•  2 May 2024
  •  ദീപം 57
  •  നാളം 8
ആരോഗ്യവീഥി

ജനിച്ചയുടന്‍ കുട്ടികള്‍ക്ക് കേള്‍വിപരിശോധന ആവശ്യമോ?

കേള്‍വിത്തകരാര്‍ പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്‌നമാണ്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ വലിയ രീതിയില്‍ ബാധിക്കുന്നതാണിത്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചു മനുഷ്യന് ഏറ്റവും കൂടുതലായി നഷ്ടപ്പെടുന്ന ഇന്ദ്രിയശക്തി കേള്‍വിയാണ്. ലോകജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം കേള്‍വിനഷ്ടംമൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കിലും ചികിത്സയില്‍ ഇതിനു വളരെ താഴ്ന്ന സ്ഥാനമാണു ലഭിക്കുന്നത്. മുന്‍കാലങ്ങളില്‍ കേള്‍വിപരിശോധനയ്ക്കു കുഞ്ഞുങ്ങള്‍ ശബ്ദങ്ങളോടു പ്രതികരിക്കാറാവുന്നതുവരെ കാത്തിരിക്കേണ്ടിവരുമായിരുന്നെങ്കില്‍, ഇന്ന് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പരിശോധനകള്‍ സാധ്യമാണ്. നവജാതശിശുക്കളില്‍ നടത്തുന്ന ഈ പരിശോധനകള്‍ സുരക്ഷിതവും ലളിതവും വേദനരഹിതവുമാണ്. കൂടാതെ, കേള്‍വിക്കുറവുള്ള കുട്ടികളില്‍, ഈ പരിശോധനകള്‍ അവരുടെ ഭാവിയില്‍ വളരെ നിര്‍ണായകമായ മാറ്റങ്ങള്‍ സാധ്യമാക്കുന്നവയാണ്. ഒന്നാം മാസത്തിനുള്ളില്‍ പരിശോധന, മൂന്നാം മാസത്തിനുള്ളില്‍ പ്രശ്‌നനിര്‍ണയം, ആറാം മാസത്തിനുള്ളില്‍ ഇടപെടല്‍ എന്നതാണ് അത്യുത്തമം.
തക്കസമയത്ത് കണ്ടുപിടിക്കപ്പെടാതെ പോകുന്ന ചെറിയ കേള്‍വിത്തകരാറുകള്‍ സംസാരത്തിലെ വ്യക്തതയെയും അക്ഷരസ്ഫുടതയെയും ബാധിക്കുമ്പോള്‍, പൂര്‍ണമായുള്ള കേള്‍വിക്കുറവ് സംസാരിക്കാനുള്ള കഴിവിനെത്തന്നെയും ബാധിക്കും. ഈ കുറവുകള്‍കൊണ്ട് അവര്‍ മറ്റുള്ള കുട്ടികളില്‍നിന്ന് ഒറ്റപ്പെടുന്നതായും പലതരത്തിലുള്ള പെരുമാറ്റവൈകല്യങ്ങള്‍ക്കു കാരണമാകുന്നതായും കണ്ടുവരുന്നു. ഇതിനെല്ലാം ഒരു പരിഹാരമെന്നോണം ജനിക്കുന്ന എല്ലാ കുട്ടികളിലും ഹിയറിങ് സ്‌ക്രീനിങ്(OAE) നടത്തുകയും അതില്‍ എന്തെങ്കിലും സൂചനകള്‍ കണ്ടെത്തുന്നപക്ഷം വിശദമായ കേള്‍വിപരിശോധനകള്‍ (BOA, BERA, ASSR) നടത്തി കേള്‍വിക്കുറവിന്റെ അളവ് കണ്ടെത്തുകയും ചെയ്യും. ജനനത്തിനുശേഷം ഏതു പ്രായത്തിലും കേള്‍വിക്കുറവ് (acquired hearing loss/progressive hearing loss)  തുടങ്ങാം എന്നതിനാല്‍ ജനിച്ചയുടനുള്ള കേള്‍വിപരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും കുട്ടികളുടെ കേള്‍വിശക്തിയില്‍ മാറ്റങ്ങള്‍ വന്നേക്കാം എന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്. സംശയം തോന്നുന്നപക്ഷം ഒരു ഓഡിയോളജിസ്റ്റിന്റെ സഹായം തേടേണ്ടതുമാണ്.
കേള്‍വിക്കുറവ് പ്രധാനമായും മൂന്നു തരത്തിലുണ്ട്:
1. ബാഹ്യകര്‍ണത്തെയോ മദ്ധ്യകര്‍ണത്തെയോ ബാധിക്കുന്നത് ((Conductive Hearing Loss).
2. ആന്തരകര്‍ണത്തെ ബാധിക്കുന്നത് (Sensory neural Hearing Loss).
3. മദ്ധ്യകര്‍ണത്തെയും ആന്തരകര്‍ണത്തെയും ഒന്നിച്ചു ബാധിക്കുന്നത് ((Mixed Hearing Loss).
കേള്‍വിക്കുറവിന്റെ സ്വഭാവത്തിനും തോതിനും അനുസരിച്ചാണ് ശ്രവണസഹായികളോ (Hearing Aids),, കോക്ലിയര്‍ ഇംപ്ലാന്ററുകളോ (Cochlear Implants)  നിര്‍ദേശിക്കുക. ചെറിയൊരു മെഡിക്കല്‍ ഇലക്ട്രോണിക് ഉപകരണമാണ് കോക്ലിയര്‍ ഇംപ്ലാന്റ്. ചെവിക്കുള്ളിലെ കേടായ ഭാഗത്തിനു പകരമായി ഇതു പ്രവര്‍ത്തിക്കുന്നു. ശ്രവണസഹായികള്‍ ശബ്ദങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുമ്പോള്‍, കോക്ലിയര്‍ ഇംപ്ലാന്റ് ചെവിയുടെ ഉള്‍വശത്തെ കേടായ സെല്ലുകളെ മറികടന്ന് ശബ്ദസൂചികള്‍ കേള്‍വിഞരമ്പുകള്‍വഴി തലച്ചോറിലേക്കു നല്‍കുകയാണു ചെയ്യുന്നത്. ഇതു കേള്‍വി സുഗമമാക്കുന്നു. 
ശ്രവണസഹായി അല്ലെങ്കില്‍ കോക്ലിയര്‍ ഇംപ്ലാന്റിനൊപ്പം കുട്ടികളുടെ സംസാരശേഷി വികസനത്തിനാവശ്യമായ സേവനങ്ങളും(Auditory Verbal Therapy) കുടുംബത്തിനു ലഭ്യമാക്കുന്നു. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തിയില്ലാത്ത പ്രായത്തില്‍ കുട്ടികള്‍ക്കുവേണ്ടി മാതാപിതാക്കള്‍ തീര്‍ച്ചയായും എടുത്തിരിക്കേണ്ട ഒരു കരുതലാണ് ഈ പരിശോധനകള്‍.


ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഇ.എന്‍.ടി. & ലാറിനോളജി വിഭാഗം ക്ലിനിക്കല്‍ ഓഡിയോളജിസ്റ്റ് & സ്പീച്ച് ലാംഗേജ് പാത്തോളജിസ്റ്റാണ്.

 

Login log record inserted successfully!