•  31 Jul 2025
  •  ദീപം 58
  •  നാളം 21
ബാലനോവല്‍

പിങ്ക്‌ളാങ്കിയും അഞ്ച് മാലാഖമാരും

     ദിവസങ്ങള്‍ കടന്നുപോയെങ്കിലും പിങ്ക്‌ളാങ്കിയുടെ മ്ലാനത തുടര്‍ന്നു. അമ്മയും പപ്പയും  ക്രിസ്മസ് അവധിക്ക് അവനെ ആ പള്ളിയില്‍ കൊണ്ടുപോകാമെന്ന് ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും അത്രയുംനാള്‍ കാത്തിരിക്കാന്‍ ഐവാനു ക്ഷമയില്ലായിരുന്നു.
എങ്ങനെയെങ്കിലും വയനാട്ടില്‍ എത്തണം. അമ്പലവയല്‍ എന്നാണ് ടി വി യില്‍ കേട്ടത്. പക്ഷേ, അവിടെ എങ്ങനെ എത്തുമെന്ന് അറിയില്ല. അന്നു രാവിലെ സ്‌കൂള്‍ബസ്സില്‍ പ്രസാദ്‌ചേട്ടന്‍ ഇരുന്ന സീറ്റില്‍ ഐവാനും ഇരുന്നു. 
''ചേട്ടാ, ഈ അമ്പലവയല്‍ ഇവിടെനിന്നും എത്ര ദൂരമുണ്ട്?''
''അമ്പലവയല്‍ എവിടെയാണ്? അമ്പലമുകള്‍ എന്നു കേട്ടിട്ടുണ്ട്, ഇത് അറിയില്ല.''
''വയനാട്ടില്‍.''
''എന്തിനാ ഇപ്പോള്‍ ഇതറിഞ്ഞിട്ട്.''
''അതു ഞാന്‍ പറയാം, ചേട്ടന്‍ അവിടെ എങ്ങനെ പോകുമെന്നു പറയൂ.''
''നാളെ മതിയെങ്കില്‍, ഞാന്‍ വീട്ടില്‍ പോയിട്ട്, കമ്പ്യൂട്ടറില്‍ ഗൂഗിള്‍മാപ്പു നോക്കി പറയാം.''
''എന്തിനാണെന്നു നീ പറഞ്ഞില്ല.''
ചുറ്റും നോക്കി, ആരും കേള്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു:
''അവിടെ ഒരു പള്ളിയുണ്ട്, എന്റെ ഫ്രണ്ട്സ് മാലാഖമാര്‍ ഇപ്പോള്‍ അവിടെയാണ്.''
''നിന്റെ തലയിലെ പിരി വല്ലതും ഊരിപ്പോയോ, അന്നു പനി പിടിച്ചപ്പോള്‍?''
മാലാഖമാരെ ഇച്ചായന്മാര്‍ വീട്ടില്‍ കൊണ്ടുവച്ചതു മുതല്‍ നടന്ന സംഭവങ്ങള്‍ എല്ലാമവന്‍ പറഞ്ഞുകേള്‍പ്പിച്ചു. തീരെ വിശ്വാസമില്ലാത്തപോലെ പ്രസാദ് ഐവാനെ നോക്കി. 
''എടാ ഇതെല്ലം നിനക്കു തോന്നിയതാണ്.''
''എന്നെ ഒന്നു വിശ്വസിക്കൂ ചേട്ടാ, വലിയ അവധി മുതല്‍ പള്ളിയിലേക്കു പോകുന്നതിന്റെ ഒരു ദിവസം മുമ്പുവരെ ഞങ്ങള്‍ സംസാരിച്ചു. ചേട്ടനു വിശ്വാസമില്ലെങ്കില്‍ പിപ്പിനോടു ചോദിച്ചോ, അവനും കണ്ടിട്ടുണ്ട്.''
''ആരാ ഈ പിപ്പിന്‍, നിന്റെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണോ?''
''അല്ല, എന്റെ പെറ്റ്, ഡോഗ് ആണ്.''
''എന്റെ ഐവാനേ നിനക്ക് എന്തോ കുഴപ്പമുണ്ട്, സത്യം, നീ ഒരു സൈക്കോളജസ്റ്റിനെ കാണണം.''
''ഈ ചേട്ടന്‍ എന്റെ ഫ്രണ്ടാണെന്നോര്‍ത്താണ് ഞാന്‍ ഇതൊക്കെ പറഞ്ഞത്. ഇനി ഞാന്‍ ചേട്ടനോട് ഒന്നും പറയില്ല... കൂട്ടുമില്ല.''
