•  23 Oct 2025
  •  ദീപം 58
  •  നാളം 33
ബാലനോവല്‍

പൊന്നിവനത്തിലെ കഴുത

   കഴുത നോക്കുമ്പോള്‍ ഒരു പലക താഴേക്കു വരുന്നതാണു കണ്ടത്. പെട്ടെന്നു തന്നെ പൂച്ചയോടു പറഞ്ഞു:
''അതു താഴെ വന്നാല്‍ ഉടനെ എനിക്കൊപ്പം കയറിവരണം. എന്തു സംഭവിച്ചാലും എന്നെ പിടിച്ചിരുന്നോണം. മുകളില്‍ എത്തിയാല്‍ ഉടനെ അവരെന്നെ വലയിട്ടുപിടിക്കും. അവര്‍ പറയുന്നതു ഞാന്‍ കേട്ടു. അതിനുമുമ്പ് നിങ്ങള്‍ ഓടിക്കോണം.''
''അപ്പോ ഡോസിയോ?''
''എന്റെ കാര്യം സാരമില്ല. മനുഷ്യന്‍ ഞങ്ങളെ അവരുടെ ഭാരമുള്ള ജോലികള്‍ ചെയ്യാനാണു കൊണ്ടുപോകുന്നത്. എന്റെ അമ്മ പറഞ്ഞിട്ടുണ്ട്. ഒന്ന് ഉറപ്പാണ്. അവരെന്നെ തല്ലിക്കൊല്ലില്ല... മാത്രമല്ല, എനിക്കും പോകേണ്ടത് ഗ്രാമത്തിലേക്കാണല്ലോ.'' ഡോസി കീരയുടെ മുഖത്തുനോക്കാതെ അത്രയും പറഞ്ഞു നിര്‍ത്തി. പലക താഴെ എത്തിയതും പൂച്ചകളും കഴുതയും അതിലേക്കു കയറിനിന്നു. ആദ്യം പൂച്ചകളോടു കയറാനാണ് ഡോസി പറഞ്ഞത്. അത് എന്തിനാണെന്നു ചോദിച്ചാല്‍. ആദ്യം കഴുത പലകയില്‍ കയറിയാല്‍, ആളുകള്‍ പലക മുകളിലേക്കുയര്‍ത്തും. അപ്പോള്‍ പൂച്ചകള്‍ക്കു കയറാന്‍ പറ്റില്ല. പലകയില്‍ നിറയെ പൂച്ചകളെ കണ്ട ആളുകള്‍ അദ്ഭുതപ്പെട്ടു.
''ഇതെന്താണ് ഇത്രയും പൂച്ചകള്‍ ഈ കുഴിയില്‍ ഉണ്ടായിരുന്നോ? എന്തിനാണ് അവയെ നമുക്ക്.''
''അതു കയറിവരട്ടെ... മുകളില്‍ എത്തിയാല്‍ ഉടനെ അവറ്റകള്‍ അങ്ങു പൊക്കോളും.''
ഒരാള്‍ മറുപടി കൊടുത്തു. പക്ഷേ, കഴുതയുടെ ഉള്ളില്‍ ഭയം നിറഞ്ഞുതുടങ്ങി. എല്ലാം ഒരു സാഹസമാണ്. എന്തു സംഭവിക്കുമെന്ന് അറിയില്ല. ചിലപ്പോള്‍ രക്ഷപെടാന്‍ കഴിയും. ചിലപ്പോള്‍ ഇനിയുള്ള കാലം മനുഷ്യന്റെ അടിമയായി ജീവിക്കേണ്ടിവരും. അങ്ങനെ പല ചിന്തകളുംകൊണ്ടാണ് ഡോസി മുകളില്‍ എത്തുന്നത്. അവന്‍ വിചാരിച്ചപോലെതന്നെ മുകളില്‍ എത്തിയയുടനെ ആളുകള്‍ വലകൊണ്ടു മൂടി. ഡോസി പറഞ്ഞതുപ്രകാരം തേളുകള്‍ കൂട്ടത്തോടെ ആളുകളുടെ അടുത്തേക്കു പാഞ്ഞു വന്നു. പക്ഷേ, ആളുകള്‍ അവരെ ദൂരേക്കു തട്ടി ത്തെറിപ്പിച്ചുകളഞ്ഞു.
''അമ്മേ... അയ്യോ.'' തേളുകള്‍ വേദനകൊണ്ടു പുളഞ്ഞു. ചിലര്‍ നേരേ കുഴിയിലേക്കു തന്നെ വീഴുകയും ചെയ്തു. പിന്നെയും അവര്‍ ആളുകളുടെ നേരേ പാഞ്ഞുവരാന്‍ ശ്രമിച്ചു. പക്ഷേ, മനുഷ്യരുടെ ശക്തിക്കുമുന്നില്‍ തേളുകള്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഡോസി അതു തീരെ പ്രതീക്ഷിച്ചില്ല.
''അയ്യോ... ആ പാവങ്ങളെ ക്കൂടി ഞാന്‍കാരണം കഷ്ടപ്പെടുത്തേണ്ടി വന്നല്ലോ.''
ഡോസിക്കു ശരിക്കും വിഷമം തോന്നി. തനിക്കു രക്ഷപ്പെടാന്‍ പറ്റിയില്ലല്ലോ എന്നായിരുന്നില്ല ഡോസി ചിന്തിച്ചത്. പാവം തേളുകളെ ഓര്‍ത്തായിരുന്നു വിഷമം. നേരത്തേ തന്നെ പൂച്ചകള്‍ ഓടിയൊരു വലിയ മരത്തിന്റെ മറവില്‍ ഒളിഞ്ഞിരുന്നു. അവരെല്ലാം കാണുന്നുണ്ടായിരുന്നു.
