•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

സ്മാരകങ്ങളുയരണം പാലായിലെ സാഹിത്യപ്രതിഭകള്‍ക്ക്

മൂഹത്തിന്റെ സാംസ്‌കാരികജീവിതത്തെ പ്രദീപ്തമാക്കുന്ന മഹത്തായ സംഭാവനകള്‍ നല്കിയ എഴുത്തുകാരെയും കലാകാരന്മാരെയും ആദരിക്കുന്നതിന് ആസ്വാദകസമൂഹം എന്നും എവിടെയും തയ്യാറായിട്ടുണ്ട്. സ്മാരകങ്ങള്‍, പ്രതിമകള്‍, പഠനകേന്ദ്രങ്ങള്‍, പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ ആ മഹാപ്രതിഭകളുടെ സ്മരണ ശാശ്വതമായി നിലനിര്‍ത്തുന്ന ഉപാധികള്‍ പലതാണ്. ഇവയെല്ലാം പില്ക്കാലതലമുറകള്‍ ആ പ്രതിഭാശാലികളോടു പ്രകടിപ്പിക്കുന്ന പ്രതിനന്ദിയുടെ അടയാളങ്ങളായി വിലയിരുത്തപ്പെടുന്നു.
എഴുത്തുകാരുടെയും കലാകാരന്മാരുടെയും യഥാര്‍ത്ഥ സ്മാരകങ്ങള്‍ അവരുടെ കലാസൃഷ്ടികള്‍തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, മനുഷ്യസാമാന്യം മുഴുവന്‍ അത്തരം രചനകള്‍ വായിച്ചും ശില്പങ്ങളും ചിത്രങ്ങളും നേരിട്ടുകണ്ടാസ്വദിച്ചും ആ മഹാപുരുഷന്മാരെ ഉള്ളില്‍ പ്രതിഷ്ഠിക്കും എന്നു കരുതാനാവില്ല. പക്ഷേ, എല്ലാവരും മണ്‍മറഞ്ഞുപോയ ആ പ്രതിഭാശാലികള്‍ അവശേഷിപ്പിച്ചുപോയ പൈതൃകത്തിന്റെ അവകാശികളാണ്. ഇക്കാര്യം പൊതുസമൂഹത്തെ കൂടക്കൂടെ ഓര്‍മ്മിപ്പിക്കുന്ന പ്രതീകങ്ങളാണ് സ്മാരകങ്ങളും മറ്റും.
എഴുത്തുകാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്മാരകങ്ങള്‍ നിവലില്‍വന്നിട്ടുള്ളതു ഷേക്‌സ്പിയറുടെ പേരിലാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌സാമ്രാജ്യം എന്ന വിശേഷണം നേടിക്കൊടുക്കുംവിധം ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും കോളനികള്‍ ഉണ്ടായിരുന്ന രാജ്യമാണ് ബ്രിട്ടണ്‍. അവര്‍ എത്തിച്ചേര്‍ന്നിടത്തൊക്കെ സാമ്രാജ്യത്വവും വ്യാപാരവും മാത്രമല്ല ശക്തിപ്പെട്ടത്, ഇംഗ്ലീഷ്ഭാഷയും സാഹിത്യവും കൂടിയാണ്. ഇന്ത്യയില്‍ ബ്രിട്ടീഷ്‌സാമ്രാജ്യത്തിന് അടിത്തറപാകിയ റോബര്‍ട്ട് ക്ലൈവ് ഇവിടെ എത്തിയത് ഒരു കൈയില്‍ തോക്കും മറുകൈയില്‍ ഷേക്‌സ്പിയറുമായിട്ടായിരുന്നത്രേ. ഇംഗ്ലീഷ് ഭാഷ പ്രചരിച്ചിടത്തെല്ലാം ഷേക്‌സ്പിയര്‍ എന്ന മഹാപ്രതിഭയും ആദരപൂര്‍വം വരവേല്ക്കപ്പെട്ടു.
