തന്നെപ്പോലെ മുതിര്‍ന്ന ഒരു രാഷ്ട്രീയനേതാവിനെതിരേ, മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിനെതിരേ, വേണ്ടത്ര ചര്‍ച്ചയും കൂടിയാലോചനയുമില്ലാതെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതില്‍ കെ.എം.മാണി വളരെ അസ്വസ്ഥനായിരുന്നു.രമേശ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍, അതു നീട്ടിനീട്ടികൊണ്ടുപോയിരുന്നില്ലെങ്കില്‍ ബാര്‍കോഴക്കേസ് അത്രയ്ക്കും വഷളാകുമായിരുന്നില്ല; അദ്ദേഹത്തിന്റെ മരണം അത്രയ്ക്കു വേഗത്തിലാകുമായിരുന്നില്ല.
ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. കേരളരാഷ്ട്രീയത്തില്‍ ഈയിടെ പല നേതാക്കളും ആവര്‍ത്തിച്ച് ഉരുവിട്ട ഒരു പഴമൊഴി. പറയുന്ന ആള്‍ ഉപ്പു തിന്നിട്ടില്ല എന്നും അതുകൊണ്ട് താന്‍ വെള്ളം കുടിക്കേണ്ട കാര്യമില്ല എന്നുമുള്ള നീതീകരണമാണ് ഇതുവഴി അവര്‍ ഉദ്ദേശിക്കുന്നത്.
അതെന്തായാലും, ഒരു കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഉപ്പുതിന്നവന്‍ വെള്ളം കുടിച്ചേ മതിയാവൂ. ബാര്‍കോഴ ആരോപണം ബുമറാങ്‌പോലെ തിരിച്ചേറ്റ രമേശ് ചെന്നിത്തലയാണ് ഏറ്റവുമൊടുവില്‍ ഇതു സാക്ഷ്യപ്പെടുത്തുന്നത്.
2014-15 കാലത്ത് കേരളരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമാണ് ബാര്‍കോഴ ആരോപണം. തലസ്ഥാനഗരിയിലെ ഒരു ബാറുടമയാണ് ആരോപണകര്‍ത്താവ്. കെ.എം. മാണിയെന്ന സമുന്നത രാഷ്ട്രീയനേതാവിന്റെ രാഷ്ട്രീയജീവിതത്തെ മാത്രമല്ല, വ്യക്തിജീവിതത്തെപ്പോലും അതു ഗുരുതരമായി ബാധിച്ചു. ആ വേദനയിലും അപമാനത്തിലുംനിന്നു മോചനംകിട്ടുംമുമ്പേ അദ്ദേഹത്തിന്റെ ഭൗമികജീവിതത്തിനുപോലും വിരാമം വന്നു.
2014 ഒക്‌ടോബര്‍ 31 രാത്രി 8.30 ന് ഒരു ചാനല്‍ ചര്‍ച്ചയിലാണ്, പിന്നീട് ഏറെ വിസ്‌ഫോടങ്ങള്‍ക്കു തീ കൊളുത്തിയ ഈ ആരോപണം ഉന്നയിക്കപ്പെട്ടത്. അതു പെട്ടെന്നു മറ്റു ചാനലുകളിലേക്കും പടര്‍ന്നു. പിറ്റേന്ന് അച്ചടിമാധ്യമങ്ങളും അത് ആഘോഷിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തിലധികം കേരളരാഷ്ട്രീയത്തില്‍ കത്തിപ്പടര്‍ന്ന ബാര്‍കോഴ വിവാദം തത്കാലത്തേക്കെങ്കിലും ശമിച്ചത് 2015 നവംബര്‍ 10 ന് കെ.എം. മാണി മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ്.
