ഒരു സര്‍ട്ടിഫിക്കറ്റിനെ വിലയുള്ളതാക്കുന്നത് അതില്‍ പതിഞ്ഞിട്ടുള്ള ഔദ്യോഗികമുദ്രയാണ്. സീല്‍ ചെയ്യാത്ത സര്‍ട്ടിഫിക്കറ്റ് ആധികാരികമല്ല. ഇതേപോലെ നമ്മുടെ വ്യക്തിത്വങ്ങളിലും ചില മുദ്രകള്‍ പതിഞ്ഞിട്ടുണ്ടാവും. അത് നമ്മുടെ സ്വഭാവസവിശേഷതകളുടെ അടയാളമാണ്. വ്യക്തിയുടെ ചിന്ത, വൈകാരികത, പെരുമാറ്റം - ഇതെല്ലാം ഈ മുദ്രയില്‍ തെളിഞ്ഞുകാണാം. സ്ഥലകാലഭേദങ്ങള്‍ പൊതുവേ ഇവയില്‍ വലിയ മാറ്റമൊന്നും വരുത്താറില്ല. മുദ്രിതവ്യക്തിത്വങ്ങള്‍ പ്രധാനമായും അഞ്ചെണ്ണമുണ്ടെന്നാണ് ചില മനഃശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം. അതില്‍ ഒന്നാമത്തേതായ തുറന്ന പ്രകൃതം (ഛുലിില)ൈഎപ്രകാരമാണെന്നു പരിശോധിക്കാം.
പുതിയ അനുഭവങ്ങളോടും അറിവുകളോടുമുള്ള അഭിനിവേശമാണ് ഇതിന്റെ മുഖ്യസവിശേഷത. 'വൈവിധ്യമാണ് ജീവിതത്തിന്റെ സൗരഭ്യം' എന്നതായിരിക്കും ഇവരുടെ ആദര്‍ശവാക്യം. അതുകൊണ്ടുതന്നെ പരമ്പരാഗതമായ കീഴ്‌വഴക്കങ്ങളെ ഒരു പരിധിയില്‍ക്കൂടുതലായി മാനിക്കുന്നുമില്ല. വിവിധയിനം കലാരൂപങ്ങളോടുള്ള ആഭിമുഖ്യം, എഴുത്ത്, വായന, യാത്രകള്‍, പരിചയപ്പെടലുകള്‍ ഒക്കെയും ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളാണ്. പുതുമയുള്ള ആശയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിമുളയ്ക്കാം. അത്ര മിഴിവുറ്റതായിരിക്കും ഭാവനയുടെ ലോകം.
കൗതുകവും ജിജ്ഞാസയും തുറവുപ്രകൃതക്കാരുടെ ജീവിതായോധനത്തിനുള്ള ഇന്ധനങ്ങളാണ്. ഇവരില്‍ പലരും സാഹസികന്മാരായിത്തീരുന്നതിനു വേറേ കാരണമന്വേഷിക്കേണ്ട. ജീവന്‍ പണയംവെച്ചും പുതിയൊരു കണ്ടെത്തലിനായി തുനിഞ്ഞിറങ്ങിക്കളയും.
അറിവും അനുഭവവും ഒരിക്കലും അധികമാകുന്നില്ല. ജീവിതാന്ത്യംവരെ നമുക്കത് ആവശ്യമാണ്. എന്നാല്‍ അതിനോടുള്ള അഭിവാഞ്ഛ എത്രകണ്ടാണ് എന്നതാണ് പ്രധാനം. അഭിനിവേശങ്ങള്‍ ആവശ്യത്തിനുമാത്രം ആകുന്നതല്ലേ നല്ലത്? കുറയുന്നതും കൂടുന്നതും ഗുണപരമാകുമെന്നു തോന്നുന്നില്ല.
നല്ല കുടുംബജീവിതത്തിനു തുറന്ന പ്രകൃതം വളരെ ഉപകാരപ്രദമാണ്. പക്ഷേ, ആവശ്യത്തിന്റെ ചുറ്റുവരമ്പുകള്‍ക്കുള്ളില്‍ നില്ക്കുന്നതായിരിക്കണം. ഭാര്യയ്‌ക്കൊപ്പം ഒരു സിനിമയ്ക്കു പോവുക, കുട്ടികള്‍ക്കൊപ്പം ചെറിയൊരു വിനോദയാത്ര നടത്തുക, പുതിയ പാചകക്കുറിപ്പുകള്‍ പരീക്ഷിക്കുക - ഇതൊക്കെ തുറവിന്റെ ന്യായമായ ചില ചുവടുവയ്പ്പുകളാകുന്നു. പങ്കാളിക്കുവേണ്ടി പുതിയ ഫാഷനിലുള്ള ഒരു ഡ്രസ് കൊണ്ടുവരുമ്പോള്‍ അവിടെ ബന്ധങ്ങള്‍ ഊഷ്മളമാകും.
തുറവിനോട് ആഭിമുഖ്യം തീരെയില്ലാത്ത ആളാണ് പങ്കാളിയെങ്കിലോ, കലാലയകാലത്തെ ഏതാനും ജോഡി വസ്ത്രങ്ങള്‍ സ്ഥിരമായി അലക്കിയുപയോഗിക്കുന്നയാളാണ് പങ്കാളിയെങ്കില്‍, പുതിയ ഡ്രസ്സുകള്‍ അയാള്‍ക്കു പണച്ചെലവിനെക്കുറിച്ചുള്ള വേവലാതിയുണ്ടാക്കുകയേയുള്ളൂ. ചില പ്രണയബന്ധങ്ങള്‍ ഇഴപൊട്ടുന്നതിന് ഇപ്രകാരമുള്ള 'മിസ്മാച്ചിങ്' കാരണമാകാറുണ്ട്.
ഇനി തുറന്ന പ്രകൃതക്കാരന്‍ പരിധികള്‍ ലംഘിച്ചാലോ? അയാള്‍ സ്വാര്‍ഥതയുടെ ആള്‍രൂപമായി മാറാം. ഭാര്യയെ ഉപേക്ഷിച്ചുള്ള കലാ-സാഹിത്യോപാസനകള്‍, സത്യാന്വേഷണത്തിനായി ദേശാടനങ്ങള്‍ തുടങ്ങി തോന്ന്യാസങ്ങളുടെ ഒരു ജീവിതശൈലിതന്നെ അയാള്‍ പിന്തുടരാം. ഭാര്യയെപ്പോലും വൈവിധ്യക്കുറവിന്റെ പേരില്‍ അയാള്‍ മാറ്റിനിര്‍ത്താം. ഇവിടെ പ്രശ്‌നമാകുന്നത് തുറന്ന പ്രകൃതമല്ല, മറിച്ച്, അതിവേഗത്തിലേക്കു കാര്യങ്ങള്‍ നീങ്ങുന്നതാണ്.
സ്ഥിരം അനുഭൂതികള്‍ വിരസമാകുമ്പോള്‍ ദാമ്പത്യ അവിശ്വസ്തതയിലേക്ക് വ്യക്തി കടക്കാം. മദ്യവും മയക്കുമരുന്നുകളും ഭാവനയ്ക്കു നിറംപകരാന്‍ അനിവാര്യമായിത്തീരും.
ഭക്ഷണം പാകം ചെയ്യാന്‍ തീ ആവശ്യമാണ്. അതേ തീ അടുപ്പിന്റെ ആവൃതി ലംഘിക്കുമ്പോള്‍ സര്‍വനാശകാരിയായും മാറുന്നു. തുറന്ന പ്രകൃതക്കാര്‍ ഇക്കാര്യം ഓര്‍ത്തിരിക്കുകതന്നെവേണം.