ഷേക്‌സ്പിയറുടെ സാംസ്‌കാരികസ്വാധീനം വെളിപ്പെടുത്തുന്ന ഒരു വാമൊഴിസംഭവമുണ്ട്. കുറച്ചുവൈകി മാക്‌ബെത്ത് വായിച്ച ഒരു മദാമ്മ പരാതിപ്പെട്ടത്രേ, 'ഈ ഷേക്‌സ്പിയര്‍ മറ്റുള്ളവരുടെ വാക്യങ്ങളെല്ലാം മോഷ്ടിച്ച് സ്വന്തം നാടകത്തില്‍ ചേര്‍ത്തിരിക്കുകയാണല്ലൊ' എന്ന്. മാക്ബത്തില്‍നിന്ന് ഉദ്ധരണികളായി ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുപോന്ന വാക്യങ്ങളും പ്രയോഗങ്ങളും മാക്ബത്തു വായിക്കുംമുമ്പേ മദാമ്മയ്ക്കു സുപരിചിതമായിരുന്നതാണ് ഈ പരാതിക്കു കാരണം. ഒരൊറ്റ സാഹിത്യകൃതിയെടുത്താല്‍, ഏറ്റവുമധികം ഉദ്ധരണികള്‍ പ്രചരിച്ചിട്ടുള്ളതും മാക്ബത്തില്‍നിന്നാണെന്നു പറയപ്പെടുന്നു.
എഴുത്തുകാര്‍ ആസ്വാദകസമൂഹത്തിന്റെ സാംസ്‌കാരികജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്നാണ് ഇതു വ്യക്തമാക്കുന്നത്. അവര്‍ക്ക് ഉദ്ധരിക്കാനും ഉള്ളില്‍ സൂക്ഷിക്കാനും ഉചിതസന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കാനും സഹായകമായ ഒട്ടേറെ വാക്യങ്ങളും സംഭവങ്ങളും പഴമൊഴിസമാനമായ പ്രയോഗങ്ങളുമൊക്കെ മഹത്തായ സാഹിത്യരചനകളില്‍നിന്നാണു കണ്ടെടുക്കപ്പെടുന്നത്. മലയാളത്തില്‍ ഇക്കാര്യത്തില്‍ നമ്മെ ഏറ്റവുമധികം സമ്പന്നരാക്കിയിട്ടുള്ളത് മഹാകവി കുമാരനാശാന്റെ കാവ്യങ്ങളാണ്. മാത്രവുമല്ല, കേരളത്തിന്റെ സാംസ്‌കാരികവികാസത്തിനും സാമൂഹികപരിവര്‍ത്തനത്തിനും എതിരറ്റ ഉത്തേജകപ്രഭാവമായി അവ നിലകൊണ്ടിട്ടുമുണ്ട്.
ഇത്തരം മഹാപ്രതിഭകളുടെ ഓര്‍മ നിലനിര്‍ത്താന്‍ ഉചിതമായ സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മള്‍ കടുത്ത നന്ദികേടായിരിക്കും കാണിക്കുന്നത്. കേരളീയരെക്കുറിച്ചു പക്ഷേ, അങ്ങനെ പരാതിപറയാന്‍ ഇടയില്ലെന്നതാണു വാസ്തവം. നമ്മുടെ മഹാകവികള്‍ക്കും വലിയ എഴുത്തുകാര്‍ക്കും എത്രയോ സ്മാരകങ്ങള്‍ നമ്മള്‍ പണിതീര്‍ത്തു കഴിഞ്ഞിരിക്കുന്നു!
കണ്ണശ്ശകവികള്‍, എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, ഉണ്ണായിവാര്യര്‍, കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, മൂലൂര്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍, ജോസഫ് മുണ്ടശ്ശേരി, അപ്പന്‍ തമ്പുരാന്‍, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ എന്നിങ്ങനെ നിരവധി സര്‍ഗധനര്‍ക്ക് ഉചിതമായ സ്മാരകങ്ങള്‍ തീര്‍ക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്.
ഇപ്പറഞ്ഞതത്രയും ഒരു മുഖവുരമാത്രമാണ്. സംസ്‌കാരസമ്പന്നമായ പാലാ പ്രദേശത്ത്, അല്ലെങ്കില്‍ മീനച്ചില്‍ താലൂക്ക് എന്നറിയപ്പെടുന്ന ഭാഗത്ത്, ജനിച്ചുവളര്‍ന്ന് മലയാളസാഹിത്യത്തിനും കേരളസംസ്‌കാരത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്കി മണ്‍മറഞ്ഞ ഏതാനും സര്‍ഗധനന്മാര്‍ വേണ്ടവിധം അനുസ്മരിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യാതെ അവഗണിക്കപ്പെട്ടിരിക്കുന്നു എന്നു ചൂണ്ടിക്കാണിക്കുകയാണ് ഈ ലേഖനോദ്ദേശ്യം.
