''അങ്ങനെ അച്ഛന്റെ വാക്കുംകേട്ട് അന്നു പുലര്‍ച്ചെ തന്നെ ഞാന്‍ ഗ്രാമത്തിലേക്കു തിരിച്ചു. കാട്ടില്‍നിന്നും വളരെദൂരം നടന്നാണ് ഞാന്‍ ഗ്രാമത്തിന്റെ അടുത്തെത്തിയത്.'' കഥ പറഞ്ഞുനിര്‍ത്തിയ ഡോസി കീരയെയും റായലിനെയും നോക്കി. പെട്ടെന്നു കീര ചോദിച്ചു:
''ഗ്രാമത്തിലേക്കുള്ള വഴി നീ എങ്ങനെ കണ്ടെത്തി?''
''അതോ, പുലര്‍ച്ചെ ഞാന്‍ ഗുഹയില്‍നിന്നും ഇറങ്ങുന്ന നേരം പുറത്ത് ക്ലീറ നിന്നിരുന്നു.''
''ക്ലീറയോ?''
''അതെ.'' ഡോസി ആ കഥ കൂടി പറയാന്‍ തുടങ്ങി.
അതിരാവിലെയാണ്‌ഡോസി പോകാനായി ഇറങ്ങിയത്. അപ്പോള്‍ അതാ നില്‍ക്കുന്നു ക്ലീറ. ക്ലീറയെ കണ്ടതും ഡോസിക്കു സന്തോഷമായി.
''എനിക്കറിയാം.. നീ വരുമെന്ന്'' ഡോസി പറഞ്ഞു.
''ഞാന്‍ ആലോചിച്ചുനോക്കിയപ്പോള്‍ നീ രാജാവാകുന്നതു തന്നെയാ നല്ലത്. മൃഗങ്ങള്‍ക്കു സന്തോഷത്തോടെ കാട്ടില്‍ താമസിക്കാമല്ലോ. പക്ഷേ, അത് അത്ര എളുപ്പവും അല്ല.''
''ഞാന്‍ അതിനുവേണ്ടി ഗ്രാമത്തിലേക്കു പോകുകാ.''
''അവിടെ എന്താ?''
''അവിടെ അച്ഛന്റെ ഒരു കൂട്ടുകാരനുണ്ട്. പുള്ളിയെ കണ്ടാല്‍ ഗുണം ഉണ്ടാകുമെന്നാണ് അച്ഛന്‍ പറഞ്ഞത്.''
''അതെയോ. എന്നാല്‍ വൈകണ്ട.''
''പക്ഷേ, ഗ്രാമത്തിലേക്കുള്ള വഴി അച്ഛന്‍ പറഞ്ഞുതന്ന അറിവ് മാത്രമേയുള്ളൂ. ഞാന്‍ പോയിട്ടില്ലല്ലോ.''
''നീ എന്റെ ഒപ്പം വാ.''
ക്ലീറ, ഡോസിയെ കൂട്ടി കാട്ടിലൂടെ നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ ക്ലീറ പറഞ്ഞു:
''ചങ്ങാതീ... നീ ഈ കാണുന്ന വഴിയിലൂടെ പോകണം. വേറെയും വഴികള്‍ കാണും. അതിലേക്കു കയറിപ്പോകരുത്.''
''അപ്പോള്‍ നീ വരുന്നില്ലേ?'' ഡോസി ചോദിച്ചു.
''എനിക്കു വരണമെന്നുണ്ട്. പക്ഷേ, നീ പോയിവരുമ്പോള്‍ ചിലത് എനിക്ക് ഇവിടെ ചെയ്തുവയ്ക്കാനുണ്ട്. നിനക്കു തോല്പിക്കേണ്ടത് രാജാവിനെയാണ്. അതും സിംഹത്തെ. നീ പോയി വാ. ഇവിടെ നിനക്കുവേണ്ടി ചിലത് ഞാന്‍ ചെയ്തുവെക്കും. ഉറപ്പായും അത് ഗുണം ചെയ്യും.'' ക്ലീറ ഉറപ്പുനല്‍കി. അങ്ങനെയാണ് ഡോസി ഗ്രാമത്തിലേക്കു വന്നത്. കഥ കേട്ടു കഴിഞ്ഞപ്പോള്‍ കീര ചലനമില്ലാതെ ഇരിക്കുകയാണ്.
''എന്താണ് കീരാ, ഞാന്‍ പറഞ്ഞത് തമാശയായി തോന്നുന്നോ?''
