•  21 Nov 2024
  •  ദീപം 57
  •  നാളം 37
വര്‍ത്തമാനം

ജനസംഖ്യാനുപാതികമാകണം ന്യൂനപക്ഷാനുകൂല്യങ്ങള്‍

അടുത്ത നാളുകളില്‍ സാധാരണ പതിവില്ലാത്തതുപോലെ കേരളത്തിലെ മുസ്ലീംലീഗ് നേതാക്കള്‍ സമുദായനേതാക്കളെ സന്ദര്‍ശിക്കുന്നതായി കാണുന്നു. അതു വാര്‍ത്തയായത് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി അവര്‍ക്കു സന്ദര്‍ശനാനുമതി നിഷേധിച്ചതുകൊണ്ടാണ്. അതിനുമുമ്പുതന്നെ അവര്‍ പല ക്രൈസ്തവസഭാധ്യക്ഷന്മാരെയും സന്ദര്‍ശിച്ചുകഴിഞ്ഞിരുന്നു.
ഈ സന്ദര്‍ശനങ്ങളൊന്നും കേവല സൗഹൃദപ്രേരിതമല്ല. അവരുടെ സാമുദായികവും രാഷ്ട്രീയവുമായ നിലപാടുകള്‍ മറ്റു സമുദായങ്ങളെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. അതിനു കാരണങ്ങളുണ്ട്. 
കേരളത്തിലെ ഐക്യജനാധിപത്യമുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ മറികടന്ന് മുന്നണിയിലെ വലിയ കക്ഷിയാകാനുള്ള മുസ്ലീം ലീഗിന്റെ പുതിയ നീക്കങ്ങള്‍ ഉണര്‍ത്തിയിരിക്കുന്ന ആശങ്കയാണൊരു കാരണം. മറ്റൊന്ന്, ന്യൂനപക്ഷാവകാശങ്ങളും ആനുകൂല്യങ്ങളും സിംഹഭാഗവും സ്വന്തം സമുദായത്തിനു നേടിക്കൊടുക്കാന്‍ മുമ്പ് മുസ്ലീംലീഗ് നേതാക്കള്‍ വിജയിച്ചിരിക്കുന്നതില്‍ മറ്റു ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് ക്രൈസ്തവവിഭാഗങ്ങള്‍ക്കുള്ള അമര്‍ഷവും പ്രതിഷേധവുമാണ്.
ഇതില്‍ ആദ്യത്തേത് തികച്ചും രാഷ്ട്രീയമായതുകൊണ്ട് രാഷ്ട്രീയക്കാര്‍ക്കുതന്നെ വിടാം. രണ്ടാമത്തേതങ്ങനെയല്ല. ക്രൈസ്തവര്‍ക്കുകൂടി ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയുടെയും അവസരസമത്വത്തിന്റെയും നിഷേധമാണത്. നമ്മുടെ ഭരണഘടന ഇന്ത്യയിലെ മതപരവും ഭാഷാപരവുമായ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും സംരക്ഷണവും അനുവദിച്ചിട്ടുണ്ട്. അവ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതാണ്. എന്നാല്‍, കേരളത്തില്‍ ഇതു യാഥാര്‍ഥ്യമാകുന്നില്ല. രാഷ്ട്രീയശക്തിയുടെയും അധികാരത്തിന്റെയും പിന്‍ബലത്തില്‍ അവയില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ക്കു മാത്രമായി നീക്കിവച്ച അവസ്ഥയാണ്.
ഇതു പാടില്ലെന്നും ന്യൂനപക്ഷാനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചുകൊണ്ട് ഈ ജനുവരി ഏഴിനു കേരള ഹൈക്കോടതിയില്‍നിന്നുണ്ടായ വിധി കേരളക്രൈസ്തവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. പി. പി. ജോസഫ് സമര്‍പ്പിച്ച ഒരു ഹര്‍ജി അനുവദിച്ചുകൊണ്ടുള്ളതാണു വിധി.
കേരളത്തില്‍ 8873472 മുസ്ലീങ്ങളും 6141269 ക്രൈസ്തവരും 4500 ജൈനരും 3814 സിക്കുകാരുമാണ് ന്യൂനപക്ഷവിഭാഗത്തിലുള്ളത്. ഇതനുസരിച്ച് മുസ്ലീങ്ങള്‍ക്ക് 59%, ക്രൈസ്തവര്‍ക്ക് 40.89%, മറ്റുള്ളവര്‍ക്ക് 0.34% എന്നീ ക്രമത്തിലാണ് ന്യൂനപക്ഷാനുകൂല്യങ്ങള്‍ ലഭിക്കേണ്ടത്. എന്നാല്‍, ഇന്നു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് മുസ്ലീങ്ങള്‍ക്ക് 80%, മറ്റുള്ളവര്‍ക്ക് 20% എന്ന, നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ലാത്ത വിഭജനക്രമമാണ്. 
1992 ല്‍ പാര്‍ലമെന്റു പാസ്സാക്കിയ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം അനുസരിച്ച് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രത്യേകം പ്രത്യേകം ന്യൂനപക്ഷ കമ്മീഷന്‍ ഉണ്ടാകേണ്ടതാണ്. കേരളത്തില്‍ 2014 ലാണ് ന്യൂനപക്ഷകമ്മീഷന്‍ നിയമം നിയമസഭ അംഗീകരിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ മൂന്നാം ന്യൂനപക്ഷകമ്മീഷനെയും നിയമിച്ചു.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷനിലെ അംഗസംഖ്യ അഞ്ചാണ്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, മൂന്ന് അംഗങ്ങള്‍ എന്നിങ്ങനെ. എന്നാല്‍, കേരള ന്യൂനപക്ഷ കമ്മീഷനിലെ അംഗസംഖ്യ മൂന്നാണ്. ചെയര്‍മാനും രണ്ട് അംഗങ്ങളും. ചെയര്‍മാന്‍ ഏതു ന്യൂനപക്ഷവിഭാഗത്തില്‍പെട്ടതാണോ അതില്‍നിന്നു വ്യത്യസ്തവിഭാഗത്തില്‍ പെട്ടതായിരിക്കണം രണ്ടാമത്തെ അംഗം. മൂന്നാമത്തെ അംഗം വനിതയും.
2017 ല്‍ ഈ നിയമത്തില്‍ സംസ്ഥാനനിയമസഭ ഒരു ഭേദഗതി വരുത്തി. ചെയര്‍മാനും രണ്ടാമത്തെ അംഗവും ഒരേ ന്യൂനപക്ഷത്തില്‍നിന്നുതന്നെയാകാം. അതനുസരിച്ച് നിലവിലുള്ള കമ്മീഷനില്‍ ചെയര്‍മാനും രണ്ടാമത്തെ അംഗവും മുസ്ലീങ്ങള്‍. മൂന്നാമത്തെ അംഗം ക്രൈസ്തവവിഭാഗത്തില്‍നിന്നുള്ള വനിതയും. ഈ ഘടനതന്നെ നീതിവിരുദ്ധമാണ്.
ഇതുകൊണ്ടുണ്ടായ ആപത്തെന്താണ്? നിയമപരമായ യാതൊരു പിന്‍ബലവുമില്ലാതെ സംസ്ഥാനത്തു ന്യൂനപക്ഷാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് വിചിത്രമായ അനുപാതം നിശ്ചയിച്ചു. മുസ്ലീങ്ങള്‍ക്ക് 80 ശതമാനവും മറ്റുവിഭാഗങ്ങള്‍ക്കെല്ലാംകൂടി 20 ശതമാനവും.
