•  14 Aug 2025
  •  ദീപം 58
  •  നാളം 23
ആരോഗ്യവീഥി

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ്പ്രശ്‌നങ്ങള്‍: ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്

   പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാക്കുന്ന വീക്കവും അനുബന്ധപ്രശ്‌നങ്ങളും പുരുഷന്മാരെ ബാധിക്കുന്ന സാധാരണരോഗമായി മാറിയിരിക്കുകയാണ്. 35-50 പ്രായത്തിനിടയിലുള്ള പുരുഷന്മാരിലാണ് പ്രോസ്റ്റേറ്റ് വീക്കമുള്‍പ്പെടെ രോഗങ്ങള്‍ പ്രധാനമായും ഉണ്ടാകുന്നത്. മൂത്രമൊഴിക്കുമ്പോള്‍ ബുദ്ധിമുട്ട്, വേദന, പുകച്ചില്‍, മൂത്രത്തില്‍ക്കൂടി രക്തം വരിക തുടങ്ങിയവ പ്രോസ്റ്റേറ്റ്പ്രശ്‌നങ്ങളുടെ തുടക്കമാകാം. 

    പുരുഷന്മാരില്‍ മൂത്രസഞ്ചിയുടെ താഴെ മൂത്രനാളിക്കു ചുറ്റുമായി കാണുന്ന ചെറിയ വലുപ്പത്തിലുള്ള അവയവമാണ് പ്രോസ്റ്റേറ്റുഗ്രന്ഥി. ബാക്ടീരിയല്‍ അണുബാധ, മൂത്രം പോകാന്‍ ട്യൂബിടുക, അടിവയറ്റിലുണ്ടാകുന്ന ക്ഷതങ്ങള്‍, പൂര്‍ണമായും ചികിത്സിക്കാത്ത പഴയ അണുബാധ, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവ പ്രോസ്റ്റേറ്റിലെ നീര്‍ക്കെട്ടിനു കാരണമാകാം. ജീവിതശൈലിയിലെ മാറ്റങ്ങള്‍വഴിയും കൃത്യമായ ചികിത്സകളിലൂടെയും പ്രോസ്റ്റേറ്റ്പ്രശ്‌നങ്ങളെ മറികടക്കാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തിയാല്‍ പ്രോസ്റ്റേറ്റ്പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്താം.
പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന മറ്റു രോഗങ്ങള്‍
   പ്രായമാകുമ്പോള്‍ പ്രോസ്റ്റേറ്റിനെ പലവിധത്തിലുള്ള രോഗങ്ങള്‍ ബാധിക്കാറുണ്ട്. പ്രോസ്റ്റേറ്റിലെ അധികകോശങ്ങളുടെ സ്വാഭാവികവളര്‍ച്ച മൂലമുണ്ടാകുന്ന പ്രശ്‌നമാണ് ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍ട്രോഫി അല്ലെങ്കില്‍ ഹൈപ്പര്‍പ്ലാസിയ എന്നു പറയുന്നത്. നേരിട്ടു രോഗലക്ഷണങ്ങളിലേക്ക് ഇതു നയിക്കാറില്ലെങ്കിലും പ്രോസ്റ്റേറ്റ് വലുതാകുന്നതിന് ഇതു കാരണമാകുന്നു. കോശങ്ങളുടെ വളര്‍ച്ച കൂടുതലാകുന്നതോടെ മൂത്രസഞ്ചിയിലും മൂത്രനാളിയിലും സമ്മര്‍ദം ഉണ്ടാകുകയും രോഗങ്ങളിലേക്കു നയിക്കുകയും ചെ യ്യും. മൂത്രം ഒഴിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട്, ഇടയ്ക്കിടെ മൂത്രം പോകുക, രാത്രിയില്‍ ഉണരുക തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ ഈ പ്രശ്‌നമുള്ളവര്‍ നേരിടാറുണ്ട്. പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ കാണപ്പെടുന്നമറ്റൊരു പ്രശ്‌നമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. രോഗലക്ഷണങ്ങള്‍ കാണിക്കാറില്ലെങ്കിലും വളരുന്തോറും രോഗത്തിലേക്കു നയിക്കുന്നതിനു പ്രോസ്റ്റേറ്റിലെ മുഴകള്‍ കാരണമാകും. മൂത്രതടസ്സം, പുറം-ഇടുപ്പുകളില്‍ വേദന, മൂത്രത്തില്‍ രക്തം കാണപ്പെടുക തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളായി മാറാം. പ്രോസ്റ്റേറ്റ്ഗ്രന്ഥിക്കു വീക്കമുണ്ടാകുമ്പോള്‍ സംഭവിക്കുന്ന മറ്റൊരു അവസ്ഥയാണ് പ്രോസ്റ്റാറ്റിറ്റീസ്. പ്രോസ്റ്റേറ്റിലെ ബാക്ടീരിയല്‍ അണുബാധമൂലമുണ്ടാകുന്ന രോഗാവസ്ഥയാണിത്. പനി, മൂത്രമൊഴിക്കുമ്പോള്‍ വേദന, ബുദ്ധിമുട്ട്, ജനനേന്ദ്രിയഭാഗത്തു വേദന, മൂത്രത്തില്‍ രക്തം കാണപ്പെടുക തുടങ്ങിയവ രോഗലക്ഷണങ്ങളാകാം. 
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ക്ക് കാരണങ്ങള്‍
   ഹോര്‍മോണിലെ മാറ്റങ്ങളുള്‍പ്പെടെ പ്രോസ്റ്റേറ്റ്‌രോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. പ്രായമാകുമ്പോഴുണ്ടാകുന്ന അണുബാധകള്‍, ജനിതകഘടകങ്ങളിലെ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയും രോഗത്തിലേക്കു നയിക്കാം. അമിതവണ്ണം കുറച്ചും, പഴങ്ങളും പച്ചക്കറികളുമടങ്ങിയ സമീകൃതാഹാരങ്ങള്‍ കഴിച്ചും മദ്യപാനം, അമിതമായ കാപ്പിയുടെ ഉപയോഗം എന്നിവ ഒഴിവാക്കിയും പ്രോസ്റ്റേറ്റ്പ്രശ്‌നങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താവുന്നതാണ്. മൂത്രമൊഴിക്കുമ്പോള്‍ ബുദ്ധിമുട്ട്, മൂത്രത്തില്‍ക്കൂടി ഇടയ്ക്കിടെ രക്തം വരിക, ശരീരത്തിലും ജനനേന്ദ്രിയങ്ങളിലും വേദനകള്‍ ഉണ്ടാകുക, ഇതിന്റെ ഭാഗമായി പനി, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഡോക്ടറെ കണ്ട് ചികിത്സകള്‍ തേടണം. മൂത്രപരിശോധന, പ്രോസ്റ്റേറ്റ് ആന്റിജന്‍ പരിശോധന, അള്‍ട്രാസൗണ്ട്, എംആര്‍ഐ പരിശോധനകള്‍, പ്രോസ്റ്റേറ്റ് ബയോപ്‌സി, സിസ്റ്റോസ്‌കോപ്പി തുടങ്ങിയ പരിശോധനകള്‍വഴിയാണ് രോഗങ്ങള്‍ സ്ഥിരീകരിക്കുക. പ്രോസ്റ്റേറ്റ്പ്രശ്‌നങ്ങള്‍ കൃത്യമായി നിര്‍ണയിച്ച് ചികിത്സിച്ചില്ലെങ്കില്‍ വൃക്കത്തകരാറുകള്‍, വൃക്കയിലെ കല്ലുകള്‍, ദീര്‍ഘകാലമൂത്രാശയപ്രശ്‌നങ്ങള്‍ എന്നിവയിലേക്കു നയിക്കുന്നതിനും കാരണമാകും.

(ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ യൂറോളജിവിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജനുമാണ്.)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)