•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

എന്റെ പ്രസംഗം എന്റെ സ്വന്തം

ഈ ദിവസങ്ങളില്‍ എന്റെ ഓര്‍മകള്‍ അമ്പതു വര്‍ഷം മുമ്പുള്ള ഒരു പ്രസംഗവേദിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. ജയ്ഗിരി ഇടവകപ്പള്ളിയുടെ പാരീഷ്ഹാളിലാണ് വേദി. 150ല്‍ താഴെമാത്രം കുടുംബങ്ങളുള്ള ഒരു ചെറിയ ഇടവക. സ്ഥലംമാറിപ്പോകുന്ന വികാരിയച്ചന് യാത്രയയപ്പ് നല്‍കുകയാണ്. 1971 ഫെബ്രുവരി ഏഴ് ഞായറാഴ്ച. 
ഈ സംഭവം ഓര്‍മിക്കാന്‍ കാരണമുണ്ട്. ഒരു പൊതുവേദിയില്‍ ഞാന്‍ നടത്തിയ ആദ്യപ്രസംഗം ആ യാത്രയയപ്പുസമ്മേളനത്തിലായിരുന്നു. യശശ്ശരീരനായ ഫാ. ഫ്രാന്‍സിസ് പാട്ടമായിരുന്നു വികാരി. നാലു വര്‍ഷത്തെ സേവനത്തിനുശേഷം അദ്ദേഹം ചിറ്റാര്‍ ഇടവകവികാരിയായി സ്ഥലം മാറിപ്പോകുന്നു. 
ഒരു പുതിയ ഇടവക രൂപം കൊള്ളുമ്പോള്‍ കുറെ കുടുംബക്കാരുടെ എതിര്‍പ്പ് ഇന്നെന്നതുപോലെ അന്നും പതിവായിരുന്നു. അവര്‍ക്ക് മാതൃഇടവകയില്‍നിന്നു വിട്ടുപോരാന്‍ മടി. കാരണം പലതുണ്ടാകും. ജ്ഞാനസ്‌നാനം സ്വീകരിച്ചതും ആദ്യകുര്‍ബാന കൈക്കൊണ്ടതും വിവാഹം നടന്നതും മരണമടഞ്ഞ പൂര്‍വികരെ സംസ്‌കരിച്ചിരിക്കുന്നതും മാതൃഇടവകയിലാണ്. അതൊക്കെ മറന്ന് പുതിയ ഇടവകയിലേക്കു ചേരുന്നതെങ്ങനെ? വൈകാരികമായ ഇത്തരം കാരണങ്ങള്‍ മാത്രമായിരിക്കില്ല വിയോജിപ്പിനടിസ്ഥാനം. പുതിയ ഇടവകയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെ വേണ്ടിവരും. അതിനൊക്കെ പിരിവും കൊടുക്കണം. പഴയ ഇടവകയിലാണെങ്കില്‍ അതൊന്നുമുണ്ടാകണമെന്നില്ല. ചിലരുടെ മനസ്സില്‍ ഈ നഷ്ടക്കണക്കുകളും ഉണ്ടാവും. 
ഈ പതിവുനാടകത്തില്‍ വേഷമിട്ടവരായിരുന്നു, എന്റെ ഉള്‍പ്പെടെ കുറെ കുടുംബങ്ങള്‍. ആദ്യം അപേക്ഷകളും പരാതികളുമായി രൂപതാധികൃതരെ സമീപിച്ചു. ഫലമുണ്ടാകാതെ വന്നപ്പോള്‍ നിസ്സഹകരണം. പുതിയ ഇടവകപ്പള്ളിയിലേക്കു പോകില്ല. പിരിവുകള്‍ കൊടുക്കില്ല. 
ഇത്തരം പ്രതിഷേധനടപടികള്‍ക്കൊക്കെ കുറഞ്ഞ ആയുസ്സേ ഉണ്ടാകൂ. അതൊക്കെ അറിയുന്ന പക്വമതിയും തന്ത്രശാലിയുമായ വികാരിയായിരുന്നു ഫാ.പാട്ടം. എതിര്‍പ്പുകളുടെ രൂക്ഷത മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് അദ്ദേഹം ചുമതലയേറ്റത്. 
ആദ്യം അദ്ദേഹം ചെയ്തത് വിമതകുടുംബങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. പ്രതിഷേധം എത്ര തീക്ഷ്ണമാണെങ്കിലും അച്ചന്‍ വീട്ടില്‍വരുമ്പോള്‍ അന്തരീക്ഷം മാറും. വികാരിയെ അനാദരിക്കാനുള്ള സംസ്‌കാരശൂന്യതയൊന്നും ഒരു ഗൃഹനാഥനും ഉണ്ടായിരുന്നില്ല. അതു വൈദികനോടുള്ള മതിപ്പ്. പൗരോഹിത്യത്തോടുള്ള ബഹുമാനം. 
വികാരിയച്ചന്‍ കുടുംബനാഥനുമായി പല വിഷയങ്ങള്‍ സംസാരിക്കും. കുടുംബാംഗങ്ങളുമായി ആശയങ്ങള്‍ പങ്കുവയ്ക്കും. കാപ്പികുടിക്കാനും കപ്പ പുഴുങ്ങിയതു തിന്നാനും ഒപ്പംചേരും. ഞായറാഴ്ചകളിലെങ്കിലും ഇടവകപ്പള്ളിയില്‍ വരണമെന്ന് ഓര്‍മിപ്പിക്കും. 
കഥയില്ലാത്ത എതിര്‍പ്പിന്റെ കാര്യത്തില്‍ ഞാനും പിന്നിലായിരുന്നില്ല. കൗമാരയൗവനങ്ങള്‍ കൂട്ടുചേരുന്ന പ്രായത്തിന്റെ തിളപ്പും ഉണ്ടല്ലോ. പഠനവും അധ്യാപകപരിശീലനവും കഴിഞ്ഞു നില്‍ക്കുന്ന കാലം. ഇന്നില്ലാത്ത കുറച്ചൊരഹങ്കാരം അന്നുണ്ടായിരുന്നു. എന്തൊക്കെയോ ചിലതറിയാമെന്ന ഭാവം! ചിന്താശീലരായ എല്ലാ ചെറുപ്പക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണിത്. കാലം മുന്നോട്ടുചെല്ലുകയും അനുഭവങ്ങള്‍ രാകി മിനുക്കുകയും ചെയ്യുമ്പോള്‍ ഈ അല്പത്തം പടികടക്കും. ചിലതൊക്കെ അറിയാമെന്ന അഹന്ത മാഞ്ഞുപോകും. എനിക്കൊന്നുമറിയില്ലല്ലോ എന്ന അറിവിലേക്കു വളരുകയും ചെയ്യും. 
യുവമനസ്സിന്റെ ചാപല്യങ്ങളും ചാഞ്ചല്യങ്ങളുമൊന്നും അറിയാത്ത ആളല്ലല്ലോ വികാരിയച്ചന്‍. എന്റെയുള്ളില്‍ പത്തിവിടര്‍ത്തിനില്‍ക്കുന്ന അഹന്തയുടെ നെറുകയില്‍ത്തന്നെയാണദ്ദേഹം കൈവച്ചത്. ''കുര്യാച്ചനെപ്പോലെ അറിവുള്ളവര്‍ സണ്‍ഡേസ്‌കൂളില്‍ വരണം. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാരാണ്, വയസ്സന്മാരല്ല അവിടെ വേണ്ടത്.'' 
വികാരിയച്ചന്റെ ലക്ഷ്യം പിഴച്ചില്ല. ഞാന്‍ ആ ചൂണ്ടയില്‍ത്തന്നെ കുരുങ്ങി. അച്ചനെന്നെ കൈയോടെ കൊണ്ടുപോയി സണ്‍ഡേസ്‌കൂളിലെ അധ്യാപകജോലി ഏല്പിക്കുകയും ചെയ്തു. എന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിനു തുടക്കമായി. 
അദ്ദേഹത്തിനു സ്ഥലംമാറ്റമായപ്പോഴേക്കും അന്തരീക്ഷം ആകെ മാറിയിരുന്നു. വിമതരെല്ലാം ഇടവകക്കൂട്ടായ്മയുടെ ഭാഗമായി. വികസനപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇടവകക്കാരുടെയും സഹകരണത്തോടെ തുടര്‍ന്നുകൊണ്ടിരുന്നു. 
ഈ പശ്ചാത്തലത്തിലാണ് എന്റെ യാത്രയയപ്പുപ്രസംഗം. അന്നുപറഞ്ഞ പല കാര്യങ്ങളും ഇന്നും ഓര്‍മയിലുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് ഒരു നല്ല വൈദികന്‍ എങ്ങനെയായിരിക്കണം എന്നു വരച്ചുകാട്ടാന്‍ ശ്രമിച്ചുവെന്നതാണ്. വൈദികന്‍, പുരോഹിതന്‍ എന്നീ പദങ്ങളുടെ അര്‍ഥം വിശകലനം ചെയ്തുകൊണ്ടാണങ്ങനെ ചെയ്തത്. എനിക്കുണ്ടായിരുന്ന വളരെ പരിമിതമായ സംസ്‌കൃതപരിജ്ഞാനംകൊണ്ടാണതു സാധിച്ചത്. 
വൈദികശബ്ദത്തിനു വേദം അറിയുന്നവന്‍, ജ്ഞാനി എന്നൊക്കെ അര്‍ഥം. അറിയുക എന്നര്‍ഥമുള്ള 'വിദ്' എന്ന നാമപ്രകൃതിയില്‍നിന്നാണ് വേദം, വൈദികന്‍ എന്നീ നാമങ്ങള്‍ രൂപംകൊള്ളുന്നത്. വേദം യഥാര്‍ഥ ജ്ഞാനത്തിന്റെ ആകരം. അതുള്‍ക്കൊള്ളുന്ന വൈദികന്‍ യഥാര്‍ഥ ജ്ഞാനി. 
പുരോഹിതന്‍ (പുരഃ+ഹിതന്‍) എന്ന വാക്കിനു 'മുമ്പില്‍ വയ്ക്കപ്പെട്ടവന്‍' എന്നര്‍ഥം. ലക്ഷണംകൊണ്ട് മുമ്പില്‍ നില്‍ക്കുന്നവന്‍ എന്നര്‍ഥമെടുത്തു. ജനങ്ങള്‍ക്കുവേണ്ടി ദൈവത്തിനുമുമ്പിലും ദൈവത്തിന്റെ പ്രതിപുരുഷന്‍ എന്ന നിലയില്‍, അവിടുത്തേക്കുവേണ്ടി ജനങ്ങള്‍ക്കുമുമ്പിലും നില്‍ക്കുന്നവനാണ് പുരോഹിതന്‍. നമ്മുടെ വികാരിയച്ചന്‍ ഒരു നല്ല വൈദികനും പുരോഹിതനുമാണ്. അതുകൊണ്ടാണദ്ദേഹത്തെ നമ്മള്‍ സ്‌നേഹിക്കുന്നതും ബഹുമാനിക്കുന്നതും. നമ്മുടെ സാന്നിധ്യംകൊണ്ടും വാക്കുകള്‍കൊണ്ടും ഈ സ്‌നേഹവും ബഹുമാനവുമാണ് നമ്മള്‍ പ്രകടിപ്പിക്കുന്നത്. 
അടുത്ത നാളുകളില്‍ മഹാകവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളം മൂലഭാഷയില്‍ത്തന്നെ പഠിച്ചതിന്റെ നിറവു മനസ്സിനുണ്ടായിരുന്നു. ഭര്‍ത്തൃഗൃഹത്തിലേക്കുപോകുന്ന ശകുന്തളയ്ക്കു വനദേവതകള്‍ നേരുന്ന ആശംസയിലെ ചില കല്പനകള്‍ കടമെടുത്തു ഞാന്‍ ഇങ്ങനെ ഉപസംഹരിച്ചു: ''അച്ചന്റെ മുന്നോട്ടുള്ള യാത്രകളില്‍ പൂക്കളുടെ സൗരഭ്യം നിറഞ്ഞുനില്‍ക്കട്ടെ. വഴികള്‍ വൃക്ഷലതാദികള്‍കൊണ്ടു തണല്‍ വിരിച്ചതായിരിക്കട്ടെ. ഭൂമി പാദങ്ങള്‍ക്കു പൂമ്പൊടിപോലെ മൃദുവായിത്തീരട്ടെ. എപ്പോഴും ഇളംകാറ്റിന്റെ തലോടല്‍ അനുഭവപ്പെടാന്‍ ഇടയാകട്ടെ.''
ഇത്തരത്തിലൊരു വിശകലനം പാരീഷ്ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്സിന് ആദ്യാനുഭവമായിരുന്നു. കുറച്ചു വായനയും ചിന്തയുമുള്ള മുതിര്‍ന്ന സുഹൃത്തുക്കള്‍ക്ക് പ്രസംഗം നന്നേ ഇഷ്ടപ്പെട്ടു. അവരുടെ അഭിനന്ദനവചസ്സുകള്‍ എനിക്കു പ്രോത്സാഹനമാകുകയും ചെയ്തു. ഏറെ വൈകാതെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതോടെ കൂടുതല്‍ക്കൂടുതല്‍ പ്രസംഗവേദികള്‍ എനിക്കു തുറന്നുകിട്ടിത്തുടങ്ങി. 
പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ഓര്‍ക്കുന്നു. ആരെങ്കിലും എന്നെ പ്രസംഗം പരിശീലിപ്പിക്കുകയോ എനിക്കു പ്രസംഗം എഴുതിത്തരികയോ ചെയ്തിട്ടില്ല. പ്രസംഗം കേള്‍ക്കുന്നത് എനിക്കെന്നും ഇഷ്ടമായിരുന്നു. നല്ല പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ എന്നോടു പറയുമായിരുന്നു, 'എനിക്കും ഇതുപോലെ പ്രസംഗിക്കാന്‍ കഴിയും.' ഈ ആത്മവിശ്വാസമാണ് എന്നെ പ്രസംഗവേദിയിലേക്കു കൈപിടിച്ചുകയറ്റിയത്.
പില്‍ക്കാലത്തു ഞാന്‍ പക്ഷേ, ധാരാളം കുട്ടികള്‍ക്കു പ്രസംഗങ്ങള്‍ എഴുതിക്കൊടുക്കുകയും പ്രസംഗപരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നല്ല, പ്രസംഗകലയെക്കുറിച്ച് 'പ്രസംഗിക്കുക പ്രസംഗകനാവുക' എന്നൊരു മാര്‍ഗനിര്‍ദേശകഗ്രന്ഥവും എഴുതി. അതിന്റെ പിന്നിലൊരു കഥയുണ്ട്. എന്റെ അധ്യാപകസുഹൃത്തിന്റെ മകന് എഴുതിക്കൊടുത്ത പ്രസംഗങ്ങളാണ് അതിലുള്ളത്. ആ കുട്ടിക്ക് ഒരു കാര്യത്തില്‍ ഉറപ്പായിരുന്നത്രേ, ഞാന്‍ എഴുതിക്കൊടുത്താല്‍ പ്രസംഗത്തിനു സമ്മാനം കിട്ടും. അതു വെറുതേയായിരുന്നില്ല. ഏതാണ്ടെല്ലാ പ്രസംഗവേദികളിലും അയാള്‍ സമ്മാനം നേടിയിരുന്നു. 
1992 ലാണ്, ഒരു ദിവസം തേക്കിന്‍കാട് ജോസഫ് എന്നെ വിളിച്ചു. ദീപികയില്‍ ഡി.സി.എല്‍.ന്റെ ചുമതല അദ്ദേഹത്തിനാണ്. ബാലസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രസംഗസമാഹാരം പ്രസിദ്ധീകരിക്കണം. തയ്യാറാക്കിക്കൊടുക്കാമോ എന്നറിയാനാണ് വിളിച്ചത്. ഞാന്‍ സമ്മതിച്ചു ഇക്കാര്യം ഞാന്‍ മുമ്പു പറഞ്ഞ അധ്യാപകസുഹൃത്തിനോടു പറഞ്ഞു. അദ്ദേഹം എന്നെ അമ്പരപ്പിച്ചുകൊണ്ട് ഒരു കാര്യം ചെയ്തു.  ഞാന്‍ എഴുതിക്കൊടുത്ത പ്രസംഗങ്ങളുടെ  കൈയെഴുത്തുകോപ്പികള്‍ മുഴുവനും എനിക്കു കൊണ്ടുവന്നു തന്നു! ഒന്നും നഷ്ടപ്പെടാതെ അദ്ദേഹം സൂക്ഷിച്ചുവച്ചിരുന്നു.
അദ്ദേഹത്തിന്റെ മകന്‍ നല്ലൊരു പ്രസംഗകനായി സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പഠനത്തില്‍ ഏറെ സമര്‍ഥനായിരുന്ന അയാള്‍ ഏതോ വിദേശകമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗം നേടി പുറത്തേക്കുപോകുകയാണു ചെയ്തത്. നാട്ടില്‍ അനുകൂലസാഹചര്യത്തിലായിരുന്നെങ്കില്‍ എന്റെ പ്രതീക്ഷ സഫലമാകുമായിരുന്നു. 
പ്രസംഗം ഒരു കലയാണ്. വിഷയജ്ഞാനംകൊണ്ടു മാത്രം ഒരാള്‍ക്കു നല്ല പ്രസംഗകനാവാന്‍ കഴിയില്ല. എന്നാല്‍, അതു നിര്‍ബന്ധമായും ഉണ്ടായിരിക്കുകയും വേണം. അല്ലെങ്കില്‍ 'വായില്‍ വരുന്നതു കോതയ്ക്കു പാട്ട്' എന്ന നിലയില്‍ ബാലിശമായിപ്പോകും. വസ്തുതകള്‍ ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുന്നതിലാണു പ്രസംഗകന്റെ വിജയം. അതിനുവേണ്ട ചില തന്ത്രങ്ങളൊക്കെയുണ്ട്. 'ഒറെറ്റാറിക്കല്‍ ടെക്‌നിക്കുകള്‍' എന്നു പറയും. 
സാംസ്‌കാരികരംഗത്ത് എനിക്കിഷ്ടപ്പെട്ട രണ്ടു പ്രസംഗകരാണുണ്ടായിരുന്നത്. സുകുമാര്‍ അഴീക്കോടും കെ.എം. തരകനും. തരകന്റെ പ്രസംഗമായിരുന്നു കൂടുതല്‍ ഉജ്വലം. എന്നാല്‍, ടെക്‌നിക്കുകള്‍കൊണ്ട് ശ്രോതാക്കളെ കൂടുതല്‍ വശീകരിക്കാന്‍ അഴീക്കോടിനു കഴിഞ്ഞിരുന്നു. ഇരുവരുടെയും പ്രസംഗങ്ങള്‍ കേട്ടുകൊണ്ടിരിക്കുമ്പോഴും എന്റെ ഉള്ളില്‍ ഞാന്‍തന്നെ സ്വകാര്യം പറഞ്ഞിരുന്നു, എനിക്കും ഇതുപോലെ പ്രസംഗിക്കാന്‍ കഴിയുമല്ലോ. അതുകൊണ്ടുതന്നെയാവണം ഒരു കാര്യത്തിലും അവരെ അനുകരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. 'എന്റെ പ്രസംഗം എന്റെ സ്വന്തം' എന്നുമാത്രം കരുതി. 
നല്ല സ്വരം, നല്ല വിശകലനവൈദഗ്ധ്യം, നല്ല അവതരണം, മിതമായ നര്‍മബോധം, സന്ദര്‍ഭോചിതമായ ഉദ്ധരണികള്‍, ശ്രോതാക്കളുമായി ആശയസംവാദത്തിലാണ് എന്ന ചിന്ത, സദസ്സിന്റെ പ്രതികരണം മനസ്സിലാക്കി സംസാരിക്കാനുള്ള ഔചിത്യബോധം ഇവയൊക്കെ ഒരു നല്ല പ്രഭാഷകന്റെയും നല്ല പ്രഭാഷണത്തിന്റെയും സവിശേഷതകളാണ്. ഇതിനെയെല്ലാം അനുഗ്രഹിച്ചുനിര്‍ത്തുന്നത് ജന്മസിദ്ധമായ പ്രസംഗചാതുരിയും. അതില്ലാത്ത പ്രസംഗകരെ ശ്രോതാക്കള്‍ ഒട്ടും സഹിച്ചെന്നു വരില്ല. 
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, വ്യത്യസ്തവേദികളില്‍ ഒട്ടധികം പ്രഭാഷണങ്ങള്‍ നടത്താന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നു ഞാന്‍ കൃതജ്ഞതാപൂര്‍വം ഓര്‍മിക്കുന്നു.

 

Login log record inserted successfully!