•  21 Nov 2024
  •  ദീപം 57
  •  നാളം 37
ആരോഗ്യവീഥി

ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ കോസ്‌മെറ്റിക്‌സര്‍ജറികള്‍

പ്ലാസ്റ്റിക് സര്‍ജറിരംഗത്ത് വളരെയധികം മുന്നേറ്റമുണ്ടായിട്ടും പൊതുജനങ്ങള്‍ക്കിടയില്‍ ഈ വിഭാഗത്തെക്കുറിച്ച് പരിമിതമായ ധാരണയാണുള്ളത്. സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളും പുനര്‍നിര്‍മാണ ശസ്ത്രക്രിയകളും ഉള്‍പ്പെടുന്നതാണ് പ്ലാസ്റ്റിക് സര്‍ജറിവിഭാഗം. പരിക്ക്, അര്‍ബുദരോഗം, പൊള്ളല്‍, ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍ എന്നീ അവസ്ഥകളില്‍ രോഗിയുടെ ശരീരഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുന്ന ശസ്ത്രക്രിയകളാണ് പുനര്‍നിര്‍മാണശസ്ത്രക്രിയകള്‍ അഥവാ റീകണ്‍സ്ട്രക്റ്റീവ് സര്‍ജറികള്‍. ശാരീരികാകൃതി സുന്ദരമാക്കുക എന്ന ലക്ഷ്യമാണ് സൗന്ദര്യവര്‍ധകശസ്ത്രക്രിയകള്‍ക്കുള്ളത്. 
1. ലൈപോസക്ഷന്‍ (Liposuction) 
നാം നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ശരീരത്തിന്റെ ചില പ്രത്യേകഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. വ്യായാമവും ഭക്ഷണക്രമീകരണവുംവഴി കുറയാത്ത അനാവശ്യകൊഴുപ്പിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന രീതിയാണ് ലൈപോസക്ഷന്‍. സാധാരണ കൊഴുപ്പ് കൂടുതലായി കാണപ്പെടുന്ന വയര്‍, അരക്കെട്ട്, തുടകള്‍, ബട്ടക്‌സ്, കൈകള്‍, കഴുത്ത് എന്നിവിടങ്ങളിലെ കൊഴുപ്പ് നീക്കംചെയ്ത് ആ ഭാഗം നമ്മള്‍ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് എത്തിക്കുവാന്‍ ലൈപോസക്ഷന്‍കൊണ്ടു കഴിയുന്നു. ശരീരത്തില്‍ വലിയ മുറിപ്പാടുകള്‍ ഒന്നുമുണ്ടാക്കാതെ ചെറിയ മെറ്റല്‍ ട്യൂബുകള്‍ ഉപയോഗിച്ച് പുറത്തു കാണാത്ത ഭാഗങ്ങളിലൂടെ കൊഴുപ്പ് വലിച്ചെടുക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ശരീരത്തില്‍ ഒരുപാട് അനാവശ്യകൊഴുപ്പുള്ള, ഒരു ഹെല്‍ത്തി ബാലന്‍സ്ഡ് ശരീരഭാരം നിലനിര്‍ത്തുന്ന ഏതൊരാള്‍ക്കും ലൈപോസക്ഷന്‍ ചെയ്യാവുന്നതാണ്.
2. ടമ്മി ടക് / അബ്‌ഡോമിനോപ്ലാസ്റ്റി 
(Tummy Tuck / Abdominoplasty)

