•  27 Nov 2025
  •  ദീപം 58
  •  നാളം 38
ബാലനോവല്‍

പൊന്നിവനത്തിലെ കഴുത

   ''ഇനി എന്റെ ലക്ഷ്യം നേടാനുള്ള വഴി കണ്ടെത്താതെ പൊന്നിവനത്തിലേക്കു ഞാന്‍ പോകുന്നില്ല.''
''കാട് വിട്ടു വന്നതോ? എന്തിന്...? എന്താണു ലക്ഷ്യം?'' കീരയ്ക്കു സംശയമായി.
''അതൊരു നീണ്ടകഥയാണ്. ഞാന്‍ പിന്നെ പറയാം.'' അത്രയും പറഞ്ഞിട്ട് ഡോസി നോക്കുമ്പോള്‍ ജിമ്മിയും കൈസറും വരുന്നതാണു കാണുന്നത്.
''നിങ്ങള്‍ വേഗം പൊയ്‌ക്കോ. ദേ ആ നായകള്‍ രണ്ടും വരുന്നുണ്ട്.''
പൂച്ച തിരിഞ്ഞുനോക്കുമ്പോള്‍ അടുത്തായി നായ നില്‍ക്കുന്നു.
നായയെ കണ്ടതും കീരയും റായലും ഭയന്നുപോയി. ക്ഷണ നേരംകൊണ്ട് ഒറ്റയോട്ടമായിരുന്നു കീരയും റായലും. പിന്നാലെ ഓടിയ ജിമ്മിക്കും കൈസറിനും അധികം ഓടാന്‍ പറ്റിയില്ല. വയറു നിറഞ്ഞിരിക്കുന്നതു കാരണം കുറച്ച് ഓടിയപ്പോള്‍ തന്നെ നായകള്‍ രണ്ടും തളര്‍ന്നുപോയി.
''അയ്യോ വയ്യ... ഇനി ഓടാന്‍ വയ്യ .'' കൈസര്‍ കിതച്ചുകൊണ്ടു പറഞ്ഞു.
''ആ പൂച്ചയെ നമ്മുടെ കയ്യില്‍ ഇനിയും കിട്ടും. അന്ന് അതിന്റെ കഥ ഞാന്‍ കഴിക്കും.''
ജിമ്മി ദേഷ്യത്തില്‍ പറഞ്ഞു.
''ജിമ്മീ, അത് ഇവിടെ താമസിച്ചിരുന്ന കീരയാണ്.''
''ഏത്, യജമാനന്‍കൊണ്ടു കളഞ്ഞപൂച്ചയോ?''
''അതെ അവള്‍തന്നെ.''
''നിനക്ക് ഉറപ്പാണോ?''
''അതെ.''
'''അവള്‍ എന്തിനാണ് ഇങ്ങോട്ടു വീണ്ടും വന്നത്?''
''അറിയില്ല. നമുക്ക് കീര വന്ന കാര്യം യജമാനോടു പറയണ്ടേ.''
''വേണം.. നമ്മളോടു കുറച്ചു സ്‌നേഹം യജമാനനു കൂടുകയും ചെയ്യും.''
''എന്നാല്‍ ആദ്യം നമുക്ക് ആ കഴുതയെ ഒന്നു കാണാം. അവന്റെ അടുത്താണല്ലോ കീര നിന്നിരുന്നത്. കൂടെ ഒരു തേളും.''
''ശരിയാണ്. അവര്‍ വന്നതിനെ പ്പറ്റി എന്തെങ്കിലും അവന് അറിയാമെങ്കിലോ.''
ജിമ്മിയും കൈസറും കൂടി ഡോസിയുടെ അടുത്തേക്കു ചെന്നു. എന്നാല്‍, ഡോസി നായകള്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു. അവന് ഉറപ്പായിരുന്നു, കാര്യങ്ങള്‍ തിരക്കാന്‍ രണ്ടു പട്ടിച്ചേട്ടന്മാരും വരുമെന്ന്. പട്ടികള്‍ അടുത്തെത്തിക്കഴിഞ്ഞപ്പോള്‍ ഡോസി പറഞ്ഞു തുടങ്ങി:
''ഹോ! എന്തൊരു ശല്യമാണ് ആ പൂച്ച. അത് എവിടെനിന്നു വന്നതാ യജമാനെ.''
കഴുതയുടെ ചോദ്യം കേട്ടതും നായകള്‍ എന്തു പറയണമെന്നറിയാതെ കുഴഞ്ഞു... കഴുത പറഞ്ഞുതുടങ്ങി:
''ഒന്നുറങ്ങി വന്നതായിരുന്നു. ആ പൂച്ച കാരണം ഉറക്കം പോയി.''
