•  2 May 2024
  •  ദീപം 57
  •  നാളം 8
ആരോഗ്യവീഥി

കുട്ടികളിലെ അമിതവണ്ണം എങ്ങനെ തടയാം?

കുട്ടികളുടെ അമിതവണ്ണം ഒരു ആഗോളപ്രശ്‌നമായി മാറുകയാണ്. ലോകത്താകമാനം 5 നും 17 നും ഇടയിലുള്ള കുട്ടികളില്‍ 10 ശതമാനം അമിതവണ്ണക്കാരാണ്. പ്രായപൂര്‍ത്തിയായവരെ അപേക്ഷിച്ച് കുട്ടികളില്‍ പൊണ്ണത്തടിമൂലം ഉണ്ടാകുന്ന ശാരീരികപ്രശ്‌നങ്ങള്‍ കുറവാണെങ്കിലും ഭാവിയില്‍ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുന്നു. കൂടാതെ, അമിതവണ്ണം കുട്ടികളില്‍ മാനസികസമ്മര്‍ദ്ദം, ആത്മവിശ്വാസക്കുറവ്, വിഷാദം എന്നിവയും ഉണ്ടാക്കും. കുട്ടികളിലെ അമിതവണ്ണത്തിന് പലവിധ കാരണങ്ങളുണ്ട്. വ്യായാമക്കുറവ്, ആഹാരരീതികള്‍ എന്നിവയാണ് പ്രധാനം. അപൂര്‍വ്വമായി പാരമ്പര്യത്തകരാറുകള്‍കൊണ്ടും ഹോര്‍മോണ്‍ തകരാറുകൊണ്ടും അമിതവണ്ണം ഉണ്ടാകാം. കുട്ടികളുടെ വണ്ണക്കൂടുതല്‍ പരിഹരിക്കാന്‍ ഭക്ഷണത്തില്‍ കഠിന നിയന്ത്രണങ്ങള്‍ വരുത്തുന്നതിനെക്കാള്‍ കായികാധ്വാനം കൂട്ടുന്നതാണ് പ്രധാനം. ശരിയായ സമയത്ത് ശരിയായ അളവില്‍ ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുകയും വേണം. കുട്ടികള്‍ക്ക് അമിതവണ്ണം എന്തുകൊണ്ട്? കൊഴുപ്പു കൂടുതലുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് കുട്ടികള്‍ക്ക്  അമിതവണ്ണം ഉണ്ടാക്കും. ബേക്കറിപ്പലഹാരങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമമധുരം സാധാരണ പഞ്ചസാരയെക്കാള്‍ 300 ഇരട്ടി മധുരമടങ്ങിയതാണ്. ജ്യൂസും പ്രോസസ്ഡ് ഫുഡുമാണ് അമിതമധുരവും കൊഴുപ്പും ശരീരത്തിലെത്തിക്കുന്നത്. ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണം അധികം കഴിക്കുന്നത് ഡിപ്രഷന്‍ ഉണ്ടാക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇതു ശരീരത്തിനു ദോഷകരമാകും. കൃത്യമായ വ്യായാമവും ഭക്ഷണനിയന്ത്രണവുംകൊണ്ടേ അമിതവണ്ണം പരിഹരിക്കാനാവൂ. 

