നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ കുറ്റവാളികളാണ്. അവരെ അറസ്റ്റു ചെയ്യുക, കോടതിയില്‍ ഹാജരാക്കുക, കസ്റ്റഡിയില്‍ വാങ്ങുക, ചോദ്യം ചെയ്യുക എന്നീ നടപടികളൊക്കെ പോലീസിന്റെ അല്ലെങ്കില്‍ കുറ്റാന്വേഷണ എജന്‍സികളുടെ ചുമതലയാണ്. ഭൂരിപക്ഷം കുറ്റവാളികളെയും പോലീസെത്തി അറസ്റ്റു ചെയ്യുകയാണു പതിവ്. ചിലര്‍ ഒളിച്ചോടിക്കളയും, മറ്റുചിലര്‍ നേരിട്ടുവന്ന് കീഴടങ്ങുകയും ചെയ്യും. ഇതൊക്കെയായിരുന്നു പൊതുവേയുള്ള രീതി.
എന്നാല്‍, ഈയിടെ ഒരു പുതിയ പ്രവണത പ്രചാരത്തില്‍ വന്നിട്ടുണ്ട്, അറസ്റ്റു ചെയ്യാന്‍ വരുന്നു എന്നു കേട്ടാലുടനെ ആശുപത്രിയില്‍ അഡ്മിറ്റാവുക. കാരണമറിയാത്ത അസ്വസ്ഥത, നെഞ്ചുവേദനയെന്ന തോന്നല്‍, തലവേദന, നടുവേദന തുടങ്ങിയ രോഗങ്ങളാണു പലരെയും പിടികൂടുന്നത്. വി.ഐ.പി. കുറ്റവാളികള്‍ക്കാണ് ഇത്തരം രോഗങ്ങള്‍ പെട്ടെന്നുണ്ടാകുന്നതും ആശുപത്രിപ്രവേശനം അനിവാര്യമാകുന്നതും.
ഏറ്റവും ഒടുവില്‍ ഈ രോഗം പിടികൂടിയത് മുന്‍മന്ത്രിയും ഇപ്പോള്‍ എം.എല്‍.എ.യുമായ ഇബ്രാഹിംകുഞ്ഞിനെയാണ്. പാലാരിവട്ടം പാലത്തില്‍ പല ഉദ്യോഗസ്ഥര്‍ക്കും ഒപ്പം അദ്ദേഹവും തെന്നിവീണിരിക്കുകയാണല്ലോ. ഒന്നും പറ്റിയിട്ടില്ല എന്ന് അദ്ദേഹം പലകുറി ആവര്‍ത്തിച്ചെങ്കിലും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അത്രയ്ക്കങ്ങു ബോധ്യപ്പെട്ടില്ല. ജയിലില്‍ കിടന്നുള്ള ചികിത്സയാണ് കുഞ്ഞിനു കൂടുതല്‍ നല്ലതെന്നാണ് അവരുടെ പക്ഷം.
അവിടേക്കു കൊണ്ടുവരാന്‍ വിജിലന്‍സ് എത്തുന്ന കാര്യം മണത്തറിഞ്ഞ കുഞ്ഞ് ഒരു സ്വകാര്യ ആശുപത്രിയിലെ കിടക്കയിലാണ് അഭയം തേടിയത്. ഡോക്ടര്‍ എത്ര ചികഞ്ഞുനോക്കിയിട്ടും ചില ജീവിതശൈലീരോഗങ്ങള്‍ക്കപ്പുറത്ത് കാര്യമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലത്രേ. ഏതായാലും, വീട്ടിലെത്തിയ വിജിലന്‍സുകാര്‍ അവിടെ ആളെ കാണാഞ്ഞു നേരേ ആശുപത്രിയില്‍ത്തന്നെ എത്തി.
കിടക്കയില്‍ കൈകൂപ്പിക്കിടന്ന ഇബ്രാഹിംകുഞ്ഞിനോട് അവര്‍ അതിക്രമമൊന്നും പ്രവര്‍ത്തിച്ചില്ല. ബഹുമാനപൂര്‍വ്വം അറസ്റ്റു രേഖപ്പെടുത്തിയശേഷം മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് മൂന്നു ദിവസത്തേക്കു പ്രതീകാത്മകമായി കസ്റ്റഡിയില്‍ വാങ്ങുകയേ ചെയ്തുള്ളൂ. അത് നവംബര്‍ 18 ന് ആയിരുന്നു. ഇനി ജയില്‍വാസത്തിനുള്ള ശാരീരികയോഗ്യത വീണ്ടെടുക്കുന്നതുവരെയോ കോടതി ജാമ്യം അനുവദിക്കുന്നതുവരെയോ അദ്ദേഹത്തിന് ആശുപത്രിയില്‍തന്നെ കഴിയാം. പ്രഷര്‍ കൂടിനില്ക്കും എന്നേയുള്ളൂ. അതു സാരമില്ല.
