•  21 Nov 2024
  •  ദീപം 57
  •  നാളം 37
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ഞാന്‍ നുജൂദ്

ജഡ്ജി: നിനക്ക് എന്താണു വേണ്ടത്?   
നുജൂദ്: എനിക്കു വിവാഹമോചനം വേണം.
ജഡ്ജി: നിനക്ക് എത്ര വയസ്സാണ്?  
നുജൂദ്: പത്തു വയസ്സ്
(ഞാന്‍ നുജൂദ് വയസ്സ് 10. വിവാഹമോചിത)
നുജൂദ് - എന്റെ കുഞ്ഞിപ്പെങ്ങള്‍ - അവളുടെ ജീവിതകഥയായ ''ഞാന്‍ നുജൂദ്'' നിങ്ങളെ പരിചയപ്പെടുത്താന്‍ എഴുതിത്തുടങ്ങുമ്പോഴും എന്റെ കണ്ണീരിന്റെ ഉപ്പു മാറിയിട്ടില്ല. എന്റെ നുജൂദ് അനാഥയല്ല, രാജകുമാരിയുമല്ല. അച്ഛനമ്മമാരും സഹോദരങ്ങളും ബന്ധുജനങ്ങളും കളിക്കൂട്ടുകാരുമൊക്കെയുള്ള ഒരു സുന്ദരിപ്പെണ്‍കുഞ്ഞ്. ഒളിച്ചുകളിക്കാനും ചോക്ലേറ്റ് തിന്നാനും ചിത്രം വരയ്ക്കാനുമൊക്കെ ആഗ്രഹമുള്ള ഒരു ഗ്രാമീണപെണ്‍കുട്ടി. ചിരിക്കുമ്പോള്‍ അവളുടെ നുണക്കുഴി കാണാന്‍ എന്തു ചന്തമാണന്നോ!
എന്നാല്‍, നുജൂദിന് ഒമ്പതു വയസ്സുള്ളപ്പോള്‍ അവളുടെ ചിരി മാഞ്ഞു. അതേ, അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നു. ഒമ്പതാംവയസ്സില്‍ വിവാഹിതയാകുകയും പത്താം വയസ്സില്‍ വിവാഹമോചിതയാകുകയും ചെയ്ത യമനിലെ നുജൂദ് അലിയുടെ ജീവിതകഥയാണിത്. സ്വന്തം ഗ്രാമത്തില്‍നിന്നു രക്ഷപ്പെട്ട് തന്റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ ഒരു പെണ്‍കുട്ടിയുടെ പൊള്ളുന്ന, കണ്ണീരണിയിക്കുന്ന കഥ.
യമനിലെ ഒരു യാഥാസ്ഥിതികകുടുബത്തില്‍ അലി മുഹമ്മദ് - ഷോയ ദമ്പതികളുടെ പതിനഞ്ചാമത്തെ  സന്തതിയായാണു നുജൂദ് അലി ജനിച്ചത്. വീട്ടിലെ ദാരിദ്ര്യംമൂലം തന്റെ ഒമ്പതാമത്തെ വയസ്സില്‍, വിവാഹജീവിതം എന്തെന്നറിയാത്ത ബാല്യത്തില്‍ തന്നെക്കാള്‍ മൂന്നിരട്ടി വയസ്സുള്ള ഫൈസ് അലി താമര്‍ എന്ന മുപ്പത്തിയൊന്നുകാരന്റെ ഭാര്യയാകേണ്ടിവന്നു ആ ബാലികയ്ക്ക്.
ആദ്യരാത്രിയില്‍ത്തന്നെ  ക്രൂരമായ പീഡനത്തിന് അവളിരയായി. പല രാത്രികളിലും അയാളെ ഭയന്ന് അവള്‍ ഒളിച്ചിരുന്നു. എന്നാല്‍, ഭീഷണിപ്പെടുത്തിയും ശാരീരികമായി ആക്രമിച്ചും അവളെ ക്രൂരമായി പീഡിപ്പിച്ചു. 2008 ഏപ്രില്‍ രണ്ടിനു വിവാഹം കഴിഞ്ഞു രണ്ടുമാസങ്ങള്‍ക്കുശേഷം അവള്‍ അവിടെനിന്നു രക്ഷപ്പെട്ടോടി. തുടര്‍ന്ന്, പിതാവിന്റെ രണ്ടാം ഭാര്യയുടെ നിര്‍ദേശപ്രകാരം അവള്‍ നേരേ കോടതിയിലേക്ക്... സംഭവബഹുലമാണ്  നുജൂദിന്റെ കൊച്ചുജീവിതം.
നുജൂദിന്റെ കഥ ശുഭപ്രതീക്ഷയുടെ ഒരു സന്ദേശംകൂടി നല്കുന്നുണ്ട്. പുരാതനമായി നിലനിന്നിരുന്ന വലിയൊരു വിലക്കിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞവള്‍.
അറേബ്യ എന്ന ഉപഭൂഖണ്ഡത്തിലൊന്നാകെ മാറ്റത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചവള്‍. ബാലവിവാഹം ഒരാചാരമായി, ഒരു സംസ്‌കാരമായി കൊണ്ടുനടന്ന, അടുത്ത കാലംവരെ അതിനൊരു  മാറ്റമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കാതിരുന്ന ഒരിടത്താണ് അവള്‍ വിപ്ലവം സൃഷ്ടിച്ചത്. നുജൂദ് കാണിച്ച അവിശ്വസനീയമായ ആ ധൈര്യം അറേബ്യന്‍സ്ത്രീകള്‍ക്കു കരുത്തു നല്‍കിയിരിക്കുന്നു. സ്വന്തം ഭര്‍ത്താക്കന്മാര്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍ അവര്‍ പഠിച്ചു.
നുജൂദില്‍നിന്നു പ്രചോദനംകൊണ്ട് ഏറ്റവും  അപരിഷ്‌കൃതമായ ദാമ്പത്യബന്ധനത്തില്‍നിന്നു മോചനം നേടാന്‍ നിയമപരമായ പോരാട്ടത്തിനൊരുങ്ങി പല അറേബ്യന്‍ പെണ്‍കുട്ടികളും മുന്നോട്ടുവന്നു. നുജൂദിന്റെ പോരാട്ടത്തിന്റെ ഫലമായി 2009 ഫെബ്രുവരിയില്‍ യമന്‍ പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹപ്രായം നിയമപരമായി പതിനേഴു വയസ്സാക്കി ഉയര്‍ത്തി. ലോകം മുഴുവനുമുള്ള പെണ്‍കുഞ്ഞുങ്ങള്‍ക്കു പ്രതികരിക്കാനും പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ഊര്‍ജവും സന്ദേശവുമാണ് നുജൂദ് നല്കുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)