ഇപ്പോള്‍ അതു വീണ്ടും പ്രസക്തമാകുന്നത്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് അന്ന് ഒരു കോടി രൂപ ബാറുടമകള്‍ കോഴ നല്കി എന്ന ആരോപണം അന്നത്തെ ആരോപണകര്‍ത്താവുതന്നെ വീണ്ടും ഉന്നയിച്ചിരിക്കുന്നതുകൊണ്ടാണ്. അതിന്റെയടിസ്ഥാനത്തില്‍ ചെന്നിത്തലയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നു. ഈ ലേഖനം അച്ചടിച്ചുവരുന്നതിനുമുമ്പുതന്നെ അതാരംഭിച്ചേക്കും.
അന്വേഷണത്തില്‍ മുഖ്യമന്ത്രി നവംബര്‍ 20 ന് ഒപ്പുവച്ചതാണ്. എന്നാല്‍, ഗവര്‍ണറുടെ അനുമതി വേണ്ടിവരുമോ എന്ന സംശയത്തില്‍ നിയമോപദേശത്തിനു വിട്ടു. കോഴ വാങ്ങുമ്പോള്‍ രമേശ് മന്ത്രിയായിരുന്നില്ല, കെപിസിസി പ്രസിഡന്റായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷനേതാവും. അതുകൊണ്ട് സ്പീക്കറുടെ അനുമതി മാത്രം മതിയത്രേ. എന്നാല്‍ കെ.ബാബുവിന്റെയും വി.എസ്. ശിവകുമാറിന്റെയും കാര്യത്തില്‍ ഗവര്‍ണറുടെ അനുമതിതന്നെ വേണം. കാരണം, അവര്‍ ആരോപിക്കപ്പെട്ട അഴിമതിക്കാലത്തു മന്ത്രിമാരായിരുന്നു.
മന്ത്രിമാരെ നിയമിക്കുന്നതു ഗവര്‍ണറാണ്. അതുകൊണ്ട് അവരുടെ പേരില്‍ അഴിമതിയാരോപണമുണ്ടായാല്‍, നിയമനാധികാരിയുടെ അനുവാദത്തോടെയേ അന്വേഷണവും ഉപരിനടപടികളും ഉണ്ടാവാന്‍ പാടുള്ളൂ.
പ്രതിപക്ഷനേതാവിനു കാബിനറ്റുപദവിയുണ്ട്. അതുപക്ഷേ, ഭരണഘടനാപദവിയല്ല. ഒരാള്‍ക്കു കാബിനറ്റുറാങ്കനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം മാത്രം മതി. അങ്ങനെയാണു കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലംമുതല്‍ ചീഫ് വിപ്പിനു കാബിനറ്റ് റാങ്കു ലഭിച്ചത്. അന്ന് ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നാക്കസമുദായവികസനകോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചതും കാബിനറ്റുപദവിയോടെയായിരുന്നു. അതൊക്കെ രാഷ്ട്രീയതീരുമാനങ്ങളുടെ പിന്‍ബലത്തിലായിരുന്നു.
കാബിനറ്റു റാങ്കുള്ള മന്ത്രിമാരല്ലാത്തവര്‍ക്കും മന്ത്രിമാര്‍ക്കു തുല്യം ഓഫീസും പേഴ്‌സണല്‍ സ്റ്റാഫുമൊക്കെ ഉണ്ടാവും. അതൊരു ധൂര്‍ത്ത് എന്നതിനപ്പുറത്ത് ഗവണ്‍മെന്റിനോ ജനങ്ങള്‍ക്കോ പ്രയോജനമുള്ള നടപടിയൊന്നുമല്ല. കുറെ പാര്‍ശ്വവര്‍ത്തികള്‍ക്കു ശമ്പളം വാങ്ങാനും ഭരണത്തില്‍ പിന്‍വാതിലിലൂടെ പങ്കുപറ്റാനും അവസരം ലഭിക്കുന്നുണ്ടെന്നു മാത്രം.