മന്ത്രിമാരും എം.എല്‍.എ. മാരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമൊക്കെ ജനസേവകന്മാരെന്നാണ് നമ്മളൊക്കെ കരുതിയിരിക്കുന്നത്. എന്നിട്ടും അവര്‍ക്കെന്തേ ഇത്തരം ദുര്യോഗങ്ങളൊക്കെ പറ്റുന്നു എന്ന് നമ്മള്‍ ആശ്ചര്യപ്പെടുകയൊന്നും വേണ്ട. സംഗതി വളരെ ലളിതമാണ്. ജനത്തെ മറക്കുകയും ധനത്തെ മുറുകെപ്പിടിക്കുകയും ചെയ്യുന്നു എന്നുതന്നെ. ധനലഹരിയുമായി താരതമ്യപ്പെടുത്തിയാല്‍ മദ്യലഹരിയും മയക്കുമരുന്നുലഹരിയുമൊക്കെ അതിനടുത്തെങ്ങും എത്തുകയില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
മുസ്ലീംലീഗിന്റെ സമുന്നത നേതാവ് കുഞ്ഞാലിക്കുട്ടിസാഹിബിന്റെ വിശ്വസ്തമിത്രമെന്നാണ് ഇബ്രാഹിംകുഞ്ഞ് അറിയപ്പെടുന്നത്. രണ്ടുപേരുടെയും പേരിലുള്ള 'കുഞ്ഞ്' ആയിരിക്കാം കാരണം. രണ്ടു കുഞ്ഞു ചേരുമ്പോള്‍ 'ഇമ്മിണി ബല്യകുഞ്ഞ്' ആകുമെന്നാണല്ലോ ബഷീറിന്റെ പ്രമാണം!
ഇബ്രാഹിംകുഞ്ഞ് അത്ര ചെറിയ മീനല്ല. 2001 മുതല്‍ അദ്ദേഹം എം.എല്‍.എ. ആണ്. തോല്‍വി അറിഞ്ഞിട്ടില്ല. 2005 ല്‍ കുഞ്ഞാപ്പ എന്ന കുഞ്ഞാലിക്കുട്ടി മന്ത്രി ഐസ്‌ക്രീമില്‍ ചവുട്ടിവീണപ്പോള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന വകുപ്പുകളുടെ കാവലാളായിരിക്കാന്‍ നിയോഗമുണ്ടായത് ഇബ്രാഹിംകുഞ്ഞിനാണ്. അദ്ദേഹം അത് സ്തുത്യര്‍ഹമായി നിര്‍വ്വഹിക്കുകയും ചെയ്തു.
ചെറിയ കാര്യങ്ങളില്‍ വിശ്വസ്തനായവനെ വലിയ കാര്യങ്ങളില്‍ നിയമിക്കും എന്നാണല്ലോ മഹദ്വചനം. അത് കുഞ്ഞാലിക്കുട്ടി സാഹിബ് മറന്നില്ല. 2016 ല്‍ അധികാരം വീണ്ടുകിട്ടിയപ്പോള്‍ ഇബ്രാഹിംകുഞ്ഞിനെ പൊതുമരാമത്ത് എന്ന പെരിയ വകുപ്പിന്റെ കാര്യസ്ഥനാക്കി. അതാണ് പാവം കുഞ്ഞിനു വിനയായത്.
ഇനിയിപ്പോള്‍ എന്താണു പോംവഴി? നിയമം നിയമത്തിന്റെ വഴിക്കുപോകും. പ്രഖ്യാതമായ ആന്റണിവചനം. നേര്‍വഴിക്കുപോകുന്നവര്‍ക്കൊക്കെ ആ വഴിയില്‍ സധൈര്യം സഞ്ചരിക്കാം. ഇബ്രാഹിംകുഞ്ഞിനു പക്ഷേ, അത്രയ്ക്കു ധൈര്യമുണ്ടോയെന്നു തീര്‍ച്ചയില്ല. കാത്തിരുന്നു കാണാം.
