''മിടുക്കന്‍. നിന്നെ എനിക്ക് ഇഷ്ടമായി.'' ഗ്രാമത്തലവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷംകൊണ്ട് കഴുതയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.
''എന്റെ ഒപ്പം വരൂ'' വളരെ വിനയത്തോടെ കഴുത ഗ്രാമത്തലവന്റെ പിറകേ നടന്നു. ഒരു കുന്നിന്റെ മുകളിലേക്കാണ് ഗ്രാമ ത്തലവന്‍ നടക്കുന്നത്. കഴുതയുടെ മനസ്സില്‍ പ്രതീക്ഷ നിറഞ്ഞു.
''കുന്നിന്റെ മുകളില്‍ ചെന്നു കഴിഞ്ഞാല്‍ രക്ഷപെടാനുള്ള വഴികള്‍ കണ്ടെത്തണം.''
ഡോസി ഇരുവശത്തുമുള്ള ഓരോ വസ്തുക്കളും സൂക്ഷ്മമായി നോക്കിയാണു നടക്കുന്നത്. വലിയ മരങ്ങള്‍, ചെറിയ പാറകള്‍, ഒളിക്കാന്‍ പറ്റുന്ന സ്ഥലങ്ങള്‍ അങ്ങനെ പലതും കഴുത കാണുന്നുണ്ട്. പക്ഷേ, ഡോസി വിചാരിക്കാത്ത ഒരു കാര്യമാണ് നടന്നത്. അവനെ ഒരു തെങ്ങില്‍ കെട്ടിയിട്ടാണ് ഗ്രാമത്തലവന്‍ അവിടെനിന്നും പോയത്. ശരിക്കും ഡോസി കരുതിയത് തന്നെ പുല്‍മേട്ടില്‍ വെറുതെ നടക്കാന്‍ വിടുമെന്നാണ്. പക്ഷേ, അങ്ങനെ ഗ്രാമ ത്തലവന്‍ ചെയ്യില്ലന്ന് പെട്ടെന്നു തന്നെ ഡോസി മനസ്സിലാക്കുകയും ചെയ്തു. ഗ്രാമത്തലവനും ബുദ്ധിയുണ്ടല്ലോ. വെറുതെ വിട്ടാല്‍ ഓടിപ്പോകുമെന്നു കരുതും. പിന്നീട് കഴുത ചിന്തിച്ചത് നേരത്തേ കിടന്നതുപോലെയൊരു കൂട്ടിലാകും തന്നെ ഇടുന്നത് എന്നാണ്. അതിനാല്‍ത്തന്നെ കൂടു തുറക്കാനുള്ള വഴികളാണ് ഇത്രനേരവും കഴുത ചിന്തിച്ചത്. പക്ഷേ, കെട്ടിയിടുമെന്നു കരുതിയില്ല. എങ്ങനെ കരുതും. ആദ്യമായിട്ടാണ് കെട്ടിയിടുന്നതു കാണുന്നതുതന്നെ. ഡോസി എത്ര ചിന്തിച്ചിട്ടും ഒരു വഴികിട്ടിയില്ല. നല്ല ബലമുള്ള കയറുകൊണ്ടാണ് കെട്ടിയിരിക്കുന്നത്. അപ്പോള്‍ അതാ വരുന്നു. പമ്മിപ്പമ്മി കീര.
പമ്മി വരുന്ന കീരയെ കണ്ടപ്പോള്‍ ഒരു സന്തോഷം ഡോസിക്കു തോന്നി.
''കൂട്ടുകാരാ.'' കീര പതിയെ വിളിച്ചു.
''കീരാ, ഞാന്‍ എങ്ങനെ രക്ഷപെടും.''
''അതൊന്നും ഞാന്‍ പറഞ്ഞുതരേണ്ട കാര്യമില്ല. നിനക്കു നിസ്സാരമായി പറ്റും. ഞാന്‍ ഇപ്പോള്‍ വന്നത് ഇവിടെനിന്നും ദാ ആ കാണുന്ന കുന്നിന്റെ ചെരുവിലേക്കു നീ വരണം. അവിടെനിന്ന് നമുക്കൊരു സുരക്ഷിതമായ സ്ഥലത്തേക്കു പോകാം.''
''പക്ഷേ കീരാ. ഞാന്‍ ഈ കയര്‍ എങ്ങനെ അഴിക്കും?''
