എങ്ങനെയെങ്കിലും ക്രിസ്മസ് അവധി ആയാല്‍ മതിയായിരുന്നു.
ഉണ്ണിച്ചേട്ടനും ചേച്ചിയും പൊന്നുച്ചേച്ചിയും വരും. പിന്നെ പുല്‍ക്കൂട്, കേക്ക്, കരോള്‍ പാട്ടുകാര്‍, എന്തൊരു രസമായിരിക്കും. ഏറ്റവും വലിയ സന്തോഷം മാലാഖമാരെ കാണാന്‍, അമ്പലവയല്‍ പോകുന്നതാണ്. ദിവസവും കലണ്ടറില്‍ നോക്കും, ഇനിയും 45 ദിവസമുണ്ട് ക്രിസ്മസിന്.
പിങ്ക്‌ളാങ്കിയുടെ എല്ലാ സന്തോഷങ്ങളെയും തട്ടിത്തെറിപ്പിച്ച്, അമ്മ പറഞ്ഞു:
''ഒരു കാര്യം അറിഞ്ഞോ, നീ ഒരു ചിറ്റപ്പന്‍ ആകാന്‍ പോകുന്നു.''
എന്താണെന്നു മനസ്സിലാകാതെ അവന്‍ അമ്മയെ നോക്കി. നമ്മുടെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു.
അപ്പോഴും പിങ്ക്‌ളാങ്കിക്കു കാര്യം മനസ്സിലായില്ല.
''നിന്റെ ഉണ്ണിച്ചേട്ടന് ഒരു കുഞ്ഞുവാവ ഉണ്ടാകാന്‍ പോകുന്നു.''
''കുഞ്ഞാവ വരുമ്പോള്‍ ഞാന്‍ ചിറ്റപ്പന്‍ ആകുമോ?''
''പിന്നെ അല്ലാതെ, വലിയ ആളാകും നീ, കുഞ്ഞുവാവയുടെ ചിറ്റപ്പന്‍ ഐവാന്‍.''
പിങ്ക്‌ളാങ്കി ഓടി പിപ്പിന്റെ അടുത്തെത്തി.
''എടാ, ഞാന്‍ ചിറ്റപ്പനാകാന്‍ പോകുന്നു.'' എല്ലാം മനസ്സിലായപോലെ അവനും തലയാട്ടി.
രണ്ടുപേരും വീടിനു ചുറ്റും ഓടിക്കളിച്ചു.
അമ്മ പൊന്നുച്ചേച്ചിയോടും, ജോസിച്ചായനോടുമൊക്കെ ഫോണില്‍ വിളിച്ച് ഈ വിവരം പറയുന്നത് കൗതുകത്തോടെ പിങ്ക്‌ളാങ്കി കേട്ടുനിന്നു. അമ്മ ഒരു വല്യമ്മച്ചിയാകാന്‍ പോകുന്നു.
വീട്ടില്‍ അതൊരു വലിയ സന്തോഷവാര്‍ത്തയായിരുന്നു. അമ്മ എന്തൊക്കെയോ പ്ലാന്‍ ചെയ്യുന്നു. സിസിലിയാന്റി അമ്മയെ സഹായിക്കാന്‍ തയ്യാറായി നില്‍ക്കുന്നു.
''പിങ്ക്‌ളാങ്കിക്കു സ്‌കൂള്‍ ഉണ്ട് അല്ലെങ്കില്‍ ഞാന്‍ അവിടം വരെ ഒന്നു പോയേനേ, ദൈവം അനുഗ്രഹിച്ചാല്‍ ജൂണില്‍ കുട്ടി ഉണ്ടാകും, മാതാവേ കാത്തുകൊള്ളണമേ.''
വീട്ടില്‍ നടക്കാന്‍ പോകുന്ന ഈ സന്തോഷവാര്‍ത്തയില്‍ അമ്മയോടൊപ്പം എല്ലാവരും പങ്കുചേര്‍ന്നു.
ബെന്നിച്ചായനും അമ്മായിയും അമ്മയെ കാണാന്‍ വന്നു. വരുമ്പോഴൊക്കെ കുറെ ചോക്ലേ റ്റ്, കേക്ക് എല്ലാം അമ്മായി കൊണ്ടുവരും. അതില്‍ ഒരു ചോക്ലേറ്റ് കഴിച്ചോണ്ട് അവരുടെ വര്‍ത്തമാനം പിങ്ക്‌ളാങ്കി ശ്രദ്ധിച്ചുകേള്‍ക്കുകയായിരുന്നു.
''പപ്പ പിന്നെ വെളിയില്‍ സന്തോഷമൊന്നും കാണിക്കില്ല, എന്നാലും മുഖം കണ്ടാല്‍ അറിയാം വല്യപ്പച്ചനാകുന്നതിന്റെ ഒരു സന്തോഷം.''
എന്നാല്‍, പിങ്ക്‌ളാങ്കിയുടെ എല്ലാ സന്തോഷവും അമ്മയുടെ ആ വാചകം തകര്‍ത്തു.
''ഒരു മൂന്നു മാസത്തേക്ക് ബിന്ദുവിന് യാത്ര ചെയ്യാന്‍ പറ്റില്ല, ക്രിസ്മസ് അവധിക്കു ഞങ്ങള്‍ അങ്ങോട്ടു പോയാലോ എന്ന് ആലോചിക്കുകയാണ്, പൊന്നുവും മൈസൂറിനു വരും.''
''അതു നല്ല കാര്യമാണ്, എല്ലാവരും അവിടെ ചെന്നാല്‍ അവര്‍ക്കും അതൊരു ചേഞ്ച് ആകും.''
