•  21 Nov 2024
  •  ദീപം 57
  •  നാളം 37
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

യഥാര്‍ത്ഥകവിയും പ്രച്ഛന്നകവിയും

ഴയകാലത്തെ നാടകഗാനങ്ങള്‍ പലതും സിനിമാപ്പാട്ടുകള്‍പോലെതന്നെ ആസ്വാദകര്‍ നെഞ്ചേറ്റിയതാണ്. അത്തരം പാട്ടുകള്‍ നമ്മുടെ ജീവിതത്തിന്റെ (അതുവഴി സംസ്‌കാരത്തിന്റെയും) ഭാഗമായി മാറി എന്നതാണ് സത്യം. അക്കൂട്ടത്തില്‍ പിറന്നതും ഏറെ ജനപ്രീതി നേടിയതുമായ ഒരു ഗാനം.
''അമ്പിളിയമ്മാവാ               താമരക്കുമ്പിളിലെന്തൊണ്ട്
കുമ്പിട്ടിരിപ്പാണോ       മാനത്തെ കൊമ്പനാനപ്പുറത്ത്'' (നാടകം - മുടിയനായ പുത്രന്‍; രചന - ഒ.എന്‍.വി. കുറുപ്പ്; സംഗീതം - ജി. ദേവരാജന്‍; ആലാപനം - കെ.പി.എ.സി. സുലോചന)
എന്നാല്‍, കുറച്ചുകാലംമുമ്പ് കുട്ടികള്‍ക്കുവേണ്ടി പുറത്തിറക്കിയ ഒരു ഗാനമിതാണ്.
''അമ്പിളിയമ്മാവാ മാനത്തങ്ങനെ നില്പാണോ
താഴോട്ടു വന്നാലോ ഞങ്ങള്‍ കുമ്പിളില്‍ ചോറുതരാം''
(രചന - ടി.പി. അബ്ദുള്ള ചെറുവാടി; സംഗീതം - നിയാസ് ചോള)
ഒ.എന്‍.വി. എഴുതിയ ഗാനത്തിന്റെ ബാക്കി വരികള്‍കൂടി കണ്ടാലേ അനുകരണത്തിന്റെ ഏകദേശസ്വഭാവം വ്യക്തമാകൂ.
''താമരക്കുമ്പിളുമായ് അമ്മാവന്‍ താഴോട്ടുപോരാമോ
പാവങ്ങളാണേലും ഞങ്ങള് പായസച്ചോറുതരാം''
പില്ക്കാലത്ത് ജ്ഞാനപീഠം വരെ കയറിയ കവി അമ്പിളിയമ്മാവനെ സംബോധന ചെയ്തു ഗാനമാരംഭിച്ചപ്പോള്‍ അപഹര്‍ത്താവും അതുതന്നെ ആവര്‍ത്തിച്ചു. ഒ.എന്‍.വി. ആകട്ടെ, അമ്പിളിയമ്മാവനെ മാനത്തെ കൊമ്പനാനപ്പുറത്ത് കുമ്പിട്ടിരിക്കുന്നതായി ചിത്രീകരിച്ചു. അതിന്റെ ചുവടുപിടിച്ച് പുതിയ പാട്ടെഴുതിയ ആള്‍ അമ്പിളിയമ്മാവനെ മാനത്തുതന്നെ പ്രതിഷ്ഠിച്ചു. പക്ഷേ, അങ്ങനെ നില്പാണോ (എങ്ങനെ നില്പാണോ എന്ന ചോദ്യം ഇവിടെയുയരുന്നു) എന്നു ചോദിച്ചിരിക്കുന്നു.
