നമ്മുടെ ചലനങ്ങളിലെ പൂര്‍ണതയും സൗകുമാര്യവുമാണ് ജൈവവൈവിധ്യങ്ങളില്‍ വച്ച് മനുഷ്യനെ ഉത്തമനാക്കുന്നത്. സ്ത്രീക്കും പുരുഷനും കുട്ടികള്‍ക്കും വ്യത്യസ്തങ്ങളായ ചലന സൗകുമാര്യതയാണുള്ളത്. പുരുഷന്റെ സ്ഥൈര്യവും സ്ത്രീകളിലെ ലാസ്യഭംഗിയാര്‍ന്ന ചലനങ്ങളും കുട്ടികളിലെ കുട്ടിത്തവും കുസൃതിയും നിറഞ്ഞ ദ്രുതചലനങ്ങളും നാം കാണുന്നുണ്ട്. ചലനങ്ങളിലെ ഭംഗിയും ദൃഢതയും കുറെയേറെ പാരമ്പര്യമായി ലഭിക്കുമെങ്കിലും അവയിലെ പോരായ്മകള്‍ വ്യായാമവും പരിശീലനവും പോഷകാഹാരവുംമൂലം പൂര്‍ണതയിലെത്തിക്കാവുന്നതാണ്.
ശരീരത്തിന്റെ സ്ഥായീഭാവത്തിലെ അപാകത ((Posture disorder) ശരീരാവയവവിന്യാസത്തിലെ അപാകത (Body alignment disorder), ഭാഗികചലനക്ഷമത ((Partial mobility), ചലനരാഹിത്യം (Immobility), വികലചലനങ്ങള്‍ (Improper movements) മുതലായവയാണ് പ്രധാനപ്പെട്ട ചലനവൈകല്യങ്ങള്‍. നമ്മെ ബാധിക്കുന്ന രോഗങ്ങള്‍, അപകടങ്ങള്‍ മുതലായവ നമ്മുടെ പ്രവൃത്തിയെയും കാര്യക്ഷമതയെയും ചലനങ്ങളെയും ബാധിക്കാം.
കുട്ടിക്കാലത്തുണ്ടാകുന്ന പോളിയോ, മെനിഞ്ചൈറ്റിസ്, നട്ടെല്ലുരോഗങ്ങള്‍, ചുമ, പരിക്കുകള്‍, ഒടിവ് (Fracture),), സന്ധിഭ്രംശം (Joint dislocation), ഉണങ്ങാത്ത വ്രണങ്ങള്‍, വൃക്കരോഗം, ത്വഗ്രോഗങ്ങള്‍ മുതലായവയ്ക്ക് നാം ചികിത്സ തേടാറുണ്ട്. ചികിത്സയ്ക്കുശേഷവും മിക്കവര്‍ക്കും ചലനങ്ങളിലെ പൂര്‍ണത കൈവരിക്കാനാകാത്തതായും കണ്ടുവരാറുണ്ട്. ശിശുക്കളുടെ കഴുത്ത് ശരിക്ക് ഉറയ്ക്കായ്ക, കാലുകളുടെ വളവ്, മാംസശോഷണം, നാഡിശോഷണം, പ്രവര്‍ത്തനവൈകല്യം, കൃശഗാത്രത്വം, ശരീരത്തിനും മനസ്സിനും വേണ്ടവിധം വളര്‍ച്ച കൈവരിക്കായ്ക, പോഷകാഹാരക്കുറവ് എന്നിവമൂലം കാലക്രമേണ ചലനവൈകല്യങ്ങള്‍ കണ്ടുവരാറുണ്ട്. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക് എന്നിവയെ ബാധിക്കുന്ന വൈകല്യങ്ങളും അപൂര്‍ണതയും ക്രമേണ നമ്മുടെ ചലനങ്ങളെ ബാധിക്കാം.
