മൂത്രാശയവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് കല്ലുരോഗങ്ങള്‍. കല്ലുകളുടെ സ്ഥാനമനുസരിച്ച് അവയെ വൃക്കയിലെ കല്ലുകള്‍, മൂത്രവാഹിനിയിലെ കല്ലുകള്‍, മൂത്രസഞ്ചിയിലെ കല്ലുകള്‍ എന്നിങ്ങനെ തരംതിരിക്കാം. കല്ലുരോഗങ്ങള്‍ വളരെ സാധാരണമാണ്, സമയോചിതമായി കണ്ടെത്തിയാല്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ ഇവ ചികിത്സിച്ചു ഭേദമാക്കാം.
വിവിധതരം മൂത്രാശയക്കല്ലുകള്‍
മനുഷ്യശരീരത്തില്‍ പ്രധാനമായും നാലുതരം കല്ലുകള്‍ കാണപ്പെടുന്നു - കാത്സ്യം, യൂറിക് ആസിഡ്, സ്ട്രൂവൈറ്റ്, സിസ്‌റ്റൈന്‍. വൃക്കയിലെ കല്ലുകളും യൂറിറ്ററിലെ (കിഡ്നിയില്‍നിന്നു മൂത്രസഞ്ചിയിലേക്കു മൂത്രം വഹിച്ചുകൊണ്ട് പോകുന്ന മൂത്രവാഹിനി) കല്ലുകളും തമ്മിലുള്ള പ്രധാനവ്യത്യാസം അവ കാണപ്പെടുന്ന സ്ഥാനമാണ്. വൃക്കയിലെ കല്ലുകള്‍ മൂത്രനാളത്തിലേക്കു കടന്നാല്‍ കടുത്ത വേദന ഉണ്ടാക്കും.
വൃക്ക, യൂറിറ്റര്‍ എന്നിവയില്‍ കല്ലുകള്‍ ഉണ്ടെങ്കില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍
വൃക്കയിലെ കല്ലുകള്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാവാം, പക്ഷേ, അവ മൂത്രാശയത്തിലേക്കു നീങ്ങുന്നില്ലെങ്കില്‍ തടസ്സങ്ങളും ശക്തമായ വേദനയും ഉണ്ടാകണമെന്നില്ല. വൃക്കയിലെ കല്ലുകള്‍ക്കു നേരിയ വേദനയുണ്ടാകും. അതേസമയം യൂറിറ്ററല്‍ കല്ലുകള്‍, വളരെ ചെറിയവയ്ക്കുപോലും കുത്തിവച്ചുള്ള വേദനസംഹാരികള്‍ ആവശ്യമുള്ളതുപോലുള്ള കഠിനമായ വേദനയ്ക്കു കാരണമാകും.
കല്ലുകളുണ്ടെങ്കില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍
കൊളുത്തിപ്പിടിക്കുന്ന രീതിയില്‍ വയറിന്റെ വശങ്ങളിലായുള്ള വേദന. തുടരെത്തുടരെ മൂത്രമൊഴിക്കണമെന്ന തോന്നലും മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും. മൂത്രത്തില്‍ രക്തത്തിന്റെ സാന്നിധ്യം. ഓക്കാനം, ഛര്‍ദ്ദി, പനിയും വിറയലും.
വിവിധ രോഗനിര്‍ണയരീതികള്‍
വൃക്കയിലെയും യൂറിറ്ററിലെയും കല്ലുകളുടെ രോഗനിര്‍ണയോപാധികള്‍ താഴെപ്പറയുന്നവയാണ്.
റേഡിയോളജി ഇമേജിംഗ് ടെസ്റ്റുകള്‍ - കല്ലുകളുടെ സാന്നിധ്യം കണ്ടെത്താന്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍, എക്‌സ്-റേ, സിടി സ്‌കാന്‍ എന്നിവ ഉപയോഗിക്കുന്നു. എല്ലാ വലുപ്പത്തിലുള്ള എല്ലാത്തരം കല്ലുകളുടെയും സാന്നിധ്യം കണ്ടുപിടിക്കാന്‍ അനുയോജ്യമാണ് സിടി സ്‌കാന്‍.
മൂത്രപരിശോധന - മൂത്രത്തില്‍ കല്ലു രൂപപ്പെടുത്തുന്ന കണങ്ങളുടെ സാന്നിധ്യം കണ്ടെത്താനും അങ്ങനെ മൂത്രാശയത്തില്‍ കല്ലുകള്‍ ഉണ്ടോ എന്നു മനസ്സിലാക്കാനും സഹായിക്കുന്നു.