അറസ്റ്റു വരുന്നേ എന്നറിഞ്ഞു പേടിച്ച് അലോപ്പതിയാശുപത്രിയിലും ആയുര്‍വേദാശുപത്രിയിലും അഭയംതേടി ഓടിയ ഒരു ഐ.എ.എസ്. പ്രമുഖന്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലില്‍ സുഖവാസത്തിലാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. വകുപ്പു സെക്രട്ടറിയുമായിരുന്ന ഡോ. എം. ശിവശങ്കര്‍.
ജൂലൈ 16 നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാരോഹണം. സര്‍ക്കാര്‍ ഭാഷയില്‍ അതിനു സസ്‌പെന്‍ഷന്‍ എന്നു പറയും. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു നടപടി.
കുറച്ചുദിവസത്തേക്കു മാധ്യമവാര്‍ത്തകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ജൂലൈ 29 മുതല്‍ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വന്നു. മിക്കവാറും ദിവസങ്ങളില്‍ ഏതെങ്കിലും ഒരു അന്വേഷണ ഏജന്‍സി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിക്കും. ചിലപ്പോള്‍ തിരുവനന്തപുരത്ത്, മറ്റു ചിലപ്പോള്‍ കൊച്ചിയില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, സി.ബി.ഐ. എന്നിങ്ങനെ. കുറെക്കഴിഞ്ഞപ്പോള്‍ അത് ശിവശങ്കറിനൊരു പതിവു ശീലമായി. 'നാളെ ആരാ' എന്നു മാത്രമേ അദ്ദേഹം ആലോചിക്കുകയും അന്വേഷിക്കുകയും ചെയ്തിരുന്നുള്ളൂ.
പക്ഷേ, ഒക്‌ടോബര്‍ 17 ന് കാറ്റൊന്നു മാറിവീശി. ശിവശങ്കറിന്റെ വീട്ടില്‍ സന്ധ്യകഴിഞ്ഞപ്പോള്‍ എത്തിയ കസ്റ്റംസുകാര്‍ പറഞ്ഞു: ഇന്ന് ഞങ്ങളുടെ വണ്ടിയില്‍ പോന്നാമതി.
അദ്ദേഹം തടസ്സമൊന്നും പറഞ്ഞില്ല. വണ്ടിയില്‍ കയറി. അപ്പോളൊരു സംശയം... അറസ്റ്റു മണക്കുന്നുണ്ടോ? വണ്ടി നീങ്ങിത്തുടങ്ങി. പെട്ടെന്ന് ശിവശങ്കര്‍ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചു. വയ്യാ, കസ്റ്റംസുകാര്‍ പരിഭ്രാന്തരായി. ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെത്തിക്കാനാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. അവര്‍ അങ്ങനെ ചെയ്തു മടങ്ങി.
ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിക്കപ്പെട്ട ശിവശങ്കറെ ഭാര്യ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ മാറിമാറി പരിശോധിച്ചു. ഒരു വേദനയുമില്ല! പിന്നെ മെഡിക്കല്‍ കോളജിലേക്ക്. അവിടെ വിദഗ്ധപരിശോധന. ഒടുവില്‍ ശിവശങ്കര്‍തന്നെ പറഞ്ഞു: നല്ല നടുവേദനയുണ്ട്. പിന്ന താമസിച്ചില്ല ഒരുപിടി വേദനസംഹാരികള്‍ നല്‍കി അവര്‍ അദ്ദേഹത്തെ യാത്രയാക്കി.
ഇനിയെന്തുവഴി! അദ്ദേഹത്തിന്റെ ആലോചന ചെന്നുനിന്നത് ആയുര്‍വേദ ആശുപത്രിയിലാണ്. ഉഴിച്ചില്‍ ചികിത്സ. ഏഴു ദിവസം ഉഴിഞ്ഞിട്ടും അറസ്റ്റുകാരെത്തിയില്ല. അതുകൊണ്ട് ചികിത്സ ഏഴു ദിവസത്തേക്കുകൂടി നീട്ടി.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഒക്‌ടോബര്‍ 28 നു നിരസിക്കപ്പെട്ടു. വാതില്ക്കല്‍ കാത്തുനിന്നിരുന്ന എന്‍ഫോഴ്‌സുമെന്റുകാര്‍ ഡോക്ടറുടെ അനുവാദത്തോടെ ശിവശങ്കറിനെയുംകൊണ്ടു കൊച്ചിയിലേക്ക് യാത്രയായി. പകല്‍മുഴുവന്‍ നീണ്ട ചോദ്യംചെയ്യല്‍; ഒടുവില്‍ അറസ്റ്റും!
