''ഞാന്‍ താമസിച്ച വീടാണ് അത്. അവിടെയുള്ളവരെ എനിക്കു നന്നായി അറിയാം. അത്രയും ക്രൂരരാണ് അവര്‍. എനിക്കു കുഞ്ഞുങ്ങള്‍ ഉണ്ടായപ്പോള്‍ കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞവരാണ് അവര്‍. ഞാന്‍ അവരെ തേടി വീട്ടില്‍നിന്നിറങ്ങി എന്തുമാത്രം അലഞ്ഞെന്ന് നിനക്കറിയാമോ?''
കീര തന്റെ കുഞ്ഞുങ്ങളെ ചേര്‍ത്തു നിര്‍ത്തി കരഞ്ഞു.
''ഹേയ് കരയാതെ..,'' റായല്‍ അവളുടെ അടുത്തേക്കു നിന്നു കൊണ്ട് വളരെ വിഷമത്തോടെ പറഞ്ഞു.
''നിനക്ക് ആ വീട്ടിലെ എല്ലാ കാര്യങ്ങളും നന്നായി അറിയാം... അല്ലേ?'' റായല്‍ ചോദിച്ചു.
''അറിയാം.'' കീര കണ്ണുകള്‍ തുടച്ചു. എന്തോ ചിന്തിക്കുകയാണ് റായല്‍.
''ഞാന്‍ ആ വീട്ടിലേക്ക് ഒന്നു കയറി കാര്യങ്ങള്‍ തിരക്കിയാലോ?''
''അതുവേണ്ട. അവിടെ രണ്ടു നായകള്‍ ഉണ്ട്. ജിമ്മിയും കൈസറും. നിന്നെ കണ്ടാല്‍ അപ്പോള്‍ത്തന്നെ തിന്നും.''
''പിന്നെ എന്താണ് ഒരു വഴി?''
''നമുക്കു കണ്ടെത്താം റായല്‍.'' റായല്‍ എന്തോ ചിന്തിക്കാന്‍ തുടങ്ങി.
''നീ എന്താ ചിന്തിക്കുന്നത്?'' കീര സംശയത്തോടെ ചോദിച്ചു.
''ഞാനൊരു മാര്‍ഗം ആലോചിക്കുകയാണ്.''
''എന്നിട്ടു കിട്ടിയോ?''
''കിട്ടി.'' റായല്‍ അഭിമാനത്തോടെ പറഞ്ഞു. അതു കേട്ടതും കീര അറിയാനുള്ള ആകാംക്ഷയോടെ ചോദിച്ചു.
''എന്താ മാര്‍ഗം?''
''മാര്‍ഗമുണ്ട്. പക്ഷേ വൈകുന്നേരംവരെ കാത്തിരിക്കണം. ഞാന്‍ ഒരിടംവരെ പോയി വരാം. ഞാന്‍ വരുംവരെ വീട്ടിലേക്കു നീ പോകരുത്.'' അത്രയും പറഞ്ഞിട്ട് റായല്‍ കീരയുടെ അടുത്തു നിന്ന് എങ്ങോട്ടോ പോയി. തേള്‍ പോകുന്നതും നോക്കി പൂച്ച മുല്ലച്ചെടിയുടെ അടുത്തുതന്നെ നിന്നു. പെട്ടെന്നു തന്നെ കീര കുഞ്ഞുങ്ങളെ കൂട്ടി നടന്നു.
''നമ്മള്‍ എങ്ങോട്ടാണു പോകുന്നെ അമ്മേ?'' ഒരു കുഞ്ഞി പ്പൂച്ച കൗതുകത്തോടെ ചോദിച്ചു.
''മക്കളേ... ഞാന്‍ നിങ്ങളെ എന്റെ കൂട്ടുകാരി ചാര്‍മിപ്പൂച്ചയുടെ അടുത്തേക്കു കൊണ്ടാക്കാന്‍ പോകുകയാണ്. നിങ്ങള്‍ കുറച്ചുദിവസം അവിടെ താമസിക്കണം. അമ്മ ഒരിടംവരെ പോയി തിരികെവരുംവരെ ചാര്‍മി പറയുന്നതു കേട്ട് അനുസരണയോടെ നില്‍ക്കണം.''
''ശരിയമ്മേ.'' കീര കുഞ്ഞുങ്ങളുമായി അവളുടെ കൂട്ടുകാരി ചാര്‍മിയുടെ അടുത്തേക്കു പോയി. ചാര്‍മിയൊരു പഴയ വാട്ടര്‍ ടാങ്കിന്റെ കീഴിലാണു താമസം. അവിടെ അവളുടെ കുഞ്ഞു ങ്ങളുമുണ്ട്. കീര കുഞ്ഞുങ്ങളെ ചാര്‍മിയുടെ അടുത്താക്കി തിരികെ മുല്ലച്ചെടിയുടെ അടുത്തേക്കു നടന്നു.
