''പക്ഷേ നമ്മള്‍ ഇവിടെ മാത്രം ഒതുങ്ങിപ്പോകും. ഇതൊരു ചെറിയ താവളമാണ്. കാടു പോലെ വിശാലമല്ല. ഓടാനും ചാടാനും ഒന്നും ഇവിടെ ഇടമില്ല. മാത്രമല്ല ഇവിടെത്താമസിക്കുന്ന ഓരോ ദിവസവും ഒരു മുറിയില്‍ പൂട്ടിയിട്ടതുപോലെയാണ്. നീ ചുറ്റും ഒന്നു നോക്ക്. ഈ മരങ്ങള്‍ക്കിടയിലുള്ള ചെറിയ പാറക്കെട്ട്.''
''അങ്ങനെ താമസിച്ചതുകൊണ്ട് എന്താണു ഗുണം? വെറുതെ ജീവിക്കുന്നതുപോലെ.. അല്ലെ.'' തേള്‍ ആണ് ചോദിച്ചത്. പക്ഷേ, അതിന്റെ ഉത്തരം കീരയ്ക്കും അറിയില്ല. അവള്‍ പറഞ്ഞു:
''കുറച്ചു ദിവസം ഇവിടെ താമസിക്കാം. ഒരു ഒളിത്താവളം പോലെ... അതിനുശേഷം നമുക്കു വേറെ വഴികള്‍ കണ്ടെത്താം. മാത്രമല്ല ഇപ്പോള്‍ പുറത്തേക്കു പോയാല്‍ അപകടംകൂടിയാണ്. ഗ്രാമത്തിലെ ആളുകള്‍ എല്ലാം ഡോസിയെ തിരഞ്ഞിറങ്ങിക്കാണും.'' കീരയൊരു പാറയുടെ മുകളില്‍ കയറിയിരുന്നു.
''എന്തായാലും നമ്മള്‍ ഇപ്പോള്‍ സുരക്ഷിതരാണ്.'' ഡോസിയും ഒരു കല്ലിന്റെ പുറത്തായി ഇരുന്നു.
''ഹാവു. ആശ്വാസമായി. ഭാരം ചുമന്ന് നടുവൊടിഞ്ഞു.'' ഡോസി കല്ലിലേക്കു ചാഞ്ഞു കിടന്നു. തൊട്ടടുത്തായി റായലും.
''ഇനി എന്താണു നമ്മുടെ പരിപാടി?'' റായല്‍ ചോദിച്ചു.
''നമുക്ക് ഡോസിയെ അവനു പോകണ്ട സ്ഥലത്ത് എത്തിക്കണം.'' കീര പറഞ്ഞതു കേട്ടിട്ടും ഡോസി ഒന്നും മിണ്ടിയില്ല.
''നീ എന്താ ഒന്നും മിണ്ടാതെ കിടക്കുന്നെ?''
''ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ഓര്‍മ്മയുണ്ടോ? ഞാന്‍ പൊന്നിവനത്തിലേക്കു വെറുതെ തിരികെപ്പോകില്ല. എനിക്കൊരു ലക്ഷ്യമുണ്ട്. അതിന് ഒരാളെ കാണാന്‍വേണ്ടിയാണു ഞാന്‍ ഗ്രാമത്തിലേക്കു വന്നത്.''
''ആരെ?'' കീര കൗതുകത്തോടെ ചോദിച്ചു.
ഡോസി കല്ലില്‍നിന്നു പതിയെ എഴുന്നേറ്റിരുന്നു.
''അത്...'' ഡോസി തന്റെ കഥ പറയാന്‍ തുടങ്ങി.
''ഞാന്‍ എന്തിനാണു കാടു വിട്ട് ഗ്രാമത്തില്‍ വന്നതെന്ന് അറിയാമോ? പരിഹാസവും അവഗണനയും സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍. ഞാനൊരു കഴുതയല്ലേ. കഴുതയ്ക്ക് നിങ്ങള്‍ക്ക് മറ്റൊരു അര്‍ഥം കൂടിയില്ലേ. മണ്ടന്‍. നിങ്ങള്‍പോലും പറയില്ലേ. ഒരു ചെറിയ തെറ്റ് ഒരാള്‍ ചെയ്താല്‍. നീ ഒരു കഴുതയാണല്ലോ എന്നൊക്കെ. എന്തിനാണ് അങ്ങനെ പറയുന്നത് കൂട്ടുകാരെ?'' ഡോസിയുടെ ചോദ്യം കീരയോടായിരുന്നു.
