''മീനല്ലേ അത്.. മീന്‍ ഇവിടെ എങ്ങനെ വന്നു?'' നായകള്‍ രണ്ടും അതിശയത്തോടെ മീന്‍ മണത്തു നോക്കി.
''ആഹാ. നല്ല രസികന്‍ മീന്‍.''
''അതെയതെ. അസല്‍ മീന്‍. നമുക്ക് ഇതു തിന്നാലോ?''
''ഞാനും അതാ വിചാരിക്കുന്നത്. എനിക്കു നല്ല വിശപ്പും തോന്നുന്നുണ്ട്.''
''പക്ഷേ നമ്മുടെ യജമാനന്‍ കണ്ടാല്‍ പ്രശ്‌നം ആകില്ലേ?''
''ആകും. ഈ സമയത്തെ ജോലി വീടിനു ചുറ്റും കറങ്ങുന്നതല്ലേ. ഈ സമയത്തു നമ്മള്‍ മീന്‍ തിന്നുന്നതു കണ്ടാല്‍ നമ്മുടെ കഥ കഴിയും.''
''പക്ഷേ ഈ മീന്‍ കിടക്കുന്നതു കാണുമ്പോള്‍ എങ്ങനെ കഴിക്കാതെയിരിക്കും?''
പെട്ടെന്ന് കുറച്ചു മാറി മറ്റൊരു മീന്‍കൂടി വീണുകിടന്നു.
''ദേ നോക്ക്... മറ്റൊരു മീന്‍.''
''എന്തായാലും നമുക്ക് തിന്നാം... ഒരു മീന്‍ തിന്നാന്‍ കുറച്ചു സമയം മതിയല്ലോ.''
ജിമ്മിയും കൈസറും വീണു കിടന്ന മീനുകള്‍ കഴിക്കാന്‍ തുടങ്ങി.
''ആഹാ.. നല്ല രുചിയുണ്ട്.''
''അതെയതെ.''
''എന്നാലും ഈ മീനുകള്‍ എങ്ങനെ ഇവിടെ വന്നു?''
ജിമ്മി മീന്‍ കഴിക്കുന്നതിന്റെ ഇടയില്‍ ചുറ്റും നോക്കിക്കൊണ്ടു ചോദിച്ചു.
''അതൊക്കെ നമ്മള്‍ എന്തിനാണ് അറിയുന്നത്?''
അവര്‍ മീനുകള്‍ ആസ്വദിച്ചു കഴിച്ചു. മീന്‍ കഴിച്ചുതീര്‍ന്നതും വീണ്ടും തറയിലേക്കു മീനുകള്‍ വീണുതുടങ്ങി. ജിമ്മി മുകളിലേക്കു നോക്കി.
'എടാ കൈസറേ.. എനിക്കു തോന്നുന്നു. മുകളില്‍ക്കൂടി മീനുമായി പോകുന്ന ഏതോ പക്ഷിയുടെ കയ്യില്‍നിന്നും വീണു പോയതാണ്.'' തുടര്‍ച്ചയായി കാക്കകള്‍ മീനുകള്‍ താഴേക്ക് ഇട്ടു പോയി.
''ആഹാ... ഇന്നു നല്ലൊരു ദിവസംതന്നെ'' അവര്‍ സന്തോഷത്തോടെ മുന്നോട്ടു ചെന്നു. ഓരോ മീനുകളും തിന്നുതുടങ്ങി. വീണ്ടും മീനുകള്‍ വീണു.
''ഇതൊരു അത്ഭുതം തന്നെ.'' നായകള്‍ സന്തോഷത്തോടെ പരസ്പരം നോക്കി. അപ്പോഴേക്കും കുറച്ചു ദൂരം നായകള്‍ രണ്ടും മീന്‍ തിന്നു തിന്നു മു
േന്നാട്ടു പോയിരുന്നു. ഇതുതന്നെ തക്കമെന്നു തിരിച്ചറിഞ്ഞ കീര അകത്തേക്കു കയറി. പിന്നാലെ റായലും. ഗെയിറ്റു കടന്നതും ഇരുവരും ഓടിയൊരു മരത്തിന്റെ മറവില്‍ പതുങ്ങി.