മുല്ലച്ചെടിയുടെ അടുത്ത് വൈകുന്നേരംവരെ നിന്നിട്ടും റായലിനെ കാണാതെ വന്നപ്പോള്‍ കീരയ്ക്ക് ചെറിയ സംശയം തോന്നിത്തുടങ്ങി. തേള്‍ തന്നെ പറ്റിച്ചതാണോ? കാരണം തേളിനെ, കീരയ്ക്കു നേരത്തേ അറിയില്ലല്ലോ. ആ കുഴിയില്‍ വീണപ്പോഴാണ് ആദ്യമായി റായലിനെ കീര കാണുന്നത്. വലിയ സൗഹൃദമൊന്നും തേളുമായി കീരയ്ക്ക് ഉണ്ടായിരുന്നില്ല. ആരു വന്നാലും ഇല്ലെങ്കിലും കീര, ഡോസിയെ സഹായിക്കുമെന്ന് ഉറപ്പിച്ചു. അവള്‍ വീട് ലക്ഷ്യമാക്കി നീങ്ങി. അതേസമയം ഡോസി ഒരു വലിയ തടികൊണ്ടുള്ള കൂട്ടില്‍ കിടക്കുകയാണ്. പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിച്ചാണ് ഡോസി കിടന്നിരുന്നത്. ഡോസിക്ക് തന്റെ അവസ്ഥയെപ്പറ്റി ചിന്തിച്ചപ്പോള്‍ വല്ലാത്ത നിരാശ തോന്നി. എങ്ങനെയും ഈ കൂട്ടില്‍നിന്നു രക്ഷപ്പെടണം. പൊന്നിവനത്തില്‍നിന്നും ഒരു രാത്രി ആരും കാണാതെ ഗ്രാമത്തിലേക്കു യാത്ര തിരിച്ചതായിരുന്നു ഡോസി. പണ്ട് അവന്റെ അമ്മ ഗ്രാമത്തില്‍ താമസിച്ചിരുന്നുവെന്ന കഥ ഡോസി മനസ്സിലാക്കിവച്ചിരുന്നു. അന്ന് ഒരു കുതിരയാണ് ഡോസിയുടെ അമ്മയെ ഗ്രാമത്തില്‍നിന്നു രക്ഷിച്ചത്. വീണ്ടും പൊന്നിവനത്തിലേക്കു വരാന്‍ കാരണക്കാരനായ കുതിരയെപ്പറ്റി ഡോസിയുടെ അമ്മ എപ്പോഴും പറയും. മൃണയെന്നായിരുന്നു ആ കുതിരയുടെ പേര്. ഡോസിയോര്‍ത്തു.
'മൃണ.. മൃണ' ഡോസിയുടെ നാവ് ആ പേര് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
അമ്മ പറഞ്ഞ കഥകള്‍ ഡോസി കൂടുതല്‍ ഓര്‍ത്തെടുത്തു.
അന്ന് ഗ്രാമത്തില്‍ അമ്മ ഒരുപാടു പ്രയാസപ്പെട്ടിരുന്നു. കൂടുതല്‍ ഭാരം ചുമന്നു നടുവൊടിഞ്ഞിരുന്നു. ആഹാരം കിട്ടിയിരുന്നില്ല, കുടിക്കാന്‍ വെള്ളവും ഉണ്ടായിരുന്നില്ല. ഒരു ഗ്രാമത്തലവന്റെ വീട്ടിലായിരുന്നു അമ്മ താമസിച്ചിരുന്നത്. എന്നും തല്ലും. ഇതെല്ലാം അവിടെ താമസിച്ചിരുന്ന മൃണ കണ്ടിരുന്നു. അമ്മയ്ക്ക് ആഹാരവും വെള്ളവും ഗ്രാമത്തലവന്‍ കാണാതെ മൃണ കൊണ്ടുത്തന്നതുമെല്ലാം ഡോസിയോര്‍ത്തു. പിന്നെയും കഥകള്‍ ഒരുപാട് ഡോസിയോട് അമ്മ പറഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനമാണ് മൃണയുടെ കൗശലത്തിന്റെ കഥകള്‍. ആരെയും നിസ്സാരമായി തോല്പിക്കാന്‍ കഴിവുള്ള മൃണയെ ഗ്രാമത്തലവന്‍പോലും ഒന്നും ചെയ്യില്ല. മാത്രമല്ല ഒറ്റമനുഷ്യന്‍പോലും മൃണയുടെ അടുത്തേക്കു ധൈര്യത്തില്‍ വന്നുനില്‍ക്കില്ല. അമ്മ പറഞ്ഞ മൃണയുടെ കൗശലം. അതായിരുന്നു ഡോസിക്കു വേണ്ടത്. അതിനുവേണ്ടിയാണ് ആരും അറിയാതെ ഒരു രാത്രിയില്‍ ഡോസി പൊന്നിവനത്തില്‍നിന്നു വഴിയറിയാത്ത ഗ്രാമത്തിലേക്കു വന്നത്. പെട്ടെന്നൊരു ശബ്ദം കേട്ടതും ഡോസി ഞെട്ടിപ്പോയി. അവന്‍ തലപൊക്കി നോക്കി. മുന്നില്‍ കറുത്ത രോമങ്ങളുള്ള രണ്ടു നായകള്‍. കണ്ടാല്‍ സാക്ഷാല്‍ സിംഹത്തെ പ്പോലെ തോന്നും. അത്രയും വലുപ്പമുണ്ട് രണ്ടു നായകള്‍ക്കും.
''നീയാണോ യജമാന്റെ പുതിയ സഹായി?''
''അറിയില്ല'' പെട്ടെന്നു നായ ചോദിച്ചപ്പോള്‍ ഒന്നും ചിന്തിക്കാതെ ഡോസി മറുപടി കൊടുത്തു. അതുകേട്ടതും പട്ടികള്‍ രണ്ടും ഉറക്കെ കുരയ്ക്കാന്‍ തുടങ്ങി.
''ബൗ.. ബൗ.''
''ബൗ.. ബൗ'' അതിന്റെ ശബ്ദം കേട്ടപ്പോള്‍ ആ കൂടു കുലുങ്ങുന്നതുപോലെ ഡോസിക്കു തോന്നി. അത്രയും ഉച്ചത്തിലാണ് കുര. ഡോസി പെട്ടന്നു ചിന്തിച്ചു.
''ഇവിടെ ബുദ്ധിയാണ് വേണ്ടത്. ആലോചിച്ചു വേണം ഓരോന്നും പറയാന്‍.''
(തുടരും)
നിഥിന് കുമാര്‍
