ശരീരം നിറയെ ശല്ക്കങ്ങളുള്ള ജീവിയാണ് ഈനാംപേച്ചി. ഈ ശല്ക്കങ്ങള്‍ക്കു നല്ല കട്ടിയുണ്ട്. മഞ്ഞകലര്‍ന്ന തവിട്ടുനിറമാണിതിന്. വാലുപയോഗിച്ചു മരത്തില്‍ തൂങ്ങിക്കിടക്കാറുണ്ട്. ഇര തേടാനും വാലുപയോഗിക്കുന്നു. തലയോ കൈയോ കടക്കാത്ത മരത്തിലെ കൊച്ചുകൊച്ചു വിടവുകളില്‍ വാലിന്റെ കൂര്‍ത്ത അഗ്രം കയറ്റി ഉറുമ്പുകളെയോ ചിതലുകളെയോ ഇളക്കി പുറത്തുചാടിക്കുന്നു. നാവുകൊണ്ട് അതിനെ വേഗം ഉള്ളിലാക്കും. ഉറുമ്പുകളോ ചിതലുകളോ ഇളകുന്നിടത്തേക്ക് നാവു നീട്ടി വയ്ക്കുകയാണു ചെയ്യുക. നാവില്‍ ഒരുതരം പശയുള്ളതിനാല്‍ ഇരകള്‍ പെട്ടുപോയാല്‍ പിന്നെ രക്ഷപ്പെടില്ല. മിന്നല്‍വേഗത്തിലാണ് ഈനാംപേച്ചി നാക്കു നീട്ടുന്നതും പിന്‍വലിക്കുന്നതും. നാവിനു നല്ല നീളമുണ്ട്, ശരീരത്തിന്റെ പാതിയോളം വരും. ഈനാംപേച്ചിക്ക് മറ്റൊരു പേരു കൂടിയുണ്ട്: ഉറുമ്പുതീനി.
പല്ലുകളില്ലാത്ത ഈനാംപേച്ചി രാത്രികാലങ്ങളിലാണ് മിക്കവാറും ഇരതേടുക. മരം കയറാനും ഈനാംപേച്ചിക്കു കഴിയും. വംശനാശഭീഷണി നേരിടുന്ന ഈ ജീവി ഇപ്പോള്‍ ഏഷ്യയിലും ആഫ്രിക്കയിലും മാത്രമേയുള്ളൂ. കേരളത്തില്‍ ഇടുക്കി, പറമ്പികുളം, വയനാട്, പേപ്പാറ, നെയ്യാര്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു.
ഈനാംപേച്ചിയുടെ ശരീരത്തിനു നാലരയടിയോളം നീളമുണ്ടാകും. ശരീരത്തിന്റെ പകുതിയോളം നീളം വാലിനാണ്. മുന്‍കാലുകളിലെ നീളന്‍ നഖങ്ങള്‍കൊണ്ടു മണ്ണില്‍ കുഴിച്ചും മരത്തില്‍ കയറിയും ആഹാരം തേടുന്നു. അഞ്ചു വിരലുകളും വിരലുകളിലെ കൂര്‍ത്ത നഖങ്ങളും ഇര തേടാന്‍ ഏറെ സഹായകരമാണ്. ചെറിയ തല ഏതാണ്ട് ത്രികോണാകൃതിയില്‍ കാണപ്പെടുന്നു. ഈനാംപേച്ചിയുടെ തൂക്കം ശരാശരി 15 കി. ഗ്രാം വരും. നാലു കാലുകളുണ്ടെങ്കിലും അത്യാവശ്യം രണ്ടു കാലിലും നടക്കാനാവുന്നു.
ഉറുമ്പും ചിതലും അല്ലാതെ മറ്റു കീടങ്ങളെയും ഈനാംപേച്ചി ഭക്ഷിക്കുന്നുണ്ട്. ശല്ക്കങ്ങളുടെ ആരോഗ്യത്തിന് ഉറുമ്പുകളുടെ ഫോര്‍മിക് ആസിഡ് പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ട് ഉറുമ്പുകളെ തിന്നാതെ ഇതിനു ജീവിക്കാന്‍ വയ്യ. ശത്രുവിനെ കാണുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ ഇതിനു പ്രയാസമാണ്. പെട്ടെന്ന് അട്ട ചുരുളുന്നതുപോലെ ചുരുണ്ട് വേഗം ഉരുളുകയാണു ചെയ്യുക. ഒരു ഫുട്‌ബോളിനു സമം. ലോഹംപോലെ കട്ടിയുള്ള ശല്ക്കങ്ങള്‍ക്കു ക്ഷതമേല്പിക്കുക പ്രയാസമാണ്. ശല്ക്കങ്ങളുടെ ഉരുളന്‍പന്തായി മാറുന്ന ഈ പേടിത്തൊണ്ടന്മാരെ ഗൗനിക്കാതെ മറ്റു ജീവികള്‍ പോകുന്നു. പുലിപോലും ഒന്നു തട്ടിക്കളിച്ചിട്ടു വിട്ടുപോകും.
പംഗോളിന്‍ എന്നാണ് പൊതുവേ അറിയപ്പെടുക. പതിന്നാല് ഇനങ്ങളുണ്ട്. ഇന്ത്യന്‍, മലയന്‍, ചൈനീസ്, ആഫ്രിക്കന്‍ എന്നിവ പ്രധാനം. ഈ പേരിനടിസ്ഥാനം ഒരു മലയന്‍ വാക്കാണ് - ''പെങ്കലിങ്.'' ഉരുളുന്നത് എന്നാണര്‍ത്ഥം. ഈനാംപേച്ചിയുടെ ശല്ക്കങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? തലമുതല്‍ വാലുവരെ ഒരേ നിരയില്‍ ഒറ്റയടുക്കുപോലുണ്ട്. പംഗോളിന്‍, ആന്റ് ഈറ്റര്‍, സ്ലോത്ത് എന്നിങ്ങനെ വിദേശപ്പേരുകള്‍. അളുങ്ക്, അണുങ്ക്, അണുങ്ങന്‍, കുഴിമൂക്കന്‍, അളുങ്കാമ, കക്കാപ്പന്നി, അണ്ടയാന്‍, തൊണ്ടുരുട്ടി മുതലായവ പ്രാദേശികവിളിപ്പേരുകള്‍. ഈനാംപേച്ചിയുടെ ആയുസ്സ് ശരാശരി പതിന്നാലു വര്‍ഷമാണ്.
പഴയനിയമത്തില്‍ ഈനാംപേച്ചി പരാമര്‍ശമുണ്ട്. അയ്യായിരം വര്‍ഷംമുമ്പ് എഴുതപ്പെട്ട ലേവ്യപുസ്തകം 11-ാം അധ്യായത്തില്‍ ഇങ്ങനെ പറയുന്നു:
''നിലത്ത് ഇഴയുന്ന ഇഴജാതിയില്‍ നിങ്ങള്‍ക്ക് അശുദ്ധമായവ ഇവ: എലി, വിവിധതരം ഉടുമ്പ്, അളുങ്ക്, ഓന്ത്, പല്ലി, അരണ...'' (ഇവയില്‍ അളുങ്കാണ് ഈനാംപേച്ചി).