''ഡോസീ നീ ഒന്നു ക്ഷമിക്ക്. ആ പൂച്ചയെവിടെനിന്നു വന്നതാന്ന് ഞങ്ങള്‍ക്കും അറിയില്ല. ഇനി വന്നാല്‍ അതിന്റെ കഥ ഞങ്ങള്‍ കഴിക്കും. ഇനി നിന്നെ പൂച്ച ശല്യപ്പെടുത്താന്‍ വരില്ല.'' ജിമ്മിഉറപ്പു നല്‍കി.
അതു കേട്ടതും ഡോസി മുഖത്തു സന്തോഷം പ്രകടിപ്പിച്ചു കൊണ്ടു പറഞ്ഞു.
''യജമാനേ എനിക്കു വീണ്ടും നന്നായി വിശക്കുന്നു.''
''ആണോ. നീ നില്‍ക്ക്. ആഹാരം ഞങ്ങള്‍ ഇപ്പോള്‍ കൊണ്ടുത്തരാം.''
''നന്ദിയുണ്ട് യജമാന്‍.''
''ശരി.. ശരി.. പിന്നെ നിനക്കു ഭാരമൊക്കെ ചുമന്നു ശീലമുണ്ടോ?''
''ഇല്ല. പക്ഷേ പഠിക്കാം.''
''മിടുക്കന്‍. വേഗം പഠിക്കണം. നിന്നെ ചിലപ്പോള്‍ നാളെ മുതല്‍ സാധനമെടുക്കാന്‍ കൊണ്ടുപോകുമെന്നു തോന്നുന്നു.'' കൈസര്‍ പറഞ്ഞു.
അതുകേട്ടതും ഡോസി ഞെട്ടി. വന്നിട്ട് ഒരു ദിവസംപോലും തികഞ്ഞില്ല. ഇത്ര പെട്ടെന്ന് തന്നെ പുറത്തിറക്കുമെന്നു ഡോസി ചിന്തിച്ചില്ല. അവന്‍ മുഖത്തു വിഷമം നിറച്ചുകൊണ്ട് ചോദിച്ചു: ''ഇത്ര വേഗമോ?''
''അതേ. പക്ഷേ, സാരമില്ല. ഭാരം പുറത്തേക്കുവെക്കുമ്പോള്‍ കൂടുതല്‍ ആവേശത്തോടെ നില്‍ക്കണം. അങ്ങനെ ആവേശമുള്ളവരെ യജമാനനു വലിയ ഇഷ്ടമാണ്. മടി കാണിക്കുന്നവരെ ഒട്ടും ഇഷ്ടവുമല്ല. അവരെക്കൊണ്ട് ഒരുപാട് ജോലികള്‍ ചെയ്യിക്കും. ഞാന്‍ പറഞ്ഞുവന്നത്, നിനക്കു ഷീണമൊക്കെ കാണും. അതൊന്നും പ്രകടിപ്പിക്കാതെ ചുറുചുറുക്കോടെ നിന്നാല്‍ പിന്നീട് നിന്നെ അധികം ഭാരം ചുമക്കാന്‍ സമ്മതിക്കില്ല. അതാണ് ഇവിടുത്തെ യജമാനന്റെ ശീലം.'' 
ജിമ്മി പറഞ്ഞതു കേട്ടപ്പോള്‍ സത്യത്തില്‍ ഡോസിക്ക് രണ്ടു നായകളോടും സ്‌നേഹം തോന്നി. ശരിക്കും ജിമ്മിയും കൈസറും പാവങ്ങളാണെന്നു തോന്നിപ്പോയി. അല്ലെങ്കില്‍ എന്തിനാണ് ഇപ്പോള്‍ ഇത്രയും വലിയ കാര്യം പട്ടികള്‍ പറഞ്ഞത്.
ഡോസി ഓര്‍ത്തു.
''അപ്പോള്‍ നീ വിശ്രമിക്ക്. ആഹാരം ഇപ്പോള്‍ കൊണ്ടുത്തരാം.''
അവര്‍ പോയപ്പോള്‍ ഡോസി ആലോചിച്ചു. സത്യത്തില്‍ തന്റെ ദേഹമെല്ലാം നല്ല വേദനയാണ്. കുഴിയില്‍ വീണതല്ലേ. രണ്ടു ദിവസമെങ്കിലും വിശ്രമിച്ചാലേ എല്ലാം ഒന്നു നേരേയാകൂ. പക്ഷേ, നാളെ മുതല്‍ ജോലി ചെയ്യണമല്ലോ. ആ നായകള്‍ പറഞ്ഞതുപോലെ നിന്നുനോക്കാം. പറഞ്ഞതു ശരിയാണേല്‍ തുടക്കത്തിലെ ബുദ്ധിമുട്ടു മാത്രമേ കാണൂ. ഡോസി എന്തൊക്കെയോ പദ്ധതികള്‍ മെനഞ്ഞുതുടങ്ങി. അപ്പോഴേക്കും യജമാനനോടു പൂച്ചയുടെ കാര്യം നായകള്‍ പറയാന്‍ മറന്നുപോയിരുന്നു. ആ രാത്രി ഡോസിയുറങ്ങിയില്ല. അടുത്തദിവസം എന്തൊക്കെയാകും സംഭവിക്കുക എന്നോര്‍ത്തു കിടന്നു. നല്ല നിലാവുള്ള രാത്രിയായിരുന്നു അത്. ഏറെ നേരമായിട്ടും ജിമ്മിയും കൈസറും വീടിനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്.