ബെന്നിച്ചായന്‍ പോയതിനു ശേഷം പിങ്ക്‌ളാങ്കി അമ്മയോടു ചോദിച്ചു
''അപ്പോള്‍ ഉണ്ണിച്ചേട്ടനും ചേച്ചിയും ക്രിസ്മസിന് ഇങ്ങോട്ടു വരില്ലേ?''
''ഇല്ലടാ, ബിന്ദുവിനു കുറച്ചു നാളേക്ക് യാത്ര പാടില്ല.''
''അപ്പോള്‍ നമ്മളു മാലാഖമാരെ കാണാന്‍ പോകില്ലേ?''
''മാലാഖമാര്‍ എങ്ങും പോകില്ല, നമുക്ക് ഇതൊക്കെ കഴിഞ്ഞ് ഒരു ദിവസംപോകാം, അല്ലെങ്കില്‍ നീ ചിറ്റപ്പനായിക്കഴിയുമ്പോള്‍ ആ കുഞ്ഞിനേയും കൂട്ടി പോകാം.''
എന്താണ് ഉത്തരം പറയേണ്ടത് എന്നറിയാതെ അവന്‍ അമ്മയുടെ മുഖത്തേക്കു നോക്കി.
''വിഷമിക്കാതെ, നമുക്ക് ഒരു ദിവസം പോകാം കേട്ടോ.''
വിതുമ്പാന്‍ നില്‍ക്കുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളും അമ്മയെ കാണിക്കാതെ അവന്‍ മുറിയിലേക്കുപോയി. കട്ടിലില്‍ കമിഴ്ന്നുകിടന്നു കരയാന്‍ തുടങ്ങി. പിന്നെ എപ്പോഴോ ഉറങ്ങി പ്പോയി.
അമ്മ വന്നു, സന്ധ്യാപ്രാര്‍ഥനയ്ക്കു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. മുഖം വാടിയിരിക്കുന്നതു കണ്ട്, അമ്മ നെറ്റിയില്‍ കൈവച്ചു പനിയുണ്ടോ എന്നു നോക്കി.
''മുഖം കഴികിയിട്ടു വാ, നമുക്കു പ്രാര്‍ഥിക്കാം.''
പിങ്ക്‌ളാങ്കിയുടെ മനസ്സ് സങ്കടത്താല്‍ പ്രാര്‍ഥനയില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ എന്തൊക്കെയോ ആലോചനയില്‍ മുഴുകി.
''അടുത്ത വര്‍ഷം ആദ്യകുര്‍ബാന കൈക്കൊള്ളേണ്ട ചെറുക്കനാണ്. പ്രാര്‍ഥന ഒന്നും അറിയില്ല.'' അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
അത്താഴം ഒരു വിധത്തില്‍ കഴിച്ചെന്നു വരുത്തി, അവന്‍ കട്ടിലില്‍ കയറിക്കിടന്നു.
രാവിലെ സ്‌കൂളില്‍ പോകാനും തോന്നിയില്ല, പക്ഷേ, അമ്മ വീട്ടില്‍ ഇരുത്തില്ല. അതുകൊണ്ടു ബുക്ക് ബാഗില്‍ നിറച്ചു,
സ്‌കൂള്‍ ബസ്സില്‍ കയറി. ടിഫിന്‍ ബോക്‌സ് വീട്ടില്‍ മറന്നുവച്ചത് കണ്ട്, അമ്മ ബസ്സിന്റെ പിറകില്‍ തന്റെ സ്‌കൂട്ടിയില്‍ വന്നു. അടുത്ത സ്റ്റോപ്പില്‍ വണ്ടി നിന്നപ്പോള്‍, അത് ഏല്പിച്ചു.
പ്രസാദ് അടുത്തു വന്നിരുന്നു ചോദിച്ചു:
''എന്താ, നിനക്കു സുഖമില്ലേ?''
''ഏയ് ഒന്നുമില്ല.''
''പറയെടാ എന്താ പറ്റിയത്?''
''ക്രിസ്മസ് അവധിക്ക് എനിക്കു മാലാഖമാരെ കാണാന്‍ പോകാന്‍ സാധിക്കില്ല.''
''മുഖം കണ്ടപ്പോഴേ എനിക്കു തോന്നി.''
''ചേട്ടനും ചേച്ചിക്കും വരാന്‍ സാധിക്കില്ല, കുഞ്ഞുവാവ വരാന്‍ പോകുന്നു, അതുകൊണ്ടു യാത്ര പറ്റില്ലെന്നു പറഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടെ മൈസൂറിനു പോകുവാ.''
''മൈസൂര്‍ നല്ല സ്ഥലമാണ്.''
''അവിടെ എന്റെ മാലാഖമാര്‍ ഇല്ലല്ലോ.''
''ഹും അതു നേരാ.''
''നീ സങ്കടപ്പെടാതെ, നമുക്ക് ഒരു വഴി കണ്ടുപിടിക്കാം.''
''എന്താണു വഴി?''
''അതു ഞാന്‍ നാളെ പറയാം.''
''ഇപ്പോള്‍ പറയാന്‍ വയ്യേ?''
''ഒന്നു ക്ഷമിക്കെടാ, ഞാന്‍ ഒന്ന് ആലോചിക്കട്ടെ.''
അമ്പലവയല്‍ പോകാനുള്ള എല്ലാ പ്രതീക്ഷകളും, പ്രസാദ് ചേട്ടനില്‍ അര്‍പ്പിച്ചിട്ട് ഐവാന്‍ ഉത്സാഹത്തോടുകൂടി തന്റെ ക്ലാസിലേക്കു പോയി.
(തുടരും)