ഡോസി കിടന്നിരുന്നത് ഒരു വലിയ കുഴിയിലായിരുന്നു. ഇത്രയും താഴ്ചയിലുള്ള കുഴിയാണെന്ന് അവന്‍ ചിന്തിച്ചതുപോലുമില്ല.
''അയ്യോ! ഇത്രയും വലിയ കുഴിയില്‍ ആയിരുന്നോ ഞാന്‍. ഇവിടെനിന്നും എങ്ങനെ മുകളിലേക്കു കയറും? നമ്മള്‍ ഒരു വലിയ കെണിയിലാണെന്നു തോന്നുന്നു കൂട്ടുകാരെ.'' ഡോസി എല്ലാവരോടുമായി പറഞ്ഞു.
''നമ്മളല്ല... നീയും ഈ പൂച്ചകളും... ഞാന്‍ ഇവിടെയാണ് പണ്ടു മുതലേ താമസം.'' റായലിന്റെ സംസാരം കേട്ടപ്പോള്‍ ശരിക്കും പൂച്ചകള്‍ക്കു വിഷമം തോന്നി.
''നമ്മള്‍ എങ്ങനെ മുകളില്‍ കയറും ഡോസി? ഞാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷേ, എന്നെക്കൊണ്ടു കഴിഞ്ഞില്ല.. ഈ കുഞ്ഞുങ്ങളെയുംകൊണ്ട് മുകളിലേക്കു ഞാന്‍ എങ്ങനെ പോകും?''
''അതൊരു ചോദ്യമാണ്. പക്ഷേ, അതിനൊരു ഉത്തരം ഇപ്പോള്‍ എന്റെ കയ്യില്‍ ഇല്ല.''
ഡോസി വിഷമത്തില്‍ പറഞ്ഞതു കേട്ടപ്പോള്‍ റായലിനും വല്ലാത്തൊരു സങ്കടം തോന്നി. 'പാവങ്ങള്‍.'
''നമ്മള്‍ ഇത്രയും താഴെ വീണിട്ടും കാര്യമായി പരിക്കുകള്‍ ഒന്നും പറ്റിയില്ല. അതിന്റെ അര്‍ഥം എനിക്കു തോന്നുന്നത് നമുക്കു മുകളില്‍ പോകാന്‍ പറ്റുമെന്നാണ്.''
ഡോസി ആത്മവിശ്വാസത്തില്‍ മുകളിലേക്കു നോക്കി.
''നമ്മള്‍ ഈ കുഴിയില്‍ നിന്നു രക്ഷപ്പെടും.''
''എങ്ങനെ?'' കീരയ്ക്കു സംശയം.
''കഴിയും. നിങ്ങളെല്ലാം ഒപ്പം നില്‍ക്കണം.''
''ഞാന്‍ നില്‍ക്കാം.'' കീര ഉറപ്പു നല്‍കി.
''എന്നെക്കൊണ്ടു പറ്റുന്ന എന്തു സഹായവും ഞാന്‍ ചെയ്യാം.''
റായല്‍ ഡോസിക്കു വാക്കു കൊടുത്തു.
''നമ്മള്‍ പരിശ്രമിച്ചാല്‍ ഉറപ്പായും പുറത്തേക്കു പോകാന്‍ പറ്റും. പക്ഷേ, ഞാന്‍ പറയുന്നപോലെ നിങ്ങള്‍ കേള്‍ക്കണം.'' ഡോസി എന്തോ ചിന്തിച്ചുകൊണ്ടു പറഞ്ഞു.
''എന്താ നിന്റെ പദ്ധതി?'' റായലിനു സംശയമായി.
''പറയാം. ഞാന്‍ കഴിഞ്ഞ ദിവസം കുറച്ചു മനുഷ്യരെ കണ്ടിരുന്നു. അവരാണ് നമ്മളെ രക്ഷിക്കാന്‍ പോകുന്നത്.''
''മനുഷ്യരോ? എങ്ങനെ?'' കീരയ്ക്കു വിശ്വാസം വന്നില്ല.
''അവര്‍ എങ്ങനെ നമ്മളെ സഹായിക്കും? കഴിഞ്ഞ ദിവസവും ചില ആളുകള്‍ കുഴിയിലേക്കു നോക്കിയിട്ടു പോയി. ആരും സഹായിച്ചില്ല.'' കീര വളരെ നിരാശയോടെ തലതാഴ്ത്തി.
''അത് നിങ്ങള്‍ പൂച്ചകള്‍ ആയതുകൊണ്ടാണ്. മനുഷ്യന്മാര്‍ ഒരാളെ സഹായിക്കണമെങ്കില്‍ എന്തെങ്കിലും ഗുണം അവരില്‍നിന്ന് ഉണ്ടാകണം. അല്ലാതെ സഹായിക്കുന്ന ആളുകള്‍ കുറവാണെന്നാണ് അമ്മ പറഞ്ഞുതന്നിട്ടുള്ളത്.''
ഡോസി മനസ്സിലാക്കിയ കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊടുക്കുകയാണ്.
''പൊന്നിവനത്തില്‍നിന്നും പണ്ട് എന്റെ അമ്മയെയും മറ്റു ചില കഴുതകളെയും ആളുകള്‍ ഗ്രാമത്തിലേക്കു പിടിച്ചുകൊണ്ട് പോയിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഗ്രാമത്തില്‍നിന്നു രക്ഷപ്പെട്ട അമ്മ തിരികെ പൊന്നിവനത്തില്‍ വന്നു. അന്ന് അമ്മ പറഞ്ഞ അനുഭവങ്ങളാണ് എന്റെ അറിവ്. ഗ്രാമത്തില്‍ കഴുതകള്‍ക്ക് ആവശ്യക്കാരുണ്ട്. നേരത്തേ പറഞ്ഞതുപോലെ. ഞങ്ങളെ ഇന്നും ആളുകള്‍ ഭാരം ചുമക്കുന്ന മൃഗമായിട്ടാണ് കാണുന്നത്. അതുതന്നെയാണ് ഇപ്പോള്‍ നമുക്കു രക്ഷപ്പെടാനുള്ള മാര്‍ഗവും.''