''ഇപ്പോള്‍ നായകള്‍ വന്നാല്‍ നമ്മുടെ കഥ കഴിയും.'' കീര പറഞ്ഞു.
''വരില്ല. കാക്കകള്‍ ഇപ്പോഴും മീനുകള്‍ ഇട്ടു കൊടുക്കുന്നുണ്ട്.''
''അതെ പക്ഷേ, അപകടം എപ്പോഴും മുന്നിലുണ്ട്. നമുക്ക് ആ ടാങ്കിന്റെ മുകളില്‍ ഒളിക്കാം. നായകള്‍ക്ക് അങ്ങോട്ടു കയറാന്‍ പറ്റില്ല.''
കുറച്ചുമാറി അല്പം ഉയരത്തിലായി ഒരു ടാങ്ക് ചൂണ്ടി കീര പറഞ്ഞു.
''പക്ഷേ, അത്രയും ഉയരത്തില്‍ കയറാന്‍ എനിക്കു പാടാണ്.'' റായല്‍ വിഷമത്തോടെ പറഞ്ഞു.
''നിനക്കു പറ്റും.'' കീര ആത്മവിശ്വാസം നല്‍കി.
''നമ്മള്‍ ഇവിടെ ഇങ്ങനെ നില്‍ക്കുന്നത് അപകടമാണ്. ഡോസി കിടക്കുന്ന സ്ഥലം നമ്മുടെ അടുത്തുനിന്നു ദൂരെയല്ലേ. അതിന്റെ ഇടയ്ക്ക് ആകെയുള്ളത് ആ ടാങ്കാണ്. അവിടെയാണ് നമുക്ക് ആകെ ഒളിക്കാന്‍ പറ്റുന്ന സ്ഥലം.''
കീര പറഞ്ഞതുകേട്ടപ്പോള്‍ റായല്‍ തീരുമാനിച്ചു.
അപ്പോഴേക്കും മീനുകളെല്ലാം കഴിച്ച് നായകള്‍ രണ്ടും തളര്‍ന്നു.
''അമ്പോ. എനിക്കിനി തിന്നാന്‍ വയ്യാ. വയറു നിറഞ്ഞു തുളുമ്പി. എവിടേലും ഒന്നു കിടന്നാല്‍ മതി.''
''എനിക്കും അങ്ങനെതന്നെയാണ്.'' അവര്‍ മീന്‍ കഴിക്കുന്നതു നിര്‍ത്തി.
അതേസമയം ടാങ്കിന്റെ മുകളില്‍ കയറിയ കീരയും റായലും പതിയെ ഡോസിയുടെ അടുത്തേക്കു ചെന്നു. വളരെ ഭയത്തിലാണ് അവര്‍ കഴുതയുടെ അടുത്തേക്ക് എത്തിയത്. പട്ടികള്‍ കണ്ടാല്‍ കഥ കഴിയുമല്ലോ. കൂടിന്റെ മുന്നില്‍ നിന്നുകൊണ്ട് കീര വിളിച്ചു:
''ഡോസീ... ഡോസീ...'' അവന്‍ മറ്റൊരു ഭാഗത്തേക്കു നോക്കിനില്‍ക്കുകയായിരുന്നു. കീരയുടെ വിളികേട്ടതും പെട്ടെന്നു തിരിഞ്ഞ ഡോസിക്ക് ഒരുപാട് സന്തോഷം തോന്നി. അപ്പോഴും കീരയും തേളും ചുറ്റും വീക്ഷിക്കുന്നുണ്ട്, ജിമ്മിയും കൈസറും വരുന്നുണ്ടോ എന്ന്.
''നിങ്ങളെന്താ ഇവിടെ?'' ഡോസി ചോദിച്ചു.
''ഞങ്ങള്‍ നിന്നെ സഹായിക്കാന്‍ വന്നതാണ് കൂട്ടുകാരാ.'' തേളാണു പറഞ്ഞത്.
