•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

ദൈവത്തെ നല്‍കിയവര്‍

ജൂലൈ 16  കൈത്താക്കാലം ഒന്നാം ഞായര്‍

1 രാജ 18:30-39   ശ്ലീഹ 5:12-20 
1 കോറി 1:9-16   ലൂക്കാ 14:7-14

കൈത്താക്കാലത്തിന്റെ ആദ്യഞായറാഴ്ചയിലേക്കു നാം പ്രവേശിച്ചിരിക്കുകയാണല്ലോ.''കൈത്താ'' എന്ന പദത്തിന്റെ അര്‍ഥം വേനല്‍ എന്നാണ്. വിളവെടുപ്പും ഫലശേഖരണവും നടത്തുന്ന വേനല്‍ക്കാലത്തെ ഈ കാലം ഓര്‍മിപ്പിക്കുന്നു. ശ്ലീഹാക്കാലത്തെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഫലമായി ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വളര്‍ന്നുപന്തലിച്ച സഭ ഫലംചൂടി നില്‍ക്കുന്ന അവസ്ഥയെ കൈത്താക്കാലം അടയാളപ്പെടുത്തുന്നു. കൈത്താക്കാലത്തിന്റെ ആദ്യഞായറാഴ്ച പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുനാളാണ്. മിശിഹാനുഭവത്തിന്റെ സാക്ഷികളും പ്രഘോഷകരും മിശിഹായില്‍ നമ്മെ ജനിപ്പിച്ചവരുമായ ശിഷ്യന്മാരെ പ്രത്യേകമായി അനുസ്മരിക്കുന്നത് ഉചിതമാണല്ലോ. 
ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളുടെ എണ്ണത്തില്‍ നിന്നാണ് ശ്ലീഹന്മാരുടെ എണ്ണം പന്ത്രണ്ടായി നിശ്ചയിക്കപ്പെട്ടത് എന്നു നമുക്കറിയാം. ഇതു സൂചിപ്പിക്കുന്ന വി. ഗ്രന്ഥഭാഗമാണ് ഇന്നത്തെ ആദ്യവായന (1 രാജാ 18:30-39). 'നിന്റെ നാമം ഇസ്രായേല്‍ എന്നായിരിക്കും എന്ന് കര്‍ത്താവ് ആരോട് അരുള്‍ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അവന്‍ (ഏലിയാ) പന്ത്രണ്ട് കല്ലെടുത്തു' (18:31). ഇസ്രായേല്‍ എന്ന ദൈവജനത്തിന്റെ ചരിത്രത്തിന്റെ ഉള്ളടക്കം ദൈവം തിരഞ്ഞെടുത്ത  യാക്കോബിന്റെയും അവന്റെ പുത്രന്മാരുടെയും അവരുടെ സന്താനപരമ്പരകളുടെയും ചരിത്രമാണ്. ഏലിയാ ചുറ്റും കൂട്ടിയിരിക്കുന്നത് ഈ പന്ത്രണ്ടു ഗോത്രങ്ങളിലെ അംഗങ്ങളെയാണ്. അതായത്, ഇസ്രായേല്‍ എന്ന രാജ്യനാമത്തിലുപരി ആ പേരിനു കാരണമായ വ്യക്തിയുടെ പിന്മുറക്കാരുടെ കൂട്ടായ്മയാണത്. 
ഏലിയാ ബലിപീഠം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കല്ലുകള്‍ വെറും കല്ലുകളല്ല, ബലിപീഠം സാധാരണ ബലിപീഠവുമല്ല. ആ കല്ലുകള്‍ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെയും അവയിലെ സകല ആളുകളെയും പ്രതിനിധീകരിക്കുന്നു. ഏലിയാ ബലിയര്‍പ്പിക്കുന്നത് യഥാര്‍ഥത്തില്‍ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ മുകളിലാണ്. അതുകൊണ്ടാണ് കര്‍ത്താവില്‍നിന്ന് അഗ്‌നിയിറങ്ങി ബലിവസ്തുവും  വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തപ്പോള്‍ ജനം സാഷ്ടാംഗം വീണ് 'കര്‍ത്താവുതന്നെ ദൈവം' എന്ന് അംഗീകരിച്ച് ഏറ്റുപറഞ്ഞത് (18:38,39). തങ്ങളെത്തന്നെ ആഗിരണം ചെയ്യുന്ന ദൈവത്തിന്റെ ശക്തിയുടെ മുന്നില്‍ ജനം മാനസാന്തരപ്പെടുന്നു. 
