•  2 May 2024
  •  ദീപം 57
  •  നാളം 8
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

മലാലയുടെ ഹൃദയനൊമ്പരങ്ങള്‍


''ഞാനൊരു രാജ്യസ്‌നേഹിയാണ്, ഞാനെന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. അതിനായി ഞാനെല്ലാം പരിത്യജിക്കും.''
മലാല യൂസഫ്‌സായ്
മലാലയുടെ ആത്മകഥ വായിക്കുമ്പോള്‍ ഇങ്ങനെയും ഈ ലോകത്തു സംഭവിക്കുന്നുണ്ടോയെന്നു നിങ്ങള്‍ അദ്ഭുതപ്പെട്ടേക്കാം, അതേ, ഇങ്ങനെയും ഒരു ലോകമുണ്ട്. മതതീവ്രവാദികളുടെയും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വങ്ങളുടെയും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ബാല്യങ്ങളുടെയും ലോകം...
1997 ജൂലൈ 12 ന് പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിലാണ് മലാലയുടെ ജനനം. അച്ഛന്‍ സിയാവുദ്ദീന്‍ യൂസഫ്സായ്, അമ്മ ടൂര്‍പെകായി യൂസഫ്സായ്. താലിബാന്റെ ശക്തികേന്ദ്രമായ സ്വാത് താഴ്വര എന്നും ഭീകരത നിറഞ്ഞതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ എതിര്‍ത്തിരുന്ന താലിബാന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. താലിബാന്റെ എതിര്‍പ്പിനെ മറികടന്നാണ് അവിടത്തെ കുട്ടികളെ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് അയച്ചിരുന്നത്.
കുട്ടിക്കാലംമുതല്‍ താലിബാന്റെ വിദ്യാഭ്യാസനിഷേധത്തെ കണ്ടാണ് മലാല വളര്‍ന്നത്. ബി.ബി.സിയുടെ ഉറുദു ബ്ലോഗുകളിലൂടെ അവള്‍ താലിബാനെതിരേ പ്രതികരിച്ചുതുടങ്ങി. ബ്ലോഗുകളിലെ പരാമര്‍ശങ്ങളെത്തുടര്‍ന്ന് പാക് താലിബാന്‍ മലാലയെ വധിക്കാന്‍ പലതവണ ശ്രമിച്ചു. 2012 ഒക്ടോബറില്‍ പതിനഞ്ചു വയസ്സുള്ള മലാല താലിബാന്‍ സൈനികരുടെ ആക്രമണത്തിന് ഇരയായി. സ്‌കൂളില്‍നിന്നു കൂട്ടുകാരോടൊന്നിച്ചു വീട്ടിലേക്കു മടങ്ങുംവഴി സ്വാത് താഴ്‌വരയില്‍ അക്രമികളുടെ വെടിയേല്ക്കുകയായിരുന്നു. ശിരസ്സിനു വെടിയേറ്റു ഗുരുതരാവസ്ഥയിലായ മലാലയെ ആദ്യം പെഷാവറിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി ബ്രിട്ടനിലേക്കു മാറ്റുകയായിരുന്നു, മികച്ച ചികിത്സ ലഭിച്ചതിനെ ത്തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തു. മലാല പിന്നീട് തന്റെ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ലോകത്തിലെ അഭയാര്‍ത്ഥികളായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മുഴുവന്‍ സമയപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുകയും ചെയ്തു. സമാധാനശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി 2014 ല്‍ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പം സമാധാനത്തിനായുളള നൊബേല്‍ സമ്മാനം മലാലയ്ക്കു ലഭിച്ചു.
തന്റെ ബാല്യകാലം, സ്വന്തം വീടു നഷ്ടപ്പെടുമ്പോള്‍ മനസ്സില്‍ അലയടിക്കുന്ന വികാരങ്ങള്‍, ജീവിച്ചുവന്ന, പരിചയിച്ച സമുദായത്തില്‍നിന്നു മാറുമ്പോള്‍ ഉണ്ടാകുന്ന പ്രാണനൊമ്പരങ്ങള്‍, ഇന്നലെവരെ ജീവിച്ച ലോകം ഇനിയില്ലെന്നും പുതിയൊരു ലോകത്തേക്കു കാലെടുത്തുവയ്ക്കുകയാണെന്നും മനസ്സിനെ പറഞ്ഞുപഠിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട്... ഇവയൊക്കെയും ഈ പുസ്തകത്തിലൂടെ മലാല നമ്മുടെ മുന്നിലേക്കു വയ്ക്കുകയാണ്. മതബോധമോ സാമൂഹികബോധമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത താലിബാന്‍ പോലെയുള്ള അതിതീവ്രചിന്താധാരകളെ എത്ര അകലത്തില്‍ നിര്‍ത്തണമെന്നതിനെക്കുറിച്ച് ഒരു തിരിച്ചറിവാണ് മലാല  സമൂഹത്തിനു നല്‍കുന്നത്. പാക്കിസ്ഥാനിലെ  ജനതയെ ആധുനികലോകത്തിന്റെ പുറംപോക്കിലേക്കു മാറ്റിനിര്‍ത്തിയതില്‍, ആ നാടിനെ അനേകകാതം പിറകോട്ടുവലിച്ചതില്‍ തീവ്രവാദത്തിന് എത്രമാത്രം പങ്കുണ്ടെന്ന് മലാലയുടെ പുസ്തകം വായിച്ചുകഴിയുമ്പോള്‍ നമുക്കു ബോധ്യമാവും. 'ഒരു പുസ്തകത്തിനും ഒരു പേനയ്ക്കും ഒരു വിദ്യാര്‍ത്ഥിക്കും ഒരു അധ്യാപകനും ലോകത്തെ മാറ്റിമറിക്കാനാകും' എന്ന മലാലയുടെ വാക്കുകള്‍ ഇന്നും എങ്ങും മുഴങ്ങട്ടെ..

 

Login log record inserted successfully!