ഞാന്‍ സഫിയ
ആത്മവിശ്വാസത്തിന്റെ, പൊരുതലിന്റെ, ജീവിതവിജയത്തിന്റെ നേര്‍സാക്ഷ്യം....
കൊടുങ്കാറ്റ് കീറിപ്പറിച്ചെറിയുന്ന കരിയിലപോലെ തകരുമ്പോഴും അടിയുറച്ച വിശ്വാസവും അവകാശബോധവുംകൊണ്ട് ചില സ്ത്രീകള്‍ ഏതു മൗനത്തിലും ജ്വലിച്ചുയരുന്നു. വാക്കുകള്‍ക്കായി ദാഹിക്കുന്ന മനസ്സ് അനുഭവങ്ങളിലൂടെ, വെളിപാടുകളിലൂടെ ലോകമനസ്സാക്ഷിയെ കുലുക്കിയുണര്‍ത്തുന്നു. അതാണ് 'ഞാന്‍ സഫിയ'.
ലോകത്ത് സ്ത്രീസ്വാതന്ത്ര്യവും നീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. മതതീവ്രവാദികള്‍ അവര്‍ക്കെതിരേയുള്ള അതിക്രമങ്ങളും നടത്തിക്കൊണ്ടേയിരിക്കുന്നു. സ്ത്രീക്ക് സമത്വമാണോ നീതിയാണോ അതോ സുരക്ഷയാണോ വേണ്ടതെന്ന ചോദ്യമാണ് ഇനിയും ഉയരേണ്ടത്. സമൂഹത്തിന്റെ പകുതിയായ സ്ത്രീക്ക് സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവും മതപരവുമായ ഒരിടമുണ്ട്. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹം മതപരമായ വിലക്കുകളാല്‍ സ്ത്രീകളെ അത്തരം പൊതുവിടങ്ങളില്‍നിന്നു മാറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ്. കായികബലംകൊണ്ടു വിജയം നേടുന്ന കാഴ്ചയാണ് നാം കാണുന്നത്. ശക്തിയുള്ളവന്‍ അശക്തനെ തുടച്ചുമാറ്റുന്നു.
ആധുനികകാലത്ത് സഫിയയെപ്പോലുള്ള സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അതിജീവിച്ചു പ്രതിരോധം തീര്‍ക്കുന്നുവെന്നതാണ് ആശ്വാസകരമായിട്ടുള്ളത്.
പതിമ്മൂന്നാം വയസ്സില്‍ അമ്പതുകാരന്റെ ഭാര്യയാകുക, മൂന്നു പ്രാവശ്യം ഭര്‍ത്താക്കന്മാരാല്‍ മൊഴിചൊല്ലപ്പെടുക, മൂന്നു പ്രാവശ്യം കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കപ്പെടുക, നൊന്തുപെറ്റ കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുക എന്നതെല്ലാം സഹിക്കേണ്ടി വന്നവളാണ് സഫിയ. എന്നിട്ടും അവള്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. വടക്കന്‍ നൈജീരിയായിലെ ടുങ്കാര്‍ ടുഡു എന്ന കുഗ്രാമത്തിലെ ഹുസൈനി കുടുംബത്തിലെ നിഷ്‌കളങ്കയായ സഫിയ എന്ന യുവതിയുടെ പോരാട്ടവിജയത്തിന്റെ കഥയാണ് ഈ ആത്മകഥ. അവളെ തിരിച്ചറിയാന്‍ പ്രാപ്തിയില്ലാതിരുന്ന ഗ്രാമം അവസാനം അവളോടൊപ്പം ഉണര്‍ന്നപ്പോള്‍ അത് ആ നാടിന്റെ ഉജ്ജലചരിത്രം കൂടിയായി...