ഗൃഹാംഗങ്ങള്‍ തമ്മിലുള്ള ഭിന്നതയ്ക്ക് ഗൃഹച്ഛിദ്രം എന്നു പറയുന്നു. വീട്ടുവഴക്ക് (ളമാശഹ്യ ൂൗമൃൃലഹ), കുടുംബകലഹം(റീാലേെശര ൂൗമൃൃലഹ) എന്നൊക്കെ ആയാല്‍ തെളിമയുള്ള വിവക്ഷിതമായി. ഗൃഹച്ഛിദ്രം (ഗൃഹകലഹം) എന്ന സമസ്തപദത്തെ ഗൃഹത്തിലെ ഛിദ്രം എന്നു വിഗ്രഹിക്കാം. ''ഗൃഹശ്ചിദ്രം'' ''ഗ്രഹച്ഛിദ്രം'' എന്നിവ അപരൂപങ്ങളാണ് ഉച്ചാരണത്തിലും എഴുത്തിലും അവയെ വര്‍ജ്ജിക്കണം.
ഗൃഹ + ഛിദ്രം = ഗൃഹച്ഛിദ്രം. (ഗൃഹം + ഛിദ്രം എന്ന പിരിച്ചെഴുത്തുരൂപവും ശരിയാണ്). ഹ്രസ്വസ്വരത്തിനുശേഷം വരുന്ന ഛകാരം സന്ധിയില്‍ 'ച്ഛ' കാരം ആകും. അതിനാല്‍ ഗൃഹച്ഛിദ്രം എന്നുതന്നെ സമാസിച്ചെഴുതണം. ''ഇരട്ടിപ്പൂസാദിയായ ഛാവു കൂട്ടക്ഷരാദ്യവും''* എന്നു മണിദീപികയില്‍ ഏ.ആര്‍. രാജരാജവര്‍മ്മ വ്യക്തമാക്കിയിട്ടുണ്ട്. സാദി ആദിയുള്ളത്; മുമ്പിലേതെങ്കിലും ഒരക്ഷരമുള്ളതെന്നര്‍ത്ഥം; വാക്യാരംഭത്തിലൊഴികെ മറ്റെല്ലായിടത്തുമെന്നു വന്നുകൂടിയ താത്പര്യം. അങ്ങനെയുള്ള ഛകാരത്തെയും കൂട്ടക്ഷരങ്ങളുടെ ആദ്യവര്‍ണ്ണത്തെയും ഇരട്ടിക്കണം എന്നു വിശദീകരിച്ചിട്ടുമുണ്ട്. തരു + ഛായ = തരുച്ഛായ; പരി + ഛിന്നം = പരിച്ഛിന്നം എന്നിങ്ങനെ വേറെ ഉദാഹരണങ്ങള്‍. തരുച്ഛായയ്ക്ക് മരത്തണല്‍ എന്നും പരിച്ഛിന്നത്തിന് വ്യക്തമായി നിര്‍വചിക്കപ്പെട്ട, നിശ്ചയിക്കപ്പെട്ട എന്നും അര്‍ത്ഥം.
തരുച്ഛായ, പരിച്ഛിന്നം എന്നീ ശബ്ദങ്ങളെ മറ്റൊരു വിധത്തിലും നിഷപാദിപ്പിക്കാമെന്ന് വിദ്വാന്‍ ഫാ. ജോണ്‍ കുന്നപ്പള്ളി വ്യക്തമാക്കുന്നുണ്ട്. ''ഹ്രസ്വസ്വരത്തിനുശേഷം ഛ കാരത്തിനുമുമ്പ് തകാരം ആഗമിക്കുന്നു''**. അതിന്‍പ്രകാരം തരു + ഛായ, തരുത് + ഛായ എന്നായതിനുശേഷം തരുച്ഛായ എന്ന് ഇരട്ടിക്കുന്നു. ഈ ക്രമത്തെ ഇങ്ങനെ രേഖപ്പെടുത്താം. തരു + ഛായ ണ്ണ തരുത് + ഛായ ണ്ണ തരുച്+ഛായ ണ്ണതരുച്ഛായ. അതുപോലെ പരി + ഛിന്നം ണ്ണ പരിത്+ഛിന്നം ണ്ണപരിച്+ഛിന്നം ണ്ണപരിച്ഛിന്നം. കുന്നപ്പള്ളിയച്ചന്റെ നിരീക്ഷണം കുറെക്കൂടി വ്യക്തവും സൂക്ഷ്മവും ആണെന്നു തോന്നുന്നു.
* രാജരാജവര്‍മ്മ, ഏ.ആര്‍., മണിദീപിക, കേരളസാഹിത്യ അക്കാദമി, തൃശൂര്‍, 1987, പുറം - 42.
** ജോണ്‍ കുന്നപ്പള്ളി, ഫാ., പ്രക്രിയാഭാഷ്യം, ഡി.സി.ബുക്‌സ്, കോട്ടയം, പുറം 63,64.