മ്ലാവിനു കലമാന്‍ എന്ന പേര് മലയാളികളുടെയിടയിലുണ്ട്. മ്ലാവ് എന്നത് തമിഴ് പേരാണ്. മ്ലാവിനെ മലമാന്‍ എന്നു വിളിച്ചിരുന്നു. മലമാന്‍ എന്നതാവണം കലമാനായി മാറിയത്. കാടിനുള്ളിലെ മലമ്പ്രദേശത്തും ജലാശയത്തോടടുത്ത പുല്‍മേട്ടിലുമാണ് മ്ലാവുകള്‍ കാണപ്പെടുക. കുറ്റിക്കാടുകളും കൊടുംകാടുകളും ഇവര്‍ക്കത്ര ഇഷ്ടമല്ല. ഇവറ്റ സസ്യഭുക്കുകളാണ്. പുല്ലും ഇലയും കായും പഴങ്ങളും മരത്തോലിയും മറ്റും ഭക്ഷിക്കുന്നു. കൂട്ടമായി കഴിയാനാണിഷ്ടപ്പെടുക. ഒരു കൂട്ടത്തില്‍ കുറഞ്ഞതു പത്തെണ്ണമെങ്കിലും കാണും. ഇവറ്റയുടെ നീണ്ട കാലുകള്‍ വേഗമോടാനും ചാടാനും സഹായകരം തന്നെ. ശത്രുക്കളുടെ മണം മനസ്സിലാക്കി ഓടിയകലാന്‍ മ്ലാവുകള്‍ക്കാകുന്നു. ശരാശരി അഞ്ചടി ഉയരവും ഇരുന്നൂറു കിലോ തൂക്കവുമുണ്ടാകും.
ഇന്ത്യയില്‍ കാണപ്പെടുന്ന ഏറ്റവും വലിയ മാന്‍വര്‍ഗ്ഗത്തില്‍പ്പെട്ട മൃഗമാണ് മ്ലാവ്. കേരളത്തിലെ വനങ്ങളിലാകട്ടെ ഇവയെ ധാരാളമായി കാണാം. ഇരുണ്ട തവിട്ടുനിറമാണ്. ശരീരത്തില്‍ മറ്റു പുള്ളികളോ വരകളോ ഒന്നും കാണാനില്ല. ശരീരമാസകലം പരുക്കന്‍ രോമത്താല്‍ നിറഞ്ഞിരിക്കും. വാലും മൂന്നു ശിഖരങ്ങളുള്ള കൊമ്പും മ്ലാവിനെ മറ്റു മൃഗങ്ങളില്‍നിന്നും വ്യത്യസ്തമാക്കിത്തീര്‍ക്കുന്നു. കൊമ്പുകള്‍ക്കു മൂന്നു മുതല്‍ നാലരയടി വരെ നീളം കാണുന്നു. മറ്റു മാനുകളുടെ കൊമ്പ് മ്ലാവിന്റേതിനേക്കാള്‍ ചെറുതാണ്. ഇതിന്റെ കൊമ്പ് മറ്റുള്ളവയുടെ കൊമ്പുകളെപ്പോലെ പെട്ടെന്നു കൊഴിഞ്ഞുപോയിക്കാണുന്നില്ല. രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോഴാണ് കൊമ്പുകള്‍ കൊഴിയുക. കൊമ്പുകള്‍ ആണിനു മാത്രമേയുള്ളൂ.
വനത്തിലെ വലിയ വന്യമൃഗങ്ങള്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കുക മ്ലാവിനെയാണ്. കടുവ തന്നെ ഇതിന്റെ പ്രധാന ശത്രു. കടുവ കഴിഞ്ഞാല്‍പ്പിന്നെ ഇവറ്റയുടെ ശത്രു മനുഷ്യനാണെന്നതാണ് വസ്തുത. കടമാന്‍ എന്നും വിളിപ്പേരുണ്ട്. കേരളത്തിലെ കാടുകളില്‍ വിശിഷ്യാ പറമ്പിക്കുളം-പെരിയാര്‍ വന്യജീവിസങ്കേതങ്ങളില്‍ ഇവ ധാരാളമായുണ്ട്.
ശാസ്ത്രനാമം: സെര്‍വസ് യൂനികോളര്‍. ഇംഗ്ലീഷില്‍ മ്ലാവിനെ വിളിക്കുക സാംബര്‍ എന്നാണ്.