പുതിയ ഉടമ്പടിയുടെ ഭാഗമായി ഈശോ പന്ത്രണ്ട് അപ്പസ്‌തോലന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ ജനത്തിന്റെ ഭാരങ്ങള്‍ പേറുന്ന പന്ത്രണ്ട് ബലിപീഠങ്ങളായി തീരുകയാണ് (രണ്ടാം വായന: ശ്ലീഹ 5:12-20). പഴയ ഉടമ്പടിയില്‍ എല്ലാം പ്രതീകങ്ങളായിരുന്നു. കുഞ്ഞാടും കോലാടും പന്ത്രണ്ടു കല്ലുകളുമെല്ലാം മനുഷ്യനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട പ്രതീകങ്ങളായിരുന്നു. പുതിയ ഉടമ്പടിയില്‍ ആകട്ടെ, പ്രതീകങ്ങളെല്ലാം ഇല്ലാതായി, ദൈവപുത്രന്‍തന്നെ ഭൂമിയിലേക്കു വരുന്നു. അവന്‍ ഭവനത്തിന്റെ മൂലക്കല്ലായിത്തീരുന്നു; അവന്‍ ഭവനംതന്നെയായി മാറുന്നു. 
മുമ്പ് ബലിപീഠവും ബലിവസ്തുവും വ്യത്യസ്തമായിരുന്നെങ്കില്‍ പുതിയ ഉടമ്പടിയില്‍ അതു വ്യത്യസ്തമല്ല, ബലിപീഠവും ബലിവസ്തുവും ഒന്നുതന്നെയാകുന്നു; ഈശോമിശിഹാ. ആ ഈശോമിശിഹായുടെ ശിഷ്യന്മാരും അവന്റെ പാത പിന്തുടര്‍ന്ന് മിശിഹായ്ക്കു സാക്ഷ്യംവഹിച്ച് സ്വജീവിതം ബലിയായി നല്‍കുന്നു. പ്രതീകങ്ങള്‍ അര്‍പ്പിച്ച് ബലി അര്‍പ്പിക്കുന്ന പഴയ ഉടമ്പടിയുടെ മാതൃക പുതിയ ഉടമ്പടിക്കാലത്തില്ല. ഇവിടെ ഓരോരുത്തരും ബലിവസ്തുക്കളും ബലിയര്‍പ്പകരുമാകുന്നു. ഇതിന്റെ ആദ്യമാതൃക ഈശോമിശിഹായും, വീണ്ടുമുള്ള മാതൃക ശിഷ്യന്‍മാരും, തുടര്‍ന്നങ്ങോട്ട് മിശിഹായ്ക്കു സാക്ഷ്യം വഹിച്ച് സ്വജീവിതം അര്‍പ്പിച്ച എല്ലാ ക്രിസ്ത്യാനികളും നമുക്ക് മാതൃകകളുമാണ്. അതേ മാതൃക പിന്തുടരുന്നവരായിരിക്കണം നാമോരോരുത്തരും.  
യഥാര്‍ഥ ക്രിസ്തുശിഷ്യന്റെ മനോഭാവവും ജീവിതശൈലിയുമെന്തെന്ന് സുവിശേഷം (ലൂക്കാ 14:7-14) വെളിപ്പെടുത്തുന്നു. എളിമയുടെയും വിവേകത്തിന്റെയും, ദരിദ്രരോടും ആരുമില്ലാത്തവരോടുമുള്ള കരുതലിന്റെയും ജീവിതം നയിക്കുന്നവനായിരിക്കണം ക്രിസ്തുശിഷ്യന്‍. പന്ത്രണ്ടു ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പില്‍ ഈശോ ഇക്കാര്യം കൃത്യമായി പാലിച്ചു എന്നത് നിസ്തര്‍ക്കമാണല്ലോ. സാധാരണക്കാരില്‍നിന്ന് അവന്‍ തിരഞ്ഞെടുത്ത പന്ത്രണ്ടുപേര്‍ മുന്‍നിരയിലേക്ക് 'ഇടിച്ചുകയറാന്‍' താത്പര്യപ്പെട്ടവരല്ല. തങ്ങള്‍ ബലഹീനരാണെന്നു തിരിച്ചറിയുകയും, അതിനാല്‍ത്തന്നെ, തങ്ങളെ 'ബലവാനാക്കുന്നവനില്‍'മാത്രം ബലം കണ്ടെത്തുകയും ചെയ്തവരാണവര്‍. 
