•  21 Nov 2024
  •  ദീപം 57
  •  നാളം 37
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

കരിങ്കുരങ്ങ്

നിത്യഹരിതവനങ്ങളിലെ മലഞ്ചെരിവുകളാണ് കരിങ്കുരങ്ങുകള്‍ അഥവാ കരിമന്തികള്‍ക്കിഷ്ടം. കൊടുംകാടുകളിലാണ് ഇവ താമസമാക്കുക. പശ്ചിമഘട്ടത്തിലെ മഴക്കാടുകളില്‍ ഇവറ്റകളെ കാണാം. രോമംകുറഞ്ഞ കറുത്ത തൊലി ഇവയെ മറ്റു കുരങ്ങുകളില്‍നിന്നു വ്യത്യസ്തമാക്കുന്നു. തോള്‍ഭാഗത്തു നരച്ച രോമങ്ങളും തലയില്‍ ഏതാണ്ട് മഞ്ഞനിറമാര്‍ന്ന രോമങ്ങളുമുള്ള ഇവ തികച്ചും സസ്യഭുക്കുകളാണ്. പച്ചിലയും പൂവും കായും പഴവുമൊക്കെ ആഹാരമാക്കുന്നു. രാവിലെയും വൈകുന്നേരവുമാണ് ആഹാരം തേടിയിറങ്ങുന്നത്. രാത്രിയിലും ഉച്ചയ്ക്കും വിശ്രമത്തിലായിരിക്കും. മരക്കൊമ്പില്‍നിന്നു വിരളമായേ നിലത്തിറങ്ങാറുള്ളൂ. ഭക്ഷണം തേടുമ്പോള്‍ ഇവ ശബ്ദം പുറപ്പെടുവിക്കാറുണ്ട്.
കരിമന്തിയുടെ പേരുപോലെ ശരീരത്തിനു നല്ല കറുപ്പുനിറമാണ്. വാലിന് ഒരു മീറ്ററോളം നീളമുണ്ടാകും. ഉയരം എണ്‍പതു സെന്റീമീറ്ററോളവും ഭാരം പരമാവധി പതിന്നാലു കിലോഗ്രാമും ആയിരിക്കും. തലയിലെ മുടി സ്വര്‍ണനിറത്തില്‍ തോന്നിക്കും. പത്തോ ഇരുപതോ അംഗങ്ങളുള്ള കൂട്ടമായി വന്‍കാടുകളില്‍  വിലസുന്നു. ചിലപ്പോള്‍ കൃഷിയിടങ്ങളിലേക്കിറങ്ങിവരാറുണ്ട്. പെണ്‍കരിമന്തികള്‍ക്കു വലുപ്പം കുറവാണ്. നീലഗിരി, ബ്രഹ്മഗിരി, കൂര്‍ഗ്, തിരുനല്‍വേലി തുടങ്ങിയ പ്രദേശത്തെ വനങ്ങളില്‍ ധാരാളമായി ഇവയെ കണ്ടുവരുന്നു. കരിങ്കുരങ്ങുകളുടെ കൂട്ടത്തില്‍ ആണ്‍കുരങ്ങുകള്‍ കുറവാണ്.  ഒരു കൂട്ടത്തില്‍പ്പെട്ടവര്‍ മറ്റൊരു കൂട്ടത്തിന്റെ പ്രദേശത്ത് അതിക്രമിച്ചുകയറാറില്ല. ഓരോ കൂട്ടത്തിനും അധിവാസമേഖലയുണ്ട്. ഇത് ഏതാണ്ട് നാലോ അഞ്ചോ ചതുരശ്രകിലോമീറ്ററായിരിക്കും. കൂട്ടത്തില്‍ കരുത്തനായിരിക്കും സംഘത്തിന്റെ തലവന്‍.
കുഞ്ഞ് കണ്ണുതുറക്കാന്‍ മാസങ്ങള്‍ വേണ്ടിവരുന്നു. അക്കാലമത്രയും കുഞ്ഞിന്റെ സംരക്ഷണച്ചുമതല അമ്മയ്ക്കുതന്നെ. ശത്രുവിനെതിരേ എല്ലാവരും ചേര്‍ന്നു പൊരുതും. ഔഷധഗുണമുണ്ടെന്ന ലേബല്‍ ചാര്‍ത്തി കരിങ്കുരങ്ങുകളെ ധാരാളമായി വേട്ടയാടുന്നുണ്ട്. പാവം കരിങ്കുരങ്ങുകളുടെ ഏറ്റവും വലിയ ശത്രു മനുഷ്യന്‍തന്നെ. ഈ മൃഗം ഇന്നു വംശനാശഭീഷണി നേരിടുകയാണ്. കാഴ്ചയില്‍ മറ്റു പലയിനം കുരങ്ങുകള്‍ക്കും ഇല്ലാത്തൊരു ഒരു ചന്തം കരിങ്കുരങ്ങിനുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)