''പാവം ഡോസി. അവനെ സഹായിക്കാന്‍ നമുക്കു കഴിഞ്ഞില്ലല്ലോ കുഞ്ഞുങ്ങളേ.''
കുഞ്ഞുപൂച്ചകള്‍ക്കും അതു കേട്ടപ്പോള്‍ സങ്കടമായി.
''ഡോസിയെ അവര്‍ വലയിലാക്കി.''
ഡോസിയുടെ മുഖത്തുനോക്കിയ റായല്‍ കരഞ്ഞുപോയി... അവനെ സഹായിക്കാന്‍ കഴിഞ്ഞില്ലല്ലോ.
''സാരമില്ല റായല്‍'' ഡോസി ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു. അപ്പോഴേക്കും ആളുകള്‍ അവനെ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. കീര ഓടി റായലിന്റെ അടുത്തെത്തി. ശേഷം ഡോസിയുടെ പിന്നാലെയോടി. പിറകേ കുഞ്ഞിപ്പൂച്ചകളും റായലും. ഒരു വലിയ ഇറക്കമിറങ്ങി മനുഷ്യര്‍ ഡോസിയെയുംകൊണ്ട് ഗ്രാമത്തിന്റെ പ്രധാന ഗേറ്റിനു മുന്നിലേക്കു നടന്നു. ഒരു മുല്ലച്ചെടിയുടെ മറവില്‍ പൂച്ചകള്‍ മറഞ്ഞിരുന്നു. ഡോസിയെ എങ്ങോട്ടാണു കൃത്യം കൊണ്ടുപോകുന്നത് എന്നറിയാന്‍ വേണ്ടിയായിരുന്നു അത്. ദൂരെയൊരു വലിയ വീട് കീര കണ്ടു. അവിടം ലക്ഷ്യമാക്കിയാണ് ആളുകള്‍ പോകുന്നത്.
''ഓഹോ അവിടെയാണോ കൊണ്ടുപോകുന്നത്?'' കീരയോര്‍ത്തു.
''ഞാന്‍ ഇത്രകാലവും താമസിച്ചിരുന്ന വീടാണ് അത്. അവിടെയുള്ളവര്‍ എല്ലാം ക്രൂരരാണ്.'' അവളുടെ മനസ്സില്‍ പേടി നിറഞ്ഞു. പക്ഷേ, അവള്‍ ആത്മവിശ്വാസത്തോടെ തന്നെ വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. പെട്ടെന്ന് പിന്നില്‍ നിന്നൊരു വിളി. പൂച്ച തിരിഞ്ഞു നോക്കിയതും പിന്നില്‍ റായല്‍.
''കീര, എനിക്കു വളരെ വിഷമമുണ്ട്. ഡോസിയെ സഹായിക്കാന്‍ കഴിഞ്ഞില്ലല്ലോ.''
''അതു സാരമില്ല റായല്‍. നീ ശ്രമിച്ചല്ലോ. ഞാന്‍ അതു പോലും ചെയ്തില്ല.''
കീരയുടെ മുഖത്തു കുറ്റബോധം നിറഞ്ഞുതുളുമ്പി.
''ഞങ്ങള്‍ സ്വന്തം ജീവനും കൊണ്ട് ഓടിപ്പോകുകയാണ് ചെയ്തത്.''
കീരയുടെ കണ്ണുകള്‍ നിറഞ്ഞു.
''ആ സമയത്ത് നമുക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. പക്ഷേ, ഇനി നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ.'' കീരയുടെ ചോദ്യം റായലിന്റെ മനസ്സിനെ വലിയ രീതിയില്‍ സ്വാധീനിച്ചു. കീര തുടര്‍ന്നു പറഞ്ഞു:
''അതേ.. ഞാന്‍ പറഞ്ഞത്, നമുക്ക് ഡോസിയെ സഹായിക്കണം. അവനൊരു പാവമാണ്. ഒരു ദിവസത്തെ പരിചയം മാത്രമേ ഉള്ളുവെങ്കിലും അവന്റെ നല്ല മനസ്സ് എനിക്കു മനസ്സിലായി. എന്റെ മനസ്സ് പറയുന്നത് അവന്റെ കഴിവും അറിവും ബുദ്ധിയുകൊണ്ട് ഒരു കാടിന്റെ രാജാവാകാനും കഴിയുമെന്നാണ്.'' 
''നീ പറഞ്ഞതുപോലെ നമുക്ക് ഡോസിയെ സഹായിക്കാം.''
''പക്ഷേ, എങ്ങനെ?'' കീര ചോദിച്ചു.    
        
 (തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)