''അത്... അത്. അതൊരു തമാശയ്ക്ക്.''
''തമാശ.. ഞങ്ങള്‍ കഴുതകള്‍ എല്ലാവര്‍ക്കുമൊരു തമാശയാണ്.'' ഡോസിയുടെ കണ്ണുകള്‍ നിറഞ്ഞു.
''നിങ്ങള്‍ക്ക് അറിയാമോ. ഒരിക്കല്‍ പൊന്നിവനത്തില്‍ വെച്ച് ഞാന്‍ പുഴയുടെ തീരത്തേക്കു ചെന്നപ്പോള്‍ കുറച്ചു കുരങ്ങന്മാര്‍ ഓടിക്കളിക്കുന്നു. അതു കണ്ടപ്പോള്‍ എനിക്കും കൊതി തോന്നി. ഞാന്‍ അവരുടെ അടുത്തേക്കു നടന്നു. എന്നിട്ടു ചോദിച്ചു: കൂട്ടുകാരേ, എന്നെയും നിങ്ങളുടെകൂടെ കൂട്ടുമോ. ഞാന്‍ പറഞ്ഞത് അവരാരും ശ്രദ്ധിച്ചില്ല. ഞാന്‍ വീണ്ടും ചോദിച്ചു. കൂട്ടുകാരേ, എന്നെയും കൂടി കളിപ്പിക്കാമോ? അതുകേട്ട ഒരു കുരങ്ങന്‍ എന്താണു പറഞ്ഞതെന്ന് അറിയാമോ? അമ്പോ.. കഴുതയുടെ ഒരു ആഗ്രഹം കണ്ടോന്ന്.. ഇതൊന്നും നിനക്കു കളിക്കാന്‍ പറ്റില്ലന്ന്. അവര്‍ കളിച്ചുകൊണ്ടിരുന്നത് കബഡിയാണ്. എനിക്ക് അത് വളരെ ഇഷ്ടവുമാണ്. ഞാന്‍ എത്ര പറഞ്ഞിട്ടും അവരെന്നെ കൂടെ കൂട്ടിയില്ല. ഞാന്‍ ചോദിച്ചു.''
ഡോസി പഴയ അനുഭവകഥ കൂടുതല്‍ വിശദമായി പറയാന്‍ തുടങ്ങി. ഡോസി പറയുന്നത് കീര മനസ്സില്‍ കാണാന്‍ തുടങ്ങി.
''എന്താ കുരങ്ങന്‍ചേട്ടാ എന്നെ കൂടെ കൂട്ടാത്തത്?''
''എടാ മണ്ടാ. ഞങ്ങള്‍ നിന്നെ കളിക്കാന്‍ കൂട്ടാത്തതിന്റെ കാരണംപോലും നിനക്കറിയില്ല. അതിനുള്ള ബുദ്ധിപോലും നിനക്കില്ല. നീയൊരു മണ്ടനാണ്. അതാണു കാരണം. മനസ്സിലായോ.''
''അങ്ങനെ പറയല്ലേ.. എനിക്കും നിങ്ങളെപ്പോലെ ഓടാനും ചാടാനും പറ്റും. നിങ്ങള്‍ ചിന്തിക്കുംപോലെ ചിന്തിക്കാനും എനിക്കു കഴിയും. എന്നെയൊന്നു കൂടെ കൂട്ട്.''
''നിനക്കു പറഞ്ഞാല്‍ മനസ്സിലാവില്ല. പോവാന്‍ നോക്ക്. നിനക്കു പറ്റുന്നത് സാധനങ്ങള്‍ പുറത്തു കയറ്റിക്കൊണ്ടു പോകുന്ന ജോലിയാണ്. അതില്‍ നീ കേമനാണ്.'' കുരങ്ങന്‍ പറഞ്ഞതു കേട്ടപ്പോള്‍ ഡോസിയുടെ കണ്ണുകള്‍ തുളുമ്പി.
