•  25 Apr 2024
  •  ദീപം 57
  •  നാളം 7
വര്‍ത്തമാനം

ഒരു പേരില്‍ ചിലതൊക്കെയുണ്ട്

രു പേരില്‍ എന്തിരിക്കുന്നു? ചോദിച്ചത് ഷേക്‌സ്പിയറാണ്. അനശ്വരമായ ദുരന്തപ്രണയത്തിന്റെ എക്കാലത്തെയും ഉജ്ജ്വലപ്രതീകമായ ജൂലിയറ്റിന്റെ നാവിലൂടെയാണു ലോകം ഈ ചോദ്യം കേട്ടത്. ഇല്ല, ഒരു പേരില്‍ പ്രത്യേകിച്ചൊന്നുമില്ല, എന്ന് എല്ലാക്കാലത്തും കുറേപ്പേര്‍ അതിന് ഉദാസീനമായി മറുപടി നല്കിയിട്ടുമുണ്ട്.
പക്ഷേ, ഇപ്പോള്‍ കേരളീയര്‍ ഒട്ടാകെ പറയുന്നു, ഒരു പേരില്‍ ചിലതൊക്കെയുണ്ട് എന്ന്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാം കാമ്പസിനു പേരു നല്കുന്നതു സംബന്ധിച്ച വിവാദമാണ് ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.
തിരുവനന്തപുരം ആക്കുളത്തു പണിതീര്‍ന്നിരിക്കുന്ന ഈ കാമ്പസിന് ആര്‍.എസ്.എസ്. താത്ത്വികാചാര്യന്‍ എം.എസ്. ഗോള്‍വാള്‍ക്കറുടെ പേരു കൊടുക്കണമെന്നാണു കേന്ദ്രഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം. സംസ്ഥാനഗവണ്‍മെന്റും ബിജെപി ഒഴികെയുള്ള രാഷ്ട്രീയകക്ഷികളും ഈ നിര്‍ദ്ദേശത്തിനെതിരേ രംഗത്തുവന്നുകഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെടുന്നത് വിശ്രുതനായ ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേര് സെന്ററിനു നല്കണമെന്നാണ്. ശ്രീനാരായണധര്‍മ്മപരിപാലനയോഗം (എസ്.എന്‍.ഡി.പി.) സ്ഥാപകനും പ്രശസ്ത ഭിഷഗ്വരനുമായിരുന്ന ഡോ. പി. പല്പുവിന്റെ പേരു നല്കുന്നതായിരിക്കും ഉചിതമെന്നു ഡോ. ശശി തരൂര്‍ എം. പി. അഭിപ്രായപ്പെടുന്നു. മറ്റു ചില പേരുകളും പലരില്‍നിന്നായി ഉയര്‍ന്നുവന്നിട്ടുണ്ട്.
ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ബയോടെക്‌നോളജി ഗവേഷണ - പഠനകേന്ദ്രമാണു കേരളത്തിന്റെ അഭിമാനമായ രാജീവ്ഗാന്ധി  സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി. ഇന്ത്യാ ഗവണ്‍മെന്റിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
സ്ഥാപനത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നില്ല. 1990 ജൂലൈ മൂന്നിനാണതു പ്രവര്‍ത്തനമാരംഭിച്ചത്. തിരുവിതാംകൂര്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ടനുസരിച്ച്  രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു പൊതുസംരംഭം. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നായിരുന്നു പേര്. ചുരുക്കപ്പേര് സി ഡെസ്റ്റ്. യശശ്ശരീരനായ ജി. കാര്‍ത്തികേയന്‍ ചെയര്‍മാനായ ഒരു ഭരണസമിതി സി. ഡെസ്റ്റിനുണ്ടായിരുന്നു. മുന്‍രാഷ്ട്രപതി കെ.ആര്‍. നാരായണനെപ്പോലെയുള്ള സാമ്പത്തികവിദഗ്ധരും  പ്രഖ്യാതശാസ്ത്രജ്ഞരും വിദ്യാഭ്യാസവിദഗ്ധരും അതില്‍ അംഗങ്ങളുമായിരുന്നു. മുഖ്യരക്ഷാധികാരി മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയും.