രക്തപരിശോധന - രക്തത്തില്‍ കാത്സ്യം, യൂറിക് ആസിഡ് എന്നിവയുടെ അളവും വൃക്കകളുടെ പൊതുവായ പ്രവര്‍ത്തനവും നിരീക്ഷിക്കാന്‍ ഇതു സഹായിക്കുന്നു.
വൃക്ക / യൂറിറ്ററല്‍ കല്ലുകളുടെ ചികിത്സ
കല്ലുകളുടെ ചികിത്സ അവയുടെ വലുപ്പത്തെയും സ്ഥാനത്തെയും ആശ്രയിച്ചിരിക്കുന്നു. ചെറിയ കല്ലുകള്‍ക്ക്, പ്രതിദിനം 2-3 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു, അതുവഴി മൂത്രത്തിലൂടെ കല്ല് പുറന്തള്ളപ്പെടും. കല്ല് പുറത്തേക്കു പോകാനും വേദന കുറയ്ക്കാനും സഹായിക്കുന്ന മരുന്നുകളും നിര്‍ദേശിക്കുന്നു.
കല്ലുകള്‍ വലുതും സങ്കീര്‍ണതകള്‍ നിറഞ്ഞതുമാണെങ്കില്‍, ഇനി പറയുന്ന ചികിത്സാരീതികള്‍ അവലംബിക്കുന്നു.
RIRS റിട്രോഗ്രേഡ് ഇന്‍ട്രാ റീനല്‍ സര്‍ജറി- ഇത് വൃക്കയ്ക്കു മുകളിലെ യൂറിറ്ററി കല്ലിനുള്ള ചികിത്സയുടെ ഏറ്റവും നൂതനമായ ശസ്ത്രക്രിയാരീതിയാണ്. മൂത്രാശയത്തിലൂടെ സ്‌കോപ്പും ലേസറും കടത്തിവിട്ട് കല്ലുപൊടിക്കുന്ന രീതിയാണിത്. വൃക്കയിലെ വലിയ കല്ലുകള്‍ പോലും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊടിച്ചു നീക്കം ചെയ്യാനാകും. അധികം വേദനയോ, വൃക്കയ്ക്ക് മറ്റൊരു രീതിയിലുള്ള കേടുപാടുകളോ ഇല്ലാതെ രോഗി വേഗത്തില്‍ സുഖം പ്രാപിക്കുന്നു.
ഷോക്ക് വേവ് ലിത്തോ ട്രിപ്‌സി (ESWL) ഈ പ്രൊസീജിയറില്‍, ലിത്തോ ട്രിപ്റ്റര്‍ എന്ന യന്ത്രം ഉപയോഗിക്കുന്നു. അള്‍ട്രാസോണിക്തരംഗങ്ങള്‍ ഉപയോഗിച്ച് കല്ലിനെ ചെറിയ ഘടകങ്ങളായി വിഭജിക്കുന്നു. പൊടിച്ച കഷണങ്ങള്‍ പിന്നീട് മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു.
പെക്കുറേനിയസ് നെഫ്രോലിത്തോ ടോമി (PCNL) RIRS അല്ലെങ്കില്‍ ESWL വഴി നീക്കം ചെയ്യാന്‍ സാധിക്കാത്ത വലിയ കല്ലുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു എന്‍ഡോസ്‌കോപ്പിക് രീതിയാണിത്. ഈ ശസ്ത്രക്രിയ ജനറല്‍ അനസ്‌തേഷ്യയുടെ സഹായത്തോടെയാണു നടത്തുക.
യൂറിറ്റെറോസ്‌കോപ്പി (URS) കല്ല് കണ്ടെത്തുന്നതിനായി ഒരു യൂറിറ്റെറോസ്‌കോപ്പ് മൂത്രനാളിയിലൂടെ കടത്തിവിടുകയും പിന്നീട് മറ്റൊരു ഉപകരണം ഉപയോഗിച്ച് കല്ലുകളെ പൊടിച്ച് നീക്കം ചെയ്യുകയും ചെയ്യുന്ന ചികിത്സാരീതിയാണിത്.
വൃക്കയിലും മൂത്രാശയത്തിലും
കല്ലുകള്‍ രൂപപ്പെടുന്നതു തടയാന്‍
കല്ലുകള്‍ ഉണ്ടാകുന്നതു തടയുന്നതിന് ചില ജീവിതശൈലീമാറ്റങ്ങള്‍ ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കുക, ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണങ്ങളുടെയും, മാംസത്തിന്റെയും ഉപയോഗം കുറയ്ക്കുക, ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുക, അതോടൊപ്പം കല്ലു കണ്ടെത്തിയാല്‍ ഉടനടി വൈദ്യസഹായം സ്വീകരിക്കുക.
ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ
യൂറോാളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ്