അത്രയും ചിന്തിച്ചതിനു ശേഷം ഒരു നായയുടെ മുഖത്തേക്കു നോക്കിക്കൊണ്ട് ഡോസി പറഞ്ഞു.
''അയ്യോ ക്ഷമിക്കണേ. ഞാനാണ് പുതിയ സഹായി. പെട്ടെന്നു ചോദിച്ചപ്പോള്‍ മറന്നുപോയതാണ്. വന്നതിന്റെ ക്ഷീണം മാറാന്‍വേണ്ടി വിശ്രമിക്കുകയാണ്.''
''ഓഹോ. ഇത് ആദ്യമേ പറയണം. ഞങ്ങളെക്കൊണ്ട് വെറുതെ കുരപ്പിക്കരുത്.''
''അയ്യോ ശരിക്കും ഞാന്‍ മറന്നുപോയതാണ്. നിങ്ങളാണ് ഈ വീട് നോക്കുന്നതെന്ന് യജമാന്‍ പലതവണ പറഞ്ഞിട്ടുണ്ട്.''
ആ പറഞ്ഞതു കേട്ടതും നായകള്‍ രണ്ടും പരസ്പരം അഭിമാനത്തോടെ നോക്കി.
''ഈ വീട് മാത്രമല്ല. യജമാനനെയും ഞങ്ങള്‍തന്നെയാണ് നോക്കുന്നത്.''
''അതും പറഞ്ഞിട്ടുണ്ട്.'' കഴുത പറഞ്ഞു.
അഭിമാനംകൊണ്ട് നിറഞ്ഞു നിന്ന നായകള്‍ക്ക് തുള്ളിച്ചാടാന്‍ തോന്നി. പക്ഷേ, അതൊന്നും പ്രകടിപ്പിക്കാതെ നായ പറഞ്ഞു:
''ശരി ശരി. അതൊക്കെ ഇരിക്കട്ടെ. എന്റെ പേര് കൈസര്‍, ഇവന്‍ ജിമ്മി. നിനക്ക് എന്തെങ്കിലും ആവശ്യം ഉണ്ടേല്‍ പറയാന്‍ മടിക്കണ്ട.'' നായകള്‍ അത്രയും പറഞ്ഞിട്ട് ഗമയില്‍ മുന്നോട്ടു നടന്നുപോകുന്നതും നോക്കി ഡോസി നിന്നു. കറുത്ത രോമങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതു കാണുമ്പോള്‍ത്തന്നെ പേടി തോന്നുന്ന രണ്ടു നായകള്‍. ഇവരെ സൂക്ഷിക്കണം. ഡോസി മനസ്സിലോര്‍ത്തു. ഡോസിയുടെ മനസ്സില്‍ പല ചിന്തകളും വന്നു നിറഞ്ഞു. ചിലപ്പോള്‍ പെട്ടെന്നു തനിക്ക് തോന്നുന്ന ഭയത്തെ പ്പറ്റിയായിരുന്നു ഡോസി കൂടുതലും ചിന്തിച്ചത്. അവന്‍ മനസ്സില്‍ ഉറപ്പിച്ചു.
''ഞാനൊരു വലിയ ലക്ഷ്യത്തിനായി വന്നതാണ്. ഒരു വലിയ സ്വപ്നം നേടുന്നതിനായി ഗ്രാമത്തില്‍ വന്നതാണ്. ഇനി എന്തു സംഭവിച്ചാലും ഞാന്‍ പേടിച്ചു പിന്നോട്ടുപോകില്ല. പൊന്നിവനത്തിലെ ഓരോ ജീവികളും എന്നെ വാഴ്ത്തി പ്പാടും.'' അവന്റെ തീരുമാനം ശക്തമായിരുന്നു.
''ഇവിടെനിന്നു പുറത്തു പോകണം. ജിമ്മിയെയും കൈസറിനെയും ഇണക്കിനിര്‍ത്തിയാല്‍ ചിലപ്പോള്‍ ഒരു വഴി കിട്ടും. പക്ഷേ, അവരെ എങ്ങനെ കൂടെ നിര്‍ത്തും? രണ്ടു പേരും നല്ല പൊങ്ങച്ചക്കാരാണ്. അതു തന്നെ മാര്‍ഗം. ഡോസി നായകള്‍ വരുന്നതും നോക്കി കൂടിന്റെ പുറത്തേക്കു തലയിട്ടു നിന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വീടിനെ വലംവച്ചു കൊണ്ട് രണ്ടു നായകളും കൂടിന്റെ അടുത്തേക്കു വന്നു.
''ഹേയ്... നീ എന്തുചെയ്യുകയാണ്?'' കൈസര്‍ ചോദിച്ചു.
''ഒന്നും ഇല്ല...''
നായകള്‍ കൂടിന്റെ അടുത്തേക്കു നീങ്ങി നിന്നു.