1991 മേയ് 21 ന് രാജീവ് ഗാന്ധി വധിക്കപ്പെട്ടു. ഈ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയ്ക്കായി ഇന്‍സ്റ്റിറ്റിയൂട്ടിന് രാജീവ് ഗാന്ധിയുടെ പേരു നല്കി. ആ വര്‍ഷംതന്നെ സംസ്ഥാനഗവണ്‍മെന്റ് സ്ഥാപനത്തിന് ഗ്രാന്‍ഡ് ഇന്‍ എയ്ഡ് പദവി നല്കുകയും സഹായധനം അനുവദിക്കുകയും ചെയ്തു. അതോടെ രാജീവ് ഗാന്ധിയുടെ പേരില്‍ ഇന്ത്യയിലുണ്ടായ ആദ്യഅര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായി സെന്റര്‍ ഉയര്‍ന്നു.
സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു 1995 നവംബര്‍ 18 നു നിര്‍വ്വഹിച്ചു. 2002 നവംബര്‍ 18 ന്, അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം ഈ ശാസ്ത്രഗവേഷണകേന്ദ്രത്തെ ഔപചാരികമായി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
ഇപ്പോള്‍ പണി പൂര്‍ത്തിയായിരിക്കുന്ന രണ്ടാം കാമ്പസിന്റെ നിര്‍മ്മാണത്തിന് 2013 ല്‍ ശ്രീമതി സോണിയാഗാന്ധിയാണു ശിലയിട്ടത്. അര്‍ബുദരോഗചികിത്സാഗവേഷണത്തിന് ഊന്നല്‍ നല്കുന്ന ഈ രണ്ടാം സെന്റര്‍ 'നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫക്ഷന്‍' എന്നാവും അറിയപ്പെടുക.
ഇപ്പോള്‍, പുതിയ സ്ഥാപനത്തിന് എം.എസ്. ഗോള്‍വാള്‍ക്കറുടെ പേരു നല്കുമെന്നു  കേന്ദ്രശാസ്ത്രസാങ്കേതികവകുപ്പുമന്ത്രി  ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചിരിക്കുന്നു. അതിനെതിരെയാണു കേരളത്തില്‍ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരിക്കുന്നതും.
ഒരു ശാസ്ത്രഗവേഷണസ്ഥാപനത്തിന് എങ്ങനെയാണ് ഗോള്‍വാള്‍ക്കറുടെ പേര് അനുയോജ്യമാവുക എന്നാണു വിമര്‍ശകര്‍ ചോദിക്കുന്നത്. ശാസ്ത്രപഠനരംഗത്ത് പ്രത്യക്ഷമായോ പരോക്ഷമായോ അദ്ദേഹത്തിന്റെ എന്തെങ്കിലും സംഭാവനകള്‍ ഉണ്ടായിട്ടുണ്ടെന്ന് ആരും പറയില്ല. ജവഹര്‍ലാല്‍ നെഹ്‌റു  യൂണിവേഴ്‌സിറ്റി, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, സി.വി. രാമന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, വിക്രംസാരാഭായ് സ്‌പേസ് സെന്റര്‍ എന്നൊക്കെ സ്ഥാപനങ്ങള്‍ക്കു പേരു നല്കുന്നത്  അന്വര്‍ത്ഥമായേ നമ്മള്‍ കാണാറുള്ളൂ. പക്ഷേ, ഗോള്‍വാള്‍ക്കറുടെ കാര്യം അങ്ങനെയല്ല.
മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ അറിയപ്പെടുന്നത് ഹിന്ദുത്വചിന്തയുടെ താത്ത്വികാചാര്യന്‍ എന്ന നിലയിലാണ്. ആര്‍.എസ്.എസ്. സ്ഥാപകനായ ഹെഡ്‌ഗേവാറുടെ  നിര്യാണശേഷം അദ്ദേഹം സംഘടനയുടെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടു. 1973 ല്‍ നിര്യാതനാകുന്നതുവരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. 1964 ല്‍ വിശ്വഹിന്ദുപരിഷത്തിനു തുടക്കമിട്ടതും ഗോള്‍വാള്‍ക്കറാണ്.
ഗോള്‍വാള്‍ക്കര്‍ക്കു ശാസ്ത്രവുമായി ബന്ധമുള്ളത് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ മാത്രമാണ്. ബിരുദപഠനത്തിനും ബിരുദാനന്തരബിരുദപഠനത്തിനും അദ്ദേഹത്തിന്റെ വിഷയം സയന്‍സായിരുന്നു. തുടര്‍ന്ന് മറൈന്‍ ബയോളജിയില്‍ കുറച്ചുകാലം അദ്ദേഹം ഗവേഷണപഠനവും നടത്തി. അതു പൂര്‍ത്തിയാക്കാതെ സന്ന്യാസത്തിലേക്കും ആര്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളിലേക്കും ചുവടു മാറ്റി.
