ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് വെരിക്കോസ് വെയ്ന്‍. ചര്‍മത്തിനു തൊട്ടു താഴെയുള്ള അശുദ്ധരക്തം ഹൃദയത്തിലേക്കു കൊണ്ടുപോകുന്ന വെയ്ന്‍സ് എന്ന രക്തക്കുഴലുകള്‍ തടിച്ചുവീര്‍ത്തും ചുറ്റിപ്പിണഞ്ഞും അശുദ്ധരക്തത്തെ മുകളിലേക്കു വിടാതെ വരുമ്പോള്‍ രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും കെട്ടിനില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇങ്ങനെ കെട്ടിക്കിടക്കുന്ന അശുദ്ധരക്തം സമീപകോശങ്ങള്‍ക്കു നാശവും വീര്‍ത്തുപൊട്ടി വ്രണങ്ങളും അണുബാധയു മുണ്ടാക്കാന്‍ സാധ്യതയുണ്ട്.
പാരമ്പര്യമായി വെരിക്കോസ് വെയ്ന്‍ കാണപ്പെടാറുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും വരാന്‍ സാധ്യതയേറെയാണ്. അമിതവണ്ണം, വ്യായാമക്കുറവ്, തുടര്‍ച്ചയായി ഏറെനേരം നില്‍ക്കുക എന്നിവയും വെരിക്കോസ് വെയ്‌നു കാരണമാകാം.
പ്രസവകാലത്ത് ചില സ്ത്രീകളില്‍ വെരിക്കോസ് വെയ്ന്‍ കാണപ്പെടാറുണ്ട്. ഗര്‍ഭകാലത്ത് ശരീരത്തില്‍ രക്തത്തിന്റെ അളവ് കൂടാറുണ്ടെങ്കിലും അതനുസരിച്ച് കാലുകളില്‍നിന്ന് ഇടുപ്പിലേക്കുള്ള രക്തയോട്ടം കൂടാത്തതാണ് ഇതിനു കാരണം. അതോടൊപ്പം ഗര്‍ഭാവസ്ഥയിലെ ഹോര്‍മോണ്‍മാറ്റങ്ങളും ഇതിലേക്കു നയിക്കാം. പ്രസവം കഴിഞ്ഞ് ഒരുവര്‍ഷം ആകുന്നതോടെ മിക്കവരിലും ഇതു മാറുന്നതായിക്കാണാം.
ലക്ഷണങ്ങള്‍
രക്തക്കുഴലുകള്‍ തടിച്ചുചുരുളുന്നു കാലുകളില്‍ ചിലന്തിവലപോലെ വെയ്ന്‍സ് കാണപ്പെടുന്നു രക്തക്കുഴലുകള്‍ നീല പര്‍പ്പിള്‍ നിറങ്ങളില്‍ ആകുന്നു(ആദ്യഘട്ടത്തില്‍ നിറവ്യത്യാസം ഉണ്ടാകണമെന്നില്ല). രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവാം കണങ്കാലിന്റെ ഭാഗം നീരു വന്നു വീര്‍ക്കുന്നു കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക വെരിക്കോസ് വെയ്ന്‍ ഉള്ള ഭാഗത്തു കരിവാളിപ്പും പുകച്ചിലും അനുഭവപ്പെടുന്നു വ്രണങ്ങള്‍ കാണപ്പെടുന്നു.
പരിശോധനകള്‍
രോഗിയെ നേരിട്ടു പരിശോധിക്കുന്നതിലൂടെയും മറ്റു ടെസ്റ്റുകളിലൂടെയും രോഗം നിര്‍ണയിക്കാം. ഡോപ്ലര്‍ വീനസ് അള്‍ട്രാസൗണ്ട്, വീനോഗ്രാം എന്നിവയാണ് സാധാരണപരിശോധനകള്‍.
തടയാന്‍ ചെയ്യേണ്ടത്
ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങള്‍ വെരിക്കോസ് വെയ്ന്‍ ഒരു പരിധിവരെ പ്രതിരോധിക്കും. ഇത് പൂര്‍ണമായി തടയാന്‍ കഴിയില്ല. നടത്തം, ഓട്ടം തുടങ്ങിയ വ്യായാമങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കണം. ഇതുവഴി രക്തപ്രവാഹം സുഗമമാവുകയും സിരകളുടെ ആയാസം കുറയുകയും ചെയ്യും. ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്തണം. നാരുകള്‍ കൂടുതലുള്ള ധാന്യങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം. ഉപ്പിന്റെ അളവ് കുറയ്ക്കുക. പരന്ന പ്രതലമുള്ള പാദരക്ഷകള്‍ ഉപയോഗിക്കുക. ജോലി ചെയ്യുമ്പോള്‍ ഒരേ പൊസിഷനില്‍ ഇരിക്കാതിരിക്കുക. രക്തയോട്ടം വര്‍ധിപ്പിക്കുന്ന ലഘുവ്യായാമങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുക.