ഈ അനീതി ഇവിടംകൊണ്ടും തീര്‍ന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി കേന്ദ്രഗവണ്മെന്റ് 2005 ല്‍ പ്രധാനമന്ത്രിയുടെ പതിനഞ്ചിനപരിപാടി പ്രഖ്യാപിച്ചിരുന്നു. 2006 ല്‍ ഇതു പരിഷ്‌കരിച്ചു. ഈ പദ്ധതിയനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്കുവേണ്ടി സ്‌കോളര്‍ഷിപ്പുകള്‍, ദേശീയ ഫെലോഷിപ്പുകള്‍, വിദേശപഠനത്തിനുള്ള വായ്പകള്‍ സൗജന്യ പരിശീലനകേന്ദ്രങ്ങള്‍ എന്നിവ അനുവദിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങളെല്ലാം സംസ്ഥാന ന്യൂനപക്ഷവകുപ്പുവഴിയും ന്യൂനപക്ഷക്കമ്മീഷന്‍ വഴിയുമാണു നടപ്പിലാക്കേണ്ടത്.
ഇതെല്ലാം അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതം പാലിക്കേണ്ടതാണ്. 2014 ലെ സംസ്ഥാന ന്യൂനപക്ഷക്കമ്മീഷന്‍ നിയമത്തിലെ മൂന്ന് (കെ) വകുപ്പ് ഇക്കാര്യം വ്യക്തമായി വ്യവസ്ഥ ചെയ്യുന്നുമുണ്ട്. അതിങ്ങനെ: ''വിവിധ മേഖലകളിലെ തൊഴില്‍പദ്ധതികള്‍, സാമൂഹികവികസനപരിപാടികള്‍ എന്നിവയില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനാവശ്യമായ  നടപടികള്‍ സ്വീകരിക്കുക.'' ഇതവഗണിച്ചുകൊണ്ടാണ് നിയമവിരുദ്ധമായി 80:20 അനുപാതം നടപ്പിലാക്കിയത്.
എല്ലാ മേഖലകളിലുമുണ്ടായി ഈ വിവേചനം. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പു വിതരണത്തിലും പരിശീലനകേന്ദ്രങ്ങളുടെ അംഗീകാരത്തിലും കടുത്ത അനീതിയാണുണ്ടായത്. 17 കോച്ചിംഗ് സെന്ററുകള്‍ അനുവദിച്ചതില്‍ 16 ഉം 28 സബ്‌സെന്ററുകള്‍ അനുവദിച്ചതു മുഴുവനും വിവിധ മുസ്ലീം സംഘടനകളുടെ നിയന്ത്രണത്തിലാണ്.
ഈ അനീതിക്കെതിരേ കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. പി. പി. ജോസഫ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു ഹര്‍ജി അനുവദിച്ചുകൊണ്ട് ജനുവരി 7 ന് വിധിയുണ്ടായി. അതനുസരിച്ച് നാലുമാസത്തിനകം ന്യൂനപക്ഷാനുകൂല്യങ്ങളുടെ വിതരണം ജനസംഖ്യാനുപാതികമായി പുനഃസ്ഥാപിക്കണം. ഇതു നടപ്പിലാക്കാനാണോ മറിച്ച് അപ്പീല്‍ നല്കാനാണോ ഗവണ്‍മെന്റ് തയ്യാറാവുക എന്നറിയില്ല.
ഇക്കാര്യത്തില്‍ മുസ്ലീങ്ങളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ഭരണതലത്തിലുള്ള സ്വാധീനം അവര്‍  പരമാവധി പ്രയോജനപ്പെടുത്തിയെന്നു മാത്രമേയുള്ളൂ. നിയമസഭയിലും മന്ത്രിസഭയിലും ക്രൈസ്തവ ന്യൂനപക്ഷപ്രതിനിധികള്‍ ആവശ്യത്തിലധികമുണ്ട്. എന്നിട്ടെന്തേ അവരൊന്നും ഇക്കാര്യം ശ്രദ്ധിച്ചില്ല? മാറിമാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷവകുപ്പ്  ഒരേ സമുദായത്തിനുതന്നെ ഏല്പിച്ചുകൊടുത്തു? തങ്ങളുടെ സമുദായാംഗങ്ങള്‍ക്കും അവകാശപ്പെട്ടത് അനുവദിച്ചുകൊടുക്കണം എന്നു വാദിച്ചില്ല?
