''അതെയതെ. എനിക്കു തോന്നുന്നുത് കരയുന്നത് ഒരു കഴുതയോ മാനോ മറ്റൊ ആണെന്നാണ്.''
''പക്ഷേ, എവിടെനിന്നുമാണ് ശബ്ദം വരുന്നത്?''
''നമുക്കു നോക്കാം.'' ആളുകള്‍ ചുറ്റും നോക്കി.
''ദേ നോക്കിയേ. ആ കുഴിയില്‍നിന്നാണ് ശബ്ദം വരുന്നത്.''
''ആ കുഴിയില്‍നിന്നോ? അത് ആനയെ വീഴ്ത്തുന്ന കുഴിയാണ്. അതില്‍ വീണുപോയാല്‍ ഒരു പൊടിപോലും ചിലപ്പോള്‍ കിട്ടില്ല.''
രണ്ടാളുംകൂടി കുഴിയുടെ അടുത്തേക്കു നടന്നു. അതു കണ്ടതും റായല്‍ കുഴിയിലേക്കു നോക്കി വിളിച്ചു പറഞ്ഞു:
''അതാ അവര്‍ വരുന്നുണ്ട്.'' തേള് പറഞ്ഞതു കേട്ടതും വളരെ ഉച്ചത്തില്‍ കഴുത കരയാന്‍ തുടങ്ങി. ആളുകള്‍ നോക്കുമ്പോള്‍ കുഴിയില്‍ ഒരു വലിയ കഴുത.
''ദേ നോക്ക്. ഒരു കഴുത.''
'''അയ്യോ! അതെങ്ങനെ കുഴിയില്‍ വീണു?''
''നമുക്ക് അതിനെ മുകളില്‍ കയറ്റാം.''
''നില്‍ക്ക് നില്‍ക്ക്. ഞാനൊന്നു ശെരിക്കും അതിനെ നോക്കട്ടെ. നമ്മള്‍ അതിനെ മുകളില്‍ കയറ്റുന്നതുകൊണ്ട് നമുക്ക് എന്തെങ്കിലും ഗുണം വേണ്ടേ?''
ഒരാള്‍ കഴുതയെ സൂക്ഷ്മമായി നോക്കിക്കൊണ്ട്
പറഞ്ഞു.
''അതു ശരിയാണ്. കണ്ടിട്ട് നല്ലയിനം കഴുതയാണെന്നു തോന്നുന്നു.''
''അങ്ങനെയാണ് എനിക്കും തോന്നുന്നത്. നമുക്ക് ഇതിനെ മുകളില്‍ കയറ്റിയിട്ട് ഗ്രാമത്തലവനു വില്‍ക്കാം. അദ്ദേഹം നല്ല വില തരും. കുറച്ചുദിവസം മുമ്പ് എന്നോട് ഒരു കഴുതയെ വാങ്ങുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞിരുന്നു.''
''അങ്ങനെയാണോ, എന്നാല്‍ നമുക്ക് ഉടനെ കഴുതയെ ഗ്രാമത്തലവന്റെ അടുത്തേക്കു കൊണ്ടു പോകാം.''
''ഞാന്‍ ഒന്നുകൂടി അതിനെ നോക്കട്ടെ. കാലിനോ കൈക്കോ ഒടിവോ ചതവോ ഉണ്ടേല്‍ ഗ്രാമത്തലവന്‍ വാങ്ങില്ല.''
''ഞാന്‍ നോക്കിയിട്ട് ഈ കഴുതയ്ക്ക് ഒരു കുഴപ്പവുമില്ല.''
''പക്ഷേ, ഈ കുഴിയില്‍ വീണാല്‍ നല്ല പരിക്കു പറ്റേണ്ടതല്ലേ?''
ഒരാള്‍ സംശയം ചോദിച്ചു.
''അതിനൊരു കാരണമുണ്ട് സുഹൃത്തേ. ദേ ആ വള്ളി കണ്ടോ.''