യഥാര്‍ത്ഥകവി അമ്പിളിയമ്മാവന്റെ കൈയില്‍ താമരക്കുമ്പിള്‍ കണ്ടപ്പോള്‍, താഴോട്ടുവന്നാല്‍ ആ താമരക്കുമ്പിളില്‍ പായസച്ചോറുതരാം എന്നു പറഞ്ഞപ്പോള്‍ (പായസത്തിനൊന്നും ഗതിയില്ലാതെ പാവങ്ങളാണ് തങ്ങളെങ്കിലും അമ്പിളിയമ്മാവന്റെ ഉയര്‍ന്ന സ്ഥിതി പരിഗണിച്ചിട്ടാവാം ഇത്തരത്തിലുള്ള അതിഥിസല്‍ക്കാരം) പ്രച്ഛന്നകവി അതൊന്നു മാറ്റിപ്പിടിച്ചു. പായസച്ചോറിനു പകരം ചോറുതരാമെന്നായി. കുമ്പിളൊന്നും കൊണ്ടുവരേണ്ടതില്ല തങ്ങളുടെ കുമ്പിളില്‍ വിളമ്പാം എന്നുമായി. ഒ.എന്‍.വി.യുടെ ഗാനത്തില്‍ ശരിയായ അഭ്യര്‍ത്ഥന പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍, അബ്ദുള്ള ചെറുവാടിയുടെ ഗാനത്തില്‍ 'വേണമെങ്കില്‍ വന്നോ, വന്നാല്‍ ഉണ്ടിട്ടുപോകാം' എന്ന മട്ടാണ്. ഇവിടെയാണ് ശരിയായ കവിയെയും അങ്ങനെയല്ലാത്ത ആളിനെയും നാം തിരിച്ചറിയുന്നത്. പലതരം ദുരന്തങ്ങള്‍ നമ്മുടെ നാട്ടിലുണ്ടാവാറുണ്ട്. ഇതും (സാഹിത്യചോരണം) ഒരുതരത്തില്‍ ദുരന്തംതന്നെയല്ലേ?
''ശബരിമലയിലും കല്ല്
ശക്തീശ്വരത്തിലും കല്ല്
തിരുപ്പതിമലയിലും             ഗുരുവായൂരിലും
തൃച്ചംബരത്തും കല്ല്
കല്ലിനെത്തൊഴുന്നവരേ- നിങ്ങള്‍
കല്പണിക്കാരെ മറിക്കരുതേ'' (നാടകം - ഭരതക്ഷേത്രം; രചന - വയലാര്‍ രാമവര്‍മ; സംഗീതം - കെ. രാഘവന്‍).
'സ്വാമി അയ്യപ്പന്‍' എന്ന ചിത്രത്തിലെ ''ശബരിമലയില്‍ തങ്കസൂര്യോദയം'' എന്ന പാട്ടെഴുതി ചൂടാദം മുമ്പാണ് വയലാറിന്റെ അതേ തൂലികയില്‍നിന്ന് മേല്പറഞ്ഞ വരികള്‍ പുരത്തുവന്നത്. വര്‍ഷങ്ങള്‍ക്കുശേഷം വന്ന 'ഭഗവാന്‍ കാലുമാദനം' എന്ന നാടകത്തിനായി കണിയാപുരം രാമചന്ദ്രന്‍ ഇങ്ങനെയെഴുതി.
''പൂത്താലം നേദിച്ചു             പൂത്താലം നേദിച്ചു
പൂജയ്ക്കായ് വന്നവര്‍ ഞങ്ങള്‍
ദൈവത്തിനല്ലാ               ആ ദൈവങ്ങളെ തീര്‍ത്ത
കൈവേലക്കാരന്റെ മുമ്പില്‍'' (സംഗീതം-ജി. ദേവരാജന്‍)
തുടക്കത്തില്‍ പറഞ്ഞ പാട്ടിന്റെ കാര്യത്തിലെന്നപോലെ നഗ്നമായ അനുകരണമല്ല ഇവിടെ കാണാനാവുന്നത്. ആശയപരമായ ആധമര്‍ണ്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം. രണ്ടുപേരും (വയലാറും കണിയാപുരം രാമചന്ദ്രനും) തൊഴിലാളി പക്ഷത്തുനിന്ന കവികളാണുതാനും. ഉത്തമകലാസൃഷ്ടി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അനുകരണത്തിനു വിധേയമാകും എന്നു പറയുന്നതെത്ര ശരി!

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)