ഇതും പറഞ്ഞ് ഐവാന്‍ മുമ്പിലെ ഒഴിഞ്ഞ സീറ്റിലിലേക്കു മാറിയിരുന്നു.
പ്രസാദ് എഴുന്നേറ്റ് അവനെ കുറച്ചു തള്ളിമാറ്റിയിട്ട് അവന്റെ അടുത്തിരുന്നു.
''അങ്ങനെ പിണങ്ങാതെ എന്റെ പിങ്ക്‌ളാങ്കി.''
''ങേ, ആ പേര് എങ്ങനെ അറിയാം.''
കുറച്ചുദിവസം മുമ്പേ, നിന്റെ കൂട്ടുകാരന്‍ വിളിക്കുന്നതു കേട്ടു, നീ കെറുവിക്കാതെ. നാളെ ഞാന്‍ അമ്പലവയല്‍ എവിടെ യാണെന്നു കണ്ടുപിടിച്ചിട്ടു വരാം, ഓക്കേ?''
''ഓക്കെ.''
ഇതിനോടകം സ്‌കൂളെത്തി. രണ്ടുപേരും കൈകൊടുത്തു പിരിഞ്ഞു.
വൈകുന്നേരം പ്രസാദ്‌ചേട്ടനെ കണ്ടില്ല. ചില ദിവസങ്ങളില്‍ ചേട്ടനു ട്യൂഷന്‍ ഉണ്ട്. ആ ദിവസങ്ങള്‍ ചേട്ടന്‍ വേറെ ബസ്സിലാണു വരുന്നത്.
വീട്ടില്‍ എത്തിയപ്പോള്‍ മനസ്സില്‍ ചെറിയ സന്തോഷം തോന്നി. നാളെ സ്ഥലം ഗൂഗിള്‍ ചെയ്തു പറയാം എന്നാണു ചേട്ടന്‍ പറഞ്ഞത്.
''അമ്മയുടെ ഫോണില്‍ നോക്കാം, പക്ഷേ, ഫോണ്‍ കളിക്കാന്‍ അമ്മ തരില്ല. പൊന്നുച്ചേച്ചി പോയതോടെ, ഫോണ്‍ വിളിക്കാനല്ലാതെ അമ്മ അതു തരില്ല.'' 
പിങ്ക്‌ളാങ്കിയുടെ ഭാവമാറ്റം, അമ്മയ്ക്കും മനസ്സിലായി.
''എന്താ പതിവില്ലാത്ത ഒരു ഉത്സാഹം?''
''ഒന്നുമില്ല, ചുമ്മാ...''
''എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കാനാണോ?''
''ഹേയ് അതൊന്നുമില്ല.''
പുസ്തകം തുറക്കാനും പഠിക്കാനും തോന്നിയില്ല, മുഴുവന്‍ സമയം പിപ്പിനുമായി കളിയായിരുന്നു.
വൈകുനേരം കുളിക്കാന്‍ അമ്മ വിളിച്ചപ്പോഴാണ് കളി നിര്‍ത്തിയത്.
എന്തിനാണ് അമ്പലവയല്‍ പോകുന്ന വഴി ചോദിച്ചത് എന്നറിയില്ല, തനിയെ പോകാന്‍ സാധിക്കില്ല, എന്നാലും വെറുതെ ഒന്ന് അറിഞ്ഞുവയ്ക്കാം. 
എന്താണെങ്കിലും ക്രിസ്മസ് അവധിക്കു കൊണ്ടുപോകാമെന്നു പറഞ്ഞല്ലോ? അപ്പോഴേക്കും ചേച്ചിയും ചേട്ടനും വരും. ഉണ്ണിച്ചേട്ടന്‍ താന്‍ ചോദിച്ചാല്‍ സമ്മതിക്കും.
ചേട്ടന്‍ തന്നെ വിളിക്കുന്നതുപോലും, പിങ്ക്‌ളാങ്കിച്ചേട്ടന്റെ മുത്തുക്കുട്ടാ എന്നാണ്.
പെട്ടെന്നു ചേട്ടനോടു സംസാരിക്കാന്‍ തോന്നി.
അമ്മയുടെ കൈയില്‍നിന്നും ഫോണ്‍ വാങ്ങി ചേട്ടനെ വിളിച്ചു.
''ഇതാരാ ചേട്ടന്റെ മുത്തുക്കുട്ടനാണോ? എന്താ മോനേ വിശേഷം?''
ചേട്ടന്റെ ശബ്ദം കേട്ടപ്പോള്‍ പിങ്ക്‌ളാങ്കിക്കു സങ്കടം വന്നു.
''ചേട്ടനെ ഞാന്‍ മിസ്സ് ചെയ്തു.''