ഒരാള്‍ കുഴിയുടെ മറുഭാഗത്തു തൂങ്ങിക്കിടന്ന കാട്ടുവള്ളി ചൂണ്ടി പറഞ്ഞു.
''ആ വള്ളിയില്‍ കാലു കുരുങ്ങി വീണാല്‍ താഴെ വീഴുമ്പോള്‍ ഒന്നും പറ്റൂല്ല. കാരണം ആ വള്ളി താഴെ വരെ സ്പ്രിംഗ്‌പോലെ താണുപോകും. ശേഷം പൊങ്ങി വരും..''
''അതു കൊള്ളാമല്ലോ.''
''ദേ നോക്ക്, ആ കഴുതയ്ക്ക് ഒരു പ്രശ്‌നവും ഇല്ല. നമുക്ക് അതിനെ മുകളില്‍ കയറ്റാം.''
''അതെ. വെറുതെ സംസാരിച്ചു നേരം കളയണ്ട.''
പിന്നെ വൈകിയില്ല. പെട്ടന്ന് ഗ്രാമത്തിലേക്കു ചെന്നിട്ടു കയറും മറ്റു സാധനങ്ങളും എടുത്തുകൊണ്ട് അവര്‍ തിരികെവന്നു. അവര്‍ കയറില്‍ വലിയ പലക കെട്ടി കുഴിയിലേക്കിറക്കിത്തുടങ്ങി. ഇതെല്ലാം വളരെ ശ്രദ്ധയോടെ ഡോസി നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ പറഞ്ഞതുപ്രകാരം മനുഷ്യന്മാര്‍ ഒരു പ്രത്യേകതരമാണ്. അവരെ ഇണക്കിയെടുക്കുന്നത് കുറച്ചു പ്രയാസമാണ്. എന്നാലും വിചാരിച്ചാല്‍ പറ്റും. അപ്പോഴേക്കും മറ്റു ചില ആളുകളും ഇവരുടെ കൂടെ കൂടി.
''കഴുത മുകളിലേക്കു വന്നാല്‍ ഉടനെ വലയിട്ടോണം.''
''നമുക്കും പലകയില്‍ കയറി താഴേക്കിറങ്ങിയാലോ?'' ഒരാള്‍ ചോദിച്ചു.
''അതുവേണ്ട... കാട്ടിലെ കഴുതയാ... ചിലപ്പോള്‍ ഉപദ്രവിച്ചാലോ... ആദ്യം പലകയില്‍ കയറുമോ എന്നു നോക്കട്ടെ.'' കൂട്ടത്തില്‍ മുതിര്‍ന്ന മനുഷ്യന്‍ പറഞ്ഞു.
''ശരിയാണ്. കഴുത ഏതുതരമാണെന്ന് മുകളില്‍ വന്നാലേ നമുക്കു തീരുമാനിക്കാന്‍ പറ്റൂ.'' ആളുകള്‍ പറയുന്നതെല്ലാം ഡോസി ശ്രദ്ധയോടെ കേട്ടു. ഇടയ്ക്ക് അവന്‍ കീരയോടു പറയും:
''നിങ്ങള്‍ തയ്യാറായി നില്‍ക്ക്. ഞാന്‍ പറഞ്ഞ ഉടനെ ചാടിക്കയറണം.''
മുകളില്‍നിന്നും തന്നെ കയറ്റാനുള്ള പലക വരുന്നതും നോക്കി ഡോസി നില്‍ക്കുകയാണ്. അവന്റെ മനസ്സില്‍ ഭയം നിറഞ്ഞു. ആളുകളാണ്. ആദ്യമായിട്ടാണ് ഡോസി മനുഷ്യന്റെ അടുത്തിടപെടാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ അവന്റെ ഹൃദയം കൂടുതല്‍ ശക്തമായി ഇടിക്കാന്‍ തുടങ്ങി.
(തുടരും)