•  5 Dec 2024
  •  ദീപം 57
  •  നാളം 39
ഈശോ F r o m t h e B i b l e

ഉപവാസം

രണ്ടുണങ്ങിയ മണലാരണ്യത്തിലെ അവന്റെ ഉപവാസത്തിനു തീവ്രത ഏറെയായിരുന്നു. കാഠിന്യമുള്ള കല്ലുകഷണങ്ങളെപ്പോലും മൃദുവായ അപ്പത്തുണ്ടുകളാക്കിമാറ്റാന്‍ ശേഷിയുള്ളവന്‍ ഒട്ടിയ വയറും വരണ്ട തൊണ്ടയുമായി ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടി. ഒരു പച്ച മനുഷ്യനായിരുന്നിട്ടും അവനത് അനായാസം സാധിച്ചു. ഉപവാസത്തെ സാധാരണരീതിയില്‍ ജലപാനമില്ലാതെയുള്ള വ്രതാനുഷ്ഠാനമായി നിര്‍വചിക്കാം. എന്നാല്‍, അതിലുപരി അത് ഒരു 'കൂടെ വസിക്കല്‍' ആണ്. അദൃശ്യനായ ഈശ്വരന്റെ അടുത്തിരിക്കല്‍. ഭൗമികമായവയില്‍നിന്നുള്ള ഒരകലവും ദൈവികമായതിനോടുള്ള ഒരടുപ്പവും. ഉപവാസത്തില്‍ ചില ഉപേക്ഷിക്കലുകളുണ്ട്. ഒന്നിന്റെ കൂടെയായിരിക്കണമെങ്കില്‍ മറ്റു പലതിനോടുമുള്ള കൂട്ടു വേണ്ടെന്നുതന്നെ വയ്ക്കണം. അതിനാല്‍ത്തന്നെ പരിത്യാഗത്തിന്റെ പാതയാണ് ഉപവാസത്തിന്റേത്. പലതില്‍നിന്നും വിടുതല്‍ നേടിക്കൊണ്ട് പരാശക്തിയായ ദൈവത്തോടുള്ള ഒരു ഒട്ടിച്ചേരലാണ് ഉപവസിക്കുന്നവര്‍ക്കു സാധ്യമാകുക.
നമ്മുടെ രക്ഷകന്റെ അകലങ്ങളും അടുപ്പങ്ങളുമൊക്കെ നമുക്കുവേണ്ടിയായിരുന്നു. ജഡികമോഹങ്ങളില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും നമ്മെ അകറ്റിനിര്‍ത്താന്‍. ദൈവമക്കളായ നമ്മുടെ ആത്യന്തികമായ അടുപ്പം ആരോടായിരിക്കണമെന്നു പഠിപ്പിക്കാന്‍. ഓര്‍ക്കണം, കര്‍ത്താവിനോടുകൂടെ  വസിക്കാനുള്ള നിയോഗമാണു നമ്മുടേത്. അതിന്, അവനുമായി ചേര്‍ന്നുപോകാത്ത പലതില്‍നിന്നും നാം വിട്ടുനില്‌ക്കേണ്ടതുണ്ട്. ലൗകികമായ ബന്ധങ്ങളില്‍നിന്നൊക്കെ മോചനം നേടിയാലേ അവനോട് അടുത്തുനില്ക്കാനാവൂ. ആയതിനാല്‍, ജീവിതമാകുന്ന മരുഭൂമിയിലെ പാപപ്രേരണകളെയും പ്രലോഭനങ്ങളെയും അകറ്റിനിര്‍ത്താനുള്ള വഴികള്‍ ആരായാം. ആവശ്യമായ തീരുമാനങ്ങളെടുക്കാം. ആഹാരപാനീയങ്ങളെ മാത്രമല്ല, നമ്മിലെ ആത്മീയമനുഷ്യനെ കളങ്കപ്പെടുത്തുന്ന സകല തിന്മകളെയും വര്‍ജിക്കാം. ഈ തപസ്സുകാലത്ത് അല്പംകൂടി സമയവും സ്ഥലവും ദൈവത്തിനും ദൈവികമായവയ്ക്കുമായി നീക്കിവയ്ക്കാം. ദൈവത്തിന്റെ നിഴലാകാം. വചനവായന, പരിഹാരപ്രവൃത്തികള്‍, യോഗ്യതയോടെയുള്ള കൂദാശാസ്വീകരണം എന്നിവയിലൂടെ നമ്മിലെ ദൈവികതയുടെ കനലിനെ കൂടുതല്‍ ജ്വലിപ്പിക്കാം. ചില വര്‍ജനങ്ങളോടൊപ്പം ആത്മീയമായ മറ്റു ചില ആര്‍ജവങ്ങളുടേതുമായിരിക്കട്ടെ നമ്മുടെ ദിനങ്ങള്‍. ഒപ്പം, ആര്‍ക്കും ഉതപ്പു കൊടുക്കാതിരിക്കാം. നമ്മുടെ ഉത്തമമായ ജീവിതമാതൃക കര്‍ത്താവിങ്കലേക്ക് അടുക്കാന്‍ ചുറ്റുമുള്ളവര്‍ക്കു പ്രചോദനമാകട്ടെ. അനുതാപത്തിലൂടെയും അനുരഞ്ജനത്തിലൂടെയും ദൈവത്തോടും സഹജീവികളോടും ഉപവസിക്കാം, ഉപഗമിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)