പ്രതിപക്ഷനേതാവിനും ചീഫ് വിപ്പിനുംപുറമേ, ഇത്തരത്തില്‍ കാബിനറ്റുറാങ്കുള്ള രണ്ടു പ്രമാണിമാര്‍ കിടക്കയില്‍നിന്നെഴുന്നേല്‍ക്കാന്‍പോലും വയ്യാതെ കിടന്നുകൊണ്ടു ജനസേവനം നിര്‍വ്വഹിക്കുന്നുണ്ട്. ഭരണപരിഷ്‌കാരക്കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനും, ഇപ്പോഴും മുന്നാക്കസമുദായവികസനകോര്‍പ്പറേഷന്‍ ചെയര്‍മാനായിത്തുടരുന്ന ആര്‍. ബാലകൃഷ്ണപിള്ളയും. രണ്ടു നേതാക്കള്‍ക്കും സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വാര്‍ദ്ധക്യകാലാശ്വാസം!
ഇക്കാര്യങ്ങള്‍ പറയാനല്ല, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ വീണ്ടും ഉയര്‍ന്നിരിക്കുന്ന ആരോപണത്തെയും അതിന്റെയടിസ്ഥാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വിജിലന്‍സ് അന്വേഷണത്തെയും 'കാവ്യനീതി'യായി ക്കണ്ടു വിശകലനം ചെയ്യാനാണ് എന്റെ ശ്രമം.
ഒരാള്‍, നിരപരാധിയാണെന്നറിഞ്ഞുകൊണ്ടുതന്നെ എതിരാളിയെ തകര്‍ക്കാന്‍ മെനയുന്ന തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍തന്നെ തിരിച്ചടി ലഭിക്കുന്നതിനെയാണ് കാവ്യനീതി എന്നു വിളിക്കുന്നത്. സാഹിത്യവിമര്‍ശനത്തില്‍ ഉപയോഗിക്കുന്ന ഒരു സംജ്ഞയാണിത്. ഇംഗ്ലീഷ് കവിയും നിരൂപകനും ഗവേഷകനും ചരിത്രകാരനുമായിരുന്ന തോമസ് റൈമര്‍ (1641-1713) ആണ് 'കാവ്യനീതി' എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്, അദ്ദേഹത്തിന്റെ 'കഴിഞ്ഞകാലദുരന്തങ്ങള്‍' എന്ന കൃതിയില്‍.
നായകനെതിരേ പ്രയോഗിക്കുന്ന ആയുധങ്ങള്‍ ബൂമറാങ്‌പോലെ തിരിച്ചടിച്ചു വില്ലന്‍ തന്നെ ദുരന്തം വരിക്കുന്നതിനെയാണു റൈമര്‍ കാവ്യനീതി എന്നു വിളിക്കുന്നത്. ചരിത്രത്തിലും ഇത്തരം ഉദാഹരണങ്ങള്‍ ധാരാളമുണ്ടത്രേ. താന്‍ കുത്തും കുഴിയില്‍ താന്‍തന്നെ വീഴുക എന്നുതന്നെ.
സാഹിത്യകൃതികള്‍ ധാര്‍മ്മികമൂല്യങ്ങള്‍ ഉള്ളടക്കുന്നതും മൂല്യാധിഷ്ഠിതജീവിതം നയിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നതും ആയിരിക്കണം എന്നായിരുന്ന റൈമറുടെ പക്ഷം. നന്മ ചെയ്യുന്നവര്‍ക്ക് സമ്മാനവും തിന്മ ചെയ്യുന്നവര്‍ക്കു ശിക്ഷയും ലഭിക്കണം. അത് ദൈവനീതിയാണ്. അതു വായനക്കാര്‍ക്കു പ്രചോദനമാകണം.
ഒരു രാഷ്ട്രീയസംഭവത്തെ രാഷ്ട്രീയതലത്തില്‍നിന്നു വേറിട്ടെടുത്തു സാംസ്‌കാരികവും ധാര്‍മ്മികവുമായ മാനദണ്ഡങ്ങള്‍ ഉപയോഗപ്പെടുത്തി വിലയിരുത്താനാണിവിടെ ശ്രമിക്കുന്നത്.