''ഞാന്‍ അങ്ങനെ അവിടെ നിന്നും നാണം കെട്ട് മടങ്ങി.''
കഴുതയ്ക്കുണ്ടായ ഒരു അനുഭവം കീരയോടും റായലിനോടും അവന്‍ പറഞ്ഞു.
''ഞാന്‍ അതെല്ലാം നീ പറഞ്ഞ
പ്പോള്‍ മനസ്സില്‍ കണ്ടു. നിന്നെയും കുരങ്ങന്മാരെയും ഞാന്‍ മനസ്സില്‍ കണ്ടു. സാരമില്ല ഡോസി.''
''സാരമില്ലന്നോ... ഞാന്‍ നടന്നതൊ
ക്കെ അമ്മയോടു
പറഞ്ഞു. അപ്പോള്‍ അമ്മ പറഞ്ഞത് എന്താണെന്ന് അറിയാമോ? മോനേ ഡോസി, നമ്മള്‍ കഴുതകളുടെ ജോലി ചുമട് എടുക്കുന്നതാണ്. നീയും നിന്റെ അച്ഛനെപ്പോലെയും അമ്മയെപ്പോലെയും അപ്പൂപ്പനെപ്പോലെയും ചുമട് എടുത്തു തുടങ്ങണം. അമ്മ അങ്ങനെ പറഞ്ഞതാണ് എനിക്കു സഹിക്കാന്‍ പറ്റാഞ്ഞത്.''
''അപ്പോള്‍ നീ എന്താണു പറഞ്ഞത് ഡോസി.'' റായല്‍ ചോദിച്ചു.
കഴുതയുടെ മറുപടി കേള്‍ക്കാന്‍ കീരയും റായലും കാതോര്‍ത്തു.
''ഞാന്‍ പറഞ്ഞു, എനിക്ക് അച്ഛനെപ്പോലെയും അമ്മയെ പ്പോലെയും അപ്പൂപ്പനെപ്പോലെയും ഭാരമെടുത്തു ജീവിക്കണ്ട. എന്ന്?''
''പിന്നെ... നീ എന്താണു പറഞ്ഞത്?'' കീരയ്ക്കു കൗതുകമായി.
ഡോസി, പൂച്ചയുടെയും തേളിന്റെയും മുഖത്തേക്കു മാറി മാറി നോക്കി. എന്നിട്ടു പറഞ്ഞു:
''എനിക്ക് പൊന്നിവനത്തിലെ രാജാവായി ജീവിക്കണം എന്ന്'' ഡോസി പറഞ്ഞതു കേട്ടപ്പോള്‍ കീരയും റായലും ഞെട്ടിപ്പോയി.
''എന്റെ ഡോസീ. നിന്റെ ആഗ്രഹം ആകാശത്തേക്കാള്‍ വലുതാണല്ലോ. ഇതൊക്കെ എങ്ങനെ സാധിക്കും? അതും കാട്ടിലെ രാജാവ്. ഇത് സിംഹരാജന്‍ അറിഞ്ഞാലുള്ള അവസ്ഥ നീ ഓര്‍ത്തു നോക്കിക്കേ.'' റായലാണ് പറഞ്ഞത്.
പക്ഷേ, ഡോസി മൗനത്തോടെ ഇരുന്നു.
''നീ ബാക്കി കഥ പറ... അമ്മയോടു രാജാവാകണമെന്നു പറഞ്ഞപ്പോള്‍ അമ്മ എന്താണു പറഞ്ഞത്?'' കീര ചോദിച്ചു. ഡോസി കഥയുടെ ബാക്കി പറയാന്‍ തുടങ്ങി.
''അമ്മ കുറച്ചുനേരം മിണ്ടാതെയിരുന്നു. എന്നിട്ട് പറഞ്ഞു. നീ എന്തു മണ്ടത്തരമാണ് പറയുന്നത് മോനെ. അതു കേട്ടപ്പോള്‍ എനിക്കു കൂടുതല്‍ ദേഷ്യമാണ് വന്നത്.''
(തുടരും)
നിഥിന് കുമാര്‍