'ഇനി കുറച്ചുനാള്‍ അല്ലേ ഒള്ളൂ, ഞങ്ങള്‍ ക്രിസ്മസിനു വരും.''
'''ചേട്ടന്‍ വരുമ്പോള്‍ എന്നെ പുറത്തുകൊണ്ടുപോകണം, പിന്നെ ഒരു സ്ഥലത്തും കൊണ്ടുപോകണം.''
''ഏതു സ്ഥലം? വീഗാലാന്‍ഡാണോ?''
''അല്ല, വേറൊരു സ്ഥലം. പിന്നെ നമുക്ക് പുല്‍ക്കൂടും ഉണ്ടാക്കണം.''
''അതു പിന്നെ ചോദിക്കാനുണ്ടോ? നമ്മള്‍ ക്രിസ്മസ് ഗംഭീരമാക്കും.''
രാത്രിയില്‍ കിടന്നിട്ടു സന്തോഷംകൊണ്ട് ഉറക്കം വന്നില്ല. ഉണ്ണിച്ചേട്ടന്‍ തന്നെ ഉറപ്പായിട്ടും അമ്പലവയലില്‍ കൊണ്ടുപോകും.
രാവിലെ പതിവിലും കൂടുതല്‍ സന്തോഷത്തോടെയാണ്, സ്‌കൂളില്‍ പോകാന്‍ ഇറങ്ങിയത്. ബസ്സില്‍ പ്രസാദ്‌ചേട്ടന്‍ ഐവാനായിട്ടു കാത്തിരുന്നപോലെ തോന്നി.
ശബ്ദം താഴ്ത്തി ചേട്ടന്‍ പറഞ്ഞു: ''ഈ അമ്പലവയല്‍ കുറച്ചു ദൂരെയാണ്, ആദ്യം കോട്ടയത്ത് എത്തണം, അവിടെനിന്നു വയനാട്ടില്‍, സുല്‍ത്താന്‍ ബത്തേരി എന്ന സ്ഥലത്ത് എത്തണം, അവിടെനിന്ന്, ഓട്ടോ അല്ലെങ്കില്‍ ടാക്‌സിയില്‍ അമ്പലവയല്‍, ഒരു ദിവസത്തെ യാത്രയുണ്ട്.''
''ഇത്രയും ദൂരമുണ്ടോ?''
''പിന്നെ, ഒരുപാട് ദൂരമുണ്ട് എന്താ നിനക്കു പോകണോ?''
''ഞാന്‍ എങ്ങനെ പോകാനാ, എനിക്കു കോട്ടയത്തുപോലും തന്നെ പോകാന്‍ അറിയില്ല.''
''എളുപ്പവഴി സ്വന്തം കാറില്‍ പോകുന്നതാ, അല്ലെങ്കില്‍ ടാ
ക്‌സിയില്‍.'' 
''അതൊന്നും നടക്കില്ല, എന്റെ ചേട്ടന്‍ ക്രിസ്മസിനു വരുമ്പോള്‍ എന്നെ കൊണ്ടുപോകും.'' 
''ചേട്ടന്‍ എവിടെയാണ്?''
''ചേട്ടന്‍ മൈസൂരില്‍ കോളജില്‍ പഠിപ്പിക്കുകയാണ്. ചേട്ടന്റെ ഭാര്യ, ചേച്ചി കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണ്.''
''ഐവാന്‍ മാലാഖമാരെ കാണാന്‍ പോകുമ്പോള്‍ എന്നെ കൊണ്ടുപോകുമോ?''
''വീട്ടില്‍ ചോദിച്ചിട്ടു പറയാം.''
''നിന്റെ മാലാഖമാരുടെ കഥ കേട്ടിട്ട് എനിക്കും അവരെ കാണാന്‍ തോന്നുന്നു.''
''ചേട്ടനും അപ്പോള്‍ ഞങ്ങളുടെ കൂടെപ്പോര്, വീട്ടില്‍ ആരും ഒന്നും പറയില്ല, അവരു സമ്മതിക്കും, ചേട്ടന്റെ വീട്ടില്‍ സമ്മതിക്കുമോ?''
''അറിയില്ല, സമ്മതിപ്പിക്കണം.''
പ്രസാദ്, പിങ്ക്‌ളാങ്കിയുടെ തലയില്‍ തൊട്ടു പറഞ്ഞു.
''നീ ഒരു നല്ല കൊച്ചാണ്, നീയും, ഒരു മാലാഖയാണ്.''
ആ പറഞ്ഞത് അവന് ഒരുപാട് ഇഷ്ടമായി. ചേട്ടനോട് ഒന്നുകൂടെ അവന്‍ ചേര്‍ന്നിരുന്നു.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)