ആരൊക്കെയാണ് ആ മഹാപ്രതിഭകള്‍? രാമപുരത്തുവാര്യര്‍ (1703-1753) പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ (1736-1799),  മഹാകവി കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള (1859-1936), ലളിതാംബിത അന്തര്‍ജനം (1909-1987) പാലാ നാരായണന്‍നായര്‍ (1911-2008), മാത്യു എം. കുഴിവേലി (1905-1974), സിസ്റ്റര്‍ മേരി ബനീഞ്ഞാ (1899-1985), മഹാകവി പ്രവിത്താനം പി.എം. ദേവസ്യാ (1903-1996), വെട്ടൂര്‍ രാമന്‍ നായര്‍ (1919-2003), തോമസ് പാലാ (1934-1997) എന്നിങ്ങനെ ഒരു നീണ്ടനിരയുണ്ട് അക്കൂട്ടത്തില്‍. സ്വന്തമായ പാതകള്‍ വെട്ടിത്തെളിച്ചും മുഖ്യധാരയില്‍ ചേര്‍ന്നുനിന്നും തങ്ങളുടെ പ്രതിഭാശക്തികൊണ്ട് കൈരളിയെ ധന്യമാക്കിയവരാണ് ഇവര്‍ ഓരോരുത്തരും.
രാമപുരത്തുവാര്യര്‍ എന്നുകേള്‍ക്കുമ്പോഴേ നമ്മുടെ ഉള്ളില്‍ തെളിയുന്നതു 'കുചേലവൃത്ത'ത്തിലെ വരികളാണ്. അത്രയ്ക്കു ജനപ്രീതി നേടിയകാവ്യമാണത്. രാമപുരത്തിനു സമീപം അമനകരഭാഗത്തുള്ള ഒരു വാര്യമായിരുന്നു അദ്ദേഹത്തിന്റെ ജന്മഗൃഹം. ഒരിക്കല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനോടൊപ്പം വൈക്കത്തുനിന്നു തിരുവനന്തപുരത്തേക്കു ജലമാര്‍ഗം യാത്രചെയ്യുമ്പോള്‍ വാര്യര്‍ മഹാരാജാവിനെ ആലപിച്ചു കേള്‍പ്പിച്ചതാണ് കുചേലവൃത്തമെന്നാണ് ഐതിഹം. കാവ്യത്തില്‍ മഹാരാജാവിനെ ശ്രീകൃഷ്ണനായും തന്നെ കുചേലനായും ഭാവന ചെയ്തിരിക്കുകയാണ് വാര്യര്‍.
കടനാട്ടിലെ പാറേമ്മാക്കല്‍ കുടുംബാംഗമായ തോമ്മാക്കത്തനാരുടെ 'വര്‍ത്തമാനപ്പുസ്തകം' മലയാളത്തില്‍ മാത്രമല്ല ഇന്ത്യന്‍ ഭാഷകളില്‍ത്തന്നെ ആദ്യമുണ്ടായ യാത്രാവിവരണമാണ്. കരിയാറ്റി യൗസേപ്പു മല്പാനോടൊപ്പം 1778-1785 വര്‍ഷങ്ങളില്‍ പോര്‍ട്ടുഗല്‍ വഴി റോമിലേക്കും അവിടെനിന്നു തിരിച്ചും നടത്തിയ സാഹസികയാത്രയുടെ വിവരണമാണ് ആ ഗ്രന്ഥം. കേവലയാത്രാവിവരണത്തിനപ്പുറം ഒരു സര്‍ഗാത്മകരചനയുടെ മൗലിക സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതാണ് വര്‍ത്തമാനപ്പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.