''സത്യത്തില്‍ എനിക്കും അറിയില്ല. പക്ഷേ, നിന്നെക്കൊണ്ട് പറ്റുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ മനസ്സ് അങ്ങനെ പറയുന്നു.'' ഡോസി ചിന്തിക്കാന്‍ തുടങ്ങി.
''എന്തേലും വഴി കണ്ടെത്തിയാല്‍ മാത്രമേ എനിക്കു രക്ഷയുള്ളൂ. ഈ അവസരം നഷ്ടമായാല്‍ മറ്റൊരു അവസരത്തിനു വേണ്ടി ഒരുപാട് കാത്തിരിക്കേണ്ടിവരും.''
കുറച്ചുനേരം തെങ്ങിന്റെ ചുവട്ടില്‍ അവന്‍ വെറുതെയിരുന്നു. അപ്പോഴേക്കും കീര തിരികെപ്പോകാന്‍ തുടങ്ങി..
''നില്‍ക്ക്.'' കീര തിരിഞ്ഞു
''എന്താ ഡോസീ.''
''റായല്‍ അവിടെയുണ്ടോ?''
''ഉണ്ട്.''
''എങ്കില്‍ വേഗം ഇങ്ങോട്ടു വരാന്‍ പറ.'' ഡോസിയുടെ മനസ്സില്‍ പുതിയൊരു തന്ത്രം തോന്നി. ഡോസി പറഞ്ഞയുടനെ കീര, റായലിനെ വിളിക്കാന്‍ വേണ്ടിയോടി. അല്പം കഴിഞ്ഞപ്പോള്‍ റായല്‍, ഡോസിയുടെ അടുത്തേക്ക് എത്തുകയും ചെയ്തു...
''റായല്‍... നീ എനിക്കൊരു സഹായം ചെയ്യണം.''
''പറയൂ. ചങ്ങാതീ.''
''ഞാന്‍ ഇപ്പോള്‍ നിലവിളിക്കും. എന്റെ ശബ്ദം കേട്ട് യജമാനന്‍ ഓടിവരും. അപ്പോഴേക്കും ഞാന്‍ ബോധം പോയതുപോലെ ചലനമില്ലാതെ കിടക്കും. ആ സമയം നീ എന്തു ചെയ്യണം. യജമാനന്‍ കാണുന്ന രീതിയില്‍ മുന്നിലേക്കു ചെല്ലണം. അപ്പോള്‍ യജമാനന്‍ കരുതും എന്റെ ബോധം പോയത് തേള്‍ കടിച്ചിട്ടാണെന്ന്.''
''അപ്പോള്‍ നീ എങ്ങനെ രക്ഷപ്പെടും?''
''ഞാന്‍ വിചാരിച്ചപോലെ നടന്നാല്‍ ചിലപ്പോള്‍ രക്ഷപെടും. നടന്നില്ലേല്‍ മറ്റൊരു വഴി കണ്ടെത്തണം. എന്തായാലും ശ്രമിച്ചാലല്ലേ അറിയാന്‍ പറ്റൂ. എന്റെ ഊഹം ബോധം പോയ എന്നെ വൈദ്യനെ കാണിക്കാന്‍ കൊണ്ടുപോകുമെന്നാണ്. ആ സമയം ചാടാമെന്നാണു കരുതുന്നത്.
''ശരി... നീ ശബ്ദമുണ്ടാക്കിക്കോ. സമയംകളയണ്ട.'' ഡോസി കരയാന്‍ തുടങ്ങി. അവന്റെ ശബ്ദം കേട്ടതും ഗ്രാമത്തലവന്‍ ഓടിവന്നു. കുറച്ചു മാറിയൊരു വീടുണ്ട്. അവിടെയായിരുന്നു ഗ്രാമത്തലവന്‍. നോക്കുമ്പോള്‍ കഴുത വീണുകിടക്കുന്നു. ഗ്രാമത്തലവന്‍ ചുറ്റും നോക്കി. അപ്പോള്‍ മുന്നില്‍ ഒരു തേള്‍. ഗ്രാമത്തലവനു കാര്യങ്ങള്‍ മനസ്സിലായി. അയാള്‍ തൊട്ടടുത്തായി കിടന്ന വടി എടുക്കാന്‍ തിരിഞ്ഞു.