''നീ പറഞ്ഞത് എനിക്കു മനസ്സിലായില്ല ഡോസി.'' റായല്‍ പറഞ്ഞു.
''അതായത്, ആളുകള്‍ നമ്മളെ കാണണം. പ്രത്യേകിച്ചും എന്നെ കാണണം. കുഴിയില്‍ ഒരു കഴുത കിടക്കുന്നതു കാണുമ്പോള്‍ ആളുകള്‍ എന്നെ മുകളില്‍ കയറ്റും. ഒപ്പം നിങ്ങളെയും.''
''പക്ഷേ, അത് അപകടമല്ലേ. ആളുകള്‍ നിന്നെ പിടിച്ചുകൊണ്ടുപോകില്ലേ?''
''അതിനാണ് നിങ്ങളുടെ സഹായം.'' റായലിനെ നോക്കി ഡോസി പറഞ്ഞു.
''ഞാന്‍ എന്താണു ചെയ്യേണ്ടത്?''
''പറയാം. ആദ്യം നീ മുകളില്‍ ചെല്ലണം. ആളുകള്‍ വരുമ്പോള്‍ ഞങ്ങളെ അറിയിക്കണം. ആ സമയം ഞാന്‍ ഉച്ചത്തില്‍ കരയും. ശബ്ദം കേള്‍ക്കുന്ന ആളുകള്‍ കുഴിയിലേക്കു വന്നു നോക്കും. അപ്പോള്‍ എന്നെ കാണും. എങ്ങനെയും അവര്‍ എന്നെ മുകളില്‍ എത്തിക്കും. ആ സമയം നിങ്ങള്‍ തേളുകള്‍ കൂട്ടത്തോടെ അവരെ ആക്രമിക്കാന്‍ പോകണം. ആ സമയം ഞാന്‍ രക്ഷപ്പെട്ടോളാം.. പിന്നെ ഒരു കാര്യം. എന്നെ മുകളിലേക്കു കയറ്റുന്ന നേരം കീരയും കുഞ്ഞുങ്ങളും എന്റെ ദേഹത്ത് അള്ളിപ്പടിച്ചിരിക്കണം. മുകളില്‍ എത്തിയാല്‍ ഉടനെ എങ്ങോട്ടേലും ഓടിക്കോണം.''
ഡോസി പദ്ധതി വിശദമായി പറഞ്ഞുകൊടുത്തു.
''ഞങ്ങളുടെ ആക്രമണം വിജയം കണ്ടില്ലെങ്കിലോ?''
''നമുക്കു നോക്കാം. ഇപ്പോള്‍ അത്യാവശ്യം നമുക്കു മുകളില്‍ എത്തുക എന്നതു മാത്രമാണ്. അല്ലേല്‍ വെള്ളവും ആഹാരവും ഇല്ലാതെ ചത്തുപോകും. മുകളില്‍ എത്തിയിട്ട് സംഭവിക്കുന്നതൊക്കെ പിന്നീട് ചിന്തിക്കാം. ഇപ്പോള്‍ ഞാന്‍ പറയുന്നതു പോലെ ചെയ്യ്.'' എന്നാല്‍, ഡോസിയുടെ പദ്ധതി എത്രമാത്രം വിജയിക്കുമെന്ന് ആര്‍ക്കും ഉറപ്പില്ല. എങ്കിലും മറ്റൊരു മാര്‍ഗം ഇല്ലാത്തതുകൊണ്ട് അവര്‍ ഡോസി പറഞ്ഞതുപോലെ ചെയ്യാന്‍ തീരുമാനിച്ചു.
''നിങ്ങള്‍ പേടിക്കണ്ട. അപകടം ഉണ്ടാകുന്നെങ്കില്‍ എനിക്കു മാത്രമേ ഉണ്ടാകൂ. നമ്മള്‍ ഒന്നും ചെയ്തില്ലേല്‍ എല്ലാവരും ഇവിടെക്കിടന്നു കഷ്ടപ്പെടും. നിങ്ങള്‍ പൂച്ചകള്‍ക്കെങ്കിലും രക്ഷ കിട്ടുമല്ലോ. ബാക്കിയൊക്കെ പിന്നെ നോക്കാം.''
ഡോസി കൂടുതല്‍ ആത്മവിശ്വാസം എല്ലാവര്‍ക്കും നല്‍കി. ഡോസി പറഞ്ഞതുപോലെ ഒരു കൂട്ടം തേളുകള്‍ കുഴിയില്‍ നിന്നു മുകളിലേക്കു കയറിത്തുടങ്ങി. കഴുതയും പൂച്ചകളും അതും നോക്കി നിന്നു. പ്രതീക്ഷയോടെ. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ കുഴിയുടെ മുകളില്‍ നിന്നും റായല്‍ വിളിച്ചു പറഞ്ഞു:
''ആളുകള്‍ വരുന്നുണ്ട്.'' റായല്‍ പറഞ്ഞതു കേട്ടതും ഡോസിയുറക്കെ കരയാന്‍ തുടങ്ങി. തുടരെ അലറിക്കരയാന്‍ തുടങ്ങി. കഴുതയുടെ ശബ്ദം ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.
''എന്തോ കരയുന്ന ശബ്ദമല്ലേ അത്?'' ഒരാള്‍ സംശയം പ്രകടിപ്പിച്ചു.
(തുടരും)