•  25 Apr 2024
  •  ദീപം 57
  •  നാളം 7
ശ്രേഷ്ഠമലയാളം

നിര്‍ണയവും നിര്‍ണയനവും

നിര്‍ണയവും നിര്‍ണയനവും രണ്ടാണെന്നു പലര്‍ക്കുമറിഞ്ഞുകൂടാ. അവര്‍ രണ്ടിടത്തും നിര്‍ണയം പ്രയോഗിക്കുന്നു. നിര്‍ + നയം = നിര്‍ണ്ണയം. ''ഋഷരേഫങ്ങള്‍ക്കു പിന്നില്‍ നാവു ണാവായ്ച്ചമഞ്ഞിടും'' * എന്ന നിയമപ്രകാരം നിര്‍ + നയം, നിര്‍ണയം എന്നാകുന്നു. ''ബുദ്ധിയുടെ മറുകരയെ നല്ലവണ്ണം നയിക്കുന്നത് നിര്‍ണയം'' ** തീര്‍ച്ച എന്നാണ് ഈ പദത്തിന്റെ പ്രസിദ്ധമായ അര്‍ത്ഥം. ''സ്വര്‍ണവര്‍ണമരയന്നം മഞ്ജുനാദമിതു നിര്‍ണ്ണയമെനിക്കിണങ്ങുമെന്നു തോന്നും'' ***  (നളചരിതം ആട്ടക്കഥ ഒന്നാം ദിവസം) എന്നിടത്തെ നിര്‍ണയത്തിനു തീര്‍ച്ചയായിട്ട് എന്നാണല്ലോ വിവക്ഷിതം. ഉറപ്പ് എന്നും നിര്‍ണയത്തിന് അര്‍ഥമുണ്ട്. ''എന്തു ത്യാഗം സഹിച്ചും പരീക്ഷയില്‍ വിജയം നേടുമെന്നു നിര്‍ണ്ണയം'' എന്ന വാക്യത്തിലെ നിര്‍ണയംകൊണ്ട് ഉറപ്പുനല്‍കലാണല്ലോ ഉദ്ദിഷ്ടം.
തീരുമാനമാണ് നിര്‍ണയമെങ്കില്‍, തീരുമാനിക്കലാണ് നിര്‍ണയനം. നിര്‍ + നയനം = നിര്‍ണയനം. അതായത്, നിര്‍ണയിക്കുന്ന പ്രവൃത്തിയെ നിര്‍ണയനം കുറിക്കുന്നു. തീര്‍ച്ചയാക്കല്‍, നിശ്ചയിക്കല്‍, തിട്ടംവരുത്തല്‍ (ascertainment, determining)) എന്നീ വിവക്ഷിതങ്ങളിലാണ്  നിര്‍ണയനം പ്രയോഗിക്കേണ്ടത്. വൈയാകരണന്റെ ഭാഷയില്‍ പറഞ്ഞാല്‍, നിര്‍ണയം കേവലനാമവും നിര്‍ണയനം  കേവലക്രിയാനാമവുമാണ്. ആകയാല്‍, നിര്‍ണയനം വേണ്ടിടത്ത് നിര്‍ണയം പ്രയോഗിച്ചാല്‍ അര്‍ത്ഥവിപര്യയം ഉണ്ടാകാം. രോഗനിര്‍ണയം - രോഗനിര്‍ണയനം; മൂല്യനിര്‍ണയം - മൂല്യനിര്‍ണയനം; സ്ഥാനാര്‍ത്ഥിനിര്‍ണയം - സ്ഥാനാര്‍ത്ഥിനിനിര്‍ണയനം; പൗരത്വനിര്‍ണയം - പൗരത്വനിര്‍ണയനം; മണ്ഡലനിര്‍ണയം - മണ്ഡലനിര്‍ണയനം - ഇവ തമ്മിലുള്ള അര്‍ഥവ്യത്യാസം ശ്രദ്ധിക്കുക. കൊവിഡുനിര്‍ണയം എന്നു പറഞ്ഞാല്‍ അവിടെയുള്ളവര്‍ക്ക് അഥവാ അവിടെ ചെല്ലുന്നവര്‍ക്ക് കൊവിഡ് തീര്‍ച്ച എന്ന സൂചന വരാം. പകരം കൊവിഡ് ഉണ്ടോ എന്നു തിട്ടപ്പെടുത്തുന്നതിന് കൊവിഡു നിര്‍ണയനം എന്നായാല്‍ നന്നായി.
നിര്‍ + നോദം = നിര്‍ണോദം (നിര്‍ണോധം തെറ്റ്) ആകുന്നതും മേല്‍സൂചിപ്പിച്ച നിയമപ്രകാരമാണ്. നിര്‍ണോദത്തിന് ഓടിക്കല്‍, ബഹിഷ്‌കരിക്കല്‍ എന്നൊക്കെയാണ് അര്‍ഥം. ചുരുക്കത്തില്‍, നിര്‍ണയം വേറേ നിര്‍ണയനം വേറേ എന്നു മനസ്സിലാക്കണം.
* ദാമോദരന്‍നായര്‍, പി., അപശബ്ദബോധിനി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം 347
** ശാസ്ത്രി, എം. എച്ച്., നളചരിതം ആട്ടക്കഥ (വ്യാഖ്യാനം) രസികകൗതുകം, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 1991, പുറം -110.
*** പരമേശ്വരന്‍ മൂസ്സത്, അമരകോശം (പരമേശ്വരീ), എന്‍.ബി.എസ്., കോട്ടയം, 2013, പുറം - 136

 

 

 

Login log record inserted successfully!