ശ്രീയേശുവിജയം മഹാകാവ്യവും മലയാളത്തിലെ ആദ്യ ബൈബിള്‍നാടകങ്ങളായ യൂദജീവേശ്വരിയും സാറാവിവാഹവും മലയാളത്തിനു സമ്മാനിച്ച കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിളയുടെ കവിയശസ് പാലായ്ക്കു ലഭിച്ച വരദാനമാണ്. ജീവിച്ചിരുന്ന കാലത്തു മലയാള സാഹിത്യത്തിന്റെ മുഖ്യധാരയില്‍ ഇടംനേടിയ കവിപ്രതിഭയായിരുന്നു കട്ടക്കയം. പക്ഷേ, മരണാനന്തരം അദ്ദേഹം പെട്ടെന്നു വിസ്മരിക്കപ്പെട്ടുപോയി. 1988 ല്‍ ഈ ലേഖകന്‍ അദ്ദേഹത്തിന്റെ സമ്പൂര്‍ണരചനകള്‍ സമാഹരിച്ചു പുറത്തുകൊണ്ടുവന്ന 'കട്ടക്കയം കൃതികള്‍' എന്ന ബൃഹദ്ഗ്രന്ഥം  ഒരളവുവരെ ആ കുറവു പരിഹരിച്ചിട്ടുണ്ടെന്നു പറയാം.
മലയാളകഥാരംഗത്തു സ്ത്രീസാന്നിധ്യം ആദ്യമായി അടയാളപ്പെടുത്തിയ ലളിതാംബിക അന്തര്‍ജനം ജന്മംകൊണ്ടു കൊട്ടാരക്കാരക്കാരിയാണെങ്കിലും കര്‍മ്മംകൊണ്ടു പാലാക്കാരിതന്നെയാണ് 'അഗ്നിസാക്ഷി'യെന്ന നോവലിലൂടെ നമ്പൂതിരിസമുദായത്തിലെ സ്ത്രീകളുടെ ദാരുണവും ദയനീയവുമായ ജീവിതത്തിന്റെ നേര്‍ചിത്രമാണവര്‍ വായനക്കാര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത്. രാമപുരം അമനകര ഇല്ലത്തു വിവാഹിതയായെത്തിയ അവരുടെ മിക്കവാറും  എല്ലാ രചനകളും  പിറന്നുവീണത് ആ ഇല്ലത്തിന്റെ ഉള്‍മുറികളിലാണ്.
ആധുനികകാലത്തു പാലാ മലയാളകവിതയ്ക്കു കൈമാറിയ ഏറ്റവും വിലപ്പെട്ട നിധിയാണ്, ജന്മദേശത്തിന്റെ പേരു സ്വന്തം പേരാക്കി മാറ്റിയ പാലാ നാരായണന്‍ നായര്‍. കേരളത്തിന്റെ ചരിത്രവും സാംസ്‌കാരികപ്പെരുമയും ആവിഷ്‌കരിക്കുന്ന അദ്ദേഹത്തിന്റെ 'കേരളം വളരുന്നു' എന്ന കാവ്യവിസ്മയം മലയാളികള്‍ നെഞ്ചേറ്റുകതന്നെ ചെയ്തു. സമാനതകളില്ലാത്ത ഒരു കാവ്യജീവിതത്തിന്റെ ഉടമയാണു പാലായെന്ന അവിസ്മരണീയകവിപ്രതിഭ.
മലയാളത്തിലെ ആദ്യവിജ്ഞാനകോശത്തിന്റെ സംവിധായകനാണു മാത്യു എം. കുഴിവേലി.  'വിജ്ഞാനം' എന്ന പേരില്‍ എട്ടുവാള്യങ്ങളില്‍ പൂര്‍ത്തിയായ ഗ്രന്ഥപാരമ്പരയാണത്. 1950 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തിലാണ് അതിസാഹസികമായ ഈ സംരംഭം കുഴിവേലി പൂര്‍ത്തിയാക്കിയത്. അതുപോലെത്തന്നെ മലയാളത്തിലെ ബാലസാഹിത്യരംഗത്ത് അദ്ദേഹം നല്കിയ സംഭാവനകളും ചരിത്രം സൃഷ്ടിച്ചു.