'കരയുന്ന കുഞ്ഞിനേ പാലുള്ളൂ' എന്നത് കേവലം പഴമൊഴിയല്ല. ഇന്നും അതിനു പ്രസക്തിയുണ്ട്; ജനാധിപത്യസംവിധാനത്തില്‍ പ്രത്യേകിച്ചും. അവകാശപ്പെട്ടത് അനുവദിച്ചുകിട്ടാന്‍ സമ്മര്‍ദതന്ത്രങ്ങളെങ്കിലും ഉപയോഗിച്ചേ തീരൂ. അതും പ്രയോജനപ്പെടാതെ വരുമ്പോള്‍ പ്രതിഷേധപരിപാടികളിലേക്കും പ്രത്യക്ഷസമരങ്ങളിലേക്കും ജനങ്ങള്‍ നീങ്ങും. ഇതൊക്കെ ഇന്നു സാധാരണ കാര്യങ്ങള്‍ മാത്രം.
സ്വന്തം സമുദായത്തിനുവേണ്ടി വാദിക്കുന്നതു വര്‍ഗീയതയാണെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നു തോന്നുന്നു. അവര്‍ എന്താണു വര്‍ഗീയതയെന്നു വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. അന്യസമുദായങ്ങള്‍ക്കു ദോഷകരമാകാത്തിടത്തോളം, ഒരവകാശവാദവും വര്‍ഗീയതയാവില്ല.
കേരളത്തിന്റെ നവോത്ഥാനചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. അതതു സമുദായങ്ങളില്‍നിന്നുയര്‍ന്നുവന്ന നവോത്ഥാനനായകര്‍ അവരുടെ സമുദായാംഗങ്ങളുടെ വികസനത്തിനും അവകാശസംരക്ഷണത്തിനും വേണ്ടിയാണു പ്രവര്‍ത്തിച്ചത്. സ്വന്തം സമുദായാംഗങ്ങളെ യാണ് ഉപദേശനിര്‍ദേശങ്ങളിലൂടെ ഉദ്ബുദ്ധരാക്കിയത്.
മാര്‍ത്തോമ്മാക്രൈസ്തവര്‍ക്കുവേണ്ടിയാണ് പാലക്കുന്നത്ത് അബ്രഹാം മല്പാന്‍ നവീകരണപരിപാടികള്‍ ആവിഷ്‌കരിച്ചത്. ചാവറയച്ചന്റെ നവോത്ഥാന യത്‌നങ്ങള്‍ സുറിയാനിവിഭാഗം കത്തോലിക്കര്‍ക്കിടയിലാണു പ്രാവര്‍ത്തികമായത്. ചട്ടമ്പിസ്വാമികള്‍ ഹൈന്ദവസമൂഹത്തോടും ശ്രീനാരായണഗുരു ഈഴവസഹോദരങ്ങളോടും അയ്യങ്കാളി പുലയസമുദായത്തോടുമാണ് സംസാരിച്ചത്. മന്നത്തു പത്മനാഭന്‍ നായര്‍സമുദായത്തിന്റെ ഉദ്ധാരണത്തിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. വി.ടി. ഭട്ടതിരിപ്പാട് നമ്പൂതിരി സമുദായത്തെ പ്രബുദ്ധമാക്കി. വക്കം അബ്ദുള്‍ ഖാദര്‍ മൗലവി വിത്തു പാകിയതു മുസ്‌ലിം സമുദായ നവോത്ഥാനത്തിനാണ്.
ഇവരാരെയും ചരിത്രം വര്‍ഗീയവാദികളെന്നു കുറ്റപ്പെടുത്തുന്നില്ല; മറിച്ച്, നവോത്ഥാനനായകരെന്ന് ആദരിക്കുകയാണ്. അവര്‍ ഒരിക്കലും മതവിദ്വേഷം പുലര്‍ത്തുകയോ സമുദായമൈത്രിക്കു ഹാനികരമായി പ്രവര്‍ത്തിക്കുകയോ ചെയ്തില്ല.
എന്നിട്ടുമെന്തേ ക്രൈസ്തവര്‍ക്കുമാത്രം ഇക്കാര്യത്തില്‍ ഭയം? ഭരണഘടന വാഗ്ദാനം ചെയ്യുന്ന നിയമത്തിനു മുമ്പിലുള്ള തുല്യതയും അവസരസമത്വവും ക്രൈസ്തവര്‍ക്കും അവകാശപ്പെട്ടതാണ്. അതു ചോദിച്ചു വാങ്ങുന്നതില്‍ അപാകതയൊന്നുമില്ല. ഇക്കാര്യത്തില്‍ ക്രൈസ്തവസമൂഹം ജാഗ്രത പുലര്‍ത്താതെപോയതാണ് ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം.
ന്യൂനപക്ഷാവകാശങ്ങളോടൊപ്പം ക്രൈസ്തവര്‍ക്ക് ആശ്വാസദായകമാണു മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുവേണ്ടി സമീപകാലത്തു കേന്ദ്രഗവണ്‍മെന്റുകളും സംസ്ഥാനഗവണ്‍മെന്റുകളും പ്രഖ്യാപിച്ചിരിക്കുന്ന ചില നടപടികള്‍. അതിനെതിരേയും മുസ്ലീം ലീഗ് രംഗത്തുവന്നിരിക്കുന്നത്  നിര്‍ഭാഗ്യകരമായിപ്പോയി. ഇക്കാര്യത്തില്‍ പക്ഷേ, അവരുടെ കണ്ണു തുറപ്പിക്കുന്നതായിരുന്നു മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ 2019 ഒക്‌ടോബര്‍ 28 നു ദീപികയില്‍ എഴുതിയ ലേഖനം
ന്യൂനപക്ഷാനുകൂല്യങ്ങളുടെ കാര്യത്തില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന വിവേചനവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്കവിഭാഗം ക്രൈസ്തവര്‍ക്കുകൂടി പ്രയോജനപ്പെടുന്ന പത്തുശതമാനം സംവരണവിഷയത്തില്‍ മുസ്‌ളീംലീഗു സ്വീകരിച്ച പ്രതിലോമനിലപാടും ക്രൈസ്തവരെ വേദനിപ്പിച്ചിട്ടുണ്ട്. എന്നു കരുതി മുസ്‌ളീംസഹോദരങ്ങളോടു ക്രൈസ്തവസമൂഹത്തിന് എന്തെങ്കിലും ശത്രുതയുണ്ടെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി മുസ്‌ലിം ലീഗു നേതാക്കള്‍ നല്കുന്ന വിശദീകരണം തീര്‍ച്ചയായും ആശ്വാസകരമാണ്.
ഒന്നുകൂടി ചെയ്യേണ്ടതുണ്ട്. കേരളന്യൂനപക്ഷക്കമ്മീഷന്‍ കേന്ദ്രകമ്മീഷന്റെ മാതൃകയില്‍ അഞ്ചംഗസമിതിയായി പുനഃസംഘടിപ്പിക്കണം. മുസ്‌ളീങ്ങളില്‍നിന്നും ക്രൈസ്തവരില്‍നിന്നും രണ്ട് അംഗങ്ങള്‍വീതം, മറ്റുള്ളവരില്‍നിന്ന് ഒരംഗവും.
അതോടൊപ്പം കോടതിവിധിയില്‍ നിര്‍ദേശിച്ചിരിക്കുന്നതുപോലെ ന്യൂനപക്ഷാനൂകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമായി ലഭ്യമാക്കണം. മുസ്‌ളീങ്ങള്‍ക്ക് 59%, ക്രൈസ്തവര്‍ക്ക് 40.9% എന്ന ക്രമത്തില്‍.
ലോകാഃസമസ്താഃസുഖിനോ ഭവന്തു (എല്ലാവരും സുഖമായിരിക്കട്ടെ) എന്നാണല്ലോ ആര്‍ഷസംസ്‌കാരം ആശംസിക്കുന്നത്. ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും നല്കുമ്പോഴേ അതു യാഥാര്‍ത്ഥ്യമാകൂ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)