പിറ്റേദിവസം, എല്ലാ വിവരങ്ങളുമായാണ് പ്രസാദ് എത്തിയത്: അമ്പലവയല്‍ എത്താന്‍ പലവഴികളുണ്ട്, കോട്ടയത്തുനിന്ന് ബസ്സില്‍ സുല്‍ത്താന്‍ബത്തേരി എത്തണം. അവിടെനിന്ന് ഓട്ടോ, ജീപ്പ് അല്ലെങ്കില്‍ കാര്‍ പിടിക്കണം. ട്രെയിന്‍ ബുദ്ധിമുട്ടാണ്. കോഴിക്കോട് അല്ലെങ്കില്‍ നിലമ്പൂര്‍ ഇറങ്ങി ടാക്‌സി പിടിക്കണം. കാര്‍ ആണ് ഏറ്റവും സൗകര്യം.
വീട്ടിലെ ആവശ്യത്തിന് ടാക്‌സി ഓടിക്കുന്ന ഒരു ചേട്ടനുണ്ട്. പ്രസാദ് അമ്മൂമ്മയുടെ ഫോണില്‍നിന്നു മുരളിച്ചേട്ടനെ വിളിച്ചു. ചേട്ടന്‍ അവനോടു പറഞ്ഞതനുസരിച്ച് പോകാന്‍ ഒരു ആറു മണിക്കൂര്‍ എടുക്കും, തിരികെ വരാനും അത്രയും, അല്ലെങ്കില്‍ അതില്‍ കൂടുതലോ വേണം. പോകുന്നതും വരുന്നതും ചേര്‍ത്ത് ഒരു പതിനയ്യായിരം ആകും.
വിശദമായി ഐവാനോട് ഇതെല്ലാം പറഞ്ഞു.
''പൈസ നമുക്ക് ആരു തരും?''
''അമ്മൂമ്മയുടെ കൈയില്‍ കാശുണ്ട്, പെന്‍ഷന്‍ കിട്ടുന്നത്. ഇവിടെ പോകാനാണെന്നു പറഞ്ഞാല്‍ തരില്ല, വിടുകയുമില്ല. ഞാന്‍ അത് ഒന്നുകൂടെ ആലോചിക്കട്ടെ.''
''വീട്ടില്‍ ചോദിച്ചാല്‍ സമ്മതിക്കില്ല.''
''അതു പിന്നെ പറയണോ? ചോദിക്കുന്നതിനു മുമ്പേ അടികിട്ടും. അച്ഛന്‍ ഇവിടെയില്ല, എന്തോ ട്രെയിനിങ്ങിനു കല്‍ക്കട്ട പോയിരിക്കുകയാണ്, അമ്മ ഉറപ്പായിട്ടും സമ്മതിക്കില്ല, നിന്റെ വീട്ടില്‍നിന്നും എനിക്കും വഴക്കു കിട്ടും''
''നമ്മള്‍ അപ്പോളെന്തു ചെയ്യും?''
''വഴക്കും, ചിലപ്പോള്‍ അടിയും ഉറപ്പാണ്, പക്ഷേ, നമുക്കു പോകാം, മനസ്സില്‍ ഒരു ആഗ്രഹം വന്നാല്‍ അതു നടത്തണം, നമ്മള്‍ വലുതാകുമ്പോള്‍, ഇതൊക്കെ പറഞ്ഞു ചിരിക്കാം.''
പിങ്ക്‌ളാങ്കിക്ക് ആകെയൊരു വെപ്രാളം, ഒരു വശത്തു മാലാഖമാരെ കാണാന്‍ പോകണം, മറുവശത്ത് എങ്ങനെ പോകും? വീട്ടില്‍ തിരക്കും, പ്രസാദ്‌ചേട്ടന്‍ കൂടെയുള്ള ധൈര്യം മാത്രം. ചേട്ടന്‍ തന്നെക്കാള്‍ വലിയ കുട്ടിയാണല്ലോ.