കെ.എം. മാണിക്കെതിരേ ബാര്‍കോഴ ആരോപണമുയരുമ്പോള്‍ രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പിന്റെയും വിജിലന്‍സിന്റെയും ചുമതലയുള്ള മന്ത്രിയായിരുന്നു. താക്കോല്‍സ്ഥാനത്തു നല്ല നായരുണ്ടാവണമെന്ന എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആവശ്യത്തിന് ഒരു മുന്നറിയിപ്പിന്റെ സ്വരമുണ്ടായിരുന്നതുകൊണ്ടാവണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയെ ഇടക്കാലത്ത് മന്ത്രിയാക്കിയത്. ജനുവരി ഒന്നിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമിരുന്ന ആഭ്യന്തരവകുപ്പെടുത്ത് അദ്ദേഹത്തിനു നല്കുകയും ചെയ്തു.
ഇപ്പോള്‍ മദ്യവ്യവസായി ആവര്‍ത്തിക്കുന്ന ആരോപണം ശരിയെങ്കില്‍ കെ.എം. മാണിക്കെതിരേ ത്വരിതാന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ രമേശ് ചെന്നിത്തലയുടെ കൈയില്‍ അഴിമതിക്കറ പുരണ്ടിട്ടുണ്ടായിരുന്നു. ആ കൈകൊണ്ടാണ് അദ്ദേഹം അന്വേഷണഉത്തരവില്‍ ഒപ്പുവച്ചത്. അക്കാര്യത്തില്‍ അദ്ദേഹം അനാവശ്യധൃതി കാണിച്ചു എന്നാണ് വിമര്‍ശകരുടെ ആക്ഷേപം.
ബാര്‍കോഴയാരോപണം ഉയരുമ്പോള്‍ ചെന്നിത്തല അമേരിക്കയിലായിരുന്നു. അന്നത്തെ സ്പീക്കര്‍ ജി. കാര്‍ത്തികേയനെ വിദഗ്ധചികിത്സയ്ക്കു കൊണ്ടുപോയപ്പോള്‍ അദ്ദേഹവും ഒപ്പം പോയതാണ്. ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ മൂന്നാം ദിവസം, നവംബര്‍ രണ്ടിനു മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍വച്ചുതന്നെ ഫയലില്‍ ഒപ്പിട്ടത്രേ. തുടര്‍ന്ന് അദ്ദേഹം പോയത് തൃശൂര്‍ക്ക്. അവിടെ തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. മൂന്നാംതീയതിയിലെ പത്രങ്ങളില്‍ വാര്‍ത്ത വന്നു.
2013 ല്‍ ലളിതാകുമാരി കേസില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധിയുടെ അടിസ്ഥാനത്തിലാണ് കെ.എം. മാണിക്കെതിരേ ത്വരിതാന്വേഷണം പ്രഖ്യാപിച്ചതെന്നായിരുന്നു രമേശിന്റെ ന്യായീകരണം. ആ വര്‍ഷം നവംബര്‍ 19 നുണ്ടായ വിധിയില്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍, സാധാരണ കേസാണെങ്കില്‍ 15 ദിവസത്തിനകവും ഗുരുതരമായ ആരോപണമെങ്കില്‍ ആറ് ആഴ്ചകള്‍ക്കകവും ത്വരിതാന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണു സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നത്.
അതെന്തുമാകട്ടെ, തന്നെപ്പോലെ മുതിര്‍ന്ന ഒരു രാഷ്ട്രീയനേതാവിനെതിരേ, മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിനെതിരേ, വേണ്ടത്ര ചര്‍ച്ചയും കൂടിയാലോചനയുമില്ലാതെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതില്‍ കെ.എം. മാണി വളരെ അസ്വസ്ഥനായിരുന്നു. മദ്യവ്യവസായിയുടെ ആരോപണത്തെക്കാള്‍, അദ്ദേഹത്തെ വേദനിപ്പിച്ചതും ഈ നടപടിയായിരുന്നു.