കൗമാരക്കാരിലെ അമിതവണ്ണം അവര്‍ക്കുതന്നെ അപകര്‍ഷതയുണ്ടാക്കുന്ന രീതിയില്‍ ചലനവൈകല്യങ്ങള്‍ സൃഷ്ടിക്കും. ഒപ്പംതന്നെ പിറ്റിയൂറ്ററിഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി, ആന്തരികസ്രവങ്ങള്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ ചികിത്സമൂലം നിയന്ത്രണവിധേയമാക്കാവുന്നതാണെങ്കിലും അവയെല്ലാം കാലക്രമേണ അവരുടെ ചലനസൗകുമാര്യതയെ ബാധിക്കാം. യുവാക്കളില്‍ അവരുടെ അമിതാവേശം കലര്‍ന്ന ജീവിതരീതി, വാഹനാപകടങ്ങള്‍, കലാപങ്ങളിലെ പരിക്കുകള്‍ മുതലായവ ചലനവൈകല്യങ്ങള്‍ക്കു കാരണമാകും. വേറേ ചിലര്‍ക്ക് അപകര്‍ഷതാബോധം, ഉള്‍വലിവ് (Depression) മദ്യാസക്തി, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ അവരുടെ ജീവിതത്തിന്റെ താളവും ചലനവും അപകടത്തിലാക്കും.
താരതമ്യേന മധ്യവയസ്‌കരില്‍ കണ്ടുവരുന്ന പ്രമേഹം, വെരിക്കോസ് വെയ്ന്‍, വിവിധങ്ങളായ വാതരോഗങ്ങള്‍, സന്ധിവാതം, പക്ഷാഘാതം, മാംസപേശികളെ ശോഷിപ്പിക്കുന്ന രോഗങ്ങള്‍, തോള്‍വേദന, കഴുത്തുവേദന, ഫ്രോസണ്‍ ഷോള്‍ഡര്‍, നടുവേദന, കാല്‍മുട്ട് വേദന, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ലംബാര്‍ സ്‌പോണ്‍ഡൈലോസിസ്, നട്ടെല്ല് തകരാറുകള്‍, ഡിസ്‌ക് തകരാറുകള്‍ എന്നിവ നമ്മുടെ സാധാരണ ചലനങ്ങളെ ബാധിക്കാം. തൃപ്തികരമായ രീതിയില്‍ തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയാതെ വരുകയും തന്മൂലം നമ്മുടെ ധാരാളം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുകയും വരുമാനനഷ്ടവും ചികിത്സയ്ക്കായി അമിതചെലവും ഉണ്ടാകുകയും ചെയ്യും.
വാര്‍ദ്ധക്യാവസ്ഥയില്‍ നാഡീഞരമ്പുകള്‍, അസ്ഥികള്‍, മാംസപേശികള്‍ മുതലായവയുടെ ബലക്കുറവുകൊണ്ട് നമുക്ക് നിശ്ചയമായും വൈകല്യങ്ങള്‍ ഉണ്ടാകാം. മറവിരോഗം, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് മുതലായവയും ചലനവൈകല്യങ്ങള്‍ സൃഷ്ടിക്കുന്ന രോഗങ്ങളാണ്. എല്ലാത്തരം രോഗാവസ്ഥകളിലും മതിയായ ചികിത്സ അനിവാര്യമാണ്. അപ്രകാരം ചികിത്സയ്ക്ക് ഒപ്പമോ ശേഷമോ നിലനില്‍ക്കുന്ന ചലനവൈകല്യങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദശാസ്ത്രത്തില്‍ വിവിധങ്ങളായ ചികിത്സാമാര്‍ഗങ്ങളുണ്ട്. രോഗി തരണം ചെയ്തുവന്ന വഴി കൃത്യമായി പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ ആയുര്‍വേദചികിത്സകൊണ്ടു കഴിയും. അനേകം ഔഷധമൂലികള്‍ ചേര്‍ത്തു തയ്യാറാക്കിയ വീര്യവത്തായ തൈലങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യംഗം, മര്‍മക്കിഴി, ഇലക്കിഴി, നവരക്കിഴി, ആവിക്കിഴി, മുട്ടക്കിഴി, മാംസക്കിഴി മുതലായവ നമ്മുടെ പ്രവര്‍ത്തനശേഷി കുറഞ്ഞ മാംസപേശികളെയും ഞരമ്പുകളെയും ഉത്തേജിപ്പിച്ച് രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് രോഗികള്‍ക്കു നവോന്മേഷവും നവജീവനും പ്രദാനം ചെയ്യാന്‍കഴിയും. സ്‌നേഹധാര (പിഴിച്ചില്‍), കഷായധാര, നസ്യം, സ്‌നേഹവസ്തി, കഷായവസ്തി, കടീവസ്തി, ഗ്രീവാവസ്തി, ജാനുവസ്തി മുതലായ ചികിത്സക്രിയാക്രമങ്ങള്‍ ചലനവൈകല്യമുള്ള രോഗികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ സഹായിക്കും. ഷാഷ്ഠികതൈലം, രസതൈലം, ധാന്വന്തരംതൈലം, മുറിവെണ്ണ, മഹാമാഷതൈലം മുതലായ വീര്യവത്തായ ഔഷധങ്ങളുടെ അതിസൂക്ഷ്മമായ ഉപയോഗം രോഗികള്‍ക്കു കാര്യമായ ആശ്വാസം പ്രദാനംചെയ്യും. സേമ്യതൈലങ്ങളായ ഗന്ധതൈലം, മഹാരാജപ്രസാരണിതൈലം, വിവിധ രസായനങ്ങള്‍, ഘൃതങ്ങള്‍ എന്നിവയുടെ നിഷ്‌കര്‍ഷയോടെയുള്ള ഉപയോഗം രോഗശമനത്തിന് ഉത്തമമാണ്. ആയുര്‍വേദമര്‍മചികിത്സയില്‍ പ്രതിപാദിച്ചിരിക്കുന്ന ഇരുപതുതരം ബന്ധനങ്ങളുടെ (Bandages) ആധുനികരൂപകല്പന ഇന്ന് ലഭ്യമാണ് (Muscular skeletal wraps, bandages and aids).
ചലനശേഷി പൂര്‍ണമായി വീണ്ടെടുക്കുക അല്ലെങ്കില്‍ രോഗതീവ്രത പരമാവധി കുറയ്ക്കുക, അനുയോജ്യമായ തൊഴിലില്‍ വ്യാപൃതരാകാന്‍ സഹായിക്കുക (Rehabilitation), തൊഴില്‍ദിനനഷ്ടം പരമാവധി കുറയ്ക്കുക, വൈകല്യത്തിന്റെ തോതു കുറയ്ക്കുക എന്നിവയാണ് ചലനവൈകല്യചികിത്സയുടെ പ്രധാന ലക്ഷ്യം. ഒപ്പം, നമ്മുടെ ചലനങ്ങള്‍ സാധ്യമാക്കുന്ന mobility aids, mobility vehicles എന്നിവയുടെ ഉപയോഗത്തിനായി ശരീരത്തെ പ്രാപ്തമാക്കാനും ഉപയോഗിക്കുന്നു. സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കുണ്ടാകുന്ന പരിക്കുകള്‍, കായികശേഷി അപര്യാപ്തത എന്നിവയും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പരിചയസമ്പന്നരായ വിദഗ്ധചികിത്സകരും, കര്‍മോന്മുഖരും പരിചയസമ്പന്നരും ഊര്‍ജസ്വലരുമായ തെറാപ്പിസ്റ്റുകള്‍ അടങ്ങിയ ഗ്രൂപ്പിന് രോഗികള്‍ക്ക് വിദഗ്ധ ആയുര്‍വേദ ചികിത്സാപരിചരണത്തിലൂടെ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ കഴിയും.
ലേഖകന്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആയുര്‍വേദവിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ്