•  28 Mar 2024
  •  ദീപം 57
  •  നാളം 4
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

സ്ലാറ്റയുടെ ഡയറിക്കുറിപ്പുകള്‍

കുട്ടികള്‍ വായിച്ചിരിക്കേണ്ട 
വിശിഷ്ടഗ്രന്ഥങ്ങളെ ഹൃദ്യമായി പരിചയപ്പെടുത്തുന്ന പംക്തി 


പ്രിയപ്പെട്ട മിമ്മീ, 
പൂക്കാനായി മരങ്ങളില്ല, പക്ഷികളില്ല, കാരണം, യുദ്ധം അവയെ നശിപ്പിച്ചിരിക്കുന്നു. 'വസന്തകാലമാണെങ്കിലും' പക്ഷികളുടെ കലപില കേള്‍ക്കാനില്ല. പ്രാവുകള്‍ ഒന്നുപോലും സരയേവോയിലില്ല. കോലാഹലമുണ്ടാക്കുന്ന കുട്ടികളില്ല, കളികളില്ല, കുട്ടികളില്‍നിന്നു ബാല്യം എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഞാന്‍ ആത്മഹത്യ ചെയ്യാ=നുള്ള സാധ്യത വര്‍ദ്ധിച്ചുവരികയാണ്. എനിക്ക് ധൈര്യം ചോര്‍ന്നുപോകുന്നു. എനിക്ക് നിലവിളിക്കണമെന്നു തോന്നുന്നു. മുഷ്ടി ചുരുട്ടി ഇടിക്കാന്‍ തോന്നുന്നു. (സ്ലാറ്റയുടെ ഡയറിക്കുറിപ്പുകള്‍)
ചില വായനകള്‍ ലഹരി പടര്‍ത്താറുണ്ട്. കുളിരണിയിക്കാറുണ്ട്, ചിലപ്പോള്‍ അറിയാതെ 'ആഹാ' എന്ന് പറഞ്ഞുപോകാറുമുണ്ട്. എന്നാല്‍, മറ്റു ചിലത് ഒരു ഗദ്ഗദം ബാക്കിയാക്കിക്കൊണ്ട് ബോധപൂര്‍വ്വം മറന്നു കളയുകയും ചെയ്യും. കാലം കുറെയൊക്കെ ഉണക്കിക്കളഞ്ഞാലും ചാരം മൂടിയ കനല്‍ പോലെ ചിലത് ഉള്ളില്‍ എരിഞ്ഞുകൊണ്ടേയിരിക്കും. ചില നേരങ്ങളില്‍ അത് ഉരുകിയൊലിച്ചങ്ങനെ നമ്മെ ചുട്ടുപൊള്ളിക്കും. അങ്ങനെ വീണ്ടുമെന്നെ ചുട്ടുപൊള്ളിച്ചപ്പോഴാണ് സ്ലാറ്റയുടെ ഡയറിക്കുറിപ്പുകള്‍ ഒരിക്കല്‍ക്കൂടി വായിക്കാനെടുത്തത്. ഇതിനോടു സാമ്യമുള്ള അനുഭവങ്ങള്‍ പലതവണ വായിച്ചിട്ടുള്ളതാണെങ്കിലും സ്ലാറ്റയെന്ന പെണ്‍കുട്ടി  ആന്‍ഫ്രാങ്കിനെപ്പോലെ വിടാതെ പിന്തുടരുകയാണ്...
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് ബോസ്‌നിയന്‍ ആഭ്യന്തര യുദ്ധം. കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ 1990 ല്‍  ബോസ്‌നിയ - ഹെര്‍സെഗോവിനയില്‍ സെര്‍ബുകളും ക്രോട്ടുകളും മുസ്ലീങ്ങളും ചേര്‍ന്നുള്ള ഭരണമുന്നണി രൂപീകരിച്ചു, എന്നാല്‍, അധികം താമസിയാതെതന്നെ ഈ മൂന്നു കക്ഷികളും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടാവുകയും അതേ ത്തുടര്‍ന്ന് ബോസ്‌നിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബോസ്‌നിയന്‍  സെര്‍ബ് രാജ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1992 മുതല്‍ 96 വരെ നീണ്ടുനിന്ന യുദ്ധംമൂലം തലസ്ഥാനമായ സരയേവോ മൂന്നര വര്‍ഷം സൈനികമായി ഉപരോധിക്കപ്പെട്ടു. ചുറ്റുമുള്ള ഉയര്‍ന്ന സ്ഥലങ്ങളില്‍നിന്നു നഗരത്തിലേക്കു പീരങ്കികളില്‍നിന്നും ടാങ്കുകളില്‍നിന്നും വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു. അങ്ങനെയും ആയിരക്കണക്കിനാളുകള്‍ കൊലചെയ്യപ്പെട്ടു. മറ്റ് ഒട്ടേറെ സ്ഥലങ്ങളിലും ചോരപ്പുഴയൊഴുകി. മൊത്തം ഒരു ലക്ഷം പേര്‍ മരിക്കുകയും ഇരുപത്തിരണ്ടു ലക്ഷം പേര്‍ വഴിയാധാരമാവുകയും ചെയ്തു. 