ആദ്യം റിമാന്റ് ഏഴു ദിവസത്തേക്ക്. പിന്നെ ആറു ദിവസത്തേക്കും. അതുകഴിഞ്ഞ് നവംബര്‍ 26 വരെ 15 ദിവസത്തേക്കും അതു നീട്ടി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷകള്‍ തുടരെ നിഷേധിക്കപ്പെടുന്നു. 23 ന് കോടതി കസ്റ്റംസുകാര്‍ക്കും അനുവാദം കൊടുത്തു, ശിവശങ്കറിനെ അറസ്റ്റു ചെയ്യാന്‍. ഇനിയിപ്പോള്‍ മറ്റ് ഏജന്‍സികളും കാത്തുനില്‍ക്കുകയാണ്, ശിവശങ്കറിനെ അറസ്റ്റു ചെയ്യാന്‍!
അറസ്റ്റു ഭയന്ന് അശുപത്രിക്കിടക്കയില്‍ അഭയം തേടിയ മറ്റൊരു ഐ.എ.എസുകാരന്റെ കാര്യം ഇപ്പോഴും മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ആളിന്റെ പേര് ശ്രീറാം വെങ്കിട്ടരാമന്‍.
അദ്ദേഹം ചെയ്ത കുറ്റമെന്താണ്? മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവന്‍ കവര്‍ന്നു. ഒപ്പം കാറില്‍ ഒരു കൂട്ടുകാരിയുമുണ്ടായിരുന്നു. അപകടം സംഭവിച്ചുകഴിഞ്ഞപ്പോള്‍ കക്ഷി പറഞ്ഞത്, താനല്ല അവളാണു കാറോടിച്ചിരുന്നതെന്നാണ്. എന്തൊരു സ്‌നേഹം!
കൊലപാതകമാണു കുറ്റം. എങ്കിലും രക്ഷപ്പെടണ്ടേ? ആദ്യം മെഡിക്കല്‍ കോളജില്‍, പിന്നെ സ്വകാര്യ ആശുപത്രിയില്‍, അവിടെനിന്നു വീണ്ടും മെഡിക്കല്‍കോളജ് ആശുപത്രിയില്‍. രോഗം ഒന്നുമില്ല. എങ്കിലും ചികിത്സ തകൃതിയായി നടന്നു. ആളൊരു ഡോക്ടറായിരുന്നതുകൊണ്ട് ഡോക്ടര്‍മാര്‍ അറിഞ്ഞുസഹായിക്കുകയും ചെയ്തിരിക്കണം.
ഏതായാലും, തല്‍ക്കാലം രക്ഷപ്പെട്ടു. കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം കിട്ടി. പക്ഷേ, ഇപ്പോള്‍ കോടതിയെത്തന്നെ കബളിപ്പിക്കാനാണു ശ്രമമെന്നു തോന്നുന്നു. രണ്ടു തവണ സമന്‍സയച്ചിട്ടും കക്ഷി വകവച്ചില്ല. താനല്ല കാറാണല്ലോ ആളിനെ കൊന്നത് എന്നായിരിക്കും ഉള്ളിലിരുപ്പ്. കാറ് കസ്റ്റഡിയിലെടുത്തു വേണമെങ്കില്‍ ശിക്ഷിക്കട്ടെ എന്നും!
ഒടുവില്‍ കോടതി അറസ്റ്റുമുന്നറിയിപ്പു നല്‍കിയപ്പോള്‍ അദ്ദേഹം ഹാജരായി. നിയമത്തോടും നിയമപാലനസംവിധാനങ്ങളോടും ഈ ഐ.എ.എസ്. ഉദ്യോഗസ്ഥന് എന്തൊരു ബഹുമാനം!
ഒരു ജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ നമ്മുടെ നിയമങ്ങള്‍ എപ്പോഴും പൗരസ്വാതന്ത്ര്യത്തിനു മുന്‍ഗണന നല്‍കുന്നതാണ്. ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന്. പക്ഷേ, ഈ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യാനാണ്, സമൂഹത്തിനാകെ മാതൃകയാകേണ്ട ഉന്നതവ്യക്തികള്‍പോലും ശ്രമിക്കുന്നത് എന്നറിയുമ്പോള്‍ ആര്‍ക്കാണ് ദുഃഖവും നിരാശയും ഉണ്ടാകാത്തത്?
എങ്കിലും 'ദൈവനീതിക്കു ദാക്ഷിണ്യമില്ല' എന്ന് ഈ സംഭവങ്ങളൊക്കെ നമുക്കു പറഞ്ഞു തരുന്നുമുണ്ട്.