''എന്നെയോ? എങ്ങനെ?'' ഡോസിക്കു സംശയമായി.
''അതൊക്കെയുണ്ട്. നിനക്കു ഞങ്ങളെക്കാള്‍ ബുദ്ധിയുണ്ടെന്ന് അറിയാം. അതുകൊണ്ടുതന്നെ ഇവിടെനിന്ന് ഇറങ്ങുന്നതിനെപ്പറ്റി ഞങ്ങള്‍ പറഞ്ഞുതരേണ്ട കാര്യമില്ല. പക്ഷേ, ഗ്രാമത്തില്‍നിന്നു സുരക്ഷിതമായി സ്വന്തം കാട്ടിലേക്കു പോകാനാണ് നിനക്കു ഞങ്ങളുടെ സഹായം ആവശ്യമുള്ളത്... അല്ലേ?''
കീര പറഞ്ഞതുകേട്ടപ്പോള്‍ സത്യത്തില്‍ ഡോസി അമ്പരന്നു പോയി. തന്റെ മനസ്സ് വായിച്ചപോലെയാണ് കീര കാര്യങ്ങള്‍ പറഞ്ഞത്.
''അതെ.'' ഡോസി മറുപടി പറഞ്ഞു.
''എങ്കില്‍ നീ ഇവിടെ സുരക്ഷിതമായി ഇരിക്ക്... നിന്നെ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. നീ എപ്പോഴാണോ ഇവിടെനിന്നു ചാടുന്നത്. അപ്പോള്‍ത്തന്നെ ചിലതു ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഞങ്ങളുടെ പദ്ധതി പറഞ്ഞുതരാം. അതനുസരിച്ചു നിന്നാല്‍ മതി.''
അത്രയും പറഞ്ഞിട്ട് കീര, ഡോസിയോടു ചിലതെല്ലാം പറഞ്ഞുകൊടുത്തു. എല്ലാം ശ്രദ്ധയോടെ ഡോസി കേട്ടു. റായല്‍ ചുറ്റും നോക്കുന്നുണ്ട്.
''കീര... നമുക്കു പോകാന്‍ സമയമായി... നായകള്‍ ഏതു സമയത്തും മുന്നില്‍ വരും.''
എല്ലാം കീര പറഞ്ഞതിനു ശേഷം പോകാനായി ഇറങ്ങുന്ന നേരം ഒരു കാര്യം കൂടി പറഞ്ഞു:
''നിന്നെ സഹായിക്കാന്‍ ഞങ്ങളുണ്ട്. ധൈര്യമായിരിക്ക്.''
''ഇവിടെനിന്നു പുറത്തിറങ്ങിയാല്‍ പെട്ടെന്ന് നിനക്കു ഗ്രാമത്തിന്റെ അതിര്‍ത്തി കടക്കാന്‍ കഴിയില്ല. കാരണം നമ്മള്‍ മനുഷ്യന്മാര്‍ക്കൊപ്പമാണ് പോരാടുന്നത്. അവരുടെ ബലം നമ്മളെക്കാള്‍ കൂടുതലാണ്. പക്ഷേ, നിന്നെ ഞങ്ങള്‍ നിനക്ക് എത്തേണ്ട സ്ഥലത്ത് എത്തിക്കും. തീര്‍ച്ച.'' റായല്‍ അത്രയും പറഞ്ഞുകൊണ്ടാണ് പോയത്. പോകും മുമ്പ് ഒരു കാര്യം കൂടി പൂച്ച പറഞ്ഞു:
''ഡോസീ... നീ എന്തു ചെയ്യുന്നതിനു മുമ്പും ഞങ്ങളോടു പറയണേ. കാരണം, കാട്ടിലേക്കുള്ള വഴികള്‍ എല്ലാം ആളുകള്‍ അടച്ചു കഴിഞ്ഞു. ഇനി പെട്ടെന്നു വനത്തിലേക്കു പോകാന്‍ പറ്റില്ല.''
(തുടരും)
നിഥിന് കുമാര്‍