''ചേട്ടാ, നമുക്കു മാലാഖമാരോടു പ്രാര്‍ഥിച്ച് അങ്ങു പോയാലോ, പക്ഷേ, എന്റെ കൈയില്‍ പൈസയൊന്നും ഇല്ല. പിഗ്ഗിബാങ്കില്‍ എന്തെങ്കിലും കാണും.''
''നീ പിഗ്ഗിബാങ്ക് ഒന്നും പൊട്ടിക്കേണ്ട, പൈസ ഞാന്‍ കൊണ്ടുവരാം, നീ വലിയ കൊച്ചായിട്ടു, ജോലിയൊക്കെ കിട്ടുമ്പോള്‍ തന്നാല്‍ മതി.''
''അതിനിനി കുറെ കൊല്ലം ആകില്ലേ, എനിക്കു പത്തുവയസ്സേ ആയിട്ടുള്ളൂ.''
''പിന്നെ എന്നെങ്കിലും തന്നാല്‍ മതി. മാലാഖമാര്‍ നിന്നോടു മാത്രമേ സംസാരിക്കുള്ളോ? എന്നോടും സംസാരിക്കില്ലേ?''
''ചേട്ടനോടും സംസാരിക്കും, ചേട്ടന്‍ അല്ലേ എന്നെ അവരുടെ അടുത്ത് കൂട്ടിക്കൊണ്ടു പോകുന്നത്. അവര്‍ക്കു സന്തോഷം മാകും.''
''ശരി, നമുക്ക് ഫ്രൈഡേ പോകാം, എനിക്കന്നു മാത്‌സ് റ്റിയൂഷനുണ്ട്, വൈകുന്നേരം വീട്ടില്‍ എത്താന്‍ താമസിക്കും, ആ നേരത്തിനുള്ളില്‍ നമ്മള്‍ തിരികെ യെത്തും.''
''എനിക്ക് ഹിന്ദി റ്റിയൂഷ
നുണ്ട്, പക്ഷേ, അമ്മയാണ് എന്നെ വിളിക്കാന്‍ വരുന്നത്.''
''പെര്‍ഫെക്റ്റ്. നമുക്ക് തിരികെ റ്റിയൂഷന്‍ക്ലാസ്സിന്റെ അവിടെ ഇറങ്ങാം, പിന്നെ വെള്ളിയാഴ്ച നമുക്ക് ഹൗസ് ഡ്രസ്സ് അല്ലേ? യൂണിഫോം അല്ലല്ലോ? അതും നന്നായി.''
കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മൂമ്മയ്ക്ക് ഓപ്പറേഷനുണ്ട്, അതിന് അവനെ സഹായിക്കാന്‍, കുറച്ചു പൈസ തരുമോ എന്ന് അമ്മൂമ്മയോടു ചോദിച്ചു. കളളത്തരം പറയുന്നതില്‍ വിഷമം തോന്നിയെങ്കിലും, വേറെ വഴിയില്ലല്ലോ.
അമ്മൂമ്മയുടെ കൈയില്‍ നിന്നു പൈസ വാങ്ങി, ഇരുപതിനായിരം രൂപ.
ഇത്രയും കാശൊക്കെ എങ്ങനെയാണു കൊടുക്കുന്നത് എന്ന് അമ്മൂമ്മ ചോദിച്ചപ്പോള്‍ ''അവര് അത്ര പണക്കാര്‍ ഒന്നുമല്ല, അവന് അമ്മൂമ്മയെ സ്വന്തം അമ്മയേക്കാള്‍ ഇഷ്ടമാണെന്നു പറഞ്ഞു. എന്നെപ്പോലെ തന്നെ.''
അതില്‍ അമ്മൂമ്മ വീണു. പറഞ്ഞതു നുണയല്ല, അമ്മയേക്കാള്‍ കൂടുതല്‍ അടുപ്പവും സ്‌നേഹവും അമ്മൂമ്മയോടാണ്.
സ്‌കൂള്‍ബാഗില്‍ രണ്ടാളും, വേറൊരു ഉടുപ്പും, കുറച്ചു വെള്ളം, ബിസ്‌ക്കറ്റ് ഇവയും എടുത്തുവച്ചു.
