൃ) എന്നര്‍ത്ഥം. ലാവണ്യതൂണീരമായാലും അതിനോടു നായികയെ കല്പിക്കാന്‍ തോന്നിയ രചയിതാവിന്റെ ഔചിത്യബോധം അപാരമെന്നേ പറയേണ്ടു. ഇടയ്ക്കുള്ള വരികളിലെ ആശയം പറയാന്‍ ശ്രമിച്ചാല്‍ എങ്ങുമെത്താത്ത അവസ്ഥ വരും. അതുകൊണ്ട്, നായികയുടെ കണ്ണില്‍ കന്നിമോഹങ്ങള്‍ കുഞ്ഞിപ്രാവായി പൂംതൂവല്‍ നെയ്യുന്നതും നാണത്തിന്റെ നെയ്യാമ്പല്‍ ചൂടുന്നതും രാപ്പാടി ഈണത്തില്‍ മൂളുന്നതും മറ്റും ഇതെഴുതുന്ന ആള്‍ മനഃപൂര്‍വം കണ്ടില്ലെന്നു നടിക്കുന്നു.
''വാനപ്പെണ്ണേ നിന്റെ പൂന്തോണി
നീലപ്പുഴയില്‍ ഇന്നു നീരായം
ചിന്നിച്ചിതറും ഓളമോരോന്നും
വെള്ളിക്കുളിരായ് നിന്നെ മൂടുന്നു.
നിന്റെ തോണി വന്നുചേരാന്‍
തിരമിനുക്കി എന്റെ തീരം
മഴവില്‍ച്ചിറകില്‍ പ്രണയം നീന്തുമീ
നദിയുടെ നൂപൂരനിരകളിലാടി വരൂ.''
വിശാലമായ ആകാശത്തെ വളരെ ലാഘവത്തോടെ 'വാനപ്പെണ്ണേ' എന്നു വിളിക്കാന്‍ തോന്നിയ രചയിതാവിന്റെ അവബോധത്തിനു മുമ്പില്‍ ആരും തലകുനിച്ചുപോകും. കാരണം, മഹാകവി കാളിദാസന്‍പോലും മടിച്ച കാര്യമാണല്ലോ മുന്നും പിന്നും നോക്കാതെ ബിജു കല്ലാപ്പുറം എഴുന്നള്ളിച്ചിരിക്കുന്നത്!
അധികം താഴ്ചയുള്ള ജലാശയത്തെയാണ് നീരായം (നീരാഴം) എന്നു പറയാറുള്ളത്. അതേസമയം വള്ളവും മറ്റും ജലത്തില്‍ തുറക്കുന്നതിനു നീരായം കൊള്‍ക എന്നു പറയാറുണ്ട്. മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന ഗാനത്തിലെ 'നീരായ' ത്തെ നാം ഏതു കുറ്റിയില്‍ കെട്ടും? വെള്ളിക്കുളിര്‍ അങ്ങനെയൊരു കുളിരുണ്ടോ? കുളിരിന് വെള്ളി എന്ന ലോഹത്തോടാണോ വെള്ളിയാഴ്ചയോടാണോ ബന്ധം? കൊള്ളാവുന്ന കുറച്ചു പദങ്ങള്‍ (ഇദളങ്ങള്‍പോലുള്ള മനസ്സിലാകാത്ത ചിലതും) അവയും പര്യായപദങ്ങളും ചേര്‍ന്നാല്‍ ഈ ഗാനമായി. വാക്കുകള്‍ ചേര്‍ന്നുവരുന്ന വരികള്‍ക്ക് അര്‍ത്ഥം വേണമെന്ന നിര്‍ബന്ധമൊന്നും ഏശാത്ത പാവം പാട്ടെഴുത്തുകാരന്‍. ചവറ്റുകുട്ടയില്‍ ചുരുട്ടിക്കൂട്ടി എറിയേണ്ട പാട്ട് ആല്‍ബമായി വന്നിരിക്കുന്നു. ആസ്വാദകരുടെ ക്ഷമ പരീക്ഷിക്കാന്‍. ഇത്തരം വികലസൃഷ്ടികള്‍ കൂണുകള്‍പോലെ അനുദിനം മുളച്ചുപൊന്തുന്നു. അവയ്‌ക്കെല്ലാം അല്പായുസ്സാണ് എന്നതത്രേ ഏറ്റവും വലിയ ആശ്വാസം!