•  28 Mar 2024
  •  ദീപം 57
  •  നാളം 4
പ്രണയ പാഠാവലി

ഉപഭോഗത്തിനു മത്സരിക്കുന്നവര്‍

പയോഗിക്കലാണ് ഉപഭോഗം. ഉപയോഗിക്കുന്നത് ഉത്പന്നങ്ങളോ സേവനമോ ആകാം. അതിനെന്താണ് കുഴപ്പം? ഉപഭോഗസംസ്‌കാരം എന്നും മറ്റും വിളിച്ച് അത്ര താഴ്ത്തിക്കെട്ടേണ്ടതുണ്ടോ?
കുഴപ്പം കടന്നുവരുക മൂന്നു സാഹചര്യങ്ങളിലാണ്.
അഹത്തിന്റെ തൃപ്തിമാത്രം നേടുമ്പോള്‍....
ജഡത്തിന്റെ സുഖം മാത്രം അന്വേഷിക്കുമ്പോള്‍...
അധ്വാനത്തെ വെറുക്കുമ്പോള്‍...
അഹത്തിന്റെ പദ്ധതികള്‍, താനാണ് ഏറ്റവും ശ്രേഷ്ഠനെന്ന സങ്കല്പത്തില്‍നിന്നാണ് തുടങ്ങുക. ആ മഹിമാതിരേകം നിലനിര്‍ത്താന്‍ കുറെയധികം വിഭവങ്ങള്‍ സമാഹരിച്ച് കൂടെ കരുതേണ്ടിവരും. (പണം, സ്വാധീനം, അനുയായികള്‍, ആശയങ്ങള്‍, ആഡംബരങ്ങള്‍, മാധ്യമസാന്നിധ്യം തുടങ്ങിയവ). ഇതൊന്നുമില്ലാത്തവന് ആരു വിലകൊടുക്കാന്‍? അങ്ങനെയാണ് കേമനാകാന്‍ വേണ്ട സംവിധാനങ്ങള്‍ക്കായി ഓട്ടം ആരംഭിക്കുക. വിപണി തുറന്നിരിക്കുകയാണല്ലോ. എങ്ങനെയും പണമുണ്ടാക്കുക, മത്സരിച്ചു വാങ്ങിക്കൂട്ടുക! അങ്ങനെ മിടുക്കനാവുക. ഉപഭോഗസംസ്‌കാരം, നമുക്കായി കുറിച്ചിട്ടുള്ള ജാതകമാണിത്.
ദമ്പതിമാര്‍ രണ്ടല്ലെന്നും മറിച്ച്; അവര്‍ ഒന്നാണെന്നും ഒരാള്‍ക്ക് മറ്റൊരാളെക്കാള്‍ മേന്മ അവകാശപ്പെടാന്‍ സാധ്യമല്ലെന്നുള്ള പ്രണയസൂക്തം, പുതിയ സംസ്‌കാരത്തിനു മുമ്പില്‍     ഒരു ജല്പനം മാത്രമായി അവശേഷിക്കുമോ? ഭര്‍ത്താവാണോ ഭാര്യയാണോ കൂടുതല്‍ സമ്പാദിക്കുന്നത് എന്ന തര്‍ക്കം കയറി വന്നാല്‍ ഇതല്ലേ സംഭവിക്കുക? ''എന്നെ മാനിക്കാന്‍ വേറെയാളുണ്ട്'' എന്നു വിളിച്ചു പറയാന്‍ ഒരാളെ ധൈര്യപ്പെടുത്തുക, ഇതേ സംസ്‌കാരമല്ലേ? അതായത്, ഒറ്റയ്ക്ക് മിടുക്കു കാണിക്കാന്‍ വേണ്ട വിഭവശേഷി ഉപഭോഗസംസ്‌കാരം ഉറപ്പുനല്കുന്നു. അതിന് മറ്റൊരാളെ ആശ്രയിക്കുകയേ വേണ്ട.
ജഡത്തിന്റെ തൃപ്തിക്ക് ഇന്ദ്രിയങ്ങളാണ് ഉപാദാനം. കാഴ്ചയിലും കേള്‍വിയിലും മണത്തിലും രുചിയിലും സ്പര്‍ശത്തിലും എന്തിന്, ഇതിനെയെല്ലാം സ്വീകരിച്ച്, പരിപാകപ്പെടുത്തി ആനന്ദവിസ്‌ഫോടനമാക്കി മാറ്റുന്ന ഹൃദയസ്ഥലികളിലും ഉപഭോഗിക്കപ്പെടാന്‍ എന്തെല്ലാമാണുള്ളത്? അടിസ്ഥാനപ്രേരണകളെ കുതിച്ചുപായിക്കാന്‍ പരുവത്തിന് വിനോദമെന്ന പേരിലും മറ്റും എത്രയെത്ര ചാലുകളാണ് വെട്ടിയൊരുക്കിയിട്ടുള്ളത്? വീട്ടില്‍ വിളമ്പുന്ന കലര്‍പ്പില്ലാത്ത അമ്മയുടെ (ഭാര്യയുടെ) ഭക്ഷണം ആര്‍ക്കുവേണം? വര്‍ണപ്പൊതിയിലൊളിച്ചിരുന്നോ, അല്ലെങ്കില്‍ സ്വാദിഷ്ഠതയുടെ സൗന്ദര്യം തുറന്നു കാണിച്ചോ, എല്‍.ഇ.ഡി. പ്രഭയില്‍ കാത്തിരിക്കുന്ന നിറത്തിന്റെയും മണത്തിന്റെയും കൊഴുപ്പുകൂട്ടുകള്‍ അകത്താക്കാനല്ലേ ആവേശം? പോരടിച്ച് എതിരാളിയെ വലിച്ചുകീറാന്‍ എല്ലാ സാഹചര്യങ്ങളുമൊരുക്കിയിട്ടുള്ള വീഡിയോഗയിമുകളും റസലിങ് പേക്കൂത്തുകളും ''അഭിനവനായാട്ടനുഭവങ്ങ''ളായി മാറുന്നു. 