കുട്ടികള്‍ ഡയറ്റിങ് ചെയ്യണോ?
ആവശ്യമുള്ള മറ്റ് ഊര്‍ജഘടകങ്ങള്‍ ഭക്ഷണത്തിലൂടെ നല്‍കുകയും അധികമായി സംഭരിക്കുന്ന കാര്‍ബോഹൈഡ്രേറ്റിനെ വിഘടിപ്പിച്ച് ദുര്‍മേദസ്സ് ഇല്ലാതാക്കുകയുമാണ് ഡയറ്റിങ്‌കൊണ്ട് ഉദ്ദേശിക്കുന്നത്. ഇഷ്ടപ്പെട്ട കുറച്ചു വിഭവങ്ങള്‍ കഴിച്ചും ഇഷ്ടമില്ലാത്തവ ഒഴിവാക്കിയുമാണ് മിക്കപ്പോഴും കുട്ടികളുടെ ഡയറ്റിങ്. ഇത് അശാസ്ത്രീയമാണ്. വളരുന്ന പ്രായത്തില്‍ വേണ്ട എല്ലാ പോഷകങ്ങളും ശരിയായ അളവില്‍ത്തന്നെ കുട്ടികളുടെ ശരീരത്തിലെത്തണം. ഇത് ആരോഗ്യജീവിതത്തിന്റെ അടിത്തറയാണ്. തടി കൂടുന്നു എന്നു തോന്നുന്നുണ്ടെങ്കില്‍ ഭക്ഷണം കുറയ്ക്കാതെ വ്യായാമം കൂട്ടുക. ഭക്ഷണം കുറയ്ക്കുമ്പോള്‍ വേണ്ടത്ര പോഷകങ്ങള്‍ ശരീരത്തിലെത്താതെവരുന്നത് പഠനത്തെയും ആരോഗ്യത്തെയുമൊക്കെ ബാധിക്കും. ഉത്സാഹവും പ്രസരിപ്പും ചുറുചുറുക്കുമുണ്ടാക്കാന്‍ വ്യായാമം അത്യാവശ്യമാണ്. ശരീരത്തിലെത്തുന്ന കാലറി പുറത്തേക്കു പോകുന്നുണ്ടോ എന്നതാണ് പ്രധാനം. എന്തു കഴിച്ചാലും അത് എരിച്ചുകളയാനുള്ള ജോലികളും ചെയ്യണം. ഈ ബാലന്‍സാണ് വെയിറ്റ് സ്ഥിരമാക്കുന്നത്. യോഗ, വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളോടൊപ്പം കോണിപ്പടി കയറിയിറങ്ങുന്നതും ഗുണകരമാണ്. വളരുന്ന പ്രായമായതിനാല്‍ കഠിനമായ വ്യായാമങ്ങള്‍ വേണ്ട. 
എത്ര കിലോവരെ ശരീരഭാരം കുറയ്ക്കാം?
വൈദ്യശാസ്ത്രപരമായുള്ള ഭാരം കുറയ്ക്കല്‍ (മെഡിക്കലി മാനേജ്ഡ് വെയിറ്റ് ലോസ് പ്രോഗ്രാം) പ്രകാരം ഒരു ദിവസം 500 കാലറിയുടെ കുറവ് നമ്മുടെ ശരീരത്തില്‍ ഉണ്ടാക്കുകയാണ് വേണ്ടത്. ഒരാഴ്ചകൊണ്ട് 3500 കാലറി (500ഃ7). അപ്പോള്‍ ആഴ്ചയില്‍ അരക്കിലോയും മാസത്തില്‍ രണ്ടുകിലോയും (500ഃ4) അഞ്ചുമാസം കൊണ്ട് പത്തുകിലോയും കുറയ്ക്കാം. ജങ്ക് ഫുഡും മെറ്റബോളിക് ഡിസോഡറുകളും മധുരവും ഉപ്പും ഏറെയുള്ള, വൈറ്റമിനുകളും പ്രോട്ടീനും മിനറലും ഫൈബറും ശുഷ്‌കമായ, ഉയര്‍ന്ന കാലറിമൂല്യമുള്ള കൊഴുപ്പു നിറഞ്ഞ ഭക്ഷണമാണ് ജങ്ക് ഫുഡ്. പോഷകഗുണം തുച്ഛം, ദോഷം ഏറെയുണ്ടുതാനും. മിക്ക ജങ്ക്ഫുഡിലും പൂരിത കൊഴുപ്പും കൃത്രിമമധുരവും ഉണ്ടാകും. ഇവ ചീത്ത കൊളസ്ട്രോള്‍ അഥവാ ഘഉഘ കൂട്ടും. നല്ല കൊളസ്ട്രോള്‍ ആയ ഒഉഘ കുറയ്ക്കും. ഇത് അമിതവണ്ണത്തിനു മാത്രമല്ല ടൈപ്പ് 2 ഡയബറ്റിക്‌സിനും ഹൃദ്രോഗത്തിനും കാരണമാകും. ശരീരഭാരം കൂടുമ്പോള്‍ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകും. നടക്കുമ്പോള്‍ കിതപ്പ്, നട കയറുമ്പോള്‍ ശ്വാസംമുട്ടല്‍ പോലുള്ള പ്രയാസങ്ങളും കൂടാം. പല്ലിനു വരുന്ന കേടുകളും ജങ്ക് ഫുഡ്‌കൊണ്ടാകാം. അമിതമായി പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റുകളും ഉള്ളിലെത്തുമ്പോള്‍ ഇവ ദഹിപ്പിക്കാനുള്ള