ഒരുദിവസം കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ ഞാനും മാണിസാറും തനിച്ചായിരിക്കവേ, ഞാന്‍ ചോദിച്ചു: ചെന്നിത്തലയെന്താണു സാറിനോട് ഇങ്ങനെ ചെയ്തത്? അദ്ദേഹത്തിന്റെ മറുപടി ഉടനെയുണ്ടായി: മുഖ്യമന്ത്രിയാവാന്‍ സഹായിക്കാത്തതുകൊണ്ട്!
അദ്ദേഹം അതിങ്ങനെ വിശദീകരിച്ചു: ഒരു ദിവസം ചെന്നിത്തല ഒരു മുതിര്‍ന്ന നേതാവിനെ എന്റെ അടുത്തേക്കയച്ചു. ഉമ്മന്‍ ചാണ്ടിയെ മാറ്റി രമേശിനെ മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കണമെന്നായിരുന്നു ആവശ്യം. അതു വയ്യെന്നു ഞാനറിയിച്ചു.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പാര്‍ട്ടിയുടെ അന്വേഷണറിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നല്ല, അന്നു കെ.എം. മാണിയെ കാണാനെത്തിയ ദൂതന്‍, ഐ.എന്‍.ടി.യു.സി. നേതാവ് ആര്‍. ചന്ദ്രശേഖരനാണെന്നു കൃത്യമായി പറയുകയും ചെയ്തിരിക്കുന്നു.
2015 ജനുവരി 22 വ്യാഴാഴ്ചയിലെ മംഗളം പത്രത്തിലെ മുഖ്യവാര്‍ത്ത 'രമേശിനെതിരേ മാണി - എന്നെ ജയിലിലടയ്ക്കാനാണോ ഭാവം' എന്ന ശീര്‍ഷകത്തിലായിരുന്നു. കെ.എം. മാണി പൊട്ടിത്തെറിച്ചു രമേശിനോടു ചോദിച്ചതാണത്രേ. വാര്‍ത്ത ശരിയോ തെറ്റോ എന്ന തീരുമാനം പറയാന്‍ വയ്യ.
എനിക്കുറപ്പിച്ചു പറയാന്‍ കഴിയും, രമേശിന്റെ നടപടി മാണിസാറിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. 2014 ഒക്‌ടോബര്‍ 31 നു ശേഷം ഞാന്‍ കണ്ട കെ.എം. മാണി, 1995 മുതല്‍ ഞാന്‍ ഏറ്റവും അടുത്തറിഞ്ഞ മാണിസാറായിരുന്നില്ല. ആ കണ്ണുകളിലും മുഖഭാവങ്ങളിലുമെല്ലാം ദുസ്സഹമായ മാനസികവേദനയുടെ നിഴലാട്ടം ഞാന്‍ വായിച്ചെടുത്തിട്ടുണ്ട്. രമേശ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍, അതു നീട്ടിനീട്ടി കൊണ്ടു പോയിരുന്നില്ലെങ്കില്‍ ബാര്‍കോഴ കേസ് അത്രയ്ക്കും വഷളാകുമായിരുന്നില്ല; അദ്ദേഹത്തിന്റെ മരണം അത്രയ്ക്കു വേഗത്തിലാകുമായിരുന്നില്ല.
വിജിലന്‍സ് അന്വേഷണത്തെ നേരിടുമെന്നു പറയുമ്പോഴും, നമുക്കറിയാം, അതത്ര നിസാരകാര്യമല്ലെന്ന് ചെന്നിത്തലയ്ക്ക് ഉറപ്പുണ്ടെന്ന്. ഇതാണു കാവ്യനീതി.
എങ്കിലും രമേശ് ചെന്നിത്തല കുറ്റക്കാരനാണെന്നു വിധിപറയാന്‍ നമുക്കു കഴിയില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍, കുറ്റവിമുക്തനായി, വര്‍ധിതതേജസ്സോടെ അദ്ദേഹം രാഷ്ട്രീയത്തില്‍ തിളങ്ങിനില്ക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന.