മഹാകവി അര്‍ണോസ് പാതിരി ഇന്ത്യയിലെത്തിയിട്ട് ഡിസംബര്‍ 13 ന് 320 വര്‍ഷം തികഞ്ഞു
മിഷണറിയായി വന്നു മഹാകവിയായി മാറുക എന്ന സാഹിത്യവിസ്മയം മലയാളത്തിനും മലയാളിക്കും സമ്മാനിച്ച പ്രതിഭാശാലിയാണ് അര്‍ണോസ് പാതിരി. ഒരര്‍ത്ഥത്തില്‍ രണ്ടാമത്തേതും ഒരു ദൈവവിളിതന്നെ.
അദ്ദേഹത്തിന്റെ പേരിനുമുണ്ടായി ഇങ്ങനെയൊരു മാറ്റം. മാതാപിതാക്കള്‍ ഇട്ടപേര് ജോണ്‍ ഏണസ്റ്റ് ഹാന്‍ക്‌സ്‌ലേഡന്‍. കേരളത്തിലെത്തിയപ്പോള്‍ നമ്മള്‍ അതൊന്നു മാറ്റി അര്‍ണോസ് പാതിരി എന്നാക്കി.
ഇന്നു മലയാളസാഹിത്യപ്രേമികള്‍ക്കു സുപരിചിതനാണ് അര്‍ണോസ് പാതിരി. കര്‍മ്മംകൊണ്ട് അദ്ദേഹം മലയാളിയാണ്; ജന്മംകൊണ്ട് ജര്‍മ്മന്‍കാരനും. ജനിച്ചുവളര്‍ന്നതു ജര്‍മ്മനിയിലെ യാസ്റ്റെര്‍ കാപ്‌ളെന്‍ ഗ്രാമത്തില്‍. പഠിച്ചുവളര്‍ന്നതു സമീപസ്ഥമായ ഓസ്‌നാബ്രൂക്ക് പട്ടണത്തില്‍.
ഒരു മിഷണറിയാകാന്‍ കൊതിച്ച അര്‍ണോസ് ഈശോസഭയില്‍ ചേര്‍ന്ന് കേരളത്തിലേക്കു പോന്നു. അന്നദ്ദേഹത്തിനു വയസ്സ് 18. ജര്‍മ്മനിയിലെ പല വിദ്യാഭ്യാസസ്ഥാപനങ്ങളും ധിഷണാശാലിയായ ആ യുവാവിനെ അധ്യാപകനായിരിക്കാന്‍ ക്ഷണിച്ചു. ഉള്ളില്‍ സുവിശേഷവേലയ്ക്കുള്ള ദാഹം അതിതീക്ഷ്ണമായിരുന്നതുകൊണ്ട് അതൊന്നും സ്വീകരിക്കാന്‍ അര്‍ണോസിനു കഴിയുമായിരുന്നില്ല. അങ്ങനെ അദ്ദേഹം അന്ന് മലബാര്‍ മിഷന്റെ ചുമതലക്കാരായിരുന്ന ഫാദര്‍ വില്യം വെബ്ബര്‍, ഫാദര്‍ വില്യം മേയര്‍ എന്നിവരോടൊപ്പം ഇറ്റലിയിലെ ലിവെര്‍ണോ തുറമുഖത്തുനിന്ന് യാത്ര ആരംഭിച്ചു. ഫ്രാന്‍സ് കാസ്പര്‍ ഷില്ലിംഗര്‍ എന്ന യുവാവും ഒപ്പമുണ്ടായിരുന്നു.
മനുഷ്യജീവിതം മരണത്തിന്റെ താഴ്‌വരയിലൂടെയുള്ള ഒരു സഞ്ചാരമാണെന്ന ദാര്‍ശനികസങ്കല്പം അവതരിപ്പിക്കുന്നതു സങ്കീര്‍ത്തകനാണ്. ജീവിതത്തെക്കുറിച്ചുള്ള ക്രൈസ്തവദര്‍ശനം ഈ ചിന്തയില്‍നിന്നു രൂപപ്പെട്ടതാണെന്നു പറയാം.
ഈ വസ്തുത അക്ഷരാര്‍ത്ഥത്തില്‍ അനുഭവപ്പെടുന്നതായിരുന്നു അര്‍ണോസിന്റെ യാത്ര. ഇന്നത്തേതുപോലെ വാര്‍ത്താവിനിമയസൗകര്യങ്ങളോ സുരക്ഷിത യാത്രാസംവിധാനങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് സമുദ്രത്തിലൂടെയുള്ള യാത്ര എത്രയോ സാഹസികമായിരുന്നു. കാറ്റിന്റെയും കടലിന്റെയും കരുണയില്ലാത്ത വിക്രിയകള്‍ക്കിടയില്‍ കപ്പല്‍ തകരാം, യാത്രക്കാരൊന്നടങ്കം മത്സ്യങ്ങള്‍ക്കു ഭക്ഷണമാകാം, മാരകരേഗങ്ങള്‍ പിടിപെട്ടെന്നും വരാം. ജീവന്‍ കൈയിലെടുത്തുകൊണ്ടുള്ള യാത്രതന്നെ. ലക്ഷ്യസ്ഥാനത്തു കരയ്ക്കിറങ്ങാന്‍ കഴിഞ്ഞാല്‍ ഭാഗ്യം.
അവര്‍ ആദ്യം എത്തിച്ചേര്‍ന്നത് സിറിയയിലെ അലെക്‌സാന്‍ട്രാ തുറമുഖത്താണ്. അവിടെനിന്ന് ടര്‍ക്കിയും കടന്ന് പേര്‍ഷ്യ(ഇറാന്‍)യിലെ ബണ്ടര്‍ അബ്ബാസ് തുറമുഖത്തുനിന്നു വീണ്ടും കപ്പല്‍കയറി. പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിച്ച് ഇന്ത്യാസമുദ്രത്തിലെ അറബിക്കടല്‍ ഭാഗത്തുകൂടി ഗുജറാത്തിലെ സൂററ്റ് തുറമുഖത്ത് കരയ്ക്കിറങ്ങി - 1700 ഡിസംബര്‍ 13 ന്.
കരയ്ക്കിറങ്ങാന്‍ നാലംഗസംഘത്തില്‍ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. അര്‍ണോസും ഷില്ലിംഗറും. ഫാദര്‍ വെബ്ബറും ഫാദര്‍ മേയറും യാത്രയ്ക്കിടയില്‍ കപ്പലില്‍ മരണമടഞ്ഞു. വെബ്ബറിനു 36-ഉം, മേയര്‍ക്കു 39-ഉം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. നിറയൗവനത്തില്‍നിന്നാണു ദുര്‍വിധി അവരെ നിര്‍ദയം തട്ടിയെടുത്തത്. മാരകരോഗബാധയായിരുന്നു കാരണം. ഇരുവരുടെയും മൃതദേഹങ്ങള്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ ഏറ്റുവാങ്ങുന്നത് നെഞ്ചു തകര്‍ന്നു കണ്ടുനില്ക്കാനായിരുന്നു അര്‍ണോസിന്റെ വിധി.
കടലില്‍ മാത്രമല്ല കരയിലുമുണ്ട് യാത്രാസംഘങ്ങളുടെ സമ്പത്തു തട്ടിയെടുക്കാന്‍ ആയുധസജ്ജരായി നടക്കുന്ന കൊള്ളക്കാര്‍. സമ്പത്തുമാത്രമല്ല ജീവന്‍ കൂടി ചിലപ്പോള്‍ നഷ്ടപ്പെട്ടെന്നുവരാം. തുര്‍ക്കിയിലൂടെയുള്ള കരയാത്രയും ആപത്തു നിറഞ്ഞതായിരുന്നു.
എങ്കിലും ഒരപകടം മാത്രമേ അവര്‍ക്കുണ്ടായുള്ളൂ. ചെറുപ്പക്കാരായ അര്‍ണോസും ഷില്ലിംഗറും യജമാനന്മാരെ കബളിപ്പിച്ചു പേര്‍ഷ്യയിലേക്ക് ഓടി രക്ഷപ്പെടുന്ന അടിമക്കുട്ടികളാണെന്ന ധാരണയില്‍ അധികാരികള്‍ അവരെ പിടികൂടി ബന്ധനസ്ഥരാക്കി. വസ്തുതകള്‍ എത്ര വിശദീകരിച്ചിട്ടും അധികാരികള്‍ വഴങ്ങിയില്ല. ഒടുവില്‍ ഒപ്പമുണ്ടായിരുന്ന ഒരു വാണിജ്യസംഘത്തലവന്‍ നല്ലൊരു കൈക്കൂലികൊടുത്ത് അര്‍ണോസിനെയും ഷില്ലിംഗറെയും രക്ഷപ്പെടുത്തുകയായിരുന്നു.
പേര്‍ഷ്യയില്‍വച്ച് അര്‍ണോസിനും ഷില്ലിംഗര്‍ക്കും മാരകമായ പനി പിടിപെട്ടു. വിദഗ്ധചികിത്സ ലഭ്യമായതുകൊണ്ടുമാത്രമാണു മരണത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടത്. ഈശ്വരാനുഗ്രഹംകൊണ്ടു പ്രതിബന്ധങ്ങളെ തരണം ചെയ്തു സൂററ്റിലെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ ആ യുവാക്കള്‍ സാഷ്ടാംഗനമസ്‌കാരം ചെയ്തു ദൈവത്തിനു നന്ദി പറഞ്ഞിട്ടുണ്ടാകും.
പാമ്പിന്റെ വായിലിരിക്കുന്ന തവള ഭക്ഷണത്തിനു കൊതിക്കുന്നതുപോലെ എന്നൊരു സാദൃശ്യകല്പന എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിലൂടെ കേരളീയര്‍ക്കു സുപരിചിതമാണല്ലോ. അത് അന്വര്‍ത്ഥമാക്കുന്ന ഒരു സന്ദര്‍ഭവും കപ്പല്‍യാത്രയ്ക്കിടയിലുണ്ടായി. ഫാദര്‍ വെബ്ബറും ഫാദര്‍ മേയറും മരണമടഞ്ഞു കഴിഞ്ഞപ്പോള്‍ അവരുടെ വസ്ത്രങ്ങളും പണവും മറ്റുസാധനങ്ങളും കപ്പല്‍ജോലിക്കാര്‍ പിടിച്ചുപറിച്ചുകൊണ്ടുപോയത്രേ! യാത്രയ്ക്കിടയില്‍ മരണം പിടികൂടിയ പല യാത്രികര്‍ക്കും അവര്‍ അന്ത്യകൂദാശ നല്കുന്നതിനു സാക്ഷ്യം വഹിച്ച ജോലിക്കാര്‍തന്നെയാണ് ഇതു ചെയ്തതെന്നോര്‍ക്കുക.
അര്‍ണോസും ഷില്ലിംഗറും സൂററ്റിലെ ഈശോസഭക്കാരുടെ ആശ്രമത്തിലെത്തിയശേഷം വഴിപിരിഞ്ഞു. അര്‍ണോസ് തുടര്‍ന്നു ഗോവയിലേക്കും അവിടെനിന്നു കപ്പല്‍മാര്‍ഗം കൊച്ചിയിലേക്കും തുടര്‍ന്ന് തൃശൂരിനു സമീപം അമ്പഴക്കാട്ടുണ്ടായിരുന്ന ഈശോസഭാസെമിനാരിയിലേക്കും പോന്നു. അവിടെ വൈദികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1707 അവസാനം പൗരോഹിത്യം സ്വീകരിച്ചു.
വൈദികനായശേഷം കുറെക്കാലം മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് അര്‍ണോസ് പാതിരി സുവിശേഷപ്രചാരണത്തില്‍ ഏര്‍പ്പെട്ടതായി അദ്ദേഹത്തിന്റെതന്നെ ചില കത്തുകളില്‍നിന്നു വ്യക്തമാകുന്നുണ്ട്. 1712 ല്‍ അദ്ദേഹം വേലൂരില്‍ ഒരു പള്ളി പണിയിച്ച് അവിടെ വികാരിയായി സേവനം അനുഷ്ഠിച്ചു തുടങ്ങി. ഇക്കാലത്ത് അദ്ദേഹം സംസ്‌കൃതത്തിലും മലയാളത്തിലും കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും കാവ്യരചന ആരംഭിക്കുകയും ചെയ്തു എന്നു കരുതേണ്ടിയിരിക്കുന്നു. അവിടെവച്ചാവണം അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളൊക്കെത്തന്നെ എഴുതപ്പെട്ടത്. എങ്കിലും അവിടെനിന്നദ്ദേഹത്തിനു പഴുവില്‍പള്ളിയിലേക്കു സ്ഥലം മാറിപ്പോകേണ്ടിവന്നു. അവിടെ വച്ച് 1732 മാര്‍ച്ച് 20ന് ആ മഹാപ്രതിഭാശാലി ഇഹലോകവാസം വെടിഞ്ഞു.
മലയാളസാഹിത്യത്തില്‍ അര്‍ണോസ് പാതിരി ചിരപ്രതിഷ്ഠ നേടുന്നത് കാവ്യരചനകളിലൂടെയാണ്. ചതുരന്ത്യം, പുത്തന്‍പാന, ഉമ്മാടെ ദുഃഖം, ദേവമാതാവിന്റെ വ്യാകുലപ്രബന്ധം, ഉമ്മാപര്‍വം, ജനോവാപര്‍വം എന്നിവയാണ് കണ്ടുകിട്ടിയിട്ടുള്ള അര്‍ണോസ്‌കാവ്യങ്ങള്‍. അവയില്‍ പലതും മലയാളകവിതയില്‍ പുതിയ കാര്യശാഖകള്‍ക്കു തുടക്കം കുറിച്ചു എന്നതാണ് വിസ്മയജനകമായ വസ്തുത. അതാണു പാതിരിയുടെ മഹത്ത്വത്തിനു മാറ്റുകൂട്ടുന്നതും.
ജര്‍മ്മനിയില്‍നിന്ന് ഇന്ത്യയിലേക്കുള്ള അര്‍ണോസിന്റെ യാത്ര മരണത്തിന്റെ താഴ്‌വരയിലൂടെയുള്ള സാഹസികസഞ്ചാരമായിരുന്നു എന്നു സൂചിപ്പിച്ചുവല്ലോ. എത്രയോ തവണയാണദ്ദേഹം മരണത്തെ മുഖാമുഖം കണ്ടത്. ഇതുകൊണ്ടാവണം അദ്ദേഹത്തിന്റെ ആദ്യരചന മരണത്തെക്കുറിച്ചുതന്നെയായത്.
ചതുരന്ത്യത്തിലെ ആദ്യഭാഗമായ മരണപര്‍വമാണ് ആ രചന. മരണാസന്നനായ ഒരു വ്യക്തി തന്റെ ജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കി സ്വയം വിലയിരുത്തി മരണത്തിലേക്കു കടന്നുപോവുകയാണ്. മലയാളത്തില്‍ ഇത്തരനുഭവം പില്ക്കാലത്തു കാര്യവിഷയമാകുന്നത് 1894 ല്‍ മാത്രമാണ്. ആ വര്‍ഷം ഭാഷാപോഷിണിസഭയുടെ കാവ്യരചനാമത്സരത്തിനു നല്കിയ വിഷയം മരണാസസന്നനായ ഒരു വ്യക്തിയുടെ ചിന്തകള്‍ നൂറു പദ്യങ്ങളില്‍ ആവിഷ്‌കരിക്കുക എന്നതായിരുന്നു. അതിന് ഏകദേശം രണ്ടു നൂറ്റാണ്ടുമുമ്പാണ് മരണപര്‍വം എഴുതപ്പെട്ടത്.