വയറിന്റെ അടിഭാഗത്തുള്ള അമിതകൊഴുപ്പ്, തൂങ്ങിയ ചര്‍മം, സ്‌ട്രെച്ച് മാര്‍ക്‌സ് എന്നിവ നീക്കം ചെയ്ത് വയറിനെ കൂടുതല്‍ ഷേപ്പുള്ള, ഭംഗിയുള്ള രൂപത്തിലേക്കു മാറ്റുന്ന ഒരു സര്‍ജിക്കല്‍ രീതിയാണിത്. ഇതിലൂടെ വയറിന്റെ അടിയിലെ തൂങ്ങിയ ചര്‍മം നീക്കം ചെയ്ത്, ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ട മസിലുകള്‍ ടൈറ്റാക്കി, ലൈപോസക്ഷന്‍വഴി അധികമുള്ള കൊഴുപ്പ് വലിച്ചെടുത്ത് ഒതുങ്ങിയ അപ്പിയറന്‍സ് കൊടുക്കുകയാണ് ചെയ്യുന്നത്. പൊക്കിളിനു ചുറ്റും താഴെയും അമിതകൊഴുപ്പോ ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ട് തൂങ്ങിയ ചര്‍മമോ ഉള്ള ഏതൊരാള്‍ക്കും ടമ്മി ടക്ക് പരിഗണിക്കാവുന്നതാണ്. 
3. റൈനൊപ്ലാസ്റ്റി ((Rhinoplasty) 
മുഖസൗന്ദര്യത്തിന്റെ ഒരു പ്രധാനഘടകമാണ് നമ്മുടെ മൂക്ക്. മൂക്കിന്റെ ആകൃതിയില്‍ വ്യത്യാസങ്ങള്‍ വരുത്തി മനോഹരമാക്കുന്നതിനും ശ്വാസതട സത്തിനുള്ള പരിഹാരമായുമുള്ള കോസ്‌മെറ്റിക് സര്‍ജറിയാണ് റൈനൊപ്ലാസ്റ്റി. മൂക്കിന്റെ ഘടനയില്‍ ഏറ്റവും പുറംഭാഗത്ത് അസ്ഥികളും, അതിന്റെ താഴെ തരുണാസ്ഥിയും(cartilage) ആണുള്ളത്. റൈനൊപ്ലാസ്റ്റിവഴി മൂക്കിലെ അസ്ഥികളുടെയും തരുണാസ്ഥിയുടെയും അവിടെയുള്ള ചര്‍മത്തിന്റെയും ഘടനയിലും ആകൃതിയിലും മാറ്റം വരുത്താവുന്നതാണ്. ഒരു കോസ്‌മെറ്റിക് സര്‍ജനുമായി കണ്‍സള്‍ട്ടു ചെയ്ത് റൈനൊപ്ലാസ്റ്റിവഴി നിങ്ങള്‍ക്ക് അഭികാമ്യമായ ഫലം ലഭിക്കുന്നത് സാധ്യമാണോയെന്ന് ആദ്യം മനസ്സിലാക്കുക. അദ്ദേഹം ശസ്ത്രക്രിയയ്ക്കു മുമ്പേതന്നെ നിങ്ങളുടെ മുഖത്തിന്റെ ആകൃതി, ഘടന, നിങ്ങളുടെ മൂക്കിലുള്ള ചര്‍മം, എന്തു മാറ്റമാണ് ഈ സര്‍ജറി കൊണ്ട് നിങ്ങള്‍ക്കു വേണ്ടത് എന്നിവയെല്ലാം മനസ്സിലാക്കി നിങ്ങള്‍ക്കു ചേരുന്ന ഒരു പ്ലാന്‍ തയ്യാറാക്കി തരുന്നതായിരിക്കും.
4. ആംലിഫ്റ്റ് / ബ്രക്കിയോപ്ലാസ്റ്റി ((Arm lift / Brachioplasty)
കൈകളുടെ അടിഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അമിതമായ കൊഴുപ്പിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് നിങ്ങള്‍ക്കാവശ്യമുള്ള വണ്ണത്തിലേക്ക് കൈകളെ രൂപമാറ്റം ചെയ്യുകയാണ് ഈ കോസ്‌മെറ്റിക് സര്‍ജറിയില്‍ ചെയ്യുന്നത്. കൈമുട്ടുകളുടെയും കക്ഷത്തിന്റെയും ഇടയിലുള്ള അമിതകൊഴുപ്പും തൂങ്ങിയ ചര്‍മ്മവും നീക്കംചെയ്ത് കൈകള്‍ക്ക് ഒതുങ്ങിയ രൂപം കൈവരിക്കാന്‍ ഈ ശസ്ത്രക്രിയ സഹായകമാണ്.
5. ഗൈനക്കോമാസ്റ്റിയ (Gynecomastia)

പുരുഷന്മാരിലുണ്ടാകുന്ന സ്തനവളര്‍ച്ചയാണ് ഗൈനക്കോമാസ്റ്റിയ. സ്തനപ്രദേശത്തെ കൊഴുപ്പാണ് ഈ അവസ്ഥയ്ക്കു കാരണമാകുന്നത്. ചുറ്റുമുള്ള ഈ കൊഴുപ്പ് ലൈപ്പോസക്ഷന്‍ ചെയ്‌തെടുക്കുക എന്നതാണ് ആദ്യപടി. തീരെ ചെറിയ ദ്വാരങ്ങളിലൂടെ ഇത് ചെയ്യാവുന്നതേ യുള്ളു. നിപ്പിളിന്റെ ചുറ്റുമുള്ള ബ്രൗണ്‍ ഏരിയോളയും സാധാരണ തൊലിയും തമ്മിലുള്ള വരയിലൂടെ ചെറിയ മുറിവുണ്ടാക്കി കൊഴുപ്പെടുക്കാം. ഇവ ഷര്‍ട്ട് ഊരിയാലും മുറിവിന്റെ പാടുകള്‍ കാണാത്ത രീതിയില്‍ തീരെ ചെറുതായിരിക്കും. ഇത്തരം പ്രശ്‌നം നേരിടുന്ന പുരുഷന്മാരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ ഒരു ചികിത്സാരീതിയാണിത്.


ലേഖകന്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ 
പ്ലാസ്റ്റിക് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റാണ്.

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)