തന്റെ കൈയിലെ വടികൊണ്ട് തേളിന്റെ നേര്‍ക്ക് വീശി. പക്ഷേ അപ്പോഴേക്കും തേള്‍ പുല്ലിന്റെ ഇടയിലേക്കു മറഞ്ഞു. കഴുതയെ വിഷമുള്ള തേള്‍ കടിച്ചെന്നാണ് ഗ്രാമത്തലവന്‍ കരുതിയത്. ഉടനെതന്നെ അയാള്‍ കഴുതയുടെ കഴുത്തില്‍നിന്നു കയര്‍ അഴിച്ചുമാറ്റി. എന്നിട്ട് പുല്ലിന്റെ പുറത്തേക്ക് കഴുതയെ നീക്കിയിട്ടു.
''പാവം കഴുത! ഈ ഗതി വന്നല്ലോ.''
ഗ്രാമത്തലവനു സങ്കടം തോന്നി. അയാള്‍ വേഗം വീട്ടിലേക്കു ചെന്ന്. വൈദ്യനു ഫോണ്‍ ചെയ്യാന്‍ തുടങ്ങി. ആ സമയം ഡോസി കണ്ണുകള്‍ തുറന്നു ചുറ്റും നോക്കി. ആരുമില്ലെന്നു ബോധ്യമായപ്പോള്‍ പെട്ടെന്നു തന്നെ എഴുന്നേറ്റ്, കീര പറഞ്ഞ സ്ഥലത്തേക്ക് ഒറ്റയോട്ടം. പിന്നാലെ റായലും. ഗ്രാമത്തലവന്‍ തിരിച്ചുവന്നു നോക്കുമ്പോള്‍ കഴുതയെ കാണുന്നില്ല.
''അയ്യോ. ചതിച്ചല്ലോ.. കഴുത പറ്റിച്ചല്ലോ. വെറുതെ വിടില്ല...''
ഗ്രാമത്തലവന്‍ ദേഷ്യം കൊണ്ടു തുള്ളി. അയാള്‍ കൂടുതല്‍ ആളുകളെ വിളിച്ചുവരുത്തി. എന്നിട്ട് കഴുതയെ കണ്ടുപിടിക്കാന്‍ ഏര്‍പ്പാട് ചെയ്തു. ഇതേ സമയം കഴുത കീരയുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. ഡോസിയെയും കാത്ത് ഏറെ നേരമായി ഇരിക്കുകയാണ് കീര.
''വാ വാ നില്‍ക്കാന്‍ സമയമില്ല. ഈ നേരം നിന്നെത്തേടി ആളുകള്‍ ഇറങ്ങിക്കാണും.''
കീര തിരക്കുകൂട്ടി. ഡോസി വേഗത്തില്‍ കീരയുടെ പിന്നാലെയോടി. കുന്നിന്റെ ചെരുവിലൂടെ മറ്റൊരു വലിയ മലയിലേക്കാണ് അവര്‍ ഓടിയത്. പക്ഷേ, കീര മലയുടെ മുകളില്‍ കയറാതെ താഴേക്കോടിത്തുടങ്ങിയപ്പോള്‍ ഡോസിക്കു സംശയമായി.
''പേടിക്കാതെ ഒപ്പം വാ''. ഓടുന്നതിന്റെ ഇടയില്‍ കീര വിളിച്ചു പറഞ്ഞു. ചുറ്റും മരങ്ങള്‍ തിങ്ങിനിന്നിരുന്ന ഒരു സ്ഥലത്തായിരുന്നു അവര്‍ എത്തിയത്. അതിന്റെ കുറച്ചു മാറിയൊരു പാറക്കെട്ട്.
''ചങ്ങാതീ, ഇനി നമുക്കു പേടിക്കണ്ട... ഈ ഭാഗത്തേക്ക് മനുഷ്യന്മാര്‍ ആരും വരില്ല. ഇവിടെ നമ്മളെ ആരും കാണത്തുമില്ല.'' കീര ഓട്ടം നിര്‍ത്തി കിതപ്പോടെ പറഞ്ഞു. അതു കേട്ടപ്പോള്‍ ഡോസിക്കും സന്തോഷംതോന്നി. തൊട്ടുപിന്നാലെ തേളുമെത്തി.
''നമുക്ക് എത്ര കാലംവരെ വേണമെങ്കിലും ഇവിടെ താമസിക്കാം. ആവശ്യത്തിന് ആഹാരം ഇവിടെ കിട്ടും. കൂടുതല്‍ വല്ലതും വേണമെങ്കില്‍ മാത്രം പുറത്തേക്കു പോയാല്‍ മതി. പക്ഷേ.''
''എന്താണ് പക്ഷേ?''
(തുടരും)
നിഥിന് കുമാര്‍