''അല്ല ഡോസി. നിനക്കു പോകേണ്ട ഒരു സ്ഥലം പറ ഞ്ഞില്ലേ. രാജന്‍ പാമ്പിന്റെ അടുത്തേക്ക്.'
''അതെ..''
''ഡോസീ... നമ്മള്‍ ഇപ്പോള്‍ ഇരിക്കുന്നത് രാജന്‍പാമ്പിന്റെ സ്ഥലത്താണ്.''
ഡോസി ഞെട്ടി.
ഡോസിക്കു തീരെ വിശ്വാസം വന്നില്ല. അവന്‍ വീണ്ടും എടുത്തുചോദിച്ചു. അപ്പോഴും കീര അതുതന്നെയാണ് പറഞ്ഞത്.
''രാജന്‍പാമ്പ് ഇവിടെയായിരുന്നു താമസം.''
''ഇപ്പോള്‍ എവിടെയാണ് രാജന്‍ പാമ്പ്?'
റായല്‍ ആണ് ചോദിച്ചത്. കീര ദീര്‍ഘമായി ശ്വാസമെടുത്തു. എന്നിട്ടു പറഞ്ഞു.
''കുറച്ചു മാസങ്ങള്‍ക്കുമുമ്പ് കുറച്ചാളുകള്‍ ചേര്‍ന്ന് രാജനെ പിടികൂടി. ഇവിടെനിന്നു വളരെ ദൂരെ കൊണ്ടുപോയി. എങ്ങോട്ടാണെന്ന് അറിയില്ല.''
'''അയ്യോ.. ഇനി ഞാന്‍ എന്തു ചെയ്യും? ഇത്രയും ദൂരം വന്നത് വെറുതെയായിപ്പോയല്ലോ. പാമ്പിനെയും കാണാന്‍ കഴിഞ്ഞില്ല. കുതിരയെയും കാണാന്‍ കഴിഞ്ഞില്ല.''
ഡോസിക്കു നന്നായി വിഷമം തോന്നി. പ്രതീക്ഷയോടെ വന്നതല്ലേ. പക്ഷേ...
''നീ വിഷമിക്കണ്ട. മറ്റൊരു വഴി തെളിയും.'' കീര സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
''പാമ്പു വിചാരിച്ചാല്‍ എന്നെ സഹായിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഇനി.''
''ഹ്‌മ്.. നീ കുറച്ചുനേരം വെറുതെയിരിക്ക്... ഒരുവഴി എന്തായാലും നമുക്കു കണ്ടെത്താന്‍ പറ്റും.'' കീര പാറയില്‍ നിന്നും എഴുന്നേറ്റു പുറത്തേക്കു നടന്നു.
''നീ എങ്ങോട്ടാണ് പോകുന്നത്..'' റായല്‍ വിളിച്ചുചോദിച്ചു.
''ഡോസി കുറച്ചു നേരം വിശ്രമിക്കട്ടെ. ഒറ്റയ്ക്കിരിക്കുമ്പോള്‍ പുതിയ ആശയങ്ങള്‍ തോന്നും. നീ എന്റെ കൂടെ വാ.. നമുക്കു പുറത്തെ അവസ്ഥയൊന്നു മനസ്സിലാക്കി തിരികെവരാം.'' അവര്‍ ഇരുവരും പോയപ്പോഴും ഡോസി ചിന്തയില്‍ ഇരിക്കുകയാണ്. അവന്റെ മനസ്സില്‍ പുതിയ ഒരു ആശയം തോന്നി.
''ഞാന്‍ രാജാവാകാന്‍ ആഗ്രഹിച്ചത് രാജന്‍പാമ്പിനെ കണ്ടിട്ടല്ല. പാമ്പ് സഹായിക്കുമെന്നു കരുതിയുമല്ല. മൃണയെ കണ്ടിട്ടുമല്ല. എന്റെ ആഗ്രഹം കാരണമാണ് രാജന്‍ പാമ്പിനെപ്പറ്റി ഞാന്‍ അറിയുന്നതുതന്നെ. രാജന്‍ പാമ്പിനെ തേടി വന്നതുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ആഗ്രഹമുണ്ടെങ്കില്‍ അവസരവും ഉണ്ടാകും. സഹായിക്കാന്‍ ആളും ഉണ്ടാകും. ഞാന്‍ എന്തിന് ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത രാജന്‍ പാമ്പിനെപ്പറ്റി ചിന്തിച്ചു സമയം കളയുന്നു.'' ഡോസി എന്തോ തീരുമാനിച്ചിരുന്നു.