മുമ്പൊരിക്കല്‍ ചര്‍ച്ച ചെയ്ത, 'ആവശ്യം - അതിമോഹം', എക്‌സ്പ്രസ് ഹൈവേയുടെ കാര്യമോര്‍ക്കുക. അതില്‍ക്കൂടിയാണ് ഈ പരക്കം പാച്ചില്‍. മോഹങ്ങള്‍ മുമ്പേ പോകുന്ന സ്വന്തം നിഴലുപോലെയാണ്. ഒരിക്കലും പിടിച്ചടക്കാന്‍ സാധിക്കില്ല. ഒടുവില്‍ തളര്‍ന്നു വീഴുകയേ നിവൃത്തിയുള്ളൂ. നമ്മെക്കൊണ്ടു വിഴുങ്ങിപ്പിക്കാന്‍ തയ്യാറാക്കിയിരിക്കുന്ന കെണികളെ കരുതിയിരിക്കുക.
ദാമ്പത്യജീവിതം ആസ്വദിക്കാന്‍ സാവകാശവും അവധാനതയും കാത്തിരിപ്പും ശാന്തതയുമൊക്കെ ഇഴചേരണം. അതാണ് പ്രണയത്തിന്റെ രാസത്വരകങ്ങള്‍. ക്ഷണത്തില്‍ വിരിഞ്ഞു പരിലസിക്കുന്ന പ്ലാസ്റ്റിക് പൂവല്ല, പ്രണയം.
കായികാധ്വാനത്തിനുവേണ്ടവിധം ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ള ശരീരമാണ് മനുഷ്യന്റേത്. കുറച്ചുനാള്‍ ഉപയോഗിക്കാതിരുന്നാല്‍ പേശികള്‍ ശോഷിച്ചുപോകും. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, വര്‍ദ്ധിച്ച തോതില്‍ നമ്മുടെ ജീവിതത്തില്‍ ഇടപെട്ടു തുടങ്ങുമ്പോള്‍, കുഴിമടിയുടെ വേലി നമുക്കു ചുറ്റും ഉയരുന്നു. രോഗികളായ അച്ഛനമ്മമാരെയോ  ശാരീരികാവശതകളുള്ള പങ്കാളിയെയോ മക്കളെയോ ശുശ്രൂഷിക്കേണ്ടിവരുമ്പോള്‍, അതു നമുക്കു ഭാരമായി മാറാം. കാറ്റിലൊടിഞ്ഞു മുറ്റത്തു വീണ മരക്കമ്പു മുറിച്ചുമാറ്റാന്‍, ആപ്പുകള്‍ തിരയേണ്ടിവരാം.
ദീര്‍ഘകാലം ഉപയോഗിക്കാന്‍ പറ്റുന്ന ഗുണമേന്മയെ ഉപഭോഗസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നില്ല. യൂസ് ആന്റ് ത്രോയാണ് അഭികാമ്യം. ഉപയോഗംകഴിഞ്ഞ് വലിച്ചെറിഞ്ഞുകൊള്ളുക! പേനയുടെ റീഫില്ലിന്, പേനയുടെതന്നെ വിലയിട്ടാല്‍, പേന വലിച്ചെറിയാം. അടിക്കടിയുള്ള വേര്‍ഷന്‍, മോഡല്‍ മാറ്റങ്ങള്‍ ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ രംഗത്തെ വലിച്ചെറിയല്‍ സംസ്‌കാരത്തിന് ആക്കം കൂട്ടുന്നു. കുറവുകളുള്ള പങ്കാളിക്ക്, എത്രകണ്ട് കരുണയും കരുതലുമാണ് ഈ മനോഭാവത്തില്‍നിന്നു പ്രതീക്ഷിക്കാനുള്ളത്. ഉപഭോഗം ചെയ്യാവുന്ന ഗുണങ്ങളില്ലെങ്കില്‍, പങ്കാളിയെ ചുമക്കേണ്ട കാര്യമുണ്ടോ? 

 

Login log record inserted successfully!