ഗാന്ധിവധത്തെത്തുടര്‍ന്ന്, 1948 ഫെബ്രുവരി നാലിന് ആയിരക്കണക്കിന് അനുയായികളോടൊപ്പം ഗോള്‍വാള്‍ക്കറും അറസ്റ്റു ചെയ്യപ്പെട്ടു. ആര്‍.എസ്.എസ്. നിരോധിക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെ നാളുകള്‍ ഗോള്‍വാള്‍ക്കറുടെ കൗമാരയൗവനകാലങ്ങളായിരുന്നിട്ടും, ഒരിടത്തും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. മുസ്ലീം, ക്രൈസ്തവസമുദായങ്ങളെ ഹിന്ദുത്വത്തിനു ഭീഷണിയുയര്‍ത്തുന്ന ഘടകങ്ങളായി അദ്ദേഹം വിലയിരുത്തി. പാശ്ചാത്യസംസ്‌കൃതിയെ ആസുരമെന്നു പറഞ്ഞു തിരസ്‌കരിച്ചു.
വസ്തുതകള്‍ ഇങ്ങനെയാണെന്നിരിക്കെ, പാശ്ചാത്യഗവേഷണപദ്ധതികളോടു തോളുരുമ്മിനിന്ന് ആധുനികശാസ്ത്രരംഗത്തു രാഷ്ട്രത്തിനു വലിയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു സ്ഥാപനത്തിനു ഗോള്‍വാള്‍ക്കറുടെ പേര് എങ്ങനെയാണാവോ യോജിക്കുക? കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം തികച്ചും വിവേകശൂന്യം എന്നേ പറയാനാവൂ.
ഡോ. പല്പുവിന്റെ പേരു നല്കാം എന്ന ശശി തരൂരിന്റെ നിര്‍ദ്ദേശം ഹര്‍ഷവര്‍ധന്റേതിനെക്കാള്‍ ഭേദമെന്നു വേണമെങ്കില്‍ പറയാം. മെഡിക്കല്‍ സയന്‍സു പഠിക്കുകയും അതു പ്രാക്ടീസു ചെയ്യുകയും ചെയ്തു എന്ന മേന്മയെങ്കിലുമുണ്ട് പല്പുവിന്. എങ്കിലും അതൊരു തൊഴില്‍ എന്നതിനപ്പുറത്ത് ഉപരിഗവേഷണപഠനങ്ങള്‍ക്കുള്ള മേഖലയായി അദ്ദേഹം കണ്ടിട്ടില്ല.
ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹത്തിന് ആര്യഭട്ട എന്നു നാമകരണം ചെയ്തപ്പോള്‍, നമ്മുടെ ശാസ്ത്രപാരമ്പര്യത്തിനാണു നമ്മള്‍ അംഗീകാരം നല്കിയത്. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാനായ ഗണിതശാസ്ത്രാചാര്യന്‍ ആര്യഭടനെ നമ്മള്‍ ഒരിക്കല്‍ക്കൂടി ആദരിച്ചു. ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരു നല്കാമെന്ന കേരള മുഖ്യമന്ത്രിയുടെ അഭിപ്രായമായിരിക്കും കൂടുതല്‍ സ്വീകാര്യമെന്നു തോന്നുന്നു.
പക്ഷേ, നമുക്കറിയാം അന്തിമതീരുമാനം കേന്ദ്രഗവണ്‍മെന്റിന്റേതായിരിക്കും. സ്ഥാപനം അവരുടെ നിയന്ത്രണത്തിലുള്ളതാണ്. എങ്കിലും കേരളജനതയുടെ വികാരം മാനിക്കാനുള്ള സൗമനസ്യം നരേന്ദ്രമോദി സര്‍ക്കാരില്‍നിന്നുണ്ടാവും എന്നു നമുക്കു പ്രതീക്ഷിക്കാം. കാരണം, ഒരു പേരില്‍ ഒട്ടേറെ കാര്യങ്ങളുണ്ടല്ലോ.

 

Login log record inserted successfully!