ദഹനരസങ്ങള്‍ കൂടുതലായി പുറപ്പെടുവിക്കും. ഇത് പല്ലിന്റെ ഇനാമലിനെ ബാധിക്കുകയും കേടും പോടും വരുത്തുകയും ചെയ്യുന്നു. വളരേണ്ട പ്രായത്തില്‍ ശരിയായ പോഷണം ലഭിച്ചില്ലെങ്കില്‍ വളര്‍ച്ചാപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും പ്രതിരോധശേഷി കുറയുകയും ചെയ്യാം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കൂടുതല്‍ കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അമിതവണ്ണവും അതിന്റെ ഫലമായി ജഇഛഉ യുമൊക്കെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ കുറയ്ക്കുന്ന ഹൈപ്പോതൈറോയിഡിസവും വണ്ണം കൂട്ടുന്ന രോഗാവസ്ഥയാണ്. 
അമിതവണ്ണം തടയാനുള്ള വഴികള്‍
കുട്ടികളുടെ ഭക്ഷണത്തില്‍ അമിതമായി ഉപ്പ്, മധുരം, പൂരിതകൊഴുപ്പ് എന്നിവ വേണ്ട. ചെറുപ്പംമുതല്‍ ഈ ശ്രദ്ധ വേണം. എണ്ണയില്‍ മുക്കിപ്പൊരിക്കുന്ന പാചകരീതി നല്ലതല്ല. അധികം എണ്ണയില്ലാതെ വറുത്തെടുക്കുന്നതും ബേക്ക് ചെയ്യുന്നതുമാണ് നല്ലത്. ആവിയില്‍ വേവിക്കുന്നതും പുഴുങ്ങിയെടുക്കുന്നതും എണ്ണ ഒട്ടും ഉപയോഗിക്കാതെ ഗ്രില്‍ ചെയ്യുന്നതും നല്ലതാണ്. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുംവരെയേ ഗ്രില്‍ ചെയ്യാവൂ. കരിഞ്ഞുപോകുന്നത് ആരോഗ്യത്തിനു ദോഷമാണ്. പൂരിതകൊഴുപ്പും ട്രാന്‍സ്ഫാറ്റും ഒഴിവാക്കി ആരോഗ്യത്തിനുതകുന്നവ ശീലമാക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അണ്ടിപ്പരിപ്പുവര്‍ഗ്ഗങ്ങള്‍, മത്തി പോലുള്ള ചെറുമത്സ്യങ്ങള്‍ എന്നിവ മിതമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പൂരിതകൊഴുപ്പ് കൂടുതലായി അടങ്ങിയ ഇറച്ചികള്‍, കൊഴുപ്പു കൂടിയ പാല്‍ ഉത്പന്നങ്ങള്‍, ബേക്കറിപ്പലഹാരങ്ങള്‍, ജങ്ക് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുക.
ഭാരം കുറയ്ക്കുന്ന സമയത്തും കുറഞ്ഞ ശേഷവും അല്പാല്പമായി ആഹാരം കഴിക്കുന്ന ശീലം കൊണ്ടുവരികയാണ് നല്ലത്. അതിനു ഫ്രീക്വന്റ് സ്മോള്‍ ഫീഡ്‌സ് എന്നു പറയുന്നു. ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാന്‍ ശ്രദ്ധിക്കണം. അതിന് ദിവസേന 9 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പക്ഷേ, ശരീരത്തിനു ദോഷം ചെയ്യുന്ന സോഫ്റ്റ് ഡ്രിങ്ക്‌സ് പോലുള്ളവ ഒഴിവാക്കിയിരിക്കണം. പകരം കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, മോരും വെള്ളം തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ഇലവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുവാനും ശ്രദ്ധിക്കണം.

ലേഖിക പാലാ  മാര്‍ സ്ലീവാ മെഡിസിറ്റിയിലെ  
എന്‍ഡോക്രിനോളജി വിഭാഗം  ഡയബറ്റിക് എഡ്യുക്കേറ്ററാണ്‌

Login log record inserted successfully!