എന്താണ് അര്‍ട്ടിക്കേറിയ?
ചുവന്നുതടിച്ച് ചൊറിച്ചിലോടുകൂടിയതും അല്പായുസുമായ പാടുകളാണ് അര്‍ട്ടിക്കേറിയ. ഏതു പ്രായക്കാരിലും ചര്‍മ്മത്തിലുണ്ടാകുന്ന ഒരുതരം അലര്‍ജിയാണിത്.
രോഗലക്ഷണങ്ങള്‍
ചുവന്നുതടിച്ച, ചൊറിച്ചിലോടുകൂടിയ പാടുകള്‍ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകും
അപൂര്‍വമായി ആസ്ത്മ/ശ്വാസംമുട്ടല്‍പോലെ ബുദ്ധിമുട്ടുണ്ടാക്കാവുന്ന അവസ്ഥയും (ആന്‍ജിയോ എഡീമ), ഗുരുതരമായ അനാഫൈലാക്‌സിസ് എന്ന അവസ്ഥയും അര്‍ട്ടിക്കേറിയമൂലം ഉണ്ടാകാം.
രോഗകാരണം
ഹിസ്റ്റമിന്‍പോലെയുള്ള കെമിക്കലുകള്‍ ശരീരത്തിലും രക്തക്കുഴലുകളിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് അര്‍ട്ടിക്കേറിയയ്ക്കു കാരണമാകുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍, വിര, മൂത്രത്തില്‍പഴുപ്പ് തുടങ്ങിയ ഇന്‍ഫെക്ഷനുകള്‍, ചെടികള്‍, പൂമ്പൊടികള്‍ എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ട് ഈ കെമിക്കലുകള്‍ നമ്മുടെ ശരീരത്തില്‍ കടന്നുകൂടാം.
ഫിസിക്കല്‍ അര്‍ട്ടിക്കേറിയ - തണുപ്പ്, ചൂട്, വെയില്‍, ചര്‍മത്തില്‍ ശക്തമായി ഉരയ്ക്കുന്നത് (ഡെര്‍മോഗ്രാഫിസം), വ്യായാമം മുതലായവ ഫിസിക്കല്‍ അര്‍ട്ടിക്കേറിയയ്ക്കു കാരണമാകുന്നു.
ഇതു കൂടാതെ മറ്റു പല അസുഖങ്ങള്‍കൊണ്ടും അര്‍ട്ടിക്കേറിയ ഉണ്ടാകാം. കൂടുതല്‍ പേരിലും അര്‍ട്ടിക്കേറിയയ്ക്ക് ഒരു കാരണവും കണ്ടെത്താനാവില്ല (ഇഡിയോപ്പതിക് അര്‍ട്ടിക്കേറിയ).
അര്‍ട്ടിക്കേറിയയുടെ കാരണം എങ്ങനെ കണ്ടുപിടിക്കാം?
ദിവസവും കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍, അന്നന്നു ചെയ്യുന്ന കാര്യങ്ങള്‍ എന്നിവ ഒരു ഡയറിയില്‍ കുറിക്കുക. എന്തെങ്കിലും വസ്തുക്കള്‍ അലര്‍ജിയുണ്ടാക്കുന്നുണ്ടോ എന്നു പരിശോധിക്കാം.
അലര്‍ജിക്കു കാരണമായി തോന്നുന്ന വസ്തുക്കള്‍/ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കി നോക്കുക. ഈ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ഒരു ഡോക്ടറെ കാണുക.
ചുവന്നുതടിച്ച പാടുകള്‍ മായാതെ നില്‍ക്കുമ്പോള്‍
ചുണ്ടിലും കണ്‍പോളകളിലും ചൊറിച്ചില്‍ അധികമില്ലാതെ, എന്നാല്‍ ചിലപ്പോള്‍ വേദനയോടുകൂടിയ തടിപ്പ് കണ്ടാല്‍ ആന്‍ജിയോ എഡീമ (angioedema) എന്ന അലര്‍ജി ആവാം. ഇത് ശ്വാസകോശത്തിലേക്കു പടരാനും ശ്വാസതടസം ഉണ്ടാകാനും കാരണമാകുന്നു.
അലര്‍ജിയുടെ ഭാഗമായി ശ്വാസംമുട്ടല്‍, രക്തസമ്മര്‍ദം താഴുക, ചുമ, അബോധാവസ്ഥ എന്നിവ സംഭവിച്ചാല്‍ അത് അനാഫൈലാക്‌സിസ് (anaphylaxis) എന്ന അലര്‍ജി ആയേക്കാം. ഇതു മരണത്തിനു വരെ കാരണമാകാം.
അര്‍ട്ടിക്കേറിയയുടെ ചികിത്സ
അര്‍ട്ടിക്കേറിയയ്ക്കു കാരണമായ വസ്തു ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചില സാഹചര്യങ്ങളില്‍ കാരണം കണ്ടുപിടിക്കാനും അര്‍ട്ടിക്കേറിയപോലുള്ള മറ്റു ചര്‍മരോഗങ്ങള്‍ അല്ല എന്ന് ഉറപ്പുവരുത്താനും പല ടെസ്റ്റുകള്‍ നടത്തേണ്ടിവരും.
ആന്റി ഹിസ്റ്റമിന്‍ എന്ന മരുന്നുകളാണ് അര്‍ട്ടിക്കേറിയയ്ക്കു പ്രധാനമായും നല്‍കുന്നത്. ചില സാഹചര്യങ്ങളില്‍ സ്റ്റീറോയ്ഡ് പോലുള്ള മരുന്നുകളും കൊടുക്കേണ്ടതായിവരാം.
ആന്‍ജിയോ എഡീമ, അനാഫൈലാക്‌സിസ് എന്ന അ ലര്‍ജിയുടെ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ആശുപത്രിയില്‍ എത്തി ചികിത്സ തേടേണ്ടതാണ്.
ലേഖിക പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡെര്‍മിറ്റോളജി & കോസ്മറ്റോളജി വിഭാഗം കണ്‍സള്‍ട്ടന്റാണ്.