ഈശോയുടെകൂടെ, അവന്റെ നിര്‍ദേശമനുസരിച്ചുമാത്രം ചരിച്ച ശിഷ്യന്മാര്‍ ലോകത്തിന്റെ വ്യാപാരങ്ങളിലേക്കു എടുത്തുചാടുന്നതില്‍നിന്ന് വിവേകപൂര്‍വമായ അകലം പാലിച്ചു. തങ്ങളെ വിളിച്ച ആതിഥേയന്‍, ഈശോമിശിഹാ, അതിനാല്‍, അവരെ മുന്നോട്ടു കയറിയിരിക്കാന്‍ ക്ഷണിച്ചു. പരിശുദ്ധറൂഹായുടെ നിറവിനാല്‍ അവര്‍ ധൈര്യമുള്ളവരായി. അവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം നല്‍കപ്പെട്ടു. പഴയ ഉടമ്പടിയിലെ ഇസ്രായേലിന്റെ സ്ഥാനത്ത് പുതിയ ഉടമ്പടിയില്‍ പ്രധാന സ്ഥാനക്കാരായി അവര്‍ മാറി. എന്നാല്‍, നേതാവാകാന്‍ കൊതിച്ചവന്‍, പണപ്പെട്ടി സൂക്ഷിച്ചവന്‍, ഒറ്റുകാരനായി ആരുമാകാതെ അവസാനിച്ചു. ''തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും'  (14:11). 
തങ്ങളെ സമീപിക്കുന്നവര്‍ക്കു നല്‍കാന്‍  സമ്പത്തും ഭൗതികനേട്ടങ്ങളും കൈയിലില്ല എന്നു മനസ്സിലാക്കിയവരാണ് ശിഷ്യന്മാര്‍. ദൈവംമാത്രമായിരുന്നു മറ്റുള്ളവര്‍ക്കു നല്കാനുണ്ടായിരുന്ന സമ്പത്ത്. ശിഷ്യന്മാര്‍ക്കുണ്ടായ വലിയ തിരിച്ചറിവായിരുന്നു അത്. അതിനു കാരണമാകട്ടെ ഈശോയുടെ വചനവും: ''പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല'' (14:14). പകരം നല്കാന്‍ എന്തെങ്കിലും ഉണ്ടായാല്‍ കൊടുക്കുന്ന സാധനത്തിന്/സേവനത്തിന് തുല്യതയാകും. എന്നാല്‍, അതുല്യഅനുഭവമായ ദൈവത്തെയാണു നല്‍കുന്നതെങ്കില്‍ പകരം വയ്ക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് അവര്‍ എന്നേക്കും കടപ്പെട്ടവരായിരിക്കും. മറ്റുള്ളവര്‍ക്ക് ദൈവത്തെ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നത് ദൈവമായിരിക്കും (14:14യ). 
കര്‍ത്താവിന്റെ ഈ വചനങ്ങള്‍ ശിഷ്യന്മാര്‍ കൃത്യമായി മനസ്സിലാക്കിയതുകൊണ്ടു  സഭ നല്‍കേണ്ട മുന്‍ഗണനകളെ നിശ്ചയിക്കുന്നതില്‍ അവര്‍ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. സാമൂഹികസേവനവും അഗതിശുശ്രൂഷയുമൊക്കെ മുന്‍ഗണകളില്‍ രണ്ടാമത് നിര്‍ത്തുവാന്‍ അവര്‍ ശ്രദ്ധിച്ചു. ഇത്തരം ശുശ്രൂഷകളെ അവഗണിക്കാതെതന്നെ ദൈവത്തെ നല്‍കുന്നതില്‍ അവര്‍ വിജയിച്ചു. സാമൂഹികസേവനവും അഗതിശുശ്രൂഷയുമൊക്കെ ഇന്ന് പകരം വയ്ക്കാവുന്നതായതുകൊണ്ട് സഭയുടെ മുന്‍ഗണന അതിലേക്കു പോകുമ്പോള്‍ വെല്ലുവിളികളും പരാതികളും പരിഭവങ്ങളും ബാക്കിയാകുന്നു. പകരം വയ്ക്കാനില്ലാത്ത ദൈവത്തെ നല്‍കിയാല്‍ ശിഷ്യന്മാരെപ്പോലെ മുമ്പന്മാരാകാം.

Login log record inserted successfully!