•  2 May 2024
  •  ദീപം 57
  •  നാളം 8
ആരോഗ്യവീഥി

റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഫലപ്രദമായി ചികില്‍സിക്കാം

മവാതം അഥവാ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പ്രായമായവരില്‍ മാത്രംകാണുന്ന ഒരു അസുഖമാണെന്നാണ് പരക്കെയുള്ള ധാരണ. യഥാര്‍ഥത്തില്‍ 2 മുതല്‍ 80 വരെ പ്രായമുള്ള ഏതൊരാളെയും ബാധിക്കാവുന്ന അസുഖമാണിത്. സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനം ആളുകളില്‍ ഈ രോഗം കണ്ടുവരുന്നു. അതായത്, കേരളത്തില്‍ ഏകദേശം 3 ലക്ഷം ആളുകളിലും ഇന്ത്യയില്‍ ഏകദേശം 1.25 കോടി ജനങ്ങളിലും ഈ അസുഖമുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. 

രോഗകാരണങ്ങള്‍
ഓട്ടോ ഇമ്യൂണ്‍ വിഭാഗത്തില്‍പ്പെട്ട (autoimmune disease) ഒരു അസുഖമാണിത്. അതായത്, നമ്മുടെ ശരീരത്തിലെ പ്രതിരോധസംവിധാനം ശരീരത്തിനെതിരേ പ്രവര്‍ത്തിക്കുന്ന അവസ്ഥ. ജനിതകപരമായ കാരണങ്ങള്‍ക്കു പുറമേ പുകവലി, അന്തരീക്ഷമലിനീകരണം, അള്‍ട്രാവയലറ്റ് രശ്മികള്‍ മുതലായവ ഈ അസുഖത്തിനു കാരണമാകുന്നു എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. 
രോഗലക്ഷണങ്ങള്‍
സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ശരീരത്തിലെ ഏതു സന്ധികളെ വേണമെങ്കിലും ഈ രോഗം ബാധിക്കാം. കൈകാലുകളിലെ സന്ധികള്‍, കൈമുട്ട്, കാല്‍മുട്ട്, തോള്‍സന്ധി തുടങ്ങിയ എല്ലാ സന്ധികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. കൈകളിലെ സന്ധികളിലെ ബാധിച്ചാല്‍, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കൈമടക്കുവാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും ((early morning stiffness) വാതില്‍ തുറക്കുന്നതിനോ ചപ്പാത്തി കുഴയ്ക്കുന്നതിനോ വളരെ ബുദ്ധിമുട്ടായിരിക്കും. കുറച്ചുനേരം മൊബിലൈസ് (mobilize) ചെയ്താല്‍ ഈ ബുദ്ധിമുട്ട് ചെറുതായി കുറയുമെങ്കിലും പൂര്‍ണമായി മാറില്ല. ഈ അവസ്ഥയില്‍ രോഗം കണ്ടുപിടിച്ചാല്‍ വളരെ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കും. സാധാരണ ആളുകള്‍ ഏതെങ്കിലും മെഡിക്കല്‍ ഷോപ്പില്‍ പോയി വേദനസംഹാരി വാങ്ങിക്കഴിക്കും. അപ്പോള്‍ വേദന കുറയും പക്ഷേ, നീര്‍ക്കെട്ട് പോകില്ല. അത് ക്രമേണ സന്ധികളിലെ കാര്‍ട്ടിലേജിനെ കാര്‍ന്നുതിന്ന് സന്ധികളെ നശിപ്പിക്കുന്നു. അതിനുശേഷം അതു കണ്ണ്, ശ്വാസകോശം, ഹൃദയം, ധമനികള്‍ തുടങ്ങിയ അവയവങ്ങളെ ബാധിച്ച് മാരകമായിത്തീരുന്നു.
ചികിത്സ
ഈ രോഗത്തിനു ഫലപ്രദമായ ചികിത്സയില്ല എന്ന തെറ്റായ ധാരണ നിലവിലുണ്ട്. അത് ശരിയല്ല. ഈ രോഗം കണ്ടുപിടിക്കുന്നതിനുള്ള കാലതാമസമാണ് ചികിത്സയില്‍ നേരിടുന്ന മുഖ്യപ്രശ്‌നം. ഒരു റൂമറ്റോളജിസ്റ്റിന്റെ സഹായത്തോടെ നേരത്തേ കണ്ടുപിടിച്ചാല്‍ വളരെ ഫലവത്തായ ഡിസീസ് മോഡിഫയിങ് ആന്റി റുമാറ്റിക് ഡ്രഗ്‌സ്(disease modifying anti-rheumatic drugs)  ഉപയോഗിച്ചു രോഗം നിയന്ത്രിക്കാനും അതുവഴി ജീവിതം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും.


ലേഖകന്‍ പാലാ  മാര്‍ സ്ലീവാ മെഡിസിറ്റിയിലെ  
റ്യൂമറ്റോളജി & ക്ലിനിക്കല്‍ ഇമ്യുണോളജി 
വിഭാഗം കണ്‍സള്‍ട്ടന്റാണ്

Login log record inserted successfully!