മാതൃഭാഷയില്‍ മലയാളികള്‍ക്ക് ആദ്യം ബൈബിള്‍ വായിക്കാന്‍ കഴിഞ്ഞത് അര്‍ണോസുപാതിരിയുടെ പുത്തന്‍പാനയിലൂടെയാണ്. ലോകസൃഷ്ടിയുടെ കഥ ചുരുക്കിപ്പറഞ്ഞ് യേശുവിന്റെ ജീവിതവും പ്രബോധനങ്ങളും വിശദമായി അവതരിപ്പിക്കുന്ന അക്കാവ്യം തിരുസ്സഭയുടെ സമാരംഭം കൂടി ആഖ്യാനം ചെയ്തുകൊണ്ടാണ് അവസാനിക്കുന്നത്. മലയാളത്തില്‍ ആദ്യ ബൈബിള്‍പരിഭാഷ ഉണ്ടാകുന്നത് 1811 ല്‍ മാത്രമാണല്ലോ.
ഉമ്മാടെ ദുഃഖം മലയാളത്തിലെ ആദ്യവിലാപകാവ്യമാണ്. സാഹിത്യചരിത്രങ്ങള്‍ പറയുന്നത് 1902 ലുണ്ടായ, സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ ഒരു വിലാപമാണ് ആദ്യവിലാപകാവ്യം എന്നാണ്. ഉമ്മാടെ ദുഃഖം ശ്രദ്ധയോടെ വായിച്ചവര്‍, ചരിത്രപരമായ ഈ അബദ്ധം സമ്മതിച്ചുകൊടുക്കാന്‍ ഇടയില്ല.
ഉമ്മാപര്‍വം ദൈവമാതാവിന്റെ ജീവിതകഥ ആഖ്യാനം ചെയ്യുന്ന ജീവചരിത്രകാവ്യമാണ്. പാതിരിയുടെ വിസ്മയകരമായ ഭാഷാസ്വാധീനം അതിന്റെ പൂര്‍ണതയില്‍ ഈ കാവ്യത്തില്‍ വെളിപ്പെടുന്നു. ഉമ്മാപര്‍വത്തിനുമുമ്പ് അത്തരത്തിലൊരു കാവ്യം മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതുപോലെയാണ് ജനോവാപര്‍വവും. മനോഹരമായ ഒരു ഖണ്ഡകാവ്യമാണത്. കാവ്യം വായിക്കുന്നവര്‍ അതൊരു വിദേശമിഷണറിയുടെ രചനയാണോ എന്നു സംശയിച്ചു പോകും. അത്രയും മനോഹരമാണ് ജനോവാപര്‍വത്തിലെ ഭാഷയും ആഖ്യാനരീതിയും.
ഇവിടെ പറഞ്ഞ കാവ്യങ്ങള്‍ക്കു പുറമേ, മലയാളം-പോര്‍ച്ചുഗീസ് നിഘണ്ടു, മലയാളം-പോര്‍ച്ചുഗീസ് വ്യാകരണം, മലയാളം-സംസ്‌കൃത നിഘണ്ടു, സംസ്‌കൃതവ്യാകരണം എന്നീ വൈജ്ഞാനികരചനകളും പാതിരി നമുക്കു സമ്മാനിച്ചിട്ടുണ്ട്.
അര്‍ണോസ് പാതിരിയുടേത് ഒരു നിയോഗമായിരുന്നു. മിഷണറിയായി വന്ന അദ്ദേഹം ആ ദൗത്യത്തിനു യാതൊരു ഭംഗവും വരുത്താതെ, അക്ഷരോപാസനയിലൂടെ ഒരു മഹാകവിയായി മാറി. ഈ പരിണാമത്തെ ഒരു സാഹിത്യവിസ്മയം എന്നല്ലാതെ മറ്റെങ്ങനെയാണു വിശേഷിപ്പിക്കുക?