മുരളിച്ചേട്ടനോട്, ഒരു നുണ പറഞ്ഞു: ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന കൂട്ടുകാരന്റെ അമ്മാച്ചന്‍ അമ്പലവയല്‍ പള്ളിയില്‍ അച്ചനാണ്. അച്ചന് കുറച്ചുദിവസമായി നല്ല സുഖമില്ല, അദ്ദേഹം അവനെ കാണണം എന്നു പറയുന്നു, പപ്പയ്ക്കും അമ്മയ്ക്കും കൂടെ പോകാന്‍ സാധിക്കില്ല. അതുകൊണ്ട് പരിചയമുള്ള ഒരു വണ്ടിയില്‍ തന്നെയും കൂട്ടി അയയ്ക്കുകയാണ്. അവിടെ പോകുക, അച്ചനെ കാണുക, തിരികെപ്പോരുക.
മുരളിച്ചേട്ടന്‍ അതു വിശ്വസിച്ചെന്നു തോന്നി.
കോട്ടയം റെയില്‍വേ സ്റ്റേഷന്റെ മുമ്പില്‍ നില്‍ക്കാം. സ്‌കൂള്‍ബസ്സില്‍നിന്നു രണ്ടാളും ഇറങ്ങി, അടുത്ത ബസ്‌സ്റ്റോപ്പില്‍നിന്നു കോട്ടയത്തിനുള്ള ബസ്സില്‍ കയറി. റെയില്‍വേ സ്റ്റേഷന്റെ മുമ്പില്‍ ഇറങ്ങി.
വിചാരിച്ച അത്രയും ഭയം രണ്ടുപേര്‍ക്കും തോന്നിയില്ല, പ്രസാദ്‌ചേട്ടന്റെ കൂടെയാണല്ലോ പോകുന്നതെന്ന് ഐവാനും, മുരളിച്ചേട്ടന്‍ കൂടെയുണ്ടല്ലോ എന്നു പ്രസാദും കരുതി.
കൈയില്‍ കരുതിയ പേപ്പറില്‍ മുരളിച്ചേട്ടന്റെ നമ്പര്‍ ഉണ്ട്, റെയില്‍വേസ്റ്റേഷനില്‍ കണ്ട ഒരു അമ്മച്ചിയോട് ഈ നമ്പര്‍ ഒന്നു ഡയല് ചെയ്തുതരാമോ എന്നു ചോദിച്ചു.
''നിങ്ങള്‍ എവിടെ പോകുകയാണെന്ന് അവര്‍ ചോദിച്ചപ്പോള്‍, കാറിന്റെ ഡ്രൈവര്‍ചേട്ടന്റെ നമ്പര്‍ ആണെന്നു പറഞ്ഞു.
സ്റ്റേഷന്റെ അടുത്തുള്ള റോഡില്‍നിന്നു മുരളിച്ചേട്ടന്‍ വേഗത്തില്‍ വന്നിട്ടു പറഞ്ഞു:
''എന്റെ മകള്‍ക്കു തീരെ സുഖമില്ല മോനേ, ഭാര്യ കൊച്ചു
മായി ആശുപത്രിയിലാണ്,
ദേ അവിടെ കിടക്കുന്ന ആ വണ്ടി കണ്ടോ, അത് എനിക്കു പരിചയമുള്ള വണ്ടിയാണ്, നിങ്ങള്‍ അതില്‍ കയറിക്കൊള്ളൂ.''
അതു കേട്ടപ്പോള്‍ രണ്ടുപേര്‍ക്കും കുറച്ചു പേടിതോന്നി. അവരുടെ മുഖം കണ്ടപ്പോള്‍ മുരളിക്ക് അതു മനസ്സിലായി.
''പേടിക്കാനൊന്നുമില്ല. അവന്‍ ഈ സ്റ്റാന്‍ഡില്‍ത്തന്നെയാണ് വണ്ടി ഓടിക്കുന്നത്, നിങ്ങളെ സുരക്ഷിതമായി അവിടെ കൊണ്ടുപോയിട്ട് തിരികെക്കൊണ്ടുവരും.''
മുരളി കുട്ടികളെ രണ്ടുപേരെയും ആ വണ്ടിയില്‍ കയറ്റി. എന്നിട്ടു ഡ്രൈവര്‍ ബിനോയിയോടു പറഞ്ഞു:
''എന്നെ വിശ്വസിച്ചാ, ഈ പിള്ളേരുടെ അപ്പനും അമ്മയും അയയ്ക്കുന്നത്. വളരെ സൂക്ഷിച്ചു വണ്ടി ഓടിക്കണം. വളവും തിരിവുമുള്ള വഴിയാണ്, ഒരുപാട് സ്പീഡ് എടുക്കരുത് കേട്ടോ.''
എന്നിട്ടു പ്രസാദിനോടായി പറഞ്ഞു:
''മോള്‍ക്കു തീരെ വയ്യാ, ഛര്‍ദ്ദിയാണ്, ഡ്രിപ്‌സ് കൊടുക്കുന്നു, ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാ കൂടെവരാന്‍ പറ്റാത്തതു കേട്ടോ.''
കുട്ടികള്‍ രണ്ടുപേരും ശരിയെന്നു മനസ്സില്ലാമനസ്സോടെ തലയാട്ടി.
ഐവാനു ബാത്റൂമില്‍ പോകാന്‍ തോന്നി, പക്ഷേ, അതു പറയാതെ വഴിയിലേക്കു നോക്കിയിരുന്നു.
രണ്ടുപേര്‍ക്കും എന്തുകൊണ്ടോ ബിനോയിയെ ഇഷ്ടമായില്ല. എവിടെയോ ഒരു പന്തികേട്, പേടിപ്പെടുത്തുന്നപോലെ അയാളുടെ താടിയും വായില്‍ എന്തോ ഇട്ടു ചവയ്ക്കുന്നു. ഇടയ്ക്ക് അപശബ്ദം പുറപ്പെടുവിക്കുന്നു. തീരെ ഇണക്കമില്ലാത്ത ഒരു പ്രകൃതം .
വണ്ടി നാഗമ്പടംപാലം കടന്നു, മുമ്പോട്ടുപോയി.
ബിനോയ് അവരോടു പറഞ്ഞു:
''നിങ്ങള്‍ക്കു വിശക്കുന്നെണ്ടെങ്കില്‍ പറയണം കേട്ടോ.''
''ഞങ്ങള്‍ ബ്രേക്ഫാസ്റ്റ് കഴിച്ചിട്ടാണു വന്നത്.''
''ശരി.''
കുട്ടികള്‍ രണ്ടുപേരും, അവര്‍ പറയുന്നത് അയാള്‍ കേള്‍ക്കുമെന്നു കരുതി, പതുക്കെയാണു സംസാരിച്ചത്.
''ചേട്ടാ... എനിക്ക് ഒന്നിനു പോകണം.'' പ്രസാദിന്റെ ചെവിയില്‍ ഐവാന്‍ പറഞ്ഞു.
പ്രസാദ് ബിനോയിയോടായി പറഞ്ഞു:
''ഇവന് ഒന്നിനു പോകണമെന്ന്.''
''ഏറ്റുമാനൂര്‍ ആകട്ടെ, അവിടെ ഒരു സ്ഥലത്തു നിര്‍ത്താം.''
വണ്ടി റോഡ്‌സൈഡില്‍ നിര്‍ത്തി അയാള്‍ ഐവാനെ ഒരു റെസ്റ്റോറന്റിന്റെ പിറകിലേക്കു കൂട്ടിക്കൊണ്ടുപോയി.
കുറച്ചു സമയം ആയിട്ടും ഐവാനെയും ബിനോയിയെയും കാണുന്നില്ല.
പ്രസാദിന് പേടിയായിത്തുടങ്ങി, അവന്‍ ബാഗ് ഇറുക്കിപ്പിടിച്ചു പുറത്തേക്കു നോക്കിയിരുന്നു. മുമ്പില്‍ ബിനോയ്, പിറകില്‍ ഐവാന്‍, രണ്ടുപേരും പതുക്കെ നടന്നുവരുന്നു, അപ്പോള്‍ പ്രസാദിനും ഒന്നിനു പോകണമെന്നു തോന്നി.
(തുടരും)