''സിംഹരാജനെ ശക്തികൊണ്ടു തോല്പിക്കാന്‍ ഒരുപക്ഷേ എനിക്കു കഴിയില്ല. എന്നാല്‍ ബുദ്ധികൊണ്ടു തോല്‍പിക്കാന്‍ എനിക്കു കഴിയും. എനിക്കു രാജാവാകണമെങ്കില്‍ സിംഹരാജന്‍ പരാജയപ്പെടണമല്ലോ.'' അവന്‍ ചാടിയെഴുന്നേറ്റ് ചുറ്റും ഒന്നു നോക്കി.
പുതിയ ഒരു പദ്ധതിക്ക് ഡോസി രൂപം നല്‍കി.
''ഇതു കൊള്ളാം.. എന്റെ പദ്ധതി കീരയോടും റായലിനോടും പറയാം.''
ഡോസി ഇരുവരെയും കാത്തിരിക്കാന്‍ തുടങ്ങി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കീരയും തേളും അതാ വരുന്നു. ഡോസി ആവേശത്തോടെ അവരുടെ അടുത്തേക്കു ചെന്നു.
''എന്താ ഡോസീ. നല്ല സന്തോഷത്തിലാണല്ലോ. നീ പൊന്നിവനത്തിലേക്കു തിരികെ പോകാന്‍ തീരുമാനിച്ചോ?''
''മ്മ്മ് തീരുമാനിച്ചു.''
''ശരിക്കും!''
''അതെ.'' ഡോസി കൂടുതല്‍ ആവേശത്തില്‍ പറഞ്ഞു.
കീരയുടെ മുഖത്ത് ചെറിയ സംശയം തോന്നിത്തുടങ്ങിയത് ഡോസി ശ്രദ്ധിച്ചു.
''കീരാ ഞാന്‍ രാജാവാകാന്‍ വേണ്ടിയൊരു പുതിയ പദ്ധതി കണ്ടെത്തി.''
''യുദ്ധം..''
''യുദ്ധമോ?'' റായല്‍ ഞെട്ടി.
''അതേ ചങ്ങാതീ യുദ്ധം തന്നെ...''
''സിംഹരാജനെ യുദ്ധം ചെയ്തു തോല്പിക്കാന്‍ പറ്റുമോ?''
''എനിക്ക് ഒറ്റയ്ക്കു പറ്റില്ല. പക്ഷേ, നമ്മള്‍ വിചാരിച്ചാല്‍ ഉറപ്പായും പറ്റും.''
ഡോസി പറഞ്ഞത് കീരയ്ക്കും റായലിനും മനസ്സിലായില്ല.
''നീ എന്തൊക്കെയാണു പറയുന്നത്?'' കീര ചോദിച്ചു.
''ഞാന്‍ പറയുന്നതു മുഴുവന്‍ കേള്‍ക്ക്.''
''എന്തു കേള്‍ക്കാന്‍. രാജാവിന്റെ കൂടെ പുലിയും കടുവയും കരടിയും ആനയും കുറുക്കനുമെല്ലാം ഉണ്ട്. കഴുകനും ഗരുഡനും ഉണ്ട്. മുതലയും ചീങ്കണ്ണിയും ഉണ്ട്. നമ്മുടെ കൂടെ ആരുണ്ട്?''
''നീ പറഞ്ഞതു ശരിയാണ്.. അവരെല്ലാം രാജാവിന്റെ കൂടെയുണ്ട്. നമുക്കും ഒരു സൈന്യത്തെ ഉണ്ടാക്കിക്കൂടെ?''
''മനസ്സിലായില്ല.''
''യുദ്ധം ശക്തികൊണ്ടു മാത്രമല്ല. ബുദ്ധികൊണ്ടും ചെയ്യാം. നിങ്ങള്‍ എന്റെ കൂടെ നില്‍ക്കുമോ?'' ഡോസി പെട്ടെന്നു ചോദിച്ചപ്പോള്‍ പൂച്ചയും തേളും മുഖാമുഖം നോക്കി. അതു കണ്ടപ്പോള്‍ ഡോസിക്കു വിഷമം തോന്നി. അവര്‍ കൂടെനില്‍ക്കില്ലെന്നു തോന്നി.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കീര പറഞ്ഞു:
''ഞാന്‍ റെഡി.''
''ഞാനും.''
തൊട്ടുപിന്നാലെ റായലും പറഞ്ഞു. ഡോസിയുടെ കണ്ണുകള്‍ സന്തോഷംകൊണ്ടു നിറഞ്ഞു.
''ഇനി പറ. എന്താണു നിന്റെ പദ്ധതി?''
(തുടരും)
നിഥിന് കുമാര്‍