സിസ്റ്റര്‍ മേരി ബനീഞ്ഞാ ജനിച്ചത് ഇലഞ്ഞിയിലാണെങ്കിലും പാലാ ആസ്ഥാനമായ  കര്‍മ്മലീത്താ സന്ന്യാസിനീ സമൂഹാംഗമെന്ന നിലയില്‍ പാലാക്കാരിയായിട്ടാണു പൊതുവെ അറിയപ്പെടുന്നത്. മലയാളത്തിലെ ഏകമിസ്റ്റിക് കാവ്യമായ ആത്മാവിന്റെ സ്‌നേഹഗീതയും അതിരപ്രശസ്തമായ ലോകമേ യാത്രയും മാര്‍ത്തോമാവിജയം, ഗാന്ധിജയന്തി എന്നീ രണ്ടു മഹാകാവ്യങ്ങളും ഉള്‍പ്പെടെ അതീവസമ്പന്നമാണു ബനീഞ്ഞാമ്മയുടെ കാവ്യലോകം. സന്ന്യാസിനിയായ കവിയും കവിയായ സന്ന്യാസിനിയും എന്നനിലയില്‍ അവര്‍ മലയാളകവിതയില്‍ ഒരു വിസ്മയം തന്നെ സൃഷ്ടിച്ചു.
മലയാളം കണ്ട മറ്റൊരു മഹാവിസ്മയമാണു മഹാകവി പ്രവിത്താനം പി.എം. ദേവസ്യാ. ഇസ്രായേല്‍വംശം, മഹാപ്രസ്ഥാനം, രാജാക്കന്മാര്‍, തോബിത് എന്നീ മഹാകാവ്യങ്ങള്‍, ബൈബിളിലെ സങ്കീര്‍ത്തനത്തിന്റെയും  പ്രഭാഷകന്റെയും മൊഴിമാറ്റങ്ങള്‍, യേശുവിന്റെ ജീവിതകഥയുടെ കാവ്യാവിഷ്‌കാരമായ ക്രിസ്തുഗീത, കൊച്ചുത്രേസ്യാ വിജയം, ഏലിയാസും ആഹാബും എന്നീ ഖണ്ഡകാവ്യങ്ങള്‍ - ആരെയും അമ്പരപ്പിക്കുന്നതാണ് പ്രവിത്താനത്തിന്റെയും കാവ്യലോകം. ബൈബിളധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ മുഴുനീളകാവ്യജീവിതം.
'ജീവിക്കാന്‍ മറന്നുപോയ സ്ത്രീ' എന്ന നോവലിലൂടെ മലയാളകഥാരംഗത്തു സ്വന്തം ഇരിപ്പിടം ഉറപ്പാക്കിയ വെട്ടൂര്‍ രാമന്‍നായരും പാലായുടെ അഭിമാനഭാജനമാണ്. ചെറുകഥയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടമേഖല. മലയാളത്തിലെ മുന്‍നിര എഴുത്തുകാര്‍ക്കൊപ്പം ശിരസ്സുയര്‍ത്തി നിന്നിരുന്ന അദ്ദേഹവും മരണാനന്തരം ഏതാണ്ടു വിസ്മരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഹാസ്യപ്രധാനമായ നോവലുകളും കഥകളുംകൊണ്ടു മലയാളിയെ നിറയെ  ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത തോമസ് പാലായും ചുരുങ്ങിയ കാലത്തിനുള്ളില്‍തന്നെ വിസ്മൃതിയുടെ തിരശ്ശീലയ്ക്കപ്പുറമായിരിക്കുന്നു എന്നുതന്നെപറയാം.
പാലായ്ക്കും പാലാക്കാര്‍ക്കും സാഹിത്യപ്പെരുമ സമ്മാനിച്ച മഹാപ്രതിഭകളാണിവര്‍. അവരെ നമുക്കു മറക്കാനാവുമോ? രാമപുരത്തു വാര്യരും മാത്യു എം. കുഴിവേലിയും ബനീഞ്ഞാമ്മയും ചെറിയ തോതില്‍ അനുസ്മരിക്കപ്പെടുന്നുണ്ട്. അതുപോരാ. യശഃശരീരരായ ഈ അക്ഷരോപാസകര്‍ക്ക് ഉചിതമായ സ്മാരകസമുച്ചയംതന്നെ പാലായില്‍ ഉയരേണ്ടിയിരി 
ക്കുന്നു.

 

Login log record inserted successfully!