''നാളെ എന്തു സംഭവിച്ചാലും നേരിടണം. വെറുതെ പേടിച്ചിരുന്നിട്ട് എന്താണു കാര്യം?''
ഡോസി ചിന്തിച്ചു. മനസ്സിലെ ഭയത്തെ ഡോസി ഇല്ലാതാക്കുവാന്‍ ശ്രമിക്കുകയാണ്. അങ്ങനെ സ്വയം ഓരോന്നും പറഞ്ഞിരിക്കുമ്പോള്‍ കീര അവിടേക്ക് എത്തി.
''ഡോസീ..'' കീരയുടെ വിളി കേട്ടതും ഡോസി അവളെ നോക്കി.
''കീരാ... ആ പട്ടികള്‍ കറങ്ങി നടക്കുന്നുണ്ട്. നിന്നെ കണ്ടാല്‍ കുഴപ്പമാണ്.''
''അറിയാം. ഞാന്‍ വന്നത് ഒരു പ്രധാന കാര്യം പറയാനാണ്.''
''വേഗം പറ.'' ഡോസി ആരേലും വരുന്നുണ്ടോ എന്നു ചുറ്റും നോക്കിക്കൊണ്ടു പറഞ്ഞു.
'സാധാരണ ജോലി നന്നായി ചെയ്യാതെ അലസമായി നടന്നാല്‍ നമ്മളെ എവിടേലും കൊണ്ടക്കളയും. പക്ഷേ, ഇവിടെ അങ്ങനെയല്ല. ജോലി ചെയ്യാന്‍ മടി കാണിച്ചാല്‍, ജോലി ചെയ്യും വരെ തല്ലും. എന്നാല്‍, നന്നായി ജോലി ചെയ്യുന്നവരെക്കൊണ്ട് കൂടുതല്‍ ജോലിയൊന്നും ചെയ്യിക്കില്ല. ഇവിടെ നേരത്തേ വന്നവരെല്ലാം ചിന്തിച്ചത്. ഒന്നും ചെയ്യാതെയിരുന്നാല്‍ എവിടേലുംകൊണ്ടക്കളയുമെന്നും അങ്ങനെ രക്ഷപ്പെടാമെന്നുമാണ്.'' കീര പറഞ്ഞതു കേട്ടയുടനെ ഡോസി പറഞ്ഞു.
''എനിക്കറിയാം കീരാ. ആ നായകള്‍ പറഞ്ഞു. ഞാന്‍ അത് തന്നെയോര്‍ത്തിരിക്കുകയാണ്.''
''ആണോ. അവര്‍ അതൊക്കെ നിനക്കു പറഞ്ഞുതന്നോ? നല്ല അടുപ്പം തോന്നാതെ അങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ ആര്‍ക്കും പറഞ്ഞുകൊടുക്കില്ലല്ലോ.''
''ഞങ്ങള്‍ ഇപ്പോള്‍ നല്ല അടുപ്പമാണ്. എല്ലാം ഒരു സൂത്രമാണ് കീരാ.''
''നിന്റെ ബുദ്ധിയില്‍ എനിക്ക് ഒരു സംശയവുമില്ല. നാളത്തെ പ്രശ്‌നത്തിന് നമുക്ക് ഒരു പരിഹാരമുണ്ട്.''
''എന്താണ്?''
''ഞാന്‍ പറയുന്നപോലെ ചെയ്യണം.'' പൂച്ച ഡോസിയുടെ കാതില്‍ എന്തോ രഹസ്യം പറഞ്ഞു. അതു കേട്ടതും ഡോസി തലയാട്ടി. അത്രയും പറഞ്ഞുകൊണ്ട് കീര അവിടെനിന്നും മടങ്ങി. അടുത്ത ദിവസം രാവിലെതന്നെ ഡോസിയുടെ അടുത്തേക്ക് ഒരാളെത്തി. അത് ഗ്രാമ ത്തലവനാണ്. തലയില്‍ തൊപ്പിയും വെളുത്ത വസ്ത്രവും കയ്യിലും കഴുത്തിലും ആഭരണങ്ങളുമുള്ള ഗ്രാമത്തലവന്‍. അയാള്‍ കൂടിന്റെ അടുത്തെത്തി. കൈയിലുണ്ടായിരുന്ന വടികൊണ്ട് കൂടിന്റെ അഴികളില്‍ തട്ടി.

(തുടരും)

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)