ചികിത്സകള്‍
വെരിക്കോസ് വെയ്ന്‍ രോഗികളില്‍ കാലിലെ രക്തയോട്ടം മെച്ചപ്പെടുത്താനും, വേദന കുറയ്ക്കാനും കംപ്രഷന്‍ സ്റ്റോക്കിങ്‌സ്ചികിത്സ ഉപയോഗിക്കാറുണ്ട്. ആധുനികകംപ്രഷന്‍ സ്റ്റോക്കിങ്‌സ് കാലുകളില്‍ തുടര്‍ച്ചയായി സമ്മര്‍ദം ലഭിക്കത്തക്കവിധം നിര്‍മിക്കപ്പെട്ടതാണ്. കണങ്കാല്‍ഭാഗത്ത് ഏല്‍ക്കുന്ന സമ്മര്‍ദം സിരകളിലെ രക്തത്തിന്റെ മുകളിലേക്കുള്ള ഒഴുക്കിനെ സഹായിക്കുന്നു.
ശസ്ത്രക്രിയ
ജീവിതശൈലിയിലെ മാറ്റങ്ങളും മറ്റു മരുന്നുകളും ഫലിക്കാതെവരുമ്പോഴാണ് ശസ്ത്രക്രിയ നിര്‍ദേശിക്കുന്നത്. ചെറിയ മുറിവുണ്ടാക്കി അസുഖം ബാധിച്ച സിരയെ നീക്കം ചെയ്യുകയാണ് സാധാരണ ചെയ്യുന്നത്. രോഗബാധയുള്ള സിര മുറിച്ച് പുറത്തേക്കു വലിച്ചെടുക്കുന്നു. വെയ്ന്‍ സ്ട്രിപ്പിങ്, ഫ്‌ലെബക്ടമി എന്നിവയാണ് പ്രധാന ശസ്ത്രക്രിയകള്‍.
എന്‍ഡോവെനസ് അബ്ലേഷന്‍ തെറാപ്പി
റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങളോ ലേസറോ ഉപയോഗിച്ചുള്ള ആധുനികരീതിയാണിത്. അസുഖം ബാധിച്ച ഭാഗത്തു ദ്വാരമുണ്ടാക്കി സിരയിലൂടെ കത്തീറ്റര്‍ കയറ്റി അള്‍ട്രാസൗണ്ട് മെഷീന്റെ സഹായത്തോടെ സിരകള്‍ കരിച്ചെടുക്കുകയാണ് ചികിത്സാരീതി.
എന്‍ഡോസ്‌കോപ്പി ക്വെയ്ന്‍ സര്‍ജറി
രോഗം ബാധിച്ച സിരയുടെ സമീപത്തായി ചെറിയ ദ്വാരമുണ്ടാക്കി അതുവഴി എന്‍ ഡോസ്‌കോപ് കടത്തി കൃത്യമായി നിരീക്ഷിച്ചാണ് ഈ സര്‍ജറി ചെയ്യുന്നത്.
സ്‌ക്‌ളീറോ തെറാപ്പി
സിരകളിലേക്കു ദ്രാവകരൂപത്തിലുള്ള രാസവസ്തു നേരിട്ടു കുത്തിവച്ച് അവയെ നിര്‍വീര്യമാക്കുന്ന രീതിയാണിത്. ഗര്‍ഭിണികള്‍, ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്നവര്‍ എന്നിവര്‍ക്ക് സ്‌ക്‌ളീറോതെറാപ്പി ചെയ്യാറില്ല.
ഇതൊക്കെ ചെയ്താലും മുറിവുകള്‍ തീരെ ഉണങ്ങുന്നില്ലെങ്കില്‍ സ്‌കിന്‍ ഗ്രാഫ്റ്റിങ് പോലുള്ള പ്ലാസ്റ്റിക്‌സര്‍ജിക്കല്‍ ഓപ്പറേഷനുകള്‍ വേണ്ടിവരാം. എന്നാല്‍പ്പോലും പരാജയപ്പെടാനോ പിന്നെയും വ്രണങ്ങള്‍ വരാനോ ഉള്ള സാധ്യതയുണ്ട്. കംപ്രഷന്‍ സ്റ്റോക്കിങ്‌സ് തുടക്കത്തിലേ ഉപയോഗിക്കുന്നതുവഴി സങ്കീര്‍ണതകള്‍ ഒരു പരിധിവരെ തടയാന്‍ സാധിക്കും.
ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ജനറല്‍ & ലാപ്രോസ്‌കോപിക് വിഭാഗം കണ്‍സള്‍ട്ടന്റാണ്.