''ഇവരെ എതിര്‍ത്തുനില്‍ക്കുന്നതു മണ്ടത്തരമാണ്. വിനയത്തോടെ നിന്നു നോക്കാം.''
ഡോസി ചിന്തിച്ചുകൊണ്ടു നിന്നപ്പോള്‍ ജിമ്മി ചോദിച്ചു:
''നീ എന്താണ് ആലോചിക്കുന്നത്?''
''അത് യജമാനേ, എനിക്കു നന്നായി വിശക്കുന്നു.''
ഡോസി പറഞ്ഞതു കേട്ടതും ജിമ്മി കൈസറിന്റെ അടുത്തായി പതിയെ എന്തോ പറയുന്നു. ഡോസി അതു ശ്രദ്ധിക്കാന്‍ തുടങ്ങി.
''ഈ കഴുത നമ്മളെയാണോ യജമാന്‍ എന്നു വിളിച്ചത്?''
''അതേന്നു തോന്നുന്നു. എന്തായാലും കേള്‍ക്കാന്‍ നല്ല രസമുണ്ട്.'' കൈസര്‍ സന്തോഷത്തോടെ പറഞ്ഞു. ഡോസി ഇതെല്ലാം ശ്രദ്ധയോടെ കേട്ടു.
''ഓഹോ. ഇതാണ് ഇവരെ കൂടെ ഇണക്കിനിര്‍ത്താനുള്ള നല്ല വഴി.'' വളരെ സന്തോഷത്തില്‍ കഴുത എഴുന്നേറ്റുനിന്നുകൊണ്ട് വീണ്ടും പറഞ്ഞു:
''യജമാന്‍... എനിക്കു നന്നായി വിശക്കുന്നുണ്ട്. രാവിലെ മുതല്‍ ഒന്നും തിന്നിട്ടില്ല.''
''നീ വിഷമിക്കണ്ട.. എന്താ നിന്റെ പേര്?''
''ഡോസി.''
''ശരി ഡോസി. നീ ഇരിക്ക്. നിനക്കു വേണ്ടത് ഞങ്ങള്‍ ഇപ്പോള്‍ കൊണ്ടു തരാം.''
നായകളുടെ മറുപടി കേട്ടപ്പോള്‍ കഴുതയ്ക്ക് ഒരുപാട് സന്തോഷംതോന്നി. ഇതു തന്നെയാണ് ഇപ്പോള്‍ തനിക്കും വേണ്ടത്. ഇവിടെനിന്നു പുറത്തുപോകാന്‍ ആരോഗ്യം വേണം. ആരോഗ്യം ഇല്ലാതെ രക്ഷപ്പെടാനും പറ്റില്ല. രക്ഷപ്പെട്ടാലും പൊന്നിവനം വരെ എത്താനും കഴിയില്ല. അല്പം കഴിഞ്ഞപ്പോള്‍ ജിമ്മി ഒരു വെള്ളരിക്കയും കൈസര്‍ ഒരു മത്തങ്ങയുംകൊണ്ട് വേഗത്തില്‍ വരുന്നത് ഡോസി കണ്ടു. വെള്ളരിക്കയും മത്തങ്ങയും കണ്ടപ്പോള്‍ അവന്റെ വായില്‍ വെള്ളം നിറഞ്ഞു. കിട്ടിയ ഉടനെ ആര്‍ത്തിയോടെ രണ്ടും ഡോസി വേഗത്തില്‍ തിന്നു. ശരിക്കും ഡോസിക്കു നല്ല വിശപ്പുണ്ടായിരുന്നു. കഴിഞ്ഞദിവസം മുതല്‍ ഒന്നും കഴിച്ചിരുന്നില്ല.
''നന്ദിയുണ്ട് യജമാന്‍.'' വെള്ളരിക്ക കഴിക്കുന്നതിന്റെ ഇടയില്‍ ഡോസി പറഞ്ഞു.
അതു കേട്ടതും നായകള്‍ കൂടുതല്‍ ആവേശത്തിലായി.
''നിനക്കു വിശപ്പു മാറിയോ ഡോസി.''
''കുറച്ചുകൂടിയുണ്ട്.''
''ആണോ എങ്കില്‍ നില്‍ക്ക്. ഞങ്ങള്‍ ഇപ്പോള്‍ വരാം.'' അവര്‍ തിരികെനടക്കുമ്പോള്‍ തമ്മില്‍ സംസാരിക്കുന്നത് ഡോസി കേട്ടു.
''നമ്മള്‍ ഒരു സംഭവം തന്നെ'' അതുകേട്ടതും ഉറക്കെ ചിരിക്കാനാണ് കഴുതയ്ക്കു തോന്നിയത്. പക്ഷേ, ശബ്ദമുണ്ടാക്കാതെ ഡോസി കാത്തിരുന്നു.
(തുടരും)
നിഥിന് കുമാര്‍
