•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

ജീവനക്കാരനും ജീവനക്കാരിയും

പ്രാചീനമലയാളത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ ലീലാതിലകം പ്രയോജനപ്പെടുത്താം. ക്രി.പി. 15-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതെന്നു കരുതാവുന്ന ഈ ഗ്രന്ഥം ഭാഷാവ്യാകരണത്തെപ്പറ്റി പല ഉള്‍ക്കാഴ്ചകളും നല്‍കുന്നുണ്ട്. ലീലാതിലകത്തെ ഒഴിവാക്കി നിഷ്‌കൃഷ്ടമായ പ്രാചീനമലയാളപഠനം നടത്താനാവില്ല. ഭാഷയിലെ ലിംഗവ്യവസ്ഥ ലൗകികമാണെന്ന് ആദ്യം സൂചിപ്പിച്ചത് ലീലാതിലകകാരനാണ്. ഒരു ശബ്ദം കുറിക്കുന്നത് പുരുഷനെയോ സ്ത്രീയെയോ നപുംസകത്തെയോ എന്നു പരിഗണിച്ചാണ് ആ ശബ്ദത്തിന്റെ ലിംഗം നിര്‍ണയിക്കുന്നത്. ലീലാതിലകം 27-ാം സൂത്രത്തിന്റെ വൃത്തിയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ''ഭാഷയില്‍ സ്ത്രീലിംഗം, പുല്ലിംഗം, നപുംസകലിംഗം എന്നിങ്ങനെ വ്യവസ്ഥയുള്ളതു ലൗകികമായ സ്ത്രീത്വാദികളെ അനുസരിച്ചാണ്. സംസ്‌കൃതത്തെപ്പോലെ കേവലം സാങ്കേതികമല്ല.* ഈ രീതി പ്രകൃത്യനുസാരിയും യുക്തിസഹവുമാകയാല്‍ ഇതിന് സ്വാഭാവികലിംഗവ്യവസ്ഥ (ചമൗേൃമഹ ഏലിറലൃ) എന്നു പറയുന്നു. ഭാഷയില്‍ 'സചേതന'ങ്ങള്‍ക്കു മാത്രമേ പുല്ലിംഗ-സ്ത്രീലിംഗഭേദം വിവക്ഷിക്കുന്നുള്ളൂ. ജീവനില്ലാത്ത വസ്തുക്കളും വിശേഷബുദ്ധിയില്ലാത്ത ജീവികളും അചേതനങ്ങളാണ്.
ലിംഗനിര്‍ണയനത്തിന് പല മാര്‍ഗ്ഗങ്ങള്‍ ഭാഷയില്‍ അവലംബിക്കാറുണ്ട്. സ്വതന്ത്രപദങ്ങള്‍ വഴിയും (പോത്ത് - എരുമ) പ്രത്യയങ്ങള്‍ ഉപയോഗിച്ചും (സുന്ദരന്‍, സുന്ദരി, സുന്ദരം) ആണ്‍/ പെണ്‍ ചേര്‍ത്തും (ആണ്‍കുട്ടി, പെണ്‍കുട്ടി) പുംസ്ത്രീനപുംസകത്വം വ്യക്തമാക്കുന്നു. ഇന്നത്തെ ഭാഷയില്‍ കാരന്‍/ കാരി പരഭാഗമായി ചേര്‍ത്ത് പുസ്ത്വത്തെയും സ്ത്രീത്വത്തെയും സൂചിപ്പിക്കാന്‍ പ്രയോഗിക്കാറുണ്ട്. കാരി വൈകല്പികമായി കാരത്തിയുമാകും. 'കാരി'യില്‍ 'ഇ' പ്രത്യയം കാരത്തിയില്‍ 'ത്തി' പ്രത്യയം എന്നതത്രേ അവയ്ക്കു തമ്മിലുള്ള ഭേദം. വേലക്കാരന്‍ - വേലക്കാരി (വേലക്കാരത്തി), പണക്കാരന്‍ - പണക്കാരി (പണക്കാരത്തി), തുടക്കക്കാരന്‍ - തുടക്കക്കാരി (തുടക്കക്കാരത്തി). 'ത്തി' പ്രത്യയത്തിനു മുമ്പിലുള്ള വര്‍ണ്ണം താലവ്യമാണെങ്കില്‍ 'ത്ത' കാരത്തിനു താലവ്യാദേശം വന്ന് 'ച്ച' കാരമാകും. തേവിടിത്തി-തേവടിച്ചി; ശൂദ്രത്തി-ശൂദ്രച്ചി എന്നിങ്ങനെ രൂപങ്ങള്‍.
ഉദ്യോഗസ്ഥവൃന്ദത്തെ സൂചിപ്പിക്കാന്‍ ജീവനക്കാരന്‍, ജീവനക്കാരി (ജീവനക്കാരത്തി) ജീവനക്കാര്‍ എന്നീ വാക്കുകള്‍ സൗകര്യപൂര്‍വ്വം ഉപയോഗിക്കാറുണ്ട്. പ്രതിഫലം പറ്റി ജോലി ചെയ്യുന്നവരാണ് പൊതുവില്‍പ്പറഞ്ഞാല്‍ ജീവനക്കാര്‍. ജീവനക്കാരന്‍ പുല്ലിംഗവും ജീവനക്കാരി സ്ത്രീലിംഗവും ആയിരിക്കേ, 'വനിതാജീവനക്കാരി' എന്ന പ്രയോഗം അശ്രീകരമാണ്. ജീവനക്കാരി സ്ത്രീയായിരിക്കേ വിശേഷണമായി വനിത ചേര്‍ക്കുമ്പോള്‍ ആവര്‍ത്തനദോഷമുണ്ടാകുന്നു. ** 'പുരുഷജീവനക്കാരന്‍' 'വനിതാജീവനക്കാരി' തുടങ്ങിയ പ്രയോഗങ്ങള്‍ അരോചകങ്ങള്‍ ആണല്ലോ. അടിസ്ഥാനഭാഷാ പരിചയം ആര്‍ജിക്കാതെ പദസൃഷ്ടിക്കു തുനിഞ്ഞിറങ്ങുന്നതിന്റെ പരിണതഫലങ്ങളാണ് ഇത്തരം വികലപ്രയോഗങ്ങള്‍!
* കുഞ്ഞന്‍പിള്ള, ഇളംകുളം, ലീലാതിലകം (വ്യാഖ്യാനം), എന്‍.ബി.എസ്, കോട്ടയം, 1969, പുറം - 87.
** നാരായണന്‍, വി.കെ., വാക്കിന്റെ ഇരുളും പൊരുളും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020, പുറം - 100.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)