ബോസ്‌നിയായിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും ക്രൂരതകള്‍ക്കു സാക്ഷ്യംവഹിച്ച പതിനൊന്നുകാരിയായ സ്ലാറ്റ ഫിലിപ്പോവിച്ച് യുദ്ധപശ്ചാത്തലത്തിലെഴുതിയ ഡയറിക്കുറിപ്പുകളാണ് പിന്നീട് 'സരയേവോയിലെ ഒരു കുട്ടിയുടെ ജീവിതം' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ആന്‍ ഫ്രാങ്കിനുശേഷം ലോകം വായിച്ച ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ തന്നെയായിരിക്കും ഇതെന്നതില്‍ സംശയമില്ല. സ്ലാറ്റ അവളുടെ യുദ്ധകാലത്തെ ജീവിതം ഈ പുസ്തകത്തില്‍ വളരെ വേദനയോടെയാണ് വരച്ചുകാട്ടുന്നത്. യുദ്ധത്തിനിടയില്‍ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരനും കൂട്ടുകാരിയും കൊല്ലപ്പെടുന്നു. അവളുടെ അങ്കിളിന്  കാല്‍ നഷ്ടപ്പെടുന്നു. കളിക്കൂട്ടുകാരും അവരുടെ കുടുംബങ്ങളും  പലായനം ചെയ്യുന്നു. അടുത്ത ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ഷെല്ലാക്രമങ്ങളില്‍ കൊല്ലപ്പെടുന്നു. പലപ്പോഴും  വേണ്ടപ്പെട്ടവര്‍ വിട്ടുപോയ കാര്യംപോലും വളരെ നാള്‍ കഴിഞ്ഞാവും അറിയുന്നതുതന്നെ.  ദുര്‍ഗന്ധപൂരിതമായ നിലവറയില്‍, വെള്ളവും വെളിച്ചവുമില്ലാതെ, അരവയര്‍ പോലും നിറയ്ക്കാനുള്ള ഭക്ഷണമില്ലാതെയുള്ള അവളുടെ ഈ കഥപറച്ചില്‍ വല്ലാതെ നൊമ്പരപ്പെടുത്തും.
ലോകത്തെവിടെയും ഏതു രാജ്യത്തെയും യുദ്ധകാലത്തിലൂടെ കടന്നുപോകുന്ന കുട്ടിയുടെ ബാല്യം നിറമില്ലാത്തതും ക്ലേശകരവുമായിരിക്കുമെന്ന് സ്ലാറ്റ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഒരു തെറ്റും ചെയ്യാത്ത, യുദ്ധത്തിന്റെ രാഷ്ട്രീയമെന്തെന്നറിയാത്ത കുഞ്ഞുങ്ങള്‍ക്ക് യുദ്ധം നല്‍കുന്നത് വേദന നിറഞ്ഞ ഒരു ബാല്യമാണ്. അവര്‍ അനാഥരാക്കപ്പെടുന്നു. അതിനു കാരണം യുദ്ധത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെടുന്നതുകൊണ്ടു മാത്രമല്ല, പിന്നെയോ കുടുംബാംഗങ്ങള്‍ ചിതറിക്കപ്പെടുന്നതുകൊണ്ടുകൂടിയാണ്. അതുപോലെ തന്നെ യുദ്ധത്തില്‍ അകപ്പെടുന്ന കുട്ടികള്‍ മിക്കപ്പോഴും പല മുതിര്‍ന്ന ആളുകളും ഭയപ്പെടുന്നവയെക്കാള്‍ ഏറ്റവും നീചമായ കാര്യങ്ങള്‍ സഹിക്കേണ്ടിവരുന്നു. ഉദാഹരണത്തിന് സാരെയെവോയി കുട്ടികളെ ഉള്‍ക്കൊള്ളിച്ച് ഒരു സര്‍വേ നടത്തിയപ്പോള്‍ അവരില്‍ ഏതാണ്ട് എല്ലാവരുംതന്നെ ഷെല്‍വര്‍ഷം അനുഭവിച്ചിട്ടുള്ളതായി വെളിപ്പെട്ടു.
ഇവരില്‍ പകുതിപ്പേര്‍ക്ക് നേരിട്ടു വെടിയേറ്റിരുന്നു, മൂന്നില്‍ രണ്ടു ഭാഗം കൊല്ലപ്പെട്ടേക്കാവുന്ന സാഹചര്യങ്ങളിലായിരുന്നു. ആഭ്യന്തരകലഹങ്ങള്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞ രാജ്യങ്ങളിലെ നിരവധി കുട്ടികള്‍ സമാധാനം എന്തെന്ന് ഒരിക്കലും അറിയാതെയാണു വളര്‍ന്നുവരുന്നതെന